പ്രേക്ഷകരുടെ വമ്പൻ പ്രതീക്ഷകൾക്കു നടുവിൽ ഇന്ന് പ്രദർശനത്തിനെത്തിയ മലയാള ചിത്രമാണ് മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി നായകനായ ബിഗ് ബജറ്റ് ക്രൈം ത്രില്ലറായ പാപ്പൻ. ആർ ജെ ഷാൻ തിരക്കഥയൊരുക്കി, മാസ്റ്റർ ഡയറക്ടർ ജോഷി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകനായ ഗോകുൽ സുരേഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വലിയ ബഡ്ജറ്റിൽ വമ്പൻ താരനിരയെ അണിനിരത്തി ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറിൽ യഥാക്രമം ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയും ഗോകുലം ഗോപാലനും ചേർന്നാണ്. സുരേഷ് ഗോപി വീണ്ടും പോലീസ് വേഷം ചെയ്യുന്നു എന്നതും അതുപോലെ ഇതിന്റെ ട്രെയ്‌ലറും ചിത്രത്തിന്റെ ഹൈപ്പ് വാനോളമുയർത്തിയിരുന്നു.
സുരേഷ് ഗോപി അവതരിപ്പിക്കുന്ന എബ്രഹാം മാത്യു മാത്തൻ എന്ന പോലീസ് ഓഫീസറുടെ കുടുംബ ജീവിതവും ഔദ്യോഗിക ജീവിതവും ഇടകലർന്നു നിൽക്കുന്ന രീതിയിലാണ് ഈ ക്രൈം ത്രില്ലർ സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. ഒരേ രീതിയിൽ നടക്കുന്ന ഒരു കൊലപാതക പരമ്പര അന്വേഷിക്കാൻ അബ്രഹാം മാത്യു മാത്തൻ എന്ന റിട്ടയേർഡ് പോലീസ് ഓഫീസർ വീണ്ടും അന്വേഷണത്തിന് എത്തുകയാണ്. ആ കേസ് അന്വേഷിക്കുന്ന ലീഡിങ് ഓഫീസർ അദ്ദേഹത്തിന്റെ മകളാണ്. എന്നാൽ അച്ഛനുമായി സ്വരചേർച്ചയില്ലാതെയാണ് മകൾ ജീവിക്കുന്നത്. അത്കൊണ്ട് തന്നെ ഉദ്വേഗജനകമായ കേസന്വേഷണം നടക്കുന്നതിനൊപ്പം ഇവരുടെ ഇടയിലെ വൈകാരികമായ അവസ്ഥകളും ചിത്രം വരച്ചു കാണിക്കുന്നുണ്ട്.
ഉദ്വേഗ ജനകമായ മുഹൂർത്തങ്ങളിലൂടെ മുന്നേറുന്ന ഒരു പക്കാ മാസ്സ് ആക്ഷൻ ക്രൈം ത്രില്ലറാണ് പാപ്പൻ എന്ന് പറയാം. ജോഷി എന്ന മലയാളത്തിന്റെ മാസ്റ്റർ സംവിധായകന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളുടെ കൂട്ടത്തിൽ നമ്മുക്ക് ചേർത്ത് വെക്കാവുന്ന ചിത്രമാണ് പാപ്പൻ. വളരെ ടൈറ്റായി, പഴുതുകളടച്ച ഒരു തിരക്കഥയാണ് ആർ ജെ ഷാൻ ഈ ചിത്രത്തിന് വേണ്ടി ഒരുക്കിയത്. വൈകാരികമായ കഥാസന്ദർഭങ്ങൾക്കും അർഹമായ പ്രാധാന്യം നൽകികൊണ്ട്, ത്രില്ലും സസ്‌പെൻസും മാസ്സും ഫാമിലി ഇമോഷൻസും കൂട്ടി ചേർത്ത് ഒരു മികച്ച തീയേറ്റർ അനുഭവം തന്നെയാണ് രചയിതാവും സംവിധായകനും ചേർന്ന് പാപ്പനിലൂടെ ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം, വെറുമൊരു മസാല ചിത്രമെന്ന ലേബലിൽ ഒതുങ്ങാത്ത വിധം ശ്കതമായ രീതിയിൽ കഥ പറഞ്ഞു കൊണ്ട് കൂടിയുമാണ് പാപ്പൻ മുന്നോട്ടു നീങ്ങുന്നത്. മനസ്സിനെ തൊടുന്ന മുഹൂർത്തങ്ങൾ ഉള്ളതിനൊപ്പം തന്നെ, പ്രേക്ഷകർക്ക് രോമാഞ്ചം സമ്മാനിക്കുന്ന ആക്ഷനും പഞ്ച് ഡയലോഗുകളും, അവരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന രംഗങ്ങളാലും സമൃദ്ധമാണ് ഈ ചിത്രം.
പതിഞ്ഞ താളത്തിൽ തുടങ്ങുന്ന ചിത്രം, ഓരോ നിമിഷം കഴിയുംതോറും ആകാംഷ വർധിപ്പിച്ചു കൊണ്ടാണ് മുന്നോട്ട് നീങ്ങുന്നത്. ചിത്രത്തിലെ കഥഗതിയിൽ വരുന്ന ട്വിസ്റ്റുകളും അതുപോലെ മിസ്റ്ററി ഫീലും പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്. ഇന്റർവലിന് ശേഷം വേഗത കൂടുന്ന ചിത്രത്തിന്റെ ജീവൻ ഇതിന്റെ അവസാന 30 മിനിറ്റിലാണ് ഇരിക്കുന്നത്. മികച്ച ഒരു തിരക്കഥയെ ജോഷി എന്ന അതികായൻ ഞെട്ടിക്കുന്ന മേക്കിങ് കൊണ്ട് വേറെ തലത്തിൽ എത്തിക്കുന്ന കാഴ്ച്ചയാണ് നമ്മുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. അത്കൊണ്ട് തന്നെ ഒരു ത്രില്ലർ ചിത്രത്തിൽ നിർണ്ണായകമായി വരുന്ന ക്ലൈമാക്സ് തന്നെയാണ് പാപ്പന്റെ വിജയത്തിന്റെ ഏറ്റവും വലിയ ഘടകമായി മാറുന്നത്.
സുരേഷ് ഗോപി എന്ന നടൻ നൽകിയ അതിഗംഭീരം എന്ന് പറയാവുന്ന പെർഫോമൻസ് പാപ്പന്റെ നട്ടെല്ലായി നിൽക്കുന്നുണ്ട്. ഒരുപക്ഷെ സുരേഷ് ഗോപിയുടെ കരിയറിൽ അദ്ദേഹം നടത്തിയ ഏറ്റവും മികച്ച പെർഫോമൻസുകളുടെ കൂട്ടത്തിൽ ചേർത്ത് വെക്കപ്പെടാവുന്ന ഒരു പ്രകടനമാണ് എബ്രഹാം മാത്യു മാത്തനായി ഈ നടൻ കാഴ്ച വെച്ചത്. ശരീര ഭാഷ കൊണ്ടും, ഊർജസ്വലമായ ഡയലോഗ് ഡെലിവറി കൊണ്ടും മാസ്സും ക്ലാസും ഒരുപോലെ ചേർന്ന പെർഫോമൻസ് നൽകിയ സുരേഷ് ഗോപി തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. അദ്ദേഹം തന്റെ പ്രകടനം കൊണ്ട് ഈ ചിത്രത്തിന് പകർന്നു നൽകിയ ഊർജ്ജം അവിശ്വസനീയമാണ്. അതുപോലെ തന്നെ മികച്ച പ്രകടനമാണ് അദ്ദേഹത്തിന്റെ മകനായ ഗോകുൽ സുരേഷും നൽകിയത്. മൈക്കിൾ എന്ന കഥാപാത്രമായി ഗോകുൽ ഇതിൽ കാഴ്ചവെച്ച മികച്ച പ്രകടനം ഈ യുവനടന്റെ കരിയറിലെ വഴിത്തിരിവായി മാറിയേക്കാം. പ്രധാന സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ നൈല ഉഷ, നീത പിള്ള എന്നിവർ തങ്ങളുടെ ഭാഗങ്ങൾ നന്നാക്കിയപ്പോൾ മറ്റു നിർണ്ണായക വേഷങ്ങൾ ചെയ്ത ആശ ശരത്, കനിഹ, അജ്മൽ അമീർ, മാളവിക മേനോൻ, വിജയ രാഘവൻ, ടിനി ടോം, ഷമ്മി തിലകൻ, ശ്രീജിത്ത് രവി, സാധിക വേണുഗോപാൽ, അഭിഷേക് രവീന്ദ്രൻ, ചന്ദുനാഥ്, ഡയാന ഹമീദ്, ജുവൽ മേരി എന്നിവരും ഏറ്റവും മികച്ച രീതിയിൽ തന്നെ പെർഫോം ചെയ്തു.
ഈ ചിത്രത്തിന്റെ സാങ്കേതിക മികവും ഇതൊരു ഗംഭീര തീയേറ്റർ അനുഭവമാകുന്നതിൽ മുഖ്യപങ്കു വഹിച്ചിട്ടുണ്ട്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഒരുക്കിയ ദൃശ്യങ്ങൾ വളരെ സ്റ്റൈലിഷായിരുന്നു. ആ ദൃശ്യങ്ങൾ നൽകിയ മിഴിവ് ചിത്രത്തിന്റെ കാഴ്ചാനുഭവം ഗംഭീരമാക്കിയിട്ടുണ്ട്. ശ്യാം ശശിധരൻ എഡിറ്റർ എന്ന നിലയിൽ പുലർത്തിയ ബ്രില്യൻസ്, ദൈർഘ്യമേറിയ ചിത്രമായിട്ടു കൂടി പാപ്പന് മികച്ച വേഗത പകർന്നു നൽകിയപ്പോൾ ജേക്സ് ബിജോയ് ഒരുക്കിയ പശ്ചാത്തല സംഗീതം ഗംഭീരമായിരുന്നു. അദ്ദേഹം തന്നെ ഈണം നൽകിയ ഗാനങ്ങളും മനോഹരമായിരുന്നു. ഉയർന്ന സാങ്കേതിക തികവും ശ്കതമായ ഒരു പ്രമേയവും അവതരിപ്പിക്കുന്ന ഒരു ഗംഭീര സിനിമാനുഭവമാണ് പാപ്പൻ. ഒരുപക്ഷെ മലയാള സിനിമയിൽ ഈയടുത്തകാലത്തു വന്നിട്ടുള്ള ഏറ്റവും മികച്ച മാസ്സ് ക്രൈം ത്രില്ലറുകളുടെ നിരയിൽ മുൻപന്തിയിൽ സ്ഥാനം നൽകാവുന്ന ഒരു ചിത്രമെന്ന് പാപ്പനെ നമ്മുക്ക് വിശേഷിപ്പിക്കാം. എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഒരു പക്കാ മാസ്സ് ത്രില്ലിംഗ് അനുഭവം പാപ്പൻ സമ്മാനിക്കുമെന്നുറപ്പാണ്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
This website uses cookies.