മലയാള സിനിമാ പ്രേമികൾ കാത്തിരുന്ന ചിത്രങ്ങളിലൊന്നായ ആർഡിഎക്സ് ഇന്നലെയാണ് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തിയത്. റിലീസിന് മുൻപ് തന്നെ പ്രതീക്ഷകൾ തന്നിരുന്നുവെങ്കിലും, ഓണം റിലീസുകളിൽ താരതമ്യേന ചെറിയ ചിത്രമായിരുന്നു ആർഡിഎക്സ് എന്നത് കൊണ്ട് തന്നെ ഈ ചിത്രം എത്രമാത്രം ഓളം സൃഷ്ടിക്കും എന്നതിനെക്കുറിച്ച് പലർക്കും സംശയമുണ്ടായിരുന്നു. എന്നാൽ, ദുൽഖർ സൽമാനും നിവിൻ പോളിയും ബോക്സ് ഓഫീസ് യുദ്ധത്തിനിറങ്ങുന്ന സമയത്ത് തന്നെ, ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നീ യുവതാരങ്ങളെ അണിനിരത്തി നഹാസ് ഹിദായത്ത് എന്ന നവാഗതനൊരുക്കിയ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിക്കാനുള്ള ആത്മവിശ്വാസം കാണിച്ച നിർമാതാവ് സോഫിയ പോളാണ് ആദ്യം അഭിനന്ദനം അർഹിക്കുന്നത്. സ്വന്തം ചിത്രത്തിൽ അവർക്കുണ്ടായിരുന്നു ആ വിശ്വാസത്തിന്റെ ഫലമാണ്, ഇന്ന് കേരളത്തിൽ അലതല്ലുന്ന ആർഡിഎക്സ് തരംഗം കാണിച്ചു തരുന്നത്.
ഷബാസ് റഷീദ്, ആദർശ് സുകുമാരൻ എന്നിവർ തിരക്കഥ രചിച്ച ഈ ചിത്രം പറയുന്നത് , റോബർട്ട്, ഡോണി, സേവ്യർ എന്നീ മൂന്ന് സുഹൃത്തുക്കളുടെ കഥയാണ്. ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് യഥാക്രമം ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റോബെർട്ടും ഡോണിയും സഹോദരന്മാരാണ്. ഇവരുടെ ഏറ്റവുമടുത്ത സുഹൃത്താണ് സേവ്യർ. കരാട്ടെ മാസ്റ്ററായ സേവ്യറുടെ അച്ഛൻ ആന്റണിയുടെ കീഴിൽ കരാട്ടെ പഠിക്കുന്ന ഇവർ മൂന്ന് പേരും, അത്യാവശ്യം എല്ലായിടത്തും ഓടി നടന്ന് അടിയുണ്ടാക്കുന്നതിലും ഒട്ടും മോശമല്ല. എന്നാൽ അങ്ങനെ ഇവർ ചെന്ന് ചാടുന്ന ഒരു പ്രശ്നം ഇവരുടെ മുന്നോട്ടുള്ള ജീവിതം തന്നെ മാറ്റിമറിക്കുകയാണ്. അതിന് മുൻപും ശേഷവും ഇവർ മൂവരുടേയും ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ആർഡിഎക്സ് പറയുന്നത്.
ഒരു നവാഗത സംവിധായകന്റെ യാതൊരു വിധ പതർച്ചയും ഇല്ലാതെയാണ് നഹാസ് ഹിദായത് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അത്ര ഗംഭീരമായാണ് അദ്ദേഹം ഈ ചിത്രത്തിന് ദൃശ്യ ഭാഷ ഒരുക്കിയിരിക്കുന്നത്. സിനിമ തുടങ്ങി മിനിറ്റുകൾക്കുള്ളിൽ തന്നെ ഡോണി എന്ന കഥാപാത്രത്തോട് വൈകാരികമായി പ്രേക്ഷകരെ അടുപ്പിക്കുന്ന സംവിധായകൻ, അധികം വൈകാതെ തന്നെ റോബർട്ട്, സേവ്യർ എന്നിവരേയും ആ വൈകാരിക ബന്ധത്തിന്റെ ഭാഗമാക്കുന്നുണ്ട്. പിന്നീട് രോമാഞ്ചം നൽകുന്ന ആക്ഷനും, ഏറെ രസിപ്പിക്കുന്ന ചില തമാശകളും, വളരെ ഹൃദ്യമായ ഒരു റൊമാന്റിക് ട്രാക്കുമെല്ലാം സംവിധായകൻ പൂ പറിക്കുന്ന ലാഘവത്തോടെ അവതരിപ്പിക്കുമ്പോൾ, കൈത്തഴക്കം വന്ന ഒരു സംവിധായകനാണ് നഹാസ് എന്ന ഫീലാണ് ചിത്രം നമ്മുക്ക് സമ്മാനിക്കുന്നത്. ചിത്രം തുടങ്ങി തീരുന്ന നിമിഷം വരെ ആ ആവേശം പ്രേക്ഷകരിൽ നിലനിർത്താൻ സാധിക്കുക എന്നത് ഒരു വലിയ കാര്യമാണ്. വൈകാരിക രംഗങ്ങളും അതിമനോഹരമായാണ് അദ്ദേഹം ഒരുക്കിയിരിക്കുന്നത്. വിനോദ ഘടകങ്ങൾ എല്ലാം തന്നെ ഒട്ടും കൂടിയോ കുറഞ്ഞോ പോകാതെ തിരക്കഥയിൽ കോർത്തിണക്കിയ രചയിതാക്കളും ഇവിടെ അഭിനന്ദനമര്ഹിക്കുന്നുണ്ട്.
അതോടൊപ്പം ചിത്രത്തിന്റെ നട്ടെല്ലായി നിൽക്കുന്നത് ഇതിലെ അഭിനേതാക്കളുടെ പ്രകടനമാണ്. ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവർ മൂന്ന് പേരും മത്സരിച്ചാണ് ഇതിലഭിനയിച്ചിരിക്കുന്നത്. ആരാണ് മുന്നിൽ എന്ന് പറയാൻ സാധികാത്ത വിധം മൂവരും തങ്ങളുടെ വേഷങ്ങൾ ഗംഭീരമാക്കിയിട്ടുണ്ട്. റോബർട്ട് എന്ന റിബൽ ആയി ഷെയ്ൻ നിഗം ഒരിക്കൽ കൂടി തന്റെ പ്രതിഭ നമ്മുക്ക് കാണിച്ചു തരുന്നുണ്ട്. ആക്ഷനിൽ മാത്രമല്ല, നൃത്തത്തിലും ഡയലോഗ് ഡെലിവെറിയിലും പ്രണയ രംഗത്തുമെല്ലാം ഒരുപോലെ ശോഭിക്കുന്ന ഈ നടൻ, തന്റെ അസാമാന്യമായ ഊർജം കൊണ്ടും വൈകാരിക രംഗങ്ങളിലെ മിതത്വമാർന്ന പ്രകടനം കൊണ്ട് കൂടിയാണ് ഞെട്ടിക്കുന്നത്.
ആന്റണി വർഗീസ് എന്ന പെപ്പെയുടെ കഥാപാത്രമായ ഡോണി, ചിത്രം തുടങ്ങി മിനിറ്റുകൾ കൊണ്ടാണ് പ്രേക്ഷകരെ കയ്യിലെടുക്കുന്നത്. ആന്റണി ഇടിക്കുന്ന ഓരോ ഇടിയും പ്രേക്ഷകർ ആർപ്പു വിളികളോടെയാണ് ഏറ്റെടുക്കുന്നത്. ആന്റണിയുടെ ശരീര ഭാഷക്കും സംസാര രീതിക്കുമെല്ലാം യുവ പ്രേക്ഷകർക്കിടയിൽ എത്രമാത്രം സ്വീകാര്യത കിട്ടുന്നുണ്ടെന്ന് ഈ ചിത്രം കാണിച്ചു തരുന്നുണ്ട്. ഇടിക്കുകയാണെങ്കിൽ അത് പെപ്പെ ഇടിക്കണം എന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കാൻ സാധിച്ചതാണ് ഈ നടന്റെ വിജയം.
ഇനി പറയാനുള്ളത് നീരജ് മാധവിനെ കുറിച്ചാണ്. അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന പ്രകടനമാണ് നീരജിൽ നിന്നും ലഭിച്ചത്. സ്ക്രീൻ പ്രെസൻസ് കൊണ്ട് പ്രേക്ഷകരുടെ മനസ്സിനെ കീഴടക്കുകയായിരുന്നു ഈ നടൻ. അതിനൊപ്പം കരാട്ടെ ആക്ഷൻ രംഗങ്ങളിൽ നീരജ് കാഴ്ച വെച്ച പ്രകടനം പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന ഒന്നായിരുന്നു. അജയ്യനായ ഒരാൾ എന്ന ഫീലാണ് നീരജിന്റെ സേവ്യറെന്ന കഥാപാത്രം നൽകുന്നത്. അനായാസമായ, വളരെ സ്വാഭാവികമായ അഭിനയ ശൈലി കൈമുതലായുള്ള നീരജ് മാധവ്, മാസ്സ് റോളുകളിലും താൻ ഗംഭീരമാണെന്ന് കാണിച്ചു തരിക കൂടിയാണ് ചെയ്തത്.
അൻപ്- അറിവ് മാസ്റ്റേഴ്സ് ഒരുക്കിയ ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറി. കാർണിവൽ ഫൈറ്റ്, ബോട്ട് ഫൈറ്റ്, കോളനി ഫൈറ്റ് , ക്ളൈമാക്സ് ഫൈറ്റ് തുടങ്ങി വ്യത്യസ്തമായ ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങളുടെ ഒരു കമനീയ ശേഖരം തന്നെ ഈ ചിത്രത്തിൽ പ്രേക്ഷകരെ കാത്തിരിപ്പുണ്ട്. അതിനെ കൂടുതൽ ഗംഭീരമാക്കിയത് സാം സി എസ് ഒരുക്കിയ പശ്‌ചാത്തല സംഗീതവും, അലക്സ് ജെ പുളിക്കൽ ഒരുക്കിയ ദൃശ്യങ്ങളുമാണ്. വളരെ വേഗത്തിൽ മുന്നോട്ട് നീങ്ങിയ ഈ ചിത്രം ഒരു നിമിഷം പോലും പ്രേക്ഷകരെ ബോറപ്പിക്കാതെയിരുന്നതിൽ ഒരു കാരണം ചമൻ ചാക്കോയുടെ എഡിറ്റിംഗ് മികവ് കൂടിയാണ്. ബാബു ആന്റണി , ലാൽ , ബൈജു , മഹിമ നമ്പ്യാർ, ഐമ സെബാസ്റ്റ്യൻ തുടങ്ങി ഒട്ടേറെ താരങ്ങൾ വേഷമിട്ട ഈ ചിത്രത്തിൽ ഒരഭിനേതാവും മോശമായില്ല എന്ന് മാത്രമല്ല, വില്ലൻ സ്വഭാവമുള്ള വേഷങ്ങൾ ചെയ്ത ഓരോത്തരും ഞെട്ടിച്ചിട്ടുണ്ട്.
ചുരുക്കി പറഞ്ഞാൽ, പ്രേക്ഷകർക്ക് ആവേശവും ആഹ്ളാദവും രോമാഞ്ചവുമെല്ലാം ഒരുപോലെ പകർന്നു നൽകുന്ന ഒരു അൾട്രാ മാസ്സ് ആക്ഷൻ എന്റർടൈനറാണ് ആർഡിഎക്സ്. ഒരേ സമയം യുവ പ്രേക്ഷകരേയും കുടുംബ പ്രേക്ഷകരേയും രസിപ്പിക്കുന്ന ഈ ചിത്രം, ഒരിക്കലും നഷ്ട്ടപെടുത്തരുതാത്ത ഒരു ഗംഭീര തീയേറ്റർ അനുഭവമാണ്. ഓണത്തല്ലിന് തിരി കൊളുത്തി, ആക്ഷന്റെ കലാശക്കൊട്ട് നടത്തുന്ന ആർഡിഎക്സ് എല്ലാ അർത്ഥത്തിലും ഈ ഓണത്തിന് ബോക്സ് ഓഫീസിൽ രാജാവായിക്കഴിഞ്ഞു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.