കിസ്മത്, തൊട്ടപ്പൻ എന്നീ ചിത്രങ്ങൾ ഒരുക്കി പ്രശസ്തനായ ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്ത്, ഇന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിയ ചിത്രമാണ് ഒരു കട്ടിൽ ഒരു മുറി. പ്രശസ്ത രചയിതാവായ രഘുനാഥ് പലേരി ഒരു വലിയ ഇടവേളക്ക് ശേഷം തിരക്കഥ രചിച്ച ഈ ചിത്രത്തിൽ ഹക്കിംഷാ, പ്രിയംവദാകൃഷ്ണൻ, പൂർണ്ണിമ ഇന്ദ്രജിത്ത് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സപ്ത തരംഗ് ക്രിയേഷൻസ് ആൻഡ് വിക്രമാദിത്യൻ ഫിലിംസിൻ്റെ ബാനറുകളിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും അത് ചിത്രത്തിന് മേലുള്ള പ്രതീക്ഷകൾ വർധിപ്പിക്കുകയും ചെയ്തിരുന്നു. ആ പ്രതീക്ഷകളെ പൂർണ്ണമായും സാധൂകരിക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് നമ്മുക്ക് പറയാൻ സാധിക്കും.
ഹക്കിംഷാ അവതരിപ്പിക്കുന്ന രുഗ്മാംഗദൻ, പ്രിയംവദ അവതരിപ്പിക്കുന്ന മധുമിയ, പൂർണ്ണിമ അവതരിപ്പിക്കുന്ന അക്കമ്മ എന്നീ കഥാപാത്രങ്ങളിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. അക്കമ്മ അഥവാ ത്രിപുര സുന്ദരി എന്ന, സുന്ദരമായ മനസ്സുള്ള ഒരു സ്ത്രീക്ക് ഒരൊറ്റ മുറി ഫ്ലാറ്റ് ഉണ്ട്. അതിലെ മനോഹരമായ ഒരു കട്ടിൽ അവരുടെ ജീവനാണ് എന്ന് തന്നെ പറയാം. ഏഴ് മാസവും ഒന്‍പതും നാളും അവൾക്കൊപ്പം ജീവിച്ച അവളുടെ പുരുഷൻ അവൾക്കു സമ്മാനിച്ചതായത് കൊണ്ട് തന്നെ, അയാളുടെ ഓർമ്മകൾ കൂടി അവൾക്കു സമ്മാനിക്കുന്നുണ്ട് ആ കട്ടിൽ. നഗരത്തില്‍ ജോലി തേടിവരുന്ന മധുമിയ എന്ന പാരിജാതം ഈ ഒറ്റമുറിയിലെ താമസക്കാരിയാണ്. രാത്രിയിൽ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന രുഗ്മാംഗദൻ എന്ന കഥാപാത്രം ഒട്ടേറെ പ്രശ്നങ്ങളുള്ള ഒരാളാണ്. തന്നെ പിന്തുടരുന്ന ഗുണ്ടകളിൽ നിന്ന് പകൽ ഒളിക്കാനായി ഒരു സുരക്ഷിത സ്ഥാനം തേടുന്ന അയാൾക്ക് അക്കമ്മ ഈ മുറി നൽകുന്നു. എന്നാൽ രാത്രി അവിടെ താമസിക്കുന്നത് മധുമിയ എന്ന പെൺകുട്ടി ആണെന്ന് അയാൾ അറിയുന്നില്ല. രാത്രി അവിടെ ഒരു ഭാര്യയും ഭർത്താവും ആണ് താമസിക്കുന്നത് എന്നാണ് അക്കമ്മ രുഗ്മാംഗദനോട് പറയുന്നത്. അതുപോലെ, പകൽ അവിടെ താമസിക്കുന്നത് ഒരു പെൺകുട്ടി ആണെന്നാണ് മധുമിയയോട് അവർ പറയുന്നത്. ശേഷം, ഇവരുടെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളാണ് ഈ ചിത്രത്തിലൂടെ നമ്മുടെ മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്.
കിസ്മത്, തൊട്ടപ്പൻ എന്നീ കാമ്പുള്ള ചലച്ചിത്രങ്ങൾ നമ്മുക്ക് തന്ന സംവിധായകൻ ആണ് ഷാനവാസ് ബാവക്കുട്ടി. ആഴമുള്ള കഥകൾ വൈകാരിക തീവ്രമായി പ്രേക്ഷകരുടെ മനസ്സിൽ തൊടുന്ന വിധം അവതരിപ്പിക്കാൻ അദ്ദേഹത്തിനുള്ള കഴിവ് ഈ രണ്ട് ചിത്രങ്ങളിൽ നിന്ന് തന്നെ നമ്മുക്ക് മനസ്സിലായതാണ് . ആ കൂട്ടത്തിൽ തന്നെ പെടുത്താം നമ്മുക്ക് ഒരു കട്ടിൽ ഒരു മുറി എന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രത്തെയും. രഘുനാഥ് പലേരി എന്ന പരിചയ സമ്പന്നനായ എഴുത്തുകാരൻ ഒരുക്കിയ വളരെ മികച്ച ഒരു തിരക്കഥക്ക്, അതിന്റെ തീവ്രതയും ആഴവും ഒട്ടും നഷ്ടപ്പെടാതെ തന്നെ ദൃശ്യ ഭാഷ നൽകി നമ്മുടെ മുന്നിലെത്തിക്കാൻ സംവിധായകന് കഴിഞ്ഞു. ജീവിതത്തിൽ ഒറ്റപ്പെട്ടു പോയവർ അനുഭവിക്കുന്ന അസാധാരണമായ അരക്ഷിതത്വവും ഏകാന്തതയും പ്രേക്ഷകരുടെ മനസ്സിൽ തൊടുന്ന വിധം അവതരിപ്പിക്കുന്നുണ്ട് ഈ ചിത്രത്തിലൂടെ.
വളരെയധികം റിയലിസ്റ്റിക് ആയ വൈകാരിക രംഗങ്ങൾക്കും ത്രില്ലിംഗ് ആയ രംഗങ്ങൾക്കും ഒപ്പം രസകരമായ മുഹൂർത്തങ്ങളും ഒരുപാടുണ്ട് ഈ ചിത്രത്തിൽ. പ്രണയത്തിനും ചിത്രത്തിൽ പ്രാധാന്യമുണ്ട്. പ്രേക്ഷകരുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന സംഭാഷണങ്ങളും ഈ ചിത്രത്തിന്റെ സവിശേഷതകളിൽ ഒന്നാണെന്ന് നിസംശയം പറയാം. ഓരോ കഥാപാത്രങ്ങൾക്കും കൃത്യമായ ഒരു വ്യക്തിത്വവും ഒരു സ്ഥാനവും കഥയിൽ നല്കാൻ സംവിധായകനും രചയിതാവിനും കഴിഞ്ഞു. ഒരു കട്ടിലും കാറും വരെ ഈ ചിത്രത്തിലെ കഥാപാത്രങ്ങളായി മാറുന്നുണ്ട് എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. വ്യത്യസ്തമായ ഒരു കഥയേയും അതിലും വ്യത്യസ്തമായ ഒരുപിടി കഥാപാത്രങ്ങളെയും അതിന്റെ പൂർണ്ണതയോടെ പ്രേക്ഷകന്റെ മനസ്സിൽ എത്തിക്കാൻ ഷാനവാസ് ബാവക്കുട്ടി എന്ന സംവിധായകനും, രഘുനാഥ് പലേരി എന്ന രചയിതാവിനും സാധിച്ചിട്ടുണ്ട്.
ചിത്രത്തിന്റെ ടൈറ്റിൽ പോലും എന്ത്കൊണ്ട് അങ്ങനെ വന്നു എന്നതിന് വളരെ മനോഹരമായ ദൃശ്യ ഭാഷ കൊണ്ടും കഥ പറച്ചിൽ കൊണ്ടും ഉത്തരം നൽകുന്നുണ്ട് സംവിധായകനും രചയിതാവും. കേന്ദ്ര കഥാപാത്രങ്ങൾ യഥാർത്ഥത്തിൽ ആരാണെന്നോ, അവരുടെ പശ്‌ചാത്തലം എന്താണെന്നോ പ്രേക്ഷകന് പിടി കൊടുക്കാതെ ആദ്യാവസാനം ഗംഭീര സസ്പെൻസ് നിലനിർത്തിയാണ് ചിത്രം മുന്നോട്ട് സഞ്ചരിക്കുന്നതെന്നതും എടുത്തു പറയണം.
ഹക്കിംഷ എന്ന നടന്റെ കരിയർ ബെസ്റ് പെർഫോമൻസാണ് ഈ ചിത്രത്തിൽ അദ്ദേഹം നൽകിയത് എന്ന് പറയാം. വാക്കിലും നോക്കിലും ശരീര ഭാഷയിലും രുഗ്മാംഗദൻ എന്ന കഥാപാത്രമായി ഈ നടൻ സ്‌ക്രീനിൽ ജീവിക്കുകയായിരുന്നു. അതിശയിപ്പിക്കുന്ന രീതിയിലാണ് ഈ നടൻ തന്റെ കഥാപാത്രത്തെ ഉൾക്കൊണ്ടിരിക്കുന്നത്. അക്കമ്മ ആയി അഭിനയിച്ച പൂർണ്ണിമ ഇന്ദ്രജിത് ഒരിക്കൽ കൂടി ശ്രദ്ധ നേടുന്ന പ്രകടനം തന്നെയാണ് നൽകിയത്. പൂർണ്ണിമയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമെന്നും അക്കമ്മയെ നമ്മുക്ക് വിശേഷിപ്പിക്കാം. മധുമിയ ആയി വേഷമിട്ട പ്രിയംവദ പ്രേക്ഷകരുടെ മനസ്സിലിടം പിടിച്ചു. അത്രക്കും സ്വാഭാവികമായി ഈ നടി തന്റെ കഥാപാത്രത്തിന് ജീവൻ പകർന്നിട്ടുണ്ട്.
അത് പോലെ തന്നെ മറ്റു കഥാപാത്രങ്ങളെ നമ്മുക്ക് മുന്നിൽ എത്തിച്ച ഷമ്മി തിലകൻ, വിജയരാഘവൻ, രഘുനാഥ് പലേരി, ജാഫർ ഇടുക്കി, ജനാർദ്ദനൻ, ഗണപതി, സ്വാതി ദാസ് പ്രഭു, പ്രശാന്ത് മുരളി, മനോഹരി ജോയ്, തുഷാരപിള്ള, വിജയകുമാർ, ഹരിശങ്കർ, രാജീവ് വി തോമസ്, ഉണ്ണിരാജാ, ദേവരാജൻ കോഴിക്കോട്, ജിബിൻ ഗോപിനാഥ് എന്നിവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി.
മികച്ച ദൃശ്യങ്ങൾ നൽകിയ എൽദോസ് ജോർജ് ചിത്രത്തിന് നൽകിയ സംഭാവന വളരെ വലുതാണ്. ഈ ചിത്രത്തിന്റെ ആത്മാവ് തന്നെയാണ് അദ്ദേഹം നൽകിയ മനോഹരവും കരുത്തുറ്റതുമായ ദൃശ്യങ്ങൾ. അത് പോലെ തന്നെ വർക്കി, അങ്കിത് മേനോൻ എന്നിവർ ഒരുക്കിയ സംഗീതവും വളരെയധികം മികച്ചു നിന്നു.മനോജ് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത്. ചിത്രത്തിന് മികച്ച വേഗതയും അതുപോലെ സാങ്കേതിക പൂർണ്ണതയും നല്കാൻ അദ്ദേഹത്തിന്റെ ചിത്രസംയോജനം സഹായിച്ചു.
പേര് പോലെ വളരെ വ്യത്യസ്തമായ ഒരു അനുഭവം സമ്മാനിക്കുന്ന മികച്ച ചിത്രമാണ് ഒരു കട്ടിൽ ഒരു മുറി. സംവിധായകൻ ഷാനവാസ് ബാവക്കുട്ടിയുടെയും ഇതിലെ ഓരോ അഭിനേതാക്കളുടെയും കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായി വിലയിരുത്തപ്പെട്ടേക്കാവുന്ന ഒരു ചിത്രമാകും ഒരു കട്ടിൽ ഒരു മുറി എന്നുറപ്പാണ്. വ്യത്യസ്ത സിനിമാനുഭവങ്ങൾ ഇഷ്ട്ടപ്പെടുന്ന, നർമ്മവും സസ്‌പെൻസും നിറഞ്ഞ നല്ല സിനിമകളെ സ്നേഹിക്കുന്ന ഓരോ പ്രേക്ഷകനും, ഈ ചിത്രം എന്നും മനസ്സിൽ സൂക്ഷിച്ചു വെക്കാവുന്ന ഒരു അനുഭവമായിരിക്കും സമ്മാനിക്കുക.
രാജ് ബി ഷെട്ടിയും അപർണ ബാലമുരളിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ 'രുധിരം' എന്ന സർവൈവൽ റിവഞ്ച് ത്രില്ലർ മികച്ച പ്രേക്ഷക…
കഴിഞ്ഞ വർഷം മലയാള സിനിമയിലെ നാഴികകല്ലുകളായി മാറിയ മഞ്ഞുമ്മൽ ബോയ്സിന്റെയും ആവേശത്തിന്റെയും അമരക്കരായ ചിദംമ്പരവും , ജിത്തു മാധവനും ഒന്നിക്കുന്നു.കെ…
ജനപ്രിയ നായകൻ ദിലീപ് നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഭ.ഭ.ബ' അഥവാ, 'ഭയം ഭക്തി ബഹുമാനം'. ധനഞ്ജയ് ശങ്കർ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോയുടെ ഹിന്ദി പതിപ്പ് ബ്ലോക്ക്ബസ്റ്റർ ആയി പ്രദർശനം തുടരുമ്പോൾ, ഇന്ന് മുതൽ ചിത്രത്തിന്റെ തെലുങ്ക് പതിപ്പും…
'ഫോറൻസിക്' എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ട് ഒരുക്കിയ…
ബ്ലോക്ബസ്റ്റർ ചിത്രം 'തല്ലുമാല'ക്ക് ശേഷം; നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
This website uses cookies.