ഒരൊറ്റ ഗാനവും അതിലെ നായകന്റെ നൃത്തവും കൊണ്ട് പ്രേക്ഷകരുടെ ഇടയിൽ വലിയ ഹൈപ്പ് നേടിയ ചിത്രമാണ് കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ന്നാ താൻ കേസ് കൊട്. ഇന്ന് കേരളത്തിൽ റിലീസ് ചെയ്ത ഈ ചിത്രം, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നീ സിനിമകൾക്കു ശേഷം പ്രശസ്ത സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാൾ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ്. എസ്.ടി.കെ ഫിലിംസിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള, ഉദയായുടെ ബാനറിൽ കുഞ്ചാക്കോ ബോബൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന് പ്രേക്ഷക പ്രതീക്ഷകൾ വാനോളം ഉയർത്തിയതിലൊരു പങ്ക് ഇതിന്റെ ഗംഭീര ട്രെയ്ലറിനുള്ളതാണ്. അത്കൊണ്ട് തന്നെ ഏറെ പ്രതീക്ഷകളോടെ ഈ ചിത്രത്തെ സമീപിച്ച പ്രേക്ഷകർക്ക് അവർ പ്രതീക്ഷിച്ചതിലും മുകളിൽ നല്കാൻ അണിയറ പ്രവർത്തകർക്ക് സാധിച്ചു എന്നതാണ് ഈ ചിത്രത്തിന്റെ വിജയം.
കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന കൊഴുമ്മൽ രാജീവൻ എന്ന ചെറിയ കള്ളനെ ചുറ്റിപ്പറ്റിയാണ് ഇതിന്റെ കഥ വികസിക്കുന്നത്. മോഷണം നിർത്തി ജീവിക്കാൻ തീരുമാനിക്കുന്ന രാജീവനെ, എം എൽ എ യുടെ വീട്ടിൽ മോഷണം നടത്താൻ ശ്രമിച്ചു പട്ടി കടിച്ചു പരിക്കേറ്റു എന്ന കേസിൽ പോലീസ് അറസ്റ്റ് ചെയ്യുന്നു. എന്നാൽ താൻ ഈ കുറ്റം ചെയ്തിട്ടില്ലെന്നും റോഡിലെ കുഴിമൂലം ഉണ്ടായ ഒരു വാഹനാപകടത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് എംഎൽഎയുടെ വീടിന്റെ മതില് ചാടേണ്ടി വന്നതെന്നും പറഞ്ഞു, കേരളത്തിലെ പൊതുമരാമത്ത് മന്ത്രിക്കെതിരെ രാജീവൻ കേസ് കൊടുക്കുകയും, ആ കേസ് സ്വയം വാദിക്കുകയും ചെയ്യുന്നിടത് നിന്ന് കഥാഗതി മാറുന്നു.
തന്റെ ആദ്യ ചിത്രമായ ആൻഡ്രോയിഡ് കുഞ്ഞപ്പനിലും, രണ്ടാം ചിത്രമായ കനകം കാമിനി കലഹത്തിലുമെല്ലാം വളരെ വ്യത്യസ്തമായ രീതിയിൽ, ഹാസ്യത്തിന്റെ മേമ്പൊടി ചാലിച്ച് രസകരമായ കഥകൾ പറഞ്ഞ സംവിധായകനാണ് രതീഷ് ബാലകൃഷ്ണ പൊതുവാൾ. തന്റെ ആ ശൈലിയും മികവും ഈ ചിത്രത്തിലും അദ്ദേഹം ആവർത്തിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് വളരെ പുതുമയേറിയ ഒരു സിനിമാനുഭവം സമ്മാനിക്കുന്ന തരത്തിലാണ് അദ്ദേഹം ഈ ചിത്രം രചിച്ചതും, അതിനു ദൃശ്യ ഭാഷ നൽകിയിരിക്കുന്നതും. കുറച്ചു ക്ളീഷേ കഥാ സന്ദർഭങ്ങൾ മാത്രമൊരുക്കി ചിരിപ്പിക്കാൻ നോക്കാതെ, വളരെ വ്യത്യസ്തമായ ഒരു കഥാ പശ്ചാത്തലമൊരുക്കിയ രതീഷ് ബാലകൃഷ്ണ പൊതുവാളെന്ന രചയിതാവാണ് ആദ്യം അഭിനന്ദനം അർഹിക്കുന്നത്. സംവിധായകനെന്ന നിലയിലും അദ്ദേഹം ഇതിൽ തന്റെ കയ്യൊപ്പു ചാർത്തിയത്, ഈ ചിത്രം നമ്മുക്ക് മുന്നിൽ അവതരിപ്പിച്ച രീതിയിലാണ്. ആദ്യാവസാനം പ്രേക്ഷകനെ രസിപ്പിക്കുന്നതിനൊപ്പം വളരെയേറെ സാമൂഹിക പ്രസക്തിയുള്ള ഒരു കഥയും പറയാൻ സാധിച്ചു എന്നിടത്താണ് ന്നാ താൻ കേസ് കൊട് പ്രേക്ഷകർക്ക് പ്രിയങ്കരമാകുന്നത്. ഒരേസമയം റിയലിസ്റ്റിക്കായും ഹാസ്യത്തിനുവേണ്ട സിനിമാറ്റിക് സ്വാതന്ത്ര്യങ്ങൾ എടുത്തുകൊണ്ടും കഥാ സന്ദർഭങ്ങൾ വിശ്വസനീയമായ രീതിയിൽ അവതരിപ്പിക്കാൻ സാധിച്ചതാണ് ഈ ചിത്രത്തിന്റെ മികവ്. രസകരമായ സംഭാഷണങ്ങളും ആകാംഷ നിറക്കുന്ന അവതരണ ശൈലിയും ചിത്രത്തെ മികച്ചതാക്കിയിട്ടുണ്ട്. ഇതിലെ കോടതി രംഗങ്ങളാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റെന്നു പറയാം. അത്രയും ഗംഭീരമായ രീതിയിലാണ് കോടതി വ്യവഹാര രംഗങ്ങൾ അദ്ദേഹം ഒരുക്കിയിരിക്കുന്നത്.
സാധാരണക്കാരും അധികാര വർഗ്ഗവും തമ്മിലുള്ള ഒരു പോരാട്ടമായും ഈ ചിത്രത്തിന്റെ പ്രമേയത്തെ നമ്മുക്ക് കാണാം. സാധാരണക്കാരന്റെ രാഷ്ട്രീയമാണ് ഇതിൽ വരച്ചു കാണിക്കുന്നത്. അവരുടെ പ്രതിനിധിയായി കൊഴുമ്മൽ രാജീവൻ നിൽക്കുമ്പോൾ. അധികാര വർഗ്ഗത്തിന്റെ എല്ലാ ദുഷിപ്പുകളുടേയും പ്രതിനിധിയായി മന്ത്രി പ്രേമനെ അവതരിപ്പിച്ചിരിക്കുന്നു. ഇതിൽ സാധാരണക്കാരന്റെ ഏക പ്രതീക്ഷയാണ് ജുഡീഷ്യറി എന്നത് അടിവരയിട്ടു പറയുന്നതിനൊപ്പം, സാധാരണനൊപ്പമാണ് ജുഡീഷ്യറി എന്നതും, ഇതിലെ മജിസ്‌ട്രേറ്റ് കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് കാണിച്ചു കൊടുക്കുന്നുണ്ട് സംവിധായകൻ. കുറച്ചു വർഷങ്ങൾക്കു മുന്നിൽ നിന്ന് തുടങ്ങുന്ന ഇതിന്റെ കഥ വികസിക്കുന്നതിനൊപ്പം ഓരോ കാലഘട്ടങ്ങളിലും ഉയരുന്ന പെട്രോൾ വിലയും സ്‌ക്രീനിൽ കാണിക്കുന്നത്, ജനങ്ങളുടെ ദുരിതത്തിന്റെ നിർണ്ണായകമായ ചിത്രം കൂടിയാണ് നമ്മുക്ക് മുന്നിലെത്തിക്കുന്നത്. കൈയൂക്കുള്ളവൻ കാര്യകാരനായി തുടരുന്നത്, തിരിച്ചു ചോദിക്കാനുള്ള ധൈര്യം ജനങ്ങൾ കാണിക്കാത്തത് കൊണ്ടാണെന്നും, അതെന്നു മുതൽ നമ്മൾ കാണിച്ചു തുടങ്ങുന്നോ, അന്ന് തീരും കൈയൂക്കുള്ളവന്റെ അഹങ്കാരമെന്നും ഇതിലൂടെ പറഞ്ഞു വെക്കുന്നുണ്ട്. കേസുകളുടെ വലിപ്പ ചെറുപ്പം നോക്കാതെ നീതിന്യായ വ്യവസ്ഥിതി സാധാരണക്കാർക്കൊപ്പം നിന്നാൽ, അന്ന് മുതൽ വീണ് തുടങ്ങും അധികാര വർഗ്ഗത്തിന്റെ ഹുങ്കെന്നും ന്നാ താൻ കേസ് കൊട് പറയുന്നു.
കൊഴുമ്മൽ രാജീവനായി കുഞ്ചാക്കോ ബോബൻ നമ്മുക്ക് ജീവിച്ചു കാണിച്ചു തന്നു എന്ന് പറയാം. അത്ര മികച്ച പ്രകടനമാണ് ഈ നടൻ നൽകിയത്. വളരെ സ്വാഭാവികവും രസകരവുമായി ഈ കഥാപാത്രത്തെ ഉൾക്കൊള്ളാൻ കുഞ്ചാക്കോ ബോബന് കഴിഞ്ഞിട്ടുണ്ട്. ഒരു അഭിനേതാവെന്ന നിലയിലുള്ള വളർച്ച ഓരോ ചിത്രത്തിലൂടെയും കാഴ്ച വെക്കാനാവുന്നു എന്നതാണ് കുഞ്ചാക്കോ ബോബനെ ഇപ്പോൾ മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിർത്തുന്ന ഘടകം. താൻ ചെയ്യുന്ന കഥാപാത്രത്തിന്റെ പൂർണ്ണതക്കായി തന്റെ മുഴുവൻ ശ്രമവും നൽകുന്നു എന്നതാണ് കുഞ്ചാക്കോ ബോബന്റെ വിജയം. ശരീര ഭാഷ കൊണ്ടും ഡയലോഗ് ഡെലിവെറി കൊണ്ടുമെല്ലാം കുഞ്ചാക്കോ ബോബൻ ഞെട്ടിച്ച ചിത്രമാണിത്. മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ഗായത്രി ശങ്കർ, രാജേഷ് മാധവൻ, ബേസിൽ ജോസഫ്, ഉണ്ണിമായ, സിബി തോമസ് എന്നിവരും കോടതി രംഗങ്ങളിൽ തകർത്താടിയ, മജിസ്‌ട്രേട് ആയെത്തിയ കലാകാരനുൾപ്പെടെയുള്ള പുതുമുഖങ്ങളും തങ്ങളുടെ പ്രകടനം കൊണ്ട് ചിത്രത്തിന്റെ മികവിനെ വാനോളമുയർത്തിയിട്ടുണ്ട്.
കഥാ പശ്‌ചാത്തലത്തോട് ചേർന്ന് നിൽക്കുന്ന വളരെ മികച്ച ദൃശ്യങ്ങൾ ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രേത്യേകതയായി മാറിയെന്നു പറയാം. കഥാന്തരീക്ഷത്തിലേക്കു പ്രേക്ഷകനെ കൂട്ടി കൊണ്ട് പോകുന്ന ദൃശ്യങ്ങൾ നമ്മുക്ക് ഈ ചിത്രത്തിലൂടെ സമ്മാനിച്ചത് രാകേഷ് ഹരിദാസാണ്. ഡോൺ വിൻസെന്റ് ഒരുക്കിയ സംഗീതവും മികച്ചു നിന്നപ്പോൾ, ദേവദൂതർ പാടി ഗാനത്തിന്റെ റീമിക്സ് തീയേറ്ററുകളിൽ ഓളം സൃഷ്ടിക്കുന്നുണ്ട്. മികച്ച പശ്‌ചാത്തല സംഗീതം ചിത്രത്തിന്റെ മുന്നോട്ടുള്ള ഒഴുക്കിനെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ. അത് പോലെ തന്നെ മനോജ് കണ്ണോത് ഒരു എഡിറ്ററെന്ന നിലയിൽ മികവ് പുലർത്തിയതും ചിത്രത്തിന്റെ മൊത്തത്തിലുള്ള സാങ്കേതിക നിലവാരത്തിനെ ഏറെ മുകളിലെത്തിച്ചിട്ടുണ്ട്.
ന്നാ താൻ കേസ് കൊട് എന്തുകൊണ്ടും പ്രേക്ഷകരുടെ മനസ്സ് നിറക്കുന്ന ഒരു രസകരമായ ചിത്രമാണ്. രസിപ്പിക്കുന്നതിനൊപ്പം വളരെ കാലിക പ്രസക്തിയേറിയ ഒരു വിഷയവും നമ്മളുമായി ചർച്ച ചെയ്യുന്ന ഈ ചിത്രം ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ മുന്നോട്ടു പോകുന്ന ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ കൂടിയാണ്. രാജീവനിലൂടെ ചോദിക്കപ്പെടുന്ന ചോദ്യങ്ങളെ സാധാരണക്കാരായ ഓരോ പ്രേക്ഷകനും തങ്ങളുടെ ജീവിതവുമായും, തങ്ങൾ ഈ സമൂഹത്തിൽ കാണുന്ന കാര്യങ്ങളുമായും ബന്ധിപ്പിക്കാൻ സാധിക്കുന്നു എന്നത് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ വിജയം.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
This website uses cookies.