മലയാള സിനിമയിൽ നമ്മൾ അധികം കണ്ടിട്ടില്ലാത്ത ഒരു വിഭാഗം ചിത്രങ്ങളാണ് സൈക്കോളജിക്കൽ ത്രില്ലറുകൾ. അന്യ ഭാഷാ സൈക്കോളജിക്കൽ ത്രില്ലർ ചിത്രങ്ങൾ കാണുന്ന പ്രേക്ഷകർ കൂടുതൽ പുതുമയുള്ള അത്തരം ചിത്രങ്ങൾ നമ്മുടെ ഭാഷയിലും വരാൻ ആഗ്രഹിക്കുന്നുണ്ടെന്നത് തീർച്ച. ഏതായാലും ഇന്ന് കേരളത്തിലെ പ്രദർശന ശാലകളിൽ എത്തി ചേർന്ന അത്തരത്തിലൊരു മലയാള ചിത്രമാണ് മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ റോഷാക്ക്. ആസിഫ് അലി നായകനായ കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രമൊരുക്കി അരങ്ങേറിയ നിസാം ബഷീർ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതും മമ്മൂട്ടി തന്നെയാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ അദ്ദേഹം തന്നെ നിർമ്മിച്ച ഈ ചിത്രം രചിച്ചത്, അഡ്വെഞ്ചർസ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്നീ ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ച രചയിതാവ് സമീർ അബ്ദുൾ ആണ്. റോഷാക്കിന്റെ ട്രൈലെർ, പോസ്റ്ററുകൾ എന്നിവയൊക്കെ വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്.
വളരെ വ്യത്യസ്‍തമായ ഒരു കഥയെ അതിന്റെ പൂർണ്ണമായ തീവ്രതയോടെ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് നിസാം ബഷീർ എന്ന ഈ സംവിധായകനെ വ്യത്യസ്തനാക്കുന്നത്. തന്റെ ആദ്യ ചിത്രത്തിലും വളരെ രസകരമായ രീതിയിൽ കഥ പറഞ്ഞ ഈ സംവിധായകൻ റോഷാക്കിൽ എത്തുമ്പോൾ കൂടുതൽ കയ്യടക്കത്തോട് കൂടിയാണ് സങ്കീർണ്ണമായ ഭാഗങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. മിസ്റ്ററിയും ഡ്രാമയും അതോടൊപ്പം തന്നെ ത്രില്ലടിപ്പിക്കുന്ന തരത്തിലുള്ള രംഗങ്ങളും കൊണ്ട് സമൃദ്ധമായ ഈ ചിത്രം പുതുമയേറിയ രീതിയിലാണ് പ്രേക്ഷകന്റെ മുന്നിൽ അവതരിപ്പിച്ചിരിക്കുന്നതെന്ന് നിസംശയം പറയാം. മലയാള സിനിമയിൽ നമ്മൾ ഇതുവരെ കാണാത്ത രീതിയിലുള്ള ഒരു അവതരണമാണ് നിസാം ബഷീർ ഈ ചിത്രത്തിലൂടെ കാഴ്ച വെച്ചിരിക്കുന്നത്. പ്രേക്ഷകനെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന കഥാ സന്ദർഭങ്ങൾ ഒരുക്കുന്നതിലും ഉദ്വേഗം ജനിപ്പിക്കുന്ന സംഭാഷണങ്ങൾ അവക്ക് അകമ്പടിയായി നൽകുന്നതിലും സമീർ അബ്ദുൾ എന്ന എഴുത്തുകാരൻ വിജയിച്ചപ്പോൾ അതിനു മനോഹരമായ ദൃശ്യ ഭാഷ നൽകുന്നതിൽ സംവിധായകനും വിജയിച്ചിട്ടുണ്ട്. കഥയിലെ സൈക്കോളജിക്കൽ/ മിസ്റ്ററി എലമെന്റ് ചിത്രത്തെ പുതുമയേറിയ ഒരു അനുഭവമാക്കി മാറ്റുന്നതിൽ കൃത്യമായ പങ്കു വഹിച്ചിട്ടുണ്ട് എന്നതിനൊപ്പം തന്നെ, പ്രേക്ഷകനെ ആസ്വാദനത്തിന്റെ പുതിയൊരു ലോകത്തേക്കും കൂട്ടികൊണ്ടു പോകുന്നുണ്ട്. വൈകാരിക രംഗങ്ങളും ആക്ഷനും വളരെ മികച്ച രീതിയിൽ തന്നെ ഉപയോഗിച്ചതും ചിത്രത്തിന് മുതല്കൂട്ടായിട്ടുണ്ട്.
വ്യത്യസ്ത ലെയറുകളുള്ള കഥാപാത്രങ്ങളാണ് ഈ ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. ആരാണ് പോസ്റ്റിവ്, ആരാണ് നെഗറ്റീവ് എന്നത് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കാത്ത രീതിയിലാണ് കഥാപാത്ര രൂപീകരണം നടത്തിയിരിക്കുന്നത്. അത്കൊണ്ട് ഓരോ കഥാപാത്രങ്ങൾക്കും കഥയിൽ ശ്കതമായ സാന്നിധ്യമറിയിക്കാൻ സാധിക്കുന്നുണ്ട്. ഓരോ കഥാപാത്രങ്ങളുടേയും ശരിയും തെറ്റും വിശകലനം ചെയ്യുന്ന രീതിയിൽ കഥ പറയുന്ന ഈ ചിത്രം അവരുടെ മാനസിക വ്യാപാരങ്ങൾക്കും പ്രാധാന്യം നൽകുന്നുണ്ട്. അത്കൊണ്ട് തന്നെ ഒരു പക്കാ ത്രില്ലർ എന്നതിലുപരി ഒരു ഇമോഷണൽ ഡ്രാമ കൂടിയാണ് റോഷാക്.
മമ്മൂട്ടി എന്ന നടന്റെ അഭിനയ മികവ് മനോഹരമായി ഉപയോഗിക്കപ്പെട്ട ഒരു ചിത്രമാണ് റോഷാക്ക്. ലൂക്ക് ആന്റണി എന്ന കഥാപാത്രമായി മമ്മൂട്ടി മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. അദ്ദേഹത്തിലെ നടനെ വെല്ലുവിളിക്കുന്ന കഥാപാത്രമെന്നു പറയാൻ സാധിക്കില്ലെങ്കിലും, ഒരു പുതുമ സമ്മാനിച്ച കഥാപാത്രമായിരുന്നു ലൂക്ക് ആന്റണി. വളരെ പരിമിതമായ ചലനങ്ങൾ കൊണ്ട് വരെ തന്റെ കഥാപാത്രത്തിന്റെ വൈകാരികമായ അവസ്ഥകൾ പ്രേക്ഷകരിലെത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഗ്രേസ് ആന്റണി എന്ന നടി വീണ്ടും അനായാസമായി കഥാപാത്രമായി മാറിയപ്പോൾ ഷറഫുദീനും തന്റെ കഥാപാത്രം വളരെ മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചു. അതുപോലെ കയ്യടി നേടിയ മറ്റു രണ്ടു പേരാണ് ജഗദീഷും ബിന്ദു പണിക്കരും. ജഗദീഷ് ഒരിക്കൽ കൂടി ശ്കതമായ പ്രകടനം കാഴ്ച വെച്ചപ്പോൾ ബിന്ദു പണിക്കർ വളരെ സ്വാഭാവികമായി തന്നെ തന്റെ വേഷം ചെയ്തു ഫലിപ്പിച്ചു. ഇവരെ പോലെ തന്നെ കോട്ടയം നസീറും തന്റെ ഭാഗം വളരെ കയ്യടക്കത്തോടെയാണ് ചെയ്തത്.
നിമിഷ് രവി നൽകിയ ദൃശ്യങ്ങൾ മനോഹരമായപ്പോൾ കിരൺ ദാസ് തന്റെ എഡിറ്റിംഗിലൂടെ ആ ദൃശ്യങ്ങൾക്ക് പാകതയും കരുത്തും നൽകുന്നതിൽ വിജയിച്ചു എന്ന് പറയാം. ചിത്രത്തിലെ ലൈറ്റിങ്ങും ഗംഭീരമായിരുന്നു. ചിത്രത്തിന്റെ വേഗത പ്രേക്ഷകന് മുഷിയാത്ത രീതിയിൽ കൊണ്ട് വരുന്നതിനൊപ്പം സാങ്കേതികമായി മികച്ച നിലവാരം എഡിറ്റിംഗും ക്യാമറ വർക്കും സഹായിച്ചിട്ടുണ്ട്. അതുപോലെ തന്നെ ചിത്രത്തിന്റെ മൂഡ് പ്രേക്ഷകരുടെ മനസ്സിലേക്ക് ആഴ്നിറങ്ങുന്നതിൽ പ്രധാന പങ്കു വഹിച്ചത് മിഥുൻ മുകുന്ദനൊരുക്കിയ സംഗീതമാണ്. അദ്ദേഹമൊരുക്കിയ പശ്ചാത്തല സംഗീതത്തിന്റെ മികവ് എടുത്തു പറയേണ്ടതാണ്. ചുരുക്കി പറഞ്ഞാൽ, പ്രേക്ഷകർക്ക് ഇതുവരെ കാണാത്ത ഒരു ദൃശ്യാനുഭവം സമ്മാനിക്കുന്ന ചിത്രമാണ് റോഷാക്ക്. സൈക്കോളജിയുടെയും മിസ്റ്ററിയുടെയും ഒരു ലോകത്തിലൂടെ പ്രേക്ഷകരെ സഞ്ചരിപ്പിക്കുന്ന ഈ ചിത്രം അവർക്ക് സമ്മാനിക്കുന്നത് ഒരു പുതിയ ചലച്ചിത്രാനുഭവമായിരിക്കും. സ്റ്റൈലിഷായി ഒരുക്കിയിരിക്കുന്ന ഒരു മിസ്റ്ററി/ സൈക്കോളജിക്കൽ ത്രില്ലറെന്ന് റോഷാക്കിനെ നമുക്ക് ഒറ്റ വാചകത്തിൽ വിശേഷിപ്പിക്കാം.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.