ഉണ്ണി മുകുന്ദൻ എന്ന നടനെ മലയാളി പ്രേക്ഷകർ കൂടുതലും കണ്ടിട്ടുള്ളത് സ്റ്റൈലിഷ് റോളുകളിൽ ആണ്. അതിനൊത്ത ശരീരവും സൗന്ദര്യവുമുള്ള ഈ നടൻ അത്തരം കഥാപാത്രങ്ങളോട് നീതി പുലർത്തിയിട്ടുമുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം പൂർണ്ണമായും മാറി, ഒരു വ്യത്യസ്ത മേക്കോവറിൽ തന്നെ ഈ നടനെത്തുന്ന, ഉണ്ണി മുകുന്ദനെ നമ്മൾ അധികം കണ്ടിട്ടില്ലാത്ത ഒരു പശ്ചാത്തലത്തിൽ ഈ നടനെ അവതരിപ്പിക്കുന്ന ചിത്രമാണ് ഇന്ന് റിലീസ് ചെയ്ത മേപ്പടിയാൻ. നവാഗതനായ വിഷ്ണു മോഹൻ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം ഉണ്ണി മുകുന്ദൻ പ്രൊഡക്ഷൻസ് എന്ന തന്റെ നിർമ്മാണ ബാനറിന്റെ ആദ്യ ചിത്രമായി അദ്ദേഹം തിരഞ്ഞെടുത്തതും ഇതിന്റെ കഥയിലും ഇതിലെ കഥാപാത്രത്തിലുമുള്ള ആത്മവിശ്വാസം കൊണ്ട് തന്നെയാണ് എന്ന് ഊഹിക്കാവുന്നതേ ഉള്ളു. ഇതിലെ ഓരോ പോസ്റ്ററുകളും ഇതിന്റെ ട്രൈലെറുമെല്ലാം പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് ആക്കം കൂട്ടുകയും ചെയ്തിരുന്നു.
ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്ന ജയകൃഷ്ണൻ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിനു ചുറ്റുമാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ഈ ചെറുപ്പക്കാരന്റെ ജീവിതത്തിൽ ഉണ്ടാകുന്ന ചില അപ്രതീക്ഷിത സംഭവങ്ങൾ ആണ് ഈ ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്. ഒരു ഡ്രാമ ആയും അതേ സമയമാ ഒരു ത്രില്ലർ പോലെയും മുന്നോട്ടു നീങ്ങുന്നുണ്ട് ഈ ചിത്രം. ഒരു വർക്ക് ഷോപ് നടത്തുന്ന ജയകൃഷ്ണൻ എന്ന യുവാവ്, സുഹൃത്തായ ഫിലിപ്പിന്റെ നിർബന്ധം മൂലം ഒരു സ്ഥല കച്ചവടത്തിന്റെ ഭാഗമാകുന്നു. എന്നാൽ അവർ പ്രതീക്ഷിക്കാത്ത ചില സങ്കീർണ്ണതകൾ കടന്നു വരികയും ഫിലിപ്പ് ചില സത്യങ്ങൾ മറച്ചു വെക്കുകയും ചെയ്തതോടെ ആ സ്ഥല കച്ചവടത്തിന്റെ ബാധ്യത മുഴുവൻ ജയകൃഷ്ണന്റെ തലയിൽ ആവുകയും, പിന്നീട് ആർക്കും ബുദ്ധിമുട്ടു ഉണ്ടാക്കാതെ അതിനെ തരണം ചെയ്യാൻ ജയകൃഷ്ണൻ നടത്തുന്ന ശ്രമങ്ങളുമാണ് ഈ ചിത്രം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്. ഫിലിപ് എന്ന കഥാപാത്രമായി എത്തുന്നത് സൈജു കുറുപ്പാണ്.
ഒരു നവാഗത സംവിധായകൻ ആണെങ്കിലും, വിഷ്ണു മോഹൻ വളരെ കയ്യടക്കത്തോടെയും സാങ്കേതിക പൂർണ്ണതയോടെയുമാണ് ഈ ഡ്രാമ ത്രില്ലർ ചിത്രം നമ്മുക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത് എന്ന് പറയാം. അദ്ദേഹം തന്നെ രചിച്ച മികച്ച തിരക്കഥയും അതിന്റെ ഏറ്റവും മികച്ച ആവിഷ്ക്കാരവുമാണ് ഈ ചിത്രത്തെ വ്യത്യസ്തവും ത്രില്ലടിപ്പിക്കുന്നതുമായ ഒരു സിനിമാനുഭവമാക്കി മാറ്റുന്നത്. വളരെ വ്യത്യസ്തമായ ഒരു പ്രമേയത്തെ മനോഹരമായി തന്നെ, മികച്ച സാങ്കേതികതയുടെ അകമ്പടിയോടെ ആവിഷ്കരിചു എന്നതാണ് ഈ ചിത്രത്തെ വ്യത്യസ്‍തമാക്കുന്നതും പ്രേക്ഷകരുടെ മനസ്സിലെത്തിക്കുന്നതും. ആദ്യാവസാനം പ്രേക്ഷകരെ ചിത്രത്തിൽ നടക്കുന്ന സംഭവങ്ങളോട് ചേർത്ത് നിർത്താനും, അവസാനം വരെ ചിത്രത്തിൽ മുഴുകിയിരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു എന്നിടത്താണ് മേപ്പടിയാൻ എന്ന ഈ ചിത്രം ഒരു വിജയമായി മാറുന്നത്. പ്രേക്ഷകരെ ആദ്യ നിമിഷം മുതൽ ചിത്രത്തിലെ സംഭവങ്ങളുടെ ഒരു ഭാഗമാക്കി മാറ്റാൻ വിഷ്ണു മോഹൻ എന്ന രചയിതാവിനും സംവിധായകനും സാധിച്ചു. കഥാപാത്രത്തിനൊപ്പം പ്രേക്ഷകരെ സഞ്ചരിപ്പിക്കാൻ സാധിച്ചത് തന്നെയാണ് ഈ ചിത്രത്തിന്റെ മികവിന്റെ പ്രധാന കാരണം. കേന്ദ്ര കഥാപാത്രമായ ജയകൃഷ്ണൻ കടന്നു പോകുന്ന ഓരോ വൈകാരിക മുഹൂർത്തങ്ങളും പ്രേക്ഷകർക്കും ഫീൽ ചെയ്യുന്നു എന്നത് ചിത്രത്തിന്റെ മേന്മയായി പറയാം. അതുപോലെ തന്നെ സാധാരണക്കാരനായ ഒരാൾ തനിക്കു ചുറ്റുമുള്ള വലിയ ശ്കതികളോട് പൊരുതി ജയിക്കുമ്പോൾ, അത് കാണുന്നവന് ലഭിക്കുന്ന ആവേശവും ആനന്ദവും പ്രേക്ഷകരിൽ ഉണ്ടാക്കാനും ഈ ചിത്രത്തിന് സാധിക്കുന്നുണ്ട്.
ഉണ്ണി മുകുന്ദൻ എന്ന നടന്റെ കരിയർ ബെസ്റ്റ് പെർഫോമൻസിനാണ് മേപ്പടിയാൻ അവസരം ഒരുക്കിയത്. പ്രേക്ഷകർ ഇതുവരെ കാണാത്ത രീതിയിൽ ഉണ്ണി മുകുന്ദനെ ഈ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട് എന്ന് മാത്രമല്ല, തന്റെ കഥാപാത്രത്തോട് നൂറു ശതമാനവും നീതി പുലർത്താൻ ഉണ്ണിക്കു കഴിഞ്ഞിട്ടുണ്ട്. ജയകൃഷ്ണൻ ആയി തിരശീലയിൽ ജീവിക്കുകയാണ് താൻ എന്ന് പ്രേക്ഷകർക്ക് തോന്നുന്ന വിധം ഗംഭീരമായി അഭിനയിക്കാൻ ഉണ്ണിക്കു സാധിച്ചു. നായികാ വേഷം ചെയ്ത അഞ്ജു കുര്യൻ മികച്ച പ്രകടനം കാഴ്ച വെച്ചപ്പോൾ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച സൈജു കുറുപ്പ്, അജു വർഗീസ്, മേജർ രവി, ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, നിഷ സാരംഗ്, കുണ്ടറ ജോണി, കോട്ടയം രമേശ്, ജോർഡി പൂഞ്ഞാർ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ ഏറ്റവും നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു. അതിൽ തന്നെ തടത്തിൽ സേവ്യർ എന്ന രാഷ്ട്രീയക്കാരനായി എത്തിയ അജു വർഗീസിന്റെ പ്രകടന മികവ് എടുത്തു പറഞ്ഞു തന്നെ അഭിനന്ദിക്കണം. ഈ നടന്റെ കരിയറിലെയും വ്യത്യസ്തമായ ഒരു വേഷമായിരുന്നു മേപ്പടിയാൻ അദ്ദേഹത്തിന് നൽകിയത്.
രാഹുൽ സുബ്രമണ്യൻ ഒരുക്കിയ സംഗീതം മികച്ചു നിന്നപ്പോൾ നീൽ ടികുന്ന എന്ന ഛായാഗ്രാഹകൻ നൽകിയ ദൃശ്യങ്ങളും ചിത്രത്തിന്റെ സാങ്കേതിക മികവിന് മുതൽക്കൂട്ടായി മാറി. ഷമീർ മുഹമ്മദ് നിർവഹിച്ച എഡിറ്റിംഗ് ചിത്രത്തിന്റെ സാങ്കേതിക നിലവാരം ഉയർത്തിയതിനോടൊപ്പം, ഒരു ഡ്രാമ ത്രില്ലർ ചിത്രത്തിന് വേണ്ട വേഗത നൽകുന്നതിനും സഹായിച്ചു. ഈ ചിത്രത്തിലെ സൗണ്ട് ഡിസൈൻ വളരെ മനോഹരമായിരുന്നു എന്നതും എടുത്തു പറയണം. ടോണി ബാബുവാണ് ഇതിനു സൗണ്ട് ഡിസൈൻ നിർവഹിച്ചത്. അതുപോലെ തന്നെ ജയകൃഷ്ണന്റെ ലോകം പ്രേക്ഷകർക്ക് മുന്നിൽ വിശ്വസനീയമായി അവതരിപ്പിക്കുന്നതിൽ സാബു മോഹൻ എന്ന കലാസംവിധായകൻ വഹിച്ച പങ്കും ചെറുതല്ല. ചുരുക്കി പറഞ്ഞാൽ, മികച്ച ഒരു ഡ്രാമ ത്രില്ലർ തന്നെയാണ് മേപ്പടിയാൻ എന്ന ചിത്രം. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന് എന്നതിനൊപ്പം തന്നെ, അടുത്തകാലത്ത് മലയാളത്തിൽ വന്നിട്ടുള്ള മികച്ച ചിത്രങ്ങളുടെ പട്ടികയിൽ കൂടി ചേർക്കാം നമ്മുക്ക് ഈ മേപ്പടിയാനെ. ഒരു നവാഗത സംവിധായകൻ കാഴ്ച വെച്ച മികച്ച അവതരണ ശൈലിയും ഒരു കൂട്ടം സാങ്കേതിക പ്രവർത്തകർ കൊണ്ട് വന്ന സാങ്കേതിക മികവും അഭിനേതാക്കളുടെ ഗംഭീര പ്രകടനവുമാണ് ഈ ചിത്രത്തെ മികച്ച ഒരു സിനിമാനുഭവമാക്കി മാറ്റിയത്.
ബ്ലോക്ക് ബസ്റ്റർ ചിത്രമായ "കാന്താര"യിൽ കാണിച്ചിരിക്കുന്ന ശക്തമായ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് കൊരഗജ്ജ. ചിത്രം റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
This website uses cookies.