കഴിഞ്ഞ മൂന്നു വർഷത്തിൽ മലയാള സിനിമാ പ്രേമികൾ ഇത്രയധികം കാത്തിരുന്ന ഒരു സിനിമ ഉണ്ടാവില്ല. അങ്ങനെ ആ അത്ഭുത ചിത്രം, മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായ, മരക്കാർ അറബിക്കടലിന്റെ സിംഹമാണ് ഇന്ന് ലോകം മുഴുവനായി റിലീസ് ചെയ്തു. മോഹൻലാലിനെ നായകനാക്കി മാസ്റ്റർ ഡയറക്ടർ പ്രിയദർശൻ സംവിധാനം ചെയ്ത ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ്, മൂൺ ഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവർ ചേർന്നാണ്. മോഹൻലാലിനൊപ്പം തെന്നിന്ത്യയിലെയും ബോളിവുഡിലെയും പ്രശസ്ത താരങ്ങൾ അണിനിരന്നിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് സംവിധായകൻ പ്രിയദർശനും അദ്ദേഹത്തിന്റെ അസ്സോസിയേറ്റായ അനി ഐ വി ശശിയും ചേർന്നാണ്. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്കു എന്നീ അഞ്ചു ഭാഷകളിൽ റിലീസ് ചെയ്ത ഈ ചിത്രം കേരളത്തിലെ അറുനൂറിൽ അധികം സ്‌ക്രീനുകളിലും ലോകമെമ്പാടുമുള്ള നാലായിരം സ്‌ക്രീനുകളിലുമാണ് റിലീസ് ചെയ്തിരിക്കുന്നത്. മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി 47 ഇൽ കൂടുതൽ രാജ്യങ്ങളിൽ ആണ് മരക്കാർ റിലീസ് ചെയ്തിരിക്കുന്നത്. അഡ്വാൻസ് ബുക്കിങ്ങിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കിയും മരക്കാർ ചരിത്രമായി മാറി.
ചിത്രത്തിന്റെ ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ തന്നെ കുഞ്ഞാലി മരക്കാർ എന്ന ചരിത്ര കഥാപാത്രത്തിന്റെ കഥയാണ് ഈ ചിത്രം നമ്മളോട് പറയുന്നത്. മരക്കാർ പരമ്പരയിലെ നാലാമന്റെ കഥ പറയുന്ന ഈ ചിത്രത്തിൽ ചരിത്രവും ഭാവനയും ഇടകലർത്തിയാണ് കഥ അവതരിപ്പിച്ചിരിക്കുന്നത്. പോർച്ചുഗീസ് അധിനിവേശക്കാർക്കെതിരെ കടൽ യുദ്ധം നടത്തിയ കുഞ്ഞാലി മരക്കാർ നാലാമന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളാണ് പ്രിയദർശൻ നമ്മുടെ മുന്നിൽ എത്തിച്ചിരിക്കുന്നത്. ആരായിരുന്നു മരക്കാർ, അദ്ദേഹം എങ്ങനെ കടൽ കൊള്ളക്കാരനും പിന്നീട് സാമൂതിരിയുടെ നാവിക തലവനുമായ മാറി, പിന്നീട് അവരുടെ ബന്ധത്തിൽ എന്ത് സംഭവിച്ചു, മരക്കാരിനു എന്ത് സംഭവിച്ചു എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ സിനിമ പ്രേക്ഷകർക്ക് നൽകുന്നത്.
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായാണ് പ്രിയദർശൻ അറിയപ്പെടുന്നത്. തൊണ്ണൂറിലധികം ചിത്രങ്ങൾ സംവിധാനം ചെയ്ത അദ്ദേഹത്തിന്റെ അനുഭവ സമ്പത്തും അറിവും മുഴുവൻ നമ്മുക്ക് കാണിച്ചു തരുന്ന ചിത്രമാണ് മരക്കാർ എന്ന് പറയാം. സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാൻ തോന്നാത്ത വിധം മനോഹരമായ ദൃശ്യങ്ങളും പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ആക്ഷൻ രംഗങ്ങളും ഒരുക്കി നമ്മുടെ മുന്നിലെത്തിച്ച അദ്ദേഹമെഴുതിയ തിരക്കഥയും ശ്കതമായിരുന്നു. മൂന്നു മണിക്കൂറോളമുള്ള ഈ ചിത്രം ഒരു നിമിഷം പോലും പ്രേക്ഷകരെ ബോറടിപ്പിക്കുന്നില്ല എന്ന് മാത്രമല്ല ഈ ചിത്രത്തിലെ ഓരോ രംഗങ്ങളും അക്ഷരാർത്ഥത്തിൽ പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്. പ്രേക്ഷകർ ഇത്തരമൊരു ബ്രഹ്മാണ്ഡ ചരിത്ര സിനിമയിൽ നിന്ന് പ്രതീക്ഷിക്കുന്ന വൈകാരികതയും ഗാനങ്ങളും ആവേശവും ആക്ഷനും ദൃശ്യങ്ങളുമെല്ലാം കൃത്യമായ അളവിൽ കോർത്തിണക്കാൻ പ്രിയദര്ശന് സാധിച്ചപ്പോൾ മരക്കാർ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായി മാറി. കടലിലെ യുദ്ധ രംഗങ്ങൾ ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന മികവോടെ ആണ് സ്‌ക്രീനിൽ എത്തിച്ചിരിക്കുന്നത്. അതുപോലെ തന്നെ ചിത്രം കാണുന്ന ഓരോ പ്രേക്ഷകനെയും വൈകാരികമായി സ്വാധീനിക്കുന്നുമുണ്ട് ഈ ചിത്രം. അതിഗംഭീരമായ വി എഫ് എക്സ് മികവും ഈ ചിത്രത്തെ ഒരു ദൃശ്യ വിസ്മയമാക്കുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്.
മോഹൻലാൽ എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ് മരക്കാർ നമ്മുക്ക് തന്നത്. മരക്കാർ നാലാമൻ ആയി അക്ഷരാർത്ഥത്തിൽ അദ്ദേഹം ജീവിക്കുകയായിരുന്നു. ശരീര ഭാഷ കൊണ്ടും സൂക്ഷ്മ ഭാവങ്ങൾ കൊണ്ടുമെല്ലാം അദ്ദേഹം ഈ കഥാപാത്രത്തിന് പകർന്നു കൊടുത്ത പൂർണ്ണത വിസ്മയിപ്പിക്കുന്നതായിരുന്നു. ഈ പ്രായത്തിലും ആക്ഷൻ രംഗങ്ങളിൽ അദ്ദേഹം കാഴ്ച വെച്ച ചടുലതയും വഴക്കവുമെല്ലാം ഞെട്ടിപ്പിക്കുന്നതായിരുന്നു എന്നും എടുത്തു പറയണം. ചുരുക്കി പറഞ്ഞാൽ ഈ സിനിമയുടെ നട്ടെല്ലായി മാറിയത് മോഹൻലാലിൻറെ ഉജ്ജ്വല പ്രകടനമാണ്. ഒട്ടേറെ വലിയ അംഗീകാരങ്ങൾ ഇതിലെ മാസ്മരിക പ്രകടനത്തിന് അദ്ദേഹത്തെ തേടിയെത്തുമെന്നുറപ്പാണ്.
മോഹൻലാലിനൊപ്പം ഈ ചിത്രത്തിൽ കയ്യടി നേടിയ അഭിനേതാക്കൾ ഒരുപാടുണ്ട്. അർജുൻ സർജ, സുനിൽ ഷെട്ടി എന്നിവർ ഗംഭീര ആക്ഷൻ കൊണ്ട് കയ്യടി നേടിയപ്പോൾ പ്രണവ് മോഹൻലാൽ ആണ് പ്രേക്ഷകർക്ക് രോമാഞ്ചം സമ്മാനിച്ച മറ്റൊരു താരം. ഇവർക്കൊപ്പം പ്രഭു, അശോക് സെൽവൻ, സിദ്ദിഖ്, മുകേഷ്, നെടുമുടി വേണു, കീർത്തി സുരേഷ്, മഞ്ജു വാര്യർ, സുഹാസിനി, ഫാസിൽ, ഇന്നസെന്റ്, മാമുക്കോയ, നന്ദു, ഹരീഷ് പേരാടി, സന്തോഷ് കീഴാറ്റൂർ, കൃഷ്ണ പ്രസാദ്, നന്ദു, ഗണേഷ് കുമാർ, സുരേഷ് കൃഷ്ണ, ബാബുരാജ്, ജി സുരേഷ് കുമാർ, ജെ ജകൃത്, മാക്സ് കാവെൻഹാം, ടോബി സൗബർബാക്ക്, രഞ്ജി പണിക്കർ, അർജുൻ നന്ദൻകുമാർ, ഷിയാസ് കരീം, ഹാരിഷ് ശിവ എന്നിവരും തങ്ങളുടെ മികച്ച പ്രകടനം കൊണ്ട് കയ്യടി നേടി.
കുഞ്ഞാലി മരക്കാരുടെ യൗവ്വനകാലം അവതരിപ്പിച്ച പ്രണവ് മോഹൻലാലിൻറെ പ്രകടനം എടുത്തു പറയണം. തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് പ്രണവ് നൽകിയത്. ആക്ഷനും വൈകാരിക രംഗങ്ങളുമെല്ലാം പ്രണവ് മനോഹരമാക്കി. ആരാധകർക്ക് കയ്യടിക്കാൻ ഏറെ വക നൽകുന്നുണ്ട് പ്രണവ് മോഹൻലാൽ. അതുപോലെ തന്നെ ഗംഭീര പ്രകടനം കാഴ്ച വെച്ച ഒരാളാണ് അന്തരിച്ചു പോയ നെടുമുടി വേണു. അദ്ദേഹം സാമൂതിരി ആയി അഭ്രപാളിയിൽ അനശ്വരമായ പ്രകടനമാണ് നൽകിയത്. സാമൂതിരിയുടെ മനോവികാരങ്ങളെ ആ മഹാനടൻ വെള്ളിത്തിരയിൽ എത്തിച്ചത് അത്രമാത്രം പൂർണ്ണതയോടെയാണ്.
ഛായാഗ്രാഹകനായ തിരു ഒരുക്കിയ ദൃശ്യങ്ങൾ ഹോളിവുഡ് ചിത്രങ്ങളെ അനുസ്‌മരിപ്പിക്കുന്ന നിലവാരം പുലർത്തിയപ്പോൾ ഈ ചിത്രത്തിന് വി എഫ് എക്സ് ഒരുക്കിയ ആനി ബ്രെയിൻ ടീം ഗംഭീര ജോലിയാണ് ചെയ്തത്. അത്ര മികച്ച വി എഫ് എക്സ് ആണ് അവർ ഈ ചിത്രത്തിന് വേണ്ടി നൽകിയിരിക്കുന്നത്. ഇതിന്റെ വി എഫ് എക്സ് സൂപ്പർവൈസർ ആയി ജോലി ചെയ്ത സിദ്ധാർഥ് പ്രിയദർശൻ നേടിയ ദേശീയ പുരസ്‍കാരം പൂർണ്ണമായും അർഹതയുള്ള കൈകളിലാണ് എത്തിച്ചേർന്നത് എന്ന് ഉറപ്പിച്ചു പറയാം. റോണി റാഫേൽ ഒരുക്കിയ ഗാനങ്ങൾ അതിമനോഹരമായിരുന്നു. അതിനൊപ്പം സാബു സിറിൽ ഒരുക്കിയ അതിശയിപ്പിയ്ക്കുന്ന സെറ്റുകൾ കൂടി ചേർന്നപ്പോൾ മരക്കാർ ഒരു ദൃശ്യ വിസ്മയമായി മാറി. രാഹുൽ രാജ്, അങ്കിത് സൂരി, ലയേൽ ഇവാൻ റോഡർ എന്നിവർ ചേർന്നൊരുക്കിയ പശ്ചാത്തല സംഗീതം ഈ ചിത്രത്തിന്റെ ജീവനായി മാറിയപ്പോൾ ചിത്രം എഡിറ്റ് ചെയ്ത അയ്യപ്പൻ നായരും ഗംഭീരമായി തന്നെ തന്റെ ജോലി നിർവഹിച്ചു. രാഹുൽ രാജിന്റെ പശ്‌ചാത്തല സംഗീതം ഞെട്ടിക്കുന്ന നിലവാരന് പുലർത്തിയത്. പ്രേക്ഷകരെ അതിശയിപ്പിച്ചിട്ടുണ്ട് അദ്ദേഹം തന്റെ പ്രതിഭയിലൂടെ എന്ന് തന്നെ പറയണം.
ചുരുക്കി പറഞ്ഞാൽ ഇന്ത്യൻ സിനിമയ്ക്കു തന്നെ അഭിമാനിക്കാവുന്ന ഒരു ദൃശ്യ വിസ്മയമാണ് മോഹൻലാൽ- പ്രിയദർശൻ ടീം നമ്മുക്ക് മുന്നിലെത്തിച്ചിരിക്കുന്നതു. ഒരിക്കലും നഷ്ട്ടപെടുത്തരുതാത്ത ഒരു സിനിമാനുഭവമെന്നു ഈ ചിത്രത്തെ നമ്മുക്ക് വിശേഷിപ്പിക്കാം. അത്ഭുതകരമായ മേക്കിങ് കൊണ്ടും, പ്രകടനം കൊണ്ടും ഈ ചിത്രം പ്രേക്ഷകരുടെ മനസ്സ് കീഴടക്കുമെന്ന് തീർച്ച. ലോക സിനിമയ്ക്കു മുൻപിൽ മലയാള സിനിമയ്ക്കു സമർപ്പിക്കാവുന്ന ഒരു ഇതിഹാസ ചിത്രം തന്നെയാണ് മരക്കാർ അറബിക്കടലിന്റെ സിംഹം.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.