നായകന്റെ പല കാലഘട്ടങ്ങളിലുള്ള പ്രണയം കാണിച്ചു തരുന്ന ചിത്രങ്ങൾ പലപ്പോഴും നമ്മുടെ പ്രേക്ഷകർ സ്വീകരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. റൊമാൻസ് എന്നത് യുവ പ്രേക്ഷകരെ കൂടുതൽ ആകർഷിക്കുന്നതായതിനാൽ തന്നെ അതിനൊപ്പം മികച്ച സംഗീതവും വൈകാരിക മുഹൂർത്തങ്ങളും കൃത്യമായ അളവിൽ ചേർത്താൽ പ്രേക്ഷകരുടെ മനസ്സു നിറക്കാൻ താരതമ്യേന എളുപ്പമാണ്. അത്തരത്തിലൊരു ചിത്രമാണ് ഇന്ന് പുറത്തു വന്ന അവിയൽ. പ്രശസ്ത മലയാള നടൻ ജോജു ജോർജ്, സിറാജുദീൻ നസീർ എന്നിവർ പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഷാനിൽ മുഹമ്മദ് ആണ്. പോക്കറ്റ് സ്ക്വയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുജിത്ത് സുരേന്ദ്രൻ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഒട്ടേറെ പ്രശസ്ത താരങ്ങൾ അണിനിരക്കുന്നുണ്ട്.
ഘടന കൊണ്ട് ഒരു ആന്തോളജി ചിത്രത്തിന്റെ ഫീൽ തരുന്നുണ്ടെങ്കിലും, കണ്ണൂരുകാരനായ ഒരു ചെറുപ്പക്കാരന്റെ വിവിധ കാലഘട്ടങ്ങളിലെ പ്രണയവും ജീവിതവും ആണ് ഈ ചിത്രം നമ്മുടെ മുന്നിൽ എത്തിക്കുന്നത്. വേറിട്ട കാലഘട്ടങ്ങള്‍ കാണിക്കുന്നതിനൊപ്പം കഥാ പരിസരവും അതിനൊപ്പം തന്നെ വ്യത്യസ്തമാവുന്നുണ്ട് ഈ ചിത്രത്തിൽ. കൃഷ്ണൻ എന്ന നായക കഥാപാത്രമായി എത്തുന്നത് സിറാജുദീൻ ആണ്. ആ നായകനെ ഏറ്റവും കൂടുതൽ പ്രണയിച്ചതാര് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഈ ചിത്രം നമ്മുക്ക് നൽകുന്നത്. ജോജു ജോര്‍ജും അനശ്വര രാജനും അച്ഛനും മകളുമായി എത്തുന്ന ഈ ചിത്രത്തിലേക്ക് പ്രേക്ഷകരെ ആദ്യം തന്നെ വൈകാരികമായി അടുപ്പിക്കുന്നതും ഈ കഥാപാത്രങ്ങളും അവരുടെ ജീവിതവുമാണ്. മകളുടെ പ്രണയ ബന്ധം തകർന്നതായി മനസ്സിലാക്കുന്ന അച്ഛൻ കഥാപാത്രം, മകൾ തളര്‍ന്നുപോയേക്കാവുന്ന സാഹചര്യങ്ങളില്‍ നിന്ന് മകളുടെ ശ്രദ്ധ, യഥാർത്ഥ സ്നേഹബന്ധങ്ങളിലേക്കു എത്തിക്കുന്നതാണ് ഈ ചിത്രം നമ്മുക്ക് കാണിച്ചു തരുന്നത്. ജോജു ജോര്‍ജിന്റെ കൗമാരവും യൗവനവും ആണ് സിറാജുദ്ധീൻ അവതരിപ്പിച്ചിരിക്കുന്നത്. ഒറ്റ വാചകത്തിൽ പറഞ്ഞാൽ സംഗീത സംവിധായകനായ കൃഷ്ണ കുമാറിന്റെ പൂര്‍വ്വകാല ജീവിതമാണ് ഈ ചിത്രം പറയുന്നത്.
തന്റെ ആദ്യ ചിത്രങ്ങളായ ഫിലിപ്സ് ആൻഡ് മങ്കി പെൻ, അവരുടെ രാവുകൾ എന്നിവ പോലെ വളരെ കയ്യടക്കത്തോടെ തന്നെ ഈ ചിത്രം എഴുതി സംവിധാനം ചെയ്തു നമ്മുക്ക് മുന്നിൽ എത്തിച്ച ഷാനിൽ മുഹമ്മദ് എന്ന സംവിധായകൻ അഭിനന്ദനം അർഹിക്കുന്നു. പ്രേക്ഷകരെ ആദ്യവസാനം ചിത്രത്തിൽ മുഴുകിയിരിക്കാൻ പ്രേരിപ്പിക്കുന്ന രീതിയിലാണ് ഈ കഥ അദ്ദേഹം അവതരിപ്പിച്ചത്. പ്രേക്ഷകനെ രസിപ്പിക്കാനുള്ള എല്ലാ ചേരുവകളും കൂട്ടി കലർത്തി വളരെ വിശ്വസനീയമായ രീതിയിൽ കഥ പറയാൻ സംവിധായകനായിട്ടുണ്ട്. കഥാപാത്രങ്ങളുടെ വൈകാരിക തലങ്ങൾ പ്രേക്ഷകന്റെ മനസ്സിലും കൂടി തൊടുന്ന തരത്തിൽ കഥ പറയുന്ന ഈ ചിത്രം എല്ലാ അർഥത്തിലും മികച്ച നിലവാരത്തോടെ അവതരിപ്പിക്കാനും സംവിധായകന് കഴിഞ്ഞു എന്നത് എടുത്തു പറയേണ്ട വസ്തുത ആണ്. കഥാപാത്രങ്ങൾക്ക് വ്യക്തമായ ഐഡന്റിറ്റി നല്കാൻ കഴിഞ്ഞതിനൊപ്പം തന്നെ മികച്ച സംഭാഷണങ്ങളും വൈകാരിക നിമിഷങ്ങളും ആകാംക്ഷയുണർത്തുന്ന രംഗങ്ങളും കൊണ്ട് ചിത്രം പ്രേക്ഷകരുടെ മനസ് കവർന്നിട്ടുണ്ട്. ഷാനിൽ രചിച്ച ശക്തമായ തിരക്കഥ തന്നെയായിരുന്നു ഈ ചിത്രത്തിന്റെ നട്ടെല്ല്.
മലയാള സിനിമയ്ക്കു നാളെ പ്രതീക്ഷ പുലർത്താവുന്ന ഒരു നല്ല നടൻ ആണ് താനെന്നു തെളിയിക്കുന്ന പ്രകടനമാണ് പുതുമുഖമായ സിറാജുദീൻ കാഴ്ച വെച്ചത്. പ്രേക്ഷകന് ഏറ്റവും വിശ്വസനീയമായ രീതിയിൽ, ഒട്ടും അമിതമാക്കാതെ ആണ് ഈ നടൻ കൃഷ്ണൻ എന്ന തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്. ജോജു ജോര്‍ജും അനശ്വര രാജനും പതിവ് പോലെ തന്നെ മികച്ച പ്രകടനം ആണ് കാഴ്ച്ച വെച്ചതു. ഇവർ തമ്മിലുള്ള ഓൺസ്ക്രീൻ രസതന്ത്രം ചിത്രത്തെ മനോഹരമാക്കുന്നതിൽ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഇവരോടൊപ്പം അഭിനേതാക്കളായ ഡെയ്ൻ, സുബീഷ് സുധി, പ്രശാന്ത് അലക്സാണ്ടര്‍, ആത്മീയ രാജൻ, കേതകി നാരായണ്‍, ശിവദാസ് സി, അഞ്ജലി നായര്‍ എന്നിവരും മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചു ചിത്രത്തിൽ. അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ ഒരുപിടി താരങ്ങള്‍ കഥാപാത്രങ്ങളായി വളരെ മികച്ച പ്രകടനം നൽകിയത് ഈ ചിത്രത്തിന് മുതൽക്കൂട്ടായിട്ടുണ്ട്.
സുദീപ് എളമൺ, ജിംഷി ഖാലിദ്, രവി ചന്ദ്രൻ, ജിക്കു ജേക്കബ് പീറ്റർ എന്നിവർ ചേർന്ന് ഒരുക്കിയ ദൃശ്യ മികവ് ഈ പ്രണയ ചിത്രത്തെ കൂടുതൽ മികവിലേക്കു ഉയർത്തിയപ്പോൾ, ശങ്കർ ശർമ്മ, ശരത് എന്നിവർ ചേർന്ന് ഒരുക്കിയ ഗാനങ്ങൾ ചിത്രത്തെ കൂടുതൽ മനോഹരമാക്കി എന്ന് പറയാം. ഈ ചിത്രത്തിന്റെ കഥ പറച്ചിലിനും മുന്നോട്ടുള്ള ഒഴുക്കിലും സംഗീതം വഹിച്ച പങ്കു വളരെ വലുതാണ്. കഥാ നായകൻ സംഗീത പശ്ചാത്തലത്തിലുള്ള ആളായതിനാല്‍ തന്നെ, ഓരോ കാലഘട്ടങ്ങൾക്കനുസരിച്ചും കഥാപരിസരത്തിനു അനുസരിച്ചും ഗാനങ്ങളിലും പശ്ചാത്തല സംഗീതത്തിലും കൊണ്ട് വന്ന വ്യത്യസ്തതയും എടുത്തു പറയേണ്ടതാണ്. റഹ്മാൻ മുഹമദ് അലി, ലിജോ പോള്‍ എന്നിവരാണ് ഈ ചിത്രം എഡിറ്റ് ചെയ്തത്. അവർ തങ്ങളുടെ എഡിറ്റിംഗ് മികവിലൂടെ ചിത്രത്തെ മികച്ച വേഗതയിൽ മുന്നോട്ടു കൊണ്ട് പോയിട്ടുണ്ട്.
ചുരുക്കി പറഞ്ഞാൽ, അവിയൽ ഒരു കൊച്ചു ചിത്രമാണെങ്കിൽ കൂടി പ്രേക്ഷകന്റെ മനസ്സിൽ തൊടുന്ന ഒരു ചലച്ചിത്രമാണ്. എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന രീതിയിൽ കഥ പറയുന്ന ഈ ചിത്രം പുതുമയേറിയ രീതിയിൽ അവതരിപ്പിച്ചിട്ടും ഉണ്ട്. അത് തന്നെ പ്രേക്ഷകർക്ക് വളരെ പോസിറ്റീവായ ഒരു ഫീലാണ് നൽകുന്നത് എന്ന് പറയാം.
നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…
സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…
‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…
ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…
പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…
മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…
This website uses cookies.