ഈ അടുത്തിടെ പ്രേക്ഷകരിൽ ഏറെ പ്രതീക്ഷയുണർത്തിയ ചിത്രങ്ങളിൽ ഒന്നാണ് ഇന്ന് നമ്മുക്ക് മുന്നിൽ എത്തിയ അജഗജാന്തരം. അങ്കമാലി ഡയറീസ്, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, ജെല്ലിക്കെട്ട് എന്നീ ചിത്രങ്ങൾക്ക് ശേഷം യുവ താരം ആന്റണി വർഗീസ് പ്രധാന വേഷത്തിലെത്തിയ ഈ ചിത്രത്തിന്റെ ട്രൈലെർ, ഇതിലെ ഗാനങ്ങൾ എന്നിവയെല്ലാം പ്രേക്ഷകരിൽ ഉണ്ടാക്കിയ ആവേശം ചെറുതല്ല. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ട് അരങ്ങേറ്റം കുറിച്ച ടിനു പാപ്പച്ചനാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അഭിനേതാക്കൾ കൂടിയായ കിച്ചു ടെല്ലസ്, വിനീത് വിശ്വം എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവും ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സിൽവർ ബേ സ്റ്റുഡിയോസിൻറെ ബാനറിൽ ഇമ്മാനുവേൽ ജോസഫും അജിത് തലപ്പിള്ളിയും ചേർന്നാണ്. അർജുൻ അശോകനും, സാബുമോനും ആന്റണി വർഗീസിനൊപ്പം പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം ഒരു പക്കാ ആക്ഷൻ ചിത്രമായാണ് ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഇതിന്റെ ഓരോ പ്രൊമോഷൻ വീഡിയോയും പ്രേക്ഷകർക്ക് കൊടുത്തത്.
ആന്റണി വർഗീസ് അവതരിപ്പിക്കുന്ന ആന പാപ്പാനായ കേന്ദ്ര കഥാപാത്രത്തിന് ചുറ്റുമാണ് ഈ ചിത്രം വികസിക്കുന്നത്. ആറഞാലി എന്ന ഗ്രാമത്തിലെ അമ്പലത്തിൽ ഉത്സവം നടക്കുകയാണ്. അവിടേക്കു ആനയെ കൊണ്ട് വരുന്ന ലാലി എന്ന കഥാപാത്രമാണ് ആന്റണി വർഗീസ് ചെയ്യുന്നത്. എന്നാൽ അവിടെ അവരെ കാത്തിരിക്കുന്നത് ചില അപ്രതീക്ഷിത സംഭവങ്ങൾ ആണ്. അതേ ഉത്സവത്തിന് കടന്നു വരുന്ന കുറച്ചു ചെറുപ്പക്കാരും, ഒരു കുപ്രസിദ്ധ ക്രിമിനലും, ഒരു നാടക സംഘവും അതുപോലെ ആ നാട്ടിലെ കുറച്ചു പ്രശ്നക്കാരായ നാട്ടുകാരും കൂടി ചേർന്നതോടെ വളരെ പെട്ടെന്ന് തന്നെ ആ ഉത്സവ ദിനം സംഘർഷഭരിതമായി മാറുകയാണ്. അവിടെ നിന്നാണ് കഥ തിരിയുന്നത്. അർജുൻ അശോകൻ അവതരിപ്പിക്കുന്ന കണ്ണൻ, സാബുമോൻ അവതരിപ്പിക്കുന്ന കച്ചംബർ ദാസ് എന്നിവർക്കൊപ്പം ലാലിയും കൂടി സ്‌ക്രീനിൽ നിറയുന്നതോടെ സ്‌ക്രീനിൽ പിന്നെ അടിയുടെ പൂരമാണ്.
വളരെ ആവേശകരമായ ഒരു ചിത്രമാണ് ഇത്തവണയും ടിനു പാപ്പച്ചൻ നമ്മുക്കായി ഒരുക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ആദ്യ ചിത്രവും, അതുപോലെ ഈ ചിത്രത്തിന്റെ ട്രൈലെർ, പോസ്റ്ററുകൾ എന്നിവ കണ്ടു കൊണ്ടും തീയേറ്ററിലേക്ക് ചെല്ലുന്ന പ്രേക്ഷകർ എന്താണോ പ്രതീക്ഷിക്കുന്നത്, അതെല്ലാം അവർക്കു നൽകുന്ന ഒരു വിനോദ ചിത്രമായാണ് അണിയറ പ്രവർത്തകർ അജഗജാന്തരം ഒരുക്കിയിരിക്കുന്നത്. ആദ്യാവസാനം ഒരു പൂരത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ആദ്യ മലയാള ചിത്രമാകും ചിലപ്പോൾ അജഗജാന്തരം. സിനിമ തുടങ്ങുമ്പോൾ തൊട്ടു തീരുന്ന നിമിഷം വരെ ഉത്സവമാണ് പശ്ചാത്തലം. ഇരുപത്തിനാലു മണിക്കൂർ സമയത്തെ കഥയാണ് ഈ ചിത്രം പറയുന്നതും. എല്ലാ വിനോദ ഘടകങ്ങളും ഏറ്റവും നല്ല രീതിയിൽ കോർത്തിണക്കിയ ഒരു തിരക്കഥ കിച്ചു റ്റെലസും വിനീത് വിശ്വവും ചേർന്ന് ഒരുക്കിയപ്പോൾ, ആ തിരക്കഥക്കു അതിലും ആവേശകരമായ രീതിയിൽ പ്രേക്ഷകരുടെ മനസ്സ് നിറക്കുന്ന രീതിയിലാണ് ടിനു പാപ്പച്ചൻ ദൃശ്യ ഭാഷ ചമച്ചതു. ആക്ഷനും തമാശയും അതുപോലെ ആവേശം നിറക്കുന്ന കഥാ സന്ദർഭങ്ങളും കഥാപാത്രങ്ങളെയും കൊണ്ട് യുവാക്കളെയും കുട്ടികളെയുമെല്ലാം ഒരുപോലെ ആകർഷിക്കുന്ന ഒരു പക്കാ മാസ്സ് എന്റെർറ്റൈനെറാക്കി മാറ്റിയിട്ടുണ്ട് സംവിധായകൻ ഈ ചിത്രത്തെ. പ്രമേയത്തിലും അവതരണത്തിലും കൊണ്ട് വന്ന പുതുമയും അതുപോലെ തന്നെ കഥാപാത്ര രൂപീകരണത്തിൽ കൊണ്ട് വന്ന വ്യത്യസ്തതയും ഈ ചിത്രത്തിന്റെ മികവ് വർധിപ്പിച്ചു എന്നും പറയാം. ഇതിലെ ആക്ഷൻ രംഗങ്ങൾ തന്നെയാണ് ഇതിന്റെ ഹൈലൈറ്റ്. ആദ്യം മുതൽ അവസാനം വരെ നല്ല കിടിലൻ അടിപ്പടമായി മുന്നോട്ടു പോകുന്ന ഇതിൽ ആനയെ വരെ ഉൾപ്പെടുത്തി ഷൂട്ട് ചെയ്തിരിക്കുന്ന സംഘട്ടനങ്ങൾ രോമാഞ്ചം സമ്മാനിക്കുമെന്നതിൽ സംശയമേയില്ല. പ്രേക്ഷകന് ഒരു നിമിഷം പോലും ശ്വാസം വിടാൻ സമയം കൊടുക്കാത്ത രീതിയിൽ, ഗംഭീര വേഗതയിലാണ് ചിത്രം മുന്നോട്ടു പോകുന്നതും.
കേന്ദ്ര കഥാപാത്രമായുള്ള ആന്റണി വർഗീസിന്റെ പ്രകടനമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ മികവുകളിൽ ഒന്ന്. അത്ര മികച്ച രീതിയിൽ തന്റെ കഥാപാത്രത്തിന് ജീവൻ പകരാൻ ഈ യുവ നടന് സാധിച്ചിട്ടുണ്ട്. അർജുൻ അശോകനും സാബുമോനും തങ്ങളുടെ മിന്നുന്ന പ്രകടനം കൊണ്ട് പ്രേക്ഷകരുടെ കയ്യടി വാരി കൂട്ടിയപ്പോൾ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച സുധി കോപ്പ, ലുക്ക് മാൻ, ജാഫർ ഇടുക്കി, കിച്ചു ടെല്ലസ്, സിനോജ് വര്‍ഗീസ്, വിനീത് വിശ്വം, ബിറ്റോ ഡേവിസ്, രാജേഷ് ശർമ്മ, ടിറ്റോ വിൽസൺ, വിജ്‌ലീഷ്, ശ്രീരഞ്ജിനി, അനിൽ നെടുമങ്ങാട് എന്നിവരും മികച്ച പ്രകടനമാണ് നൽകിയത്. ആന്റണി വർഗീസ്, അർജുൻ അശോകൻ, കിച്ചു ടെല്ലസ് എന്നിവർ ആക്ഷൻ രംഗങ്ങളിൽ പുലർത്തിയ മികവ് എടുത്തു പറഞ്ഞെ പറ്റു. ഇവരുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായി ലാലിയും കണ്ണനും അമ്പിയും മാറി കഴിഞ്ഞു.
ജിന്റോ ജോർജിന്റെ ഛായാഗ്രഹണം മികച്ച നിലവാരം പുലർത്തിയപ്പോൾ ജസ്റ്റിൻ വർഗീസ് ഒരുക്കിയ സംഗീതവും ചിത്രത്തിന്റെ മൂഡിനോട് ചേർന്ന് നിന്നു. ഷമീർ മുഹമ്മദ് കൈകാര്യം ചെയ്ത എഡിറ്റിംഗ് ചിത്രത്തിന്റെ വേഗത താഴാതെ നോക്കിയപ്പോൾ, സാങ്കേതികമായും ചിത്രം മുന്നിട്ടു തന്നെ നിന്നു പറയാം. ജസ്റ്റിൻ വർഗീസ് ഒരുക്കിയ കിടിലൻ പശ്ചാത്തല സംഗീതം ചിത്രത്തിന്റെ മാസ്സ് അപ്പീൽ വർധിപ്പിച്ചിട്ടുണ്ട്. ഗംഭീര ആക്ഷൻ, ഉത്സവ തിമിർപ്പാണ് തന്റെ സംഗീതത്തിലൂടെ ഈ കലാകാരൻ സൃഷ്ടിച്ചിട്ടുള്ളത്. ജിന്റോ സമ്മാനിച്ച മനോഹരമായ ഉത്സവ ദൃശ്യങ്ങളും അതുപോലെ സംഘട്ടന രംഗങ്ങളിലെ അതിഗംഭീരമായ ഷോട്ടുകളും കയ്യടി നേടുന്നുണ്ട്. കഥയുടെ പ്രധാന ഭാഗങ്ങൾ എല്ലാം തന്നെ രാത്രിയിൽ ആയതു കൊണ്ട് ജിന്റോയുടെ ദൃശ്യങ്ങൾ ചിത്രത്തിന്റെ മികവിൽ വഹിച്ച പങ്കു വളരെ വലുതാണ്.
ചുരുക്കി പറഞ്ഞാൽ അജഗജാന്തരം എന്ന ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഒരു കമ്പ്ലീറ്റ് മാസ്സ് എന്റെർറ്റൈനെർ ആണ്. പ്രേക്ഷകരെ ഒരിക്കലും നിരാശപ്പെടുത്താത്ത ഈ ചിത്രം വളരെ രസകരവും ആവേശകരവുമായ ഒരു സിനിമാനുഭവമായിരിക്കും സമ്മാനിക്കുക. ഒരു കംപ്ലീറ്റ് അടിപ്പടം കാണാൻ കച്ച മുറുക്കി ഇറങ്ങുന്നവർക്കു അജഗജാന്തരം സമ്മാനിക്കുന്നത് ആവേശം നിറക്കുന്ന ഒരു തീയേറ്റർ അനുഭവമായിരിക്കുമെന്നുറപ്പ്.
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'പൊൻമാൻ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 ജനുവരി…
This website uses cookies.