കടുവാക്കുന്നേൽ കുറുവച്ചൻ എന്ന ജീവിച്ചിരിക്കുന്ന കഥാപാത്രത്തെ അടിസ്ഥാനപ്പെടുത്തി ഒരുക്കാൻ തയ്യാറെടുക്കുന്ന പൃഥ്വിരാജ്- ഷാജി കൈലാസ് ടീമിന്റെ മാസ്സ് ചിത്രം കടുവയുടെ ഭാവി പ്രതിസന്ധിയിലേക്ക്. ജിനു എബ്രഹാം തിരക്കഥ രചിച്ചു ഷാജി കൈലാസ് സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രം പ്രഖ്യാപിച്ചത് കഴിഞ്ഞ വർഷമാണ്. എന്നാൽ അതിനും ഒരുപാട് വർഷങ്ങൾക്കു മുൻപേ തന്നെ ഈ കഥാപാത്രത്തിന്റെ ജീവിതം സിനിമയാക്കാനിരുന്നതാണ് ഷാജി കൈലാസ്- രഞ്ജി പണിക്കർ ടീം. തന്റെ ജീവിതം സിനിമയാക്കാനുള്ള സമ്മതം യഥാർത്ഥ കുറുവച്ചൻ രഞ്ജി പണിക്കർക്ക് നൽകുകയും, ശേഷം മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് – രഞ്ജി പണിക്കർ ടീമിന്റെ ആ ചിത്രം വ്യാഘ്രം എന്ന പേരിൽ പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കാനിരുന്ന ചിത്രമായിരുന്നു അത്. എന്നാൽ ചില സാങ്കേതികപരമായ കാരണങ്ങളാൽ അന്ന് ആ ചിത്രം നടക്കാതെ പോയി.
അതിനു ശേഷം ഏകദേശം പതിനെട്ടോളം വർഷങ്ങൾ കഴിഞ്ഞാണ് പൃഥ്വിരാജ് സുകുമാരനെ നായകനാക്കി അതേ കഥാപാത്രത്തിന്റെ കഥ സിനിമയാക്കാൻ ഷാജി കൈലാസ് വീണ്ടും മുന്നോട്ടു വന്നത്. പ്രശസ്ത തിരക്കഥ രചയിതാവും സംവിധായകനുമായ ജിനു എബ്രഹാം രചിച്ച ഈ ചിത്രം പൃഥ്വിരാജ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരാണ് നിർമ്മിക്കാനിരുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അന്ന് വലിയ രീതിയിൽ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുത്തിരുന്നു. എന്നാൽ വിവാദങ്ങൾക്കു തുടക്കമായത്, ഇതേ കടുവക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തെ അടിസ്ഥാനപ്പെടുത്തി നവാഗതനായ മാത്യൂസ് തോമസ് എന്ന സംവിധായകൻ സുരേഷ് ഗോപിയെ നായകനാക്കി ഒരു ചിത്രം ഈ വർഷം ജൂണിൽ പ്രഖ്യാപിച്ചതോടെയാണ്. ടോമിച്ചൻ മുളകുപാടം നിർമ്മിക്കാൻ പോകുന്ന ഈ ചിത്രം രചിച്ചത് ഷിബിൻ ഫ്രാൻസിസ് ആണ്. ഈ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ സുരേഷ് ഗോപിയുടെ ജന്മദിനത്തിന് പുറത്തു വിടുകയും ഗംഭീര സ്വീകരണം നേടുകയും ചെയ്തിരുന്നു. പക്ഷെ സുരേഷ് ഗോപി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പകർപ്പവകാശ ലംഘനമാണ് നടത്തിയത് എന്നാരോപിച്ചു കടുവയുടെ രചയിതാവ് ജിനു കോടതിയെ സമീപിക്കുകയും, സുരേഷ് ഗോപി ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ കോടതി തടയുകയും ചെയ്തിരുന്നു.
അതേ തുടർന്നു ഈ കഥാപാത്രത്തെ ആരും ഒറിജിനൽ ആയി സൃഷ്ടിച്ചതല്ല എന്നും ഈ യഥാർത്ഥ കഥാപാത്രത്തിന്റെ കഥ സിനിമയാക്കാനുള്ള അവകാശം അദ്ദേഹം തനിക്കാണ് വർഷങ്ങൾക്കു മുൻപ് നൽകിയതെന്ന് രഞ്ജി പണിക്കരും വ്യക്തമാക്കിക്കൊണ്ട് മുന്നോട്ടു വന്നു. എന്നാൽ ഷാജി കൈലാസ് തന്നോട് ആ കഥ സിനിമയാക്കിക്കോട്ടെ എന്ന് ചോദിച്ചപ്പപ്പോൾ ഷാജി ആയതു കൊണ്ടാണ് താൻ അനുവദിച്ചതെന്നും അല്ലാതെ രണ്ടു സിനിമകളുടെയും രചയിതാക്കൾ അവകാശപ്പെടുന്നത് പോലെ ഇതൊരു ഒറിജിനൽ സൃഷ്ടിയൊന്നുമല്ല എന്നും അദ്ദേഹം പറഞ്ഞു. അതിനു പിന്നാലെ കടുവയുടെ ചിത്രീകരണം ഉടൻ തുടങ്ങുമെന്ന് പറഞ്ഞു ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്ററും റിലീസ് ചെയ്യുകയുണ്ടായി. ഇപ്പോഴിതാ ഈ രണ്ടു ചിത്രങ്ങളും തന്റെ അനുവാദം കൂടാതെ ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞു യഥാർത്ഥ കുറുവച്ചൻ രംഗത്ത് വന്നു കഴിഞ്ഞു. മാതൃഭൂമി ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നയം വ്യക്തമാക്കിയത്.
ഈ വിഷയത്തിൽ കുറുവച്ചൻ പറയുന്നത് ഇങ്ങനെ, അത് വർഷങ്ങൾക്കു മുൻപേ ഈ രഞ്ജി പണിക്കർക്ക് കൊടുത്തിരിക്കുകയാണ്. എഴുതി കൊടുത്തിട്ടില്ല. വാക്കാൽ ഞാൻ പറഞ്ഞിരിക്കുന്നതാണ്. അതുകൊണ്ടു തന്നെ ഇപ്പോൾ പ്രഖ്യാപിച്ച രണ്ടു ചിത്രങ്ങളും നടക്കാൻ താൻ സമ്മതിക്കില്ല എന്നും അദ്ദേഹം പറയുന്നു. തിരശീലയിൽ തന്റെ ജീവിതം ആര് പകർന്നാടണമെന്നാണ് ആഗ്രഹം എന്ന് ചോദിച്ചപ്പപ്പോൾ കുറുവച്ചൻ ആദ്യം പറയുന്ന പേര് മോഹൻലാൽ എന്നാണ്. മോഹൻലാൽ അല്ലെങ്കിൽ സുരേഷ് ഗോപി ആയാലും മതി എന്ന് അദ്ദേഹം പറയുന്നു. സുരേഷ് ഗോപി ഡയലോഗുകൾ പറയുന്നതിന് ഒരു പ്രത്യേകതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളാ പൊലീസിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥനുമായി കുറുവച്ചൻ നടത്തിയ വർഷങ്ങൾ നീണ്ട നിയമ പോരാട്ടമാണ് ഈ ചിത്രങ്ങളുടെ ഇതിവൃത്തം. ആദ്യം രഞ്ജി പണിക്കരുമായും പിന്നീട് ഷാജി കൈലാസ്, സുരേഷ് ഗോപി എന്നിവരുമായും ചർച്ചകൾ നടത്തിയിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി. ഈ ചിത്രങ്ങളുടെ തിരക്കഥയും സംഭാഷണങ്ങളുമടക്കം തന്നെ വായിച്ചു കേൾപ്പിച്ചിട്ടു താൻ തൃപ്‌തനായാൽ മാത്രമേ ആര് ചെയ്യാനാണെങ്കിലും അനുമതി കൊടുക്കു എന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
This website uses cookies.