[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Interviews

മഹാവീര്യര്‍ സിനിമയെപ്പറ്റി നിരൂപകന്‍ എ.ചന്ദ്രശേഖറോട് സംവിധായകന്‍ എബ്രിഡ് ഷൈന്‍സംസാരിക്കുന്നു

എബ്രിഡ് ഷൈന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത് നിവിന്‍ പോളിയും കൂട്ടുകാരും ചേര്‍ന്നു നിര്‍മ്മിച്ച മഹാവീര്യര്‍, തീയറ്ററില്‍ സിനിമ കാണാനെത്തിയ പ്രേക്ഷകര്‍ക്ക് ഒരു സാംസ്‌കാരിക ഷോക്ക് നൽകിയിരിക്കുന്നു. കണ്ടുശീലിച്ച സിനിമകളില്‍ നിന്ന് വിഭിന്നമായ ദൃശ്യാനുഭവം. പ്രേക്ഷകനെ വളരെ ബുദ്ധിയുള്ളൊരു കൂട്ടമായി പരിഗണിച്ച് അതീഗഹനവും താത്വികവുമായ പ്രമേയം അതിലളിതമായൊരു കമ്പോള ചട്ടക്കൂട്ടില്‍ ചുരുട്ടി നര്‍മ്മത്തിന്റെ ആവരണത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ചിരിക്കുകയാണ് ഈ സിനിമയില്‍. ചിത്രത്തിന്റെ ഉള്ളടക്കസവിശേഷതകളെപ്പറ്റി തിരക്കഥാകൃത്തും സംവിധായകനുമായ എബ്രിഡ് ഷൈന്‍ സംസാരിക്കുന്നു.

ഫാന്റസി സിനിമകള്‍ മുമ്പും മലയാളത്തിലുണ്ടായിട്ടുണ്ട്. കാലത്തെ പരസ്പരം ഇടകലര്‍ത്തുന്ന നോണ്‍ ലീനിയര്‍ സങ്കേതവും. പക്ഷേ മഹാവീര്യര്‍ വ്യത്യസ്തമാകുന്നത് കാലത്തെ തന്നെ പുതിയൊരു തലത്തില്‍ അവതരിപ്പിച്ചുകൊണ്ടാണല്ലോ?

എബ്രിഡ് ഷൈന്‍: അതേ. ചിത്രത്തില്‍ നിവിന്‍ അവതരിപ്പിക്കുന്ന അപൂര്‍ണാനന്ദന്‍ യഥാര്‍ത്ഥത്തില്‍ കാലമാണ്. ഭൂതത്തെ വന്ന് വര്‍ത്തമാനവുമായി ഇണക്കി ഭാവിയിലേക്കെങ്ങോ അലിഞ്ഞുപോകുന്ന അനന്തമായ അപൂര്‍ണമായ കാലം. മനുഷ്യര്‍ക്കൊപ്പം അവന്റെ വ്യഥകളിലും വ്യാധികളിലും സന്തോഷങ്ങളിലും ഒപ്പം നില്‍ക്കുന്ന സാക്ഷിയാണ് കാലം. വിഗ്രഹങ്ങളെ സൃഷ്ടിക്കുകയും അപഹരിക്കുകയും ചെയ്യുകയും ചെയ്യുന്ന ശക്തി.മനുഷ്യരോട് കളിതമാശപറഞ്ഞും അവരെ ഉത്തേജിപ്പിച്ചും അവര്‍ക്ക് സത്യത്തെ കാണിച്ചുകൊടുക്കാന്‍ ശ്രമിക്കുന്ന കാലം. പക്ഷേ മനുഷ്യര്‍ ഒരിക്കലും കാലത്തിന്റെ ചുവരെഴുത്തുകള്‍ കാണുന്നില്ല. അല്ലെങ്കില്‍ കണ്ടാലും തിരിച്ചറിയുന്നില്ല. കാലത്തെ സമൂഹം കള്ളനായോ കാപട്യക്കാരനായോ ഒക്കെയാണ് കണക്കാക്കുന്നത്. എന്തിന് കാലത്തെ വിചാരണ ചെയ്യാന്‍ വരെ മനുഷ്യരുടെ ഹുങ്ക് പ്രേരിപ്പിക്കുന്നു. ആ വിചാരണയാവട്ടെ പിന്നീട്, അവരെ തന്നെ വിചാരണയ്ക്കു വിധേയമാക്കുന്ന തലത്തിലേക്കാണ് മാറിമറിയുന്നത്. അതാണ് അജ്ഞാനിയായ അല്ലെങ്കില്‍ അല്‍പജ്ഞാനിയായ മനുഷ്യന് മനസിലാവാതെ പോകുന്നത്. എം.മുകുന്ദന്‍ സാറിന്റെ കഥയ്ക്ക് അങ്ങനെ പല തലങ്ങളുണ്ടായിരുന്നു. അദ്ദേഹം വിഭാവനചെയ്ത ആശയങ്ങളെ എങ്ങനെ സ്‌ക്രീനിലെത്തിക്കാം എന്ന ചിന്തയില്‍ നിന്നാണ് ഫിക്ഷനും ഫാന്റസിയും ഹിസ്റ്ററിയും ഒക്കെച്ചേര്‍ന്ന ഒരു രൂപം ഈ സിനിമയ്ക്കായി സ്വീകരിച്ചത്.

കോടതിയുത്തരവു പ്രകാരം ജീവനാംശം അനുവദിക്കപ്പെടുന്ന ദമ്പതികളുടെ കേസില്‍ സമര്‍പ്പിക്കപ്പെട്ട വന്‍ തുകയ്ക്കുള്ള ചില്ലറത്തുട്ടുകള്‍ എണ്ണിക്കൊണ്ടിരിക്കുന്നൊരു പൊലീസുകാരനുണ്ട് ചിത്രത്തില്‍. നര്‍മ്മം ഉണ്ടാക്കുന്നതിനപ്പുറം ഘടനയില്‍ നിര്‍ണായകമായ സ്ഥാനം നേടിയിട്ടുള്ള ഒരു എപ്പിസോഡാണ് അതെന്നു പറഞ്ഞാല്‍…?

എബ്രിഡ് ഷൈന്‍: തീര്‍ച്ചയായും സത്യമാണത്. ഒരിക്കലും തീരാത്ത എണ്ണലാണത്. അനന്തതയെ ഗണിച്ചെടുക്കാനാവില്ലല്ലോ? ജീവിതത്തില്‍ തന്നെ കണക്കുകൂട്ടലുകള്‍ക്ക് എന്തു പ്രസക്തി? ഒരിക്കലും പൂര്‍ത്തിയാവാത്ത ഒന്നാണ് കണക്കുകൂട്ടല്‍. എല്ലാ ശാസ്ത്രവും ശ്രമിക്കുന്നത് കാലത്തെ എണ്ണിത്തിട്ടപ്പെടുത്തി ഒരു സൂത്രവാക്യത്തില്‍ നിര്‍വചിക്കാനാണ്. കാലമാവട്ടെ അതിനൊന്നും വഴങ്ങാതെ എപ്പോഴും മുന്നോട്ടു തന്നെ ഒഴുകുന്നു. ചിത്രത്തില്‍ ഫാന്റസിയും യാഥാര്‍ത്ഥ്യവും തമ്മിലുള്ള ഒരു അദൃശ്യമായ അതിരായിക്കൂടിയാണ് ഞാനാ തുട്ടെണ്ണല്‍ എപ്പിസോഡിനെ വിഷ്വലൈസ് ചെയ്യാന്‍ ശ്രമിച്ചിട്ടുള്ളത്. എണ്ണാമെങ്കില്‍ എണ്ണിക്കോ എന്ന് കാലം മനുഷ്യനു മുന്നില്‍ വയ്ക്കുന്ന വെല്ലുവിളിയാണ് ഈ തുട്ടെണ്ണല്‍.സിനിമയുടെ സ്ട്രക്ച്ചറൽ കോറിലേഷൻ എന്ന് കൂടി പറയാം.

അധികാരത്തെയും നീതിന്യായവ്യവസ്ഥയേയും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുതാണ് മഹീവീര്യര്‍ എന്നു പറഞ്ഞാല്‍?

എബ്രിഡ് ഷൈന്‍: സാമൂഹികവിമര്‍ശനത്തിന്റെ കാര്യത്തില്‍ ഏറെക്കുറേ ശരിയാണ്. കാലങ്ങളായി ലോകത്തു നിലനിന്നുപോരുന്ന പലതിനെയും സാഹിത്യവും സിനിമയും എക്കാലത്തും ചെയ്തുവന്നിട്ടുള്ളതുപോലെ ഈ സിനിമയും വിമര്‍ശനവിധേയമാക്കുന്നുണ്ട്. പക്ഷേ നീതിന്യായ വ്യവസ്ഥയേയോ നിയമപാലനത്തെയോ കളിയാക്കുന്നുവെന്നു പറഞ്ഞാല്‍ അംഗീകരിക്കാനാവില്ല. കാരണം, ചിത്രത്തിലെ കോടതിരംഗങ്ങളുടെ തുടക്കം മാത്രമാണ് ഇന്ത്യ എന്നൊരു യഥാര്‍ത്ഥ ഭൂമികയെ അവതരിപ്പിക്കുന്നത്. അപ്പോള്‍ ചുവരില്‍ മഹാത്മഗാന്ധിയുടെ ചിത്രവുമുണ്ട്. പക്ഷേ, കാലം പതിനേഴാം നൂറ്റാണ്ടില്‍ നിന്നൊരു സംഭവത്തെ സമക്ഷം ഹാജരാക്കുന്നതോടൊപ്പം, അതുവരെയുള്ള കാലഗണന, യാഥാര്‍ത്ഥ്യം, സ്ഥലരാശി എല്ലാം മാറിമറിയുകയാണ്. അവിടെ മഹാത്മാഗാന്ധി ഇല്ല.പിന്നീട് ചിത്രത്തിന്റെ ആഖ്യാനം പോലും കെട്ടുകഥയുടെ തലത്തിലേക്ക് മാറുകയാണ്. അത് അതീന്ദ്രിയമോ അതിഭൗതികമോ ആണ്. അണ്‍റിയലോ സറിയലോ ആണ്. അവിടെ അധികാരികളാരും നമുക്കു സുപരിചിതമായ വ്യവസ്ഥിതിയിലല്ല പ്രവര്‍ത്തിക്കുന്നത്. നമുക്കറിയാവുന്ന ഭരണഘടനയുമല്ല പിന്തുടരുന്നത്. സാങ്കല്‍പികമായൊരു കോടതയിലാണ് ചിത്രപുരി മഹാരാജാവിനെ വിചരാണ ചെയ്യുന്നത്. പക്ഷേ, അന്നു തൊട്ടിന്നോളമുള്ള എല്ലാ ഭരണഘടനകളിലും ലോകത്തെവിടെയും നടന്നിട്ടുള്ള വിചാരണകളുടെ സ്വഭാവം ഏറെക്കുറേ സമാനമാണ്. അതാണ് ചിത്രത്തില്‍ കാണിക്കാന്‍ ശ്രമിച്ചത്. പിന്നെ അധികാരവര്‍ഗത്തിന്റെ കാര്യം. ലോകത്തെവിടെയും ഭരിക്കുന്നവരും അവര്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരും ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും ഒരുപോലെയാണ്. എക്കാലത്തും അതങ്ങനെതന്നെയായിരുന്നു. ചിത്രത്തില്‍, മഹാരാജാവിന്റെ യഥാര്‍ത്ഥ പ്രശ്‌നത്തിന് കാലം ഇടപെട്ട് ഒരു പരിഹാരം കാണിച്ചുകൊടുക്കുന്നുണ്ട്. പക്ഷേ അതു തിരിച്ചറിയാനുള്ള പ്രാപ്തി മന്ത്രിക്ക് ഇല്ലാതെ പോവുകയാണ്. എന്നാലും എങ്ങനെയാണ് സ്വാമി നായികയെ ദ്രോഹിക്കാതെ കണ്ണീരുണ്ടാക്കയിത് എന്നാണ് അയാള്‍ സ്വന്തം ഭാര്യയോട് ചോദിക്കുന്നത്. നേരിട്ട് കാലം തന്നെ വന്നു കാണിച്ചുകൊടുത്തിട്ടും കാലത്തിന്റെ ചുവരെഴുത്തു വായിക്കാന്‍ സാധിക്കാത്ത അധികാരവര്‍ഗത്തിന്റെ പരിമിതിയാണ് കാണിക്കാന്‍ ശ്രമിച്ചത്.

സമകാലികപ്രസക്തിയുള്ളൊരു സ്ത്രീപക്ഷ സിനിമ കൂടിയാണല്ലോ മഹാവീര്യര്‍. പക്ഷേ അതിലെ വിവസ്ത്രരംഗങ്ങള്‍ കുടുംബപ്രേക്ഷകരെ ഞെട്ടിക്കില്ലേ?

എബ്രിഡ് ഷൈന്‍:മഹാഭാരതത്തിലെ രാജസദസില്‍ പരസ്യമായി വിവസ്ത്രയാക്കപ്പെട്ട ദ്രൗപദി മുതല്‍ ഈക്കാലത്ത് പോക്‌സോ കേസുകളില്‍ കോടതിവിചാരണകളില്‍ വാക്കുകളാല്‍ വിവസ്ത്രയാക്കപ്പെടുന്ന ഇരകള്‍ വരെ അനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങള്‍ സമാനമാണ്. വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പീഡിപ്പിക്കപ്പെട്ട സ്ത്രീയുടെ കണ്ണുനീരു കണ്ട് നിര്‍വൃതി കൊള്ളുന്നവരാണ് മിക്ക സമൂഹങ്ങളും. അങ്ങനെ ഒരു കഥാസന്ദര്‍ഭം വന്നപ്പോള്‍ സിനിമാറ്റിക്കായി അതിനെ എങ്ങനെ ആവിഷ്‌കരിക്കാമെന്നു ശ്രമിച്ചുനോക്കിയെന്നേയുള്ളൂ. സ്വാഭാവികമായി അത് സ്ത്രീപക്ഷമായിത്തീരും. എന്നാല്‍ അതിന് നഗ്നതയെ ഒരിക്കലും ഒരു ഉപാധിയായി ഉപയോഗിച്ചിട്ടേയില്ല സിനിമയില്‍. സിനിമ കണ്ടവര്‍ക്കറിയാം, എത്രത്തോളം മാന്യമായിട്ടാണ് ആ രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുള്ളതെന്ന് വക്കീലന്മാരും പ്രതികളും കാഴ്ചക്കാരുമടങ്ങുന്ന വന്‍ താരനിരയ്ക്കു നടുവിലാണ് അത്തരമൊരു ചിത്രീകരണം എന്നു കൂടി കണക്കിലെടുക്കണേ. സകുടുംബം കാണാന്‍ സാധിക്കാത്ത ഒരു രംഗം പോലും എന്റെ ചിത്രത്തിലുണ്ടാവരുത് എന്നു പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

സ്‌ളാപ്സ്റ്റിക്ക് കോമഡിയുടെ ഒരു ആവരണത്തില്‍ ഒരു തട്ടുപൊളിപ്പന്‍ ചരിത്ര സിനിമയുടെ കടുത്ത ചായക്കൂട്ടുകളുപയോഗിച്ചാണ് മഹാവീര്യറുടെ ആഖ്യാനം. ഇത് കമ്പോളവിജയം ലക്ഷ്യമാക്കിയുള്ളതാണെന്നു പറഞ്ഞാല്‍…?

ഞാൻ സിനിമ എടുക്കുന്നത് തീയറ്ററില്‍ നന്നായി ഓടാന്‍ വേണ്ടിയാണ്. എല്ലാ സംവിധായകരുടെയും ആഗ്രഹമാണത്. കൂടുതല്‍ പേര്‍ വായിക്കണമെന്നല്ലേ ഏതൊരെഴുത്തുകാരനും ആഗ്രഹിക്കുക? മഹാവീര്യർ വലിയ ദാര്‍ശനിക മാനങ്ങളുള്ളതാണ് എം മുകുന്ദന്‍ സാറിന്റെ കഥ. അത് സാധാരണക്കാര്‍ക്ക് ദഹിക്കുംവിധം സിനിമയിലേക്ക് മാറ്റാന്‍ വേണ്ടിയാണ് ഞാന്‍ ഹ്യൂമറിനെ ആശ്രയിച്ചത്. അതുപോലെ തന്നെ കനമുള്ള ഇതിവൃത്തം കൂടുതല്‍ ജനകീയമാക്കാന്‍ വേണ്ടിയാണ് താരങ്ങളെ ഉള്‍പ്പെടുത്തി കൊമ്മേഴ്‌സ്യല്‍ ഫോര്‍മാറ്റില്‍ നിശ്ചയിച്ചത്. ഫോമല്ലല്ലോ കണ്ടന്റ് അല്ലേ പ്രധാനം. കണ്ടന്റ് ഡെലിവര്‍ ചെയ്യാനുള്ള മാര്‍ഗമായിട്ടാണ് ഞാന്‍ ഫോര്‍മാറ്റ് ഇങ്ങനെയാക്കിയത്.

webdesk

Share
Published by
webdesk

Recent Posts

ചുരുളഴിയാത്ത ആ രഹസ്യത്തിന്റെ കുരുക്കഴിച്ച് ആനന്ദ് ശ്രീബാല; റിവ്യൂ വായിക്കാം

പ്രശസ്ത സംവിധായകനായ വിനയന്റെ മകനും നടനുമായ വിഷ്ണു വിനയ് ആദ്യമായി സംവിധാനം ചെയ്ത ആനന്ദ് ശ്രീബാല എന്ന ചിത്രമാണ് ഇന്ന്…

5 hours ago

മഞ്ഞിൽ വിരിഞ്ഞ പൂവും മണിച്ചിത്രത്താഴും വന്ന ദിവസം; മോഹൻലാലിൻ്റെ ബറോസ് റിലീസ് തീയതി പ്രഖ്യാപിച്ചു ഫാസിൽ

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…

11 hours ago

മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം നയൻ‌താര?

പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും.…

11 hours ago

സൂപ്പർ ഹീറോ ആവാൻ ജനപ്രിയനായകൻ; പറക്കും പപ്പൻ നിർമ്മിക്കാൻ ശ്രീ ഗോകുലം മൂവീസ്

ജനപ്രിയ നായകൻ ദിലീപ് ലോക്കൽ സൂപ്പർ ഹീറോ ആയി എത്തുന്ന പറക്കും പപ്പൻ എന്ന ചിത്രം പ്രഖ്യാപിച്ചിട്ട് ഇപ്പോൾ 2…

11 hours ago

ത്രില്ലടിപ്പിക്കുന്ന അന്വേഷണവുമായി ആനന്ദ് ശ്രീബാല ഇന്ന് മുതൽ

യുവതാരം അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് ഒരുക്കിയ ആനന്ദ് ശ്രീബാല ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. ചിത്രത്തിന്റെ കേരളാ തീയേറ്റർ…

11 hours ago

മികവുറ്റ സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച കാവ്യ ഫിലിം കമ്പനിയുടെ ‘ആനന്ദ് ശ്രീബാല’ നാളെ മുതൽ പ്രദർശനത്തിന്..

പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…

1 day ago

This website uses cookies.