ഇന്ന് കേരളത്തിൽ പ്രദർശനത്തിന് എത്തിയ മലയാള ചിത്രമാണ് യുവതാരം ടോവിനോ തോമസ് പ്രധാന വേഷത്തിലെത്തിയ അജയന്റെ രണ്ടാം മോഷണം എന്ന ബ്രഹ്മാണ്ഡ ചിത്രം. നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്ത ഈ ചിത്രം ടോവിനോ താമസിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസ് ആണ്. ത്രീഡിയിലും ഒരുക്കിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മാജിക് ഫ്രെയിംസ്, യു.ജി.എം മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്നാണ്. സുജിത് നമ്പ്യാർ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിൽ കൃതി ഷെട്ടി, സുരഭി ലക്ഷ്മി, ഐശ്വര്യ രാജേഷ് എന്നിവരാണ് നായികാ വേഷങ്ങളിൽ എത്തിയിരിക്കുന്നത്. ഈ ചിത്രത്തിന്റെ ടീസർ, ട്രൈലെർ എന്നിവ വമ്പൻ ശ്രദ്ധയാണ് നേടിയെടുത്തത്.
മൂന്നു കാലഘട്ടങ്ങളിലൂടെയാണ് ചിത്രം കഥ പറയുന്നത്. അജയൻ, മണിയൻ, കുഞ്ഞിക്കേളു എന്ന മൂന്നു കഥാപാത്രങ്ങളെ ടോവിനോ തോമസ് അവതരിപ്പിക്കുന്നു. യോദ്ധാവായ കുഞ്ഞികേളുവിൻ്റെ പിന്മുറക്കാർ കള്ളൻ ആയ മണിയനും മണിയൻ്റെ കൊച്ചു മകനായ അജയനുമാണ്. വംശ പരമ്പരയുടെ പേരിൽ കള്ളൻ എന്ന ചീത്തപ്പേര് മാറ്റാൻ ആഗ്രഹിച്ചു ചിയോതി കാവിൽ ജീവിക്കുന്ന അജയൻ, ഒരു ചതിയിൽ പെടുകയും, തുടർന്ന് ചീത്ത പേര് മാറ്റുന്നതിനായി തൻ്റെ അച്ചാച്ചൻ ആയ മണിയൻ ഒളിപ്പിച്ച ഒരു വിളക്ക് തേടി ഇറങ്ങേണ്ടി വരികയും ചെയ്യുന്നിടത്ത് നിന്നാണ് ചിത്രത്തിൻ്റെ കഥാഗതി മാറുന്നത്.
ടോവിനോ തോമസിന്റെ ആരാധകരെയും സിനിമാ പ്രേമികളെയും ത്രസിപ്പിക്കുന്ന ഒരു മാസ്സ് ഫാന്റസി ആക്ഷൻ ചിത്രമാണ് ജിതിൻ ലാൽ ഒരുക്കിയിരിക്കുന്നത്. ഓരോ സിനിമ പ്രേമികളെയും കോരിത്തരിപ്പിക്കുന്ന രീതിയിലാണ് ഈ ചിത്രത്തിന്റെ മേക്കിങ് എന്ന് പറഞ്ഞാൽ അത് കുറഞ്ഞു പോകും . മലയാള സിനിമയിൽ ഇത് വരെ വന്നിട്ടുള്ള ഏതു ബിഗ് ബജറ്റ് സിനിമകളോടും കിടപിടിക്കുന്ന ദൃശ്യങ്ങളും, മാസ്സ് രംഗങ്ങളും കോർത്തിണക്കിയ എല്ലാം തികഞ്ഞ ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ തന്നെയാണ് അജയന്റെ രണ്ടാം മോഷണം.
ഒരു കമ്പ്ലീറ്റ് ടോവിനോ ഷോ എന്ന് പറയുന്നതിനൊപ്പം തന്നെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ഒരു ക്യാൻവാസിൽ ഈ ചിത്രമൊരുക്കാൻ തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ സംവിധായകനെന്ന നിലയിൽ ജിതിൻ ലാലിന് കഴിഞ്ഞിട്ടുണ്ട്. ടോവിനോ തോമസ് എന്ന നടന്റെ മുഴുവൻ മികവുകളും എനർജിയും പുറത്തെടുക്കുന്ന രീതിയിൽ ഈ ചിത്രമൊരുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്ന് പറയാം. വളരെയധികം ത്രില്ലടിപ്പിക്കുന്ന, ആവേശം നിറഞ്ഞ കഥാ സന്ദർഭങ്ങളും ഫാന്റസിയും കോർത്തിണക്കിയ തിരക്കഥയിൽ ഒരു മാസ്സ് എന്റെർറ്റൈനെറിൽ നിന്നും പ്രേക്ഷകർ ആഗ്രഹിക്കുന്ന എല്ലാ ചേരുവകളുമുണ്ട്. ആക്ഷനും ഡ്രാമയും റൊമാന്സും ആവേശവും ആകാംഷയുമെല്ലാം കൃത്യമായ അളവിൽ ചേർത്തൊരു തിരക്കഥയാണ് സുജിത് നമ്പ്യാർ ഈ ചിത്രത്തിനായി ഒരുക്കിയത്. ഒരു നിമിഷം പോലും സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാൻ തോന്നാത്ത വിധം അത്ര വേഗതയിലും മികച്ച രീതിയിലുമാണ് ഇവർ അജയന്റെ രണ്ടാം മോഷണം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഗാനങ്ങളുടെയും സംഘട്ടന രംഗങ്ങളുടെയും ചിത്രീകരണം ഗംഭീരമായിരുന്നു.
മൂന്നു വേഷങ്ങളിൽ ടോവിനോ തോമസ് നടത്തിയ ഗംഭീര പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്റെ ജീവൻ എന്ന് പറയാം. ശരീരവും മനസ്സും കഥാപാത്രത്തിന് നൽകി ഞെട്ടിക്കുന്ന പ്രകടനമാണ് ടോവിനോ ഈ ചിത്രത്തിൽ നൽകിയത്. ശാരീരികമായി ഒരുപാട് പ്രയത്നം വേണ്ടി വന്ന ഒരുപാട് ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിൽ ഉണ്ടായിരുന്നു എന്ന് മാത്രമല്ല, ടോവിനോ അതെല്ലാം ഏറ്റവും മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചു കയ്യടി മേടിക്കുകയും ചെയ്തു. അതിൽ തന്നെ മണിയൻ എന്ന കഥാപാത്രം ആയി ഉള്ള പ്രകടനം പ്രത്യേക പ്രശംസ അർഹിക്കുന്നു. നായികാ വേഷങ്ങൾ ചെയ്ത കൃതി ഷെട്ടി, സുരഭി ലക്ഷ്മി എന്നിവർ തങ്ങളുടെ വേഷം മനോഹരമായി ചെയ്തപ്പോൾ ബേസിൽ ജോസഫും പ്രേക്ഷകരുടെ കയ്യടി നേടി. അതോടൊപ്പം തന്നെ ജഗദീഷ്, ഹരീഷ് ഉത്തമൻ, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ഏറ്റവും മികച്ച രീതിയിൽ തന്നെ തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ജോമോൻ ടി ജോൺ ആണ് ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചത്. ഗംഭീരം എന്ന് പറഞ്ഞാലും കുറഞ്ഞു പോകുന്ന രീതിയിൽ അത്രയധികം വിസ്മയിപ്പിക്കുന്ന രീതിയിയിലുള്ള ദൃശ്യങ്ങളാണ് അദ്ദേഹം നമ്മുക്ക് സമ്മാനിച്ചത്. ഗാന രംഗങ്ങളിലും സംഘട്ടന രംഗങ്ങളിലും നമ്മുക്ക് മുന്നിലെത്തിയ ദൃശ്യങ്ങൾ മനോഹരങ്ങളായിരുന്നു. ദിപു നൈനാൻ തോമസ് ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും മാസ്സ് ആയിരുന്നു. ത്രീഡി ദൃശ്യങ്ങളും അദ്ദേഹത്തിന്റെ സംഗീതവും കൂടി ചേർന്നപ്പോൾ ആരാധകരുടെ ആവേശം വേറൊരു തലത്തിലെത്തി നിന്നുവെന്നു പറയാം. ഷമീർ മുഹമ്മദ് എന്ന എഡിറ്ററുടെ മികവ് ചിത്രത്തിന് പകർന്നു നൽകിയത് മികച്ച വേഗതയും ഉയർന്ന സാങ്കേതിക നിലവാരവുമാണ്.
ചുരുക്കി പറഞ്ഞാൽ. ആരാധകരെയും മറ്റു സിനിമ പ്രേക്ഷകരെയും ഒരുപോലെ കോരിത്തരിപ്പിക്കുന്ന ഒരു മാസ്സ് ഫാന്റസി ആക്ഷൻ എന്റെർറ്റൈനെർ ആണ് അജയന്റെ രണ്ടാം മോഷണം. എല്ലാ രീതിയിലും പ്രേക്ഷകനെ സംതൃപ്തനാക്കും ഈ ടോവിനോ ചിത്രമെന്ന് നമ്മുക്ക് ഉറപ്പിച്ചു പറയാൻ സാധിക്കും. മലയാള സിനിമ ഇതുവരെ കാണാത്ത തലത്തിലുള്ള ദൃശ്യങ്ങളുമായെത്തിയ ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ തുറന്നിടുന്നത് സിനിമാനുഭവത്തിന്റെ ഒരു പുതിയ ലോകമാണ്.
തന്റെ 250 ആം ചിത്രമായ ഒറ്റക്കൊമ്പൻ അടുത്ത വർഷം വരുമെന്ന് പ്രഖ്യാപിച്ച് സുരേഷ് ഗോപി. ഈ ചിത്രം ഉപേക്ഷിച്ചെന്ന വാർത്തകൾ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വർഗീസ് രാജ് ഒരുക്കിയ ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത…
വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന സിനിമയാണ് 'ആനന്ദ് ശ്രീബാല'. അർജുൻ…
1993 ല് റിലീസ് ചെയ്ത, സൂപ്പർ ഹിറ്റ് ജയറാം- രാജസേനൻ ചിത്രമായ മേലേപ്പറമ്പിൽ ആൺവീടിന് രണ്ടാം ഭാഗം. ഗിരീഷ് പുത്തഞ്ചേരി…
കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കാൻ പോകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹൃദയപൂർവം. ഒൻപത് വർഷത്തിന് ശേഷം…
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും തമിഴ് സൂപ്പർസ്റ്റാർ രജനികാന്തും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച് സൂപ്പർ ഹിറ്റായ മണി രത്നം ചിത്രം ദളപതിയും റീ…
This website uses cookies.