ഇന്ത്യൻ സിനിമയിലെ ബ്രഹ്മാണ്ഡ ചിത്രങ്ങളായ ബാഹുബലി സീരിസിന് ശേഷം എസ് എസ് രാജമൗലി ഒരുക്കിയ ആർ ആർ ആർ ആണ് ഇന്ന് ലോകം മുഴുവൻ റിലീസ് ചെയ്ത ഇന്ത്യൻ ചിത്രം. മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി, കന്നഡ ഭാഷകളിൽ പുറത്തു വന്ന ഈ ചിത്രം ഒരുപാടു നാളായി ഇന്ത്യൻ സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരുന്ന ചിത്രമാണ്. കെ വി വിജയേന്ദ്ര പ്രസാദ് രചിച്ച കഥയെ ആസ്പദമാക്കി എസ് എസ് രാജമൗലി തന്നെ തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിച്ചത് ഡിവിവി എന്റെർറ്റൈന്മെന്റ്സ് ആണ്. അഞ്ഞൂറ് കോടിക്ക് മുകളിൽ മുതൽ മുടക്കി നിർമ്മിച്ച ഈ ബ്രഹ്മാണ്ഡ ചിത്രത്തിൽ ജൂനിയർ എൻ ടി ആർ, റാം ചരൺ, ആലിയ ഭട്ട്, അജയ് ദേവ്‌ഗൺ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തത്. ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ ആക്ഷൻ ചിത്രം എന്ന അവകാശവാദവുമായി ആണ് ഈ ചിത്രം റിലീസ് ചെയ്തത്. അതുകൊണ്ട് തന്നെ പ്രേക്ഷകരുടെ മനസിൽ സൃഷ്ടിക്കപ്പെട്ട പ്രതീക്ഷകളോട് പൂർണ്ണമായും നീതി പുലർത്താൻ ഈ ചിത്രത്തിന് സാധിച്ചിട്ടുണ്ട് എന്ന് തന്നെ പറയാം.
1920 കളിലെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ പശ്‌ചാത്തലത്തിൽ ആണ് ഈ ചിത്രം കഥപറയുന്നത്. ദേശത്തിനും ഇവിടുത്തെ ജനങ്ങൾക്കും വേണ്ടി പോരാടിയ കോമരം ഭീം, അല്ലൂരി സീതാരാമ രാജു എന്നിവരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. അവരുടെ ജീവിതം, അതിൽ സംഭവിക്കുന്ന കാര്യങ്ങൾ, അവരുടെ സൗഹൃദം എന്നിവയെല്ലാം ഇതിൽ വിഷയമായി വരുന്നുണ്ട്. കോമരം ഭീം ആയി ജൂനിയർ എൻ ടി ആർ എത്തുമ്പോൾ, അല്ലൂരി സീതാരാമ രാജു ആയി റാം ചരൺ എത്തുന്നു. സീത ആയി ആണ് ആലിയ ഭട്ട് വരുന്നത്. പോലീസിൽ അംഗമായ രാജു ഡൽഹിയിൽ ആണുള്ളത്. തന്റെ ജാതിയിൽ പെട്ട മല്ലി എന്ന പെണ്കുട്ടിയെ പിടിച്ചു കൊണ്ട് പോയ ബ്രിട്ടീഷുകാരിൽ നിന്നും അവളെ രക്ഷിക്കാൻ അക്തർ എന്ന പേരിൽ ഭീം കൂടി ഡൽഹിയിൽ എത്തുന്നതോടെ കഥാഗതി മാറുന്നു.
ബാഹുബലി സീരിസിന് ശേഷം, ലോക സിനിമയ്ക്കു മുന്നിൽ ഒരിക്കൽ കൂടി ഇന്ത്യൻ സിനിമയ്ക്കു ഉയർത്തി കാണിക്കാൻ ഉതകുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രം തന്നെയാണ് എസ് എസ് രാജമൗലി എന്ന സംവിധായകൻ ഇത്തവണയും എത്തിച്ചിരിക്കുന്നത്. അത്ര പ്രൗഢ ഗംഭീരമായ രീതിയിലാണ് ഈ ഇതിഹാസ തുല്യമായ പീരീഡ് ഡ്രാമ അദ്ദേഹം പ്രേക്ഷകരുടെ മുന്നിലെത്തിച്ചിരിക്കുന്നതു. അത്യന്തം ആവേശകരമായ രീതിയിൽ ഒരുക്കിയ ചിത്രത്തിൽ വൈകാരികവും തീവ്രവുമായ രംഗങ്ങൾ ഒരുക്കുന്നതിൽ സംവിധായകൻ പൂർണ്ണമായും വിജയിച്ചു എന്ന് പറയാം. ആദ്യാവസാനം മികച്ച വേഗതയിൽ മുന്നോട്ടു നീങ്ങിയ ചിത്രത്തിൽ വമ്പൻ ആക്ഷൻ രംഗങ്ങളും സമര രംഗങ്ങളുമുണ്ട് എന്നതും ചിത്രത്തിന്റെ മാറ്റു കൂട്ടുന്നു. ബാഹുബലി സീരിസിൽ നമ്മൾ കണ്ടതിനേക്കാളും മികച്ച രീതിയിൽ ഒരുക്കിയ വി എഫ് എക്സ് ആർ ആർ ആർ എന്ന ഈ ചിത്രത്തെ കൂടുതൽ വലിയ ഒരു ദൃശ്യ വിസ്മയമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. അതിനോടൊപ്പം ഗംഭീരമായ ശബ്ദ മിശ്രണവും കൂടി ചേർന്നപ്പോൾ ആർ ആർ ആർ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച സാങ്കേതിക പൂർണതയുള്ള ചിത്രമായി മാറി എന്ന് പറയാം.
കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നത് മുതൽ, പ്രേക്ഷകരുടെ മനസ്സിലേക്ക് വൈകാരികമായി ആ കഥാപാത്രങ്ങളെ എത്തിക്കുന്നതിൽ വരെ ഒരു ഗംഭീര സംവിധായകന്റെ കയ്യടക്കം നമ്മുക്ക് തെളിഞ്ഞു കാണാം. ജൂനിയർ എൻ ടി ആർ, റാം ചരൺ എന്നിവരുടെ ഇൻട്രൊഡക്ഷൻ സീൻ തന്നെ പ്രേക്ഷകരെ രോമാഞ്ചം കൊള്ളിക്കുന്നു ആയിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ ആണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എങ്കിലും, ഇതിലെ വൈകാരിക നിമിഷങ്ങൾ ആണ് ചിത്രത്തെ പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്ക് അടുപ്പിക്കുന്നത്. ഇന്റർവെൽ, ക്ലൈമാക്സ് പോര്ഷനുകളിൽ ആക്ഷനും വൈകാരികതയും അതിമനോഹരമായി യോജിപ്പിച്ച രീതിയും അഭിനന്ദനം അർഹിക്കുന്നുണ്ട്.
ജൂനിയർ എൻ ടി ആർ, റാം ചരൺ എന്നിവർ കോമരം ഭീം, അല്ലൂരി സീതാരാമ രാജു എന്നീ കഥാപാത്രങ്ങളായി മിന്നുന്ന പ്രകടനമാണ് കാഴ്ച വെച്ചത്. ഓരോ ചെറു ചലനങ്ങളിൽ പോലും കഥാപാത്രമായി മാറാൻ ഇവർ രണ്ടു പേരും എടുത്ത പ്രയത്നം ഏറ്റവും മികച്ച ഫലം തന്നെ നൽകി എന്നുള്ളത് സംശയമില്ലാതെ തന്നെ പറയാം. പ്രകടന മികവിൽ ജൂനിയർ എൻ ടി ആർ ഒരുപടി മുന്നിൽ നിന്നു എന്നതാണ് സത്യം. അത് പോലെ തന്നെ ആലിയ ഭട്ട്, അജയ് ദേവ്‌ഗൺ എന്നിവർ കാഴ്ച വെച്ച പ്രകടനവും ചിത്രത്തിന്റെ മികവിൽ നിർണ്ണായകമായി മാറി. ഒളിവിയ മോറിസ്, സമുദ്രക്കനി എന്നിവരുടെ പ്രകടനങ്ങൾ പ്രേത്യേകം അഭിനന്ദിക്കപ്പെടേണ്ടതാണ്. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച അല്ലിസോൺ ഡൂഡി, റേ സ്റ്റീവൻസൺ, ശ്രിയ ശരൺ, ഛത്രപതി ശേഖർ, രാജീവ് കനകാല, രാഹുൽ രാമകൃഷ്ണ, എഡ്‌വേഡ് എന്നിവരും തങ്ങളുടെ മികച്ച പ്രകടനം തന്നെ ഈ ബ്രഹ്മാണ്ഡ ചിത്രത്തിനായി നൽകി.
കീരവാണി ഒരുക്കിയ ഗാനങ്ങൾ മികച്ച നിലവാരം തന്നെ പുലർത്തി. എന്നാൽ അദ്ദേഹം ഒരുക്കിയ പശ്ചാത്തല സംഗീതത്തിനെ അതിഗംഭീരം എന്ന വാക്കിലല്ലാതെ വിശേഷിപ്പിക്കാനാവില്ല. ചിത്രത്തിന്റെ ആവേശം മുഴുവൻ അതിന്റെ പശ്ചാത്തല സംഗീതത്തിന്റെ കൂടി ഫലമായിരുന്നു എന്നതാണ് സത്യം. അത് പോലെ തന്നെ മനോഹരങ്ങളായ ദൃശ്യങ്ങളൊരുക്കിയ സെന്തിൽ കുമാറും തന്റെ ഭാഗം ഏറ്റവും മികച്ചതാക്കി. മൂന്നു മണിക്കൂറിനു മുകളിൽ ദൈർഘ്യമുള്ള ഈ ചിത്രം ഒട്ടും ഇഴയാതെ മുന്നോട്ടു പോയിട്ടുണ്ടെങ്കിൽ അത് എഡിറ്റർ ശ്രീകർ പ്രസാദിന്റെ കഴിവ് കൂടിയാണെന്ന് സമ്മതിക്കേണ്ടി വരും. അത്ര ഗംഭീരമായാണ് അദ്ദേഹം ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. സെന്തിൽ കുമാറിന്റെ ദൃശ്യങ്ങൾ പലപ്പോഴും അത്ഭുതമാണ് സമ്മാനിച്ചത്.
ചുരുക്കി പറഞ്ഞാൽ, ആർ ആർ ആർ, ഇന്ത്യൻ സിനിമ ഇത് വരെ കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും വലിയ ദൃശ്യ വിസ്മയം തന്നെയാണ്. ഏതു അർഥത്തിലും ഏറ്റവും മികച്ച ഒരു ദൃശ്യാനുഭവമാണ് ഈ രാജമൗലി ചിത്രവും നമ്മുക്ക് നൽകുന്നത്. ഇന്ത്യൻ സിനിമയ്ക്കു അഭിമാനിക്കാവുന്ന ചിത്രമാണ് ആർ ആർ ആർ എന്ന് പറഞ്ഞാലും അതിലൊട്ടും അതിശയോക്തിയില്ല. തീയേറ്ററിൽ ഞെട്ടിക്കുന്ന സിനിമാനുഭവമാണ് ആർ ആർ ആർ പകർന്നു നൽകുന്നത് എന്നതും എടുത്തു പറയണം. നഷ്ടപ്പെടുത്തരുത് ഈ ചലച്ചിത്രാനുഭവം.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.