യുവ താരം ഷെയിൻ നിഗം നായകനായി എത്തിയ ഉല്ലാസമെന്ന ചിത്രം ഏറെ പ്രതീക്ഷകൾക്ക് നടുവിലാണ് റിലീസ് ചെയ്തത്. നവാഗതനായ ജീവൻ ജോജോ സംവിധാനം ചെയ്ത ഈ ചിത്രം ഒരു തരത്തിൽ പറഞ്ഞാൽ ഷെയിൻ നിഗം എന്ന താരത്തെ തുറന്ന് വിടുന്ന ഒരു ചിത്രമായാണ് അവതരിപ്പിച്ചിരിക്കുന്നത്. തന്റെ കരിയറിൽ തന്നെ ആദ്യമായി ഒരു കെട്ടുപാടുകളുമില്ലാതെ, അടിച്ചു പൊളിച്ച്, ആസ്വദിച്ചഭിനയിക്കുന്ന ഒരു ഷെയിൻ നിഗമിനെയാണ് സംവിധായകൻ പ്രേക്ഷകർക്ക് മുന്നിലേക്ക് നിർത്തിയത്. അത് തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റും. ഇത് വരെ നമ്മൾ കാണാത്തതോ കേൾക്കാത്തതോ ഒന്നുമല്ല പ്രവീൺ ബാലകൃഷ്ണൻ രചിച്ച ഈ ചിത്രം പറയുന്നത്. എന്നാൽ, കാണുന്നവർക്കു അതിലൊരു പുതുമ ഫീൽ ചെയ്യിക്കാനും, ചിത്രത്തിന്റെ പേര് പോലെ തന്നെ രണ്ടു മണിക്കൂറിനു മുകളിൽ മനസ്സിന് ഉല്ലാസം നൽകാനും അവർക്കു സാധിച്ചു.
ഒരു ഊട്ടി യാത്രക്കിടയിൽ പരിചയപ്പെടുന്ന ഒരു യുവാവിന്റെയും യുവതിയുടേയും ജീവിതത്തിലൂടെയാണ് ഈ ചിത്രം സഞ്ചരിക്കുന്നത്. അവർക്കിടയിലുണ്ടാകുന്ന സൗഹൃദവും പ്രണയവുമെല്ലാം അതീവ രസകരമായാണ് ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്. തങ്ങളുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെ പരിചയപ്പെടുന്ന ഇരുവരും, പിന്നീട് പരസ്പരം തേടുന്നതാണ് ചിത്രത്തിന്റെ കഥാതന്തു. അവർ വീണ്ടും കണ്ടു മുട്ടുമോ എന്ന ചോദ്യവും, അവരുടെ ജീവിതത്തിൽ നേരത്തെ സംഭവിച്ചിട്ടുള്ള ചില കാര്യങ്ങളുമുൾപ്പെടുത്തിയാണ് ഈ ചിത്രം മുന്നോട്ടു പോകുന്നത്. ഹാസ്യത്തിനും പ്രണയത്തിനും പ്രാധാന്യം നൽകിയിരിക്കുന്ന ഈ ചിത്രത്തിൽ, ഒരു കംപ്ലീറ്റ് എന്റെർറ്റൈനെറിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന എല്ലാം ഉൾക്കൊള്ളിച്ചിട്ടുണ്ട്. മനോഹരമായ ഗാനങ്ങളും നൃത്തവും അതുപോലെ ആവശ്യമുള്ള ആക്ഷൻ സീനുകളും വൈകാരിക മുഹൂര്തങ്ങളുമെല്ലാം കോർത്തിണക്കിയാണ് ഉല്ലാസം ഒരുക്കിയിരിക്കുന്നത്. ഷെയിൻ നിഗം അവതരിപ്പിക്കുന്ന, ഓരോ സ്ഥലത്തു ഓരോ പേര് പറയുന്ന, രസികനായ ആ ചെറുപ്പക്കാരനെ കാണുന്നവർക്കെല്ലാവർക്കും ഇഷ്ടപ്പെടുന്നത് പോലെ, പെട്ടെന്ന് തന്നെ പ്രേക്ഷകർക്കും ഇഷ്ടപെടുന്നു എന്നതാണ് ഈ ചിത്രത്തെ അവരുടെ മനസ്സിലെത്തിക്കുന്ന ഏറ്റവും വലിയ ഘടകം.
അത്ര രസകരമായാണ് ഈ കഥാപാത്രത്തെ രചയിതാവും സംവിധായകനും ചേർന്ന് രൂപീകരിച്ചിരിക്കുന്നത്. പ്രേക്ഷകന്റെ മനസ്സറിഞ്ഞു കഥ പറയാൻ ഉള്ള തന്റെ കഴിവ് ജീവൻ ജോജോ എന്ന നവാഗതൻ ഈ ചിത്രത്തിലൂടെ നമ്മുക്ക് കാണിച്ചു തരുന്നുണ്ട്. വളരെ വേഗത്തിൽ പ്രേക്ഷകന്റെ മനസ്സ് കയ്യിലെടുത്ത് കൊണ്ട്, അവരെ കൂടി ചിത്രത്തിനൊപ്പം സഞ്ചരിപ്പിച്ചു കൊണ്ടാണ് ജീവൻ ജോജോ ഈ കഥ പറഞ്ഞിരിക്കുന്നത്. ചിരിപ്പിക്കുന്ന സംഭാഷണങ്ങളാൽ സമൃദ്ധമാണ് ഉല്ലാസം. അത് പോലെ തന്നെ മനോഹരമായ ദൃശ്യങ്ങളും സംഗീതവും എല്ലാം നിറച്ച് കൊണ്ട്, പ്രേക്ഷകന് അക്ഷരാർത്ഥത്തിലൊരു വിരുന്നൊരുക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. കഥാ സന്ദർഭങ്ങൾ ഒരുക്കിയതിലും അതിലേക്കു രസകരമായ രീതിയിലും വിശ്വസനീയമായ രീതിയിലും ഓരോ കഥാപാത്രങ്ങളേയും കൊണ്ട് വരാൻ കാണിച്ച മിടുക്കിലും രചയിതാവും അഭിനന്ദനമർഹിക്കുന്നു.
ഷെയിൻ നിഗമെന്ന നടൻ തന്റെ കഴിവിന്റെ പുതിയൊരു തലമാണ് ഈ ചിത്രത്തിലൂടെ കാണിച്ചു തന്നത്. ഒരു താരമെന്ന നിലയിൽ എത്രത്തോളം വളരാനുമുള്ള കഴിവ് തനിക്കുണ്ടെന്ന് ഷെയിൻ നിഗം കാണിക്കുന്നു. കോമെഡിയും പ്രണയവും നൃത്തവും എല്ലാം അനായാസമായി ചെയ്ത ഈ നടൻ വൈകാരിക രംഗങ്ങളിൽ പുലർത്തുന്ന മികവ് നമ്മുക്ക് നേരത്തെ തന്നെയറിയാം. നായികാ വേഷം ചെയ്ത പവിത്ര ലക്ഷ്മി മികച്ച പ്രകടനം കാഴ്ച വെച്ചപ്പോൾ, മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന രഞ്ജി പണിക്കർ, ദീപക് പറമ്പോൽ, ബേസിൽ ജോസെഫ്, അജു വർഗീസ് എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തിയിട്ടുണ്ട്. സ്വരൂപ് ഫിലിപ് ഒരുക്കിയ ദൃശ്യങ്ങൾ വളരെ മനോഹരമായിരുന്നു. ചിത്രത്തിന്റെ കഥയുടെ മൂഡിന് പറ്റിയ ദൃശ്യങ്ങൾ നല്കാൻ സ്വരൂപും, അതിനു പറ്റിയ പശ്‌ചാത്തല സംഗീതമൊരുക്കുന്നതിൽ ഗോപി സുന്ദറും വിജയിച്ചപ്പോൾ ചിത്രത്തിന്റെ മാറ്റു വർധിച്ചു. ഷാൻ റഹ്മാൻ ഈണം നൽകിയ ഗാനങ്ങളാണ് ഉല്ലാസത്തിൽ ഉല്ലാസം നിറക്കുന്ന മറ്റൊരു ഘടകം. അത് പോലെ തന്നെ ചിത്രത്തിന് മികച്ച വേഗത പകർന്നു നൽകിയ ജോൺ കുട്ടിയുടെ എഡിറ്റിംഗ് മികവും എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്.
ചുരുക്കി പറഞ്ഞാൽ പ്രേക്ഷകനെ ഒരുപാട് രസിപ്പിക്കുന്ന ഒരു തികഞ്ഞ വിനോദ ചിത്രമാണ് ഉല്ലാസം. എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കാൻ പ്രാപ്തിയുള്ള ഈ ചിത്രം, അവർക്കു സന്തോഷവും ചിരിയും പകരുന്ന മുഹൂർത്തങ്ങൾ സമ്മാനിക്കുമെന്നത് തീർച്ചയാണ്. ഒരിക്കലും പ്രേക്ഷകനെ നിരാശരാക്കുന്ന ഒരു ചിത്രമായിരിക്കില്ല എന്നതുപോലെ തന്നെ, അണിയറ പ്രവർത്തകർ അവകാശപെട്ടത് പോലെ തന്നെ ഈ സീസണിലെ ഏറ്റവും മികച്ച റൊമാന്റിക് എന്റർടൈനർ എന്ന് ഉല്ലാസത്തെ നമ്മുക്ക് വിശേഷിപ്പിക്കാം.
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസിന്റെ ട്രൈലെർ സെൻസർ ചെയ്തു. രണ്ട് മിനിട്ടിനു മുകളിൽ ദൈർഘ്യമുള്ള ഈ…
ഐവി ശശി- മമ്മൂട്ടി കൂട്ടുകെട്ടിന്റെ 'ആവനാഴി' റീ റിലീസ് ചെയ്യുന്ന ഡേറ്റ് പുറത്ത്. 'ഇൻസ്പെക്ടർ ബൽറാം' എന്ന തീപ്പൊരി പൊലീസ്…
ഏറെ വർഷങ്ങൾക്ക് മുൻപ് മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തിയ 'ഓഫാബി'ക്ക് ശേഷം ആനിമേറ്റഡ് ക്യാരക്ടർ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം 'ലൗലി'…
ഷറഫുദ്ദീൻ, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ഫാന്റസി കോമഡി ചിത്രം 'ഹലോ…
തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ കങ്കുവ നവംബർ പതിനാലിന് ആഗോള റിലീസായി എത്തുകയാണ്. കേരളത്തിലും…
This website uses cookies.