മലയാളികളുടെ പ്രീയപെട്ടതാരമായ ജയറാം ഒരിടവേളക്ക് ശേഷം മലയാളത്തിൽ ചെയ്ത ചിത്രമാണ് ഇന്ന് റിലീസ് ആയ മകൾ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഈ ചിത്രത്തിന് രചന നിർവഹിച്ചിരിക്കുന്നത് ഡോക്ടർ ഇഖ്ബാൽ കുറ്റിപ്പുറം ആണ്. സെൻട്രൽ പ്രൊഡക്ഷൻസ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ജയറാമിനൊപ്പം മീര ജാസ്മിൻ, ദേവിക സഞ്ജയ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നു. ഒരു വലിയ ഇടവേളയ്ക്കു ശേഷം മീര ജാസ്മിൻ അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഇത്. ഇതിന്റെ ടീസ, ട്രൈലെർ, ഇതിലെ കണ്ണാണ് എന്നിവ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. സത്യൻ അന്തിക്കാട് ചിത്രങ്ങൾ എന്നും സ്വീകരിക്കുന്ന പ്രേക്ഷകർ കാണാൻ കാത്തിരുന്ന ഒരു ചിത്രം കൂടിയാണ് മകൾ. മോഹൻലാലിന് ശേഷം സത്യൻ അന്തിക്കാടുമായി ചേർന്ന് ഏറ്റവും കൂടുതൽ ഹിറ്റുകൾ നൽകിയ നടൻ ആണ് ജയറാം എന്നതും ആ പ്രതീക്ഷകൾ വർധിപ്പിച്ചിരുന്നു.
ജയറാം അവതരിപ്പിക്കുന്ന നന്ദകുമാർ, മീര ജാസ്മിൻ അവതരിപ്പിക്കുന്ന ജൂലിയറ്റ് എന്നിവരും അവരുടെ മകൾ ആയെത്തുന്ന അപർണ്ണ എന്ന ദേവികയുടെ കഥാപാത്രത്തിന്റെയും കഥയാണ് ഈ ചിത്രം പറയുന്നത്. മിശ്ര വിവാഹമാണ് നന്ദന്റെ എങ്കിലും അതിന്റെ പ്രശ്നങ്ങൾ ഒന്നും അവരുടെ ജീവിതത്തിൽ ഇല്ല. എന്നാൽ മകൾ ജനിച്ചു കുറെ കാലം കഴിഞ്ഞു പ്രവാസി ആയ നന്ദൻ, പിന്നീട് അവിടുത്തെ ജോലി ഉപേക്ഷിച്ചു തിരിച്ചെത്തുന്നതോടെയാണ് അവരുടെ ജീവിതത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകുന്നതു. പ്രധാനമായും പ്രായപൂർത്തിയായ മകളെ മനസ്സിലാക്കാൻ നന്ദൻ എന്ന അച്ഛന് കഴിയുമോ എന്നതും അതിന്റെ പശ്‌ചാത്തലത്തിൽ അവരുടെ കുടുംബത്തിലും ബന്ധങ്ങളിലും ഉണ്ടാവുന്ന സംഭവങ്ങളുമാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. വളരെ ചിട്ടയോടെ കാര്യങ്ങൾ ചെയ്യണം എന്നാഗ്രഹിക്കുന്ന നന്ദൻ പതിനഞ്ചു വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം കുടുംബത്തിലേക്ക് മടങ്ങിയെത്തുമ്പോൾ, ടീനേജുകാരിയായ മകൾക്ക് അവളും അമ്മയും ഉള്ള ലോകത്തെ സ്വാതന്ത്ര്യം നഷ്ട്ടപെടുന്നതായിട്ടാണ് തോന്നുന്നത്. ആ സാഹചര്യത്തിൽ നന്ദൻ എന്ന അച്ഛൻ അനുഭവിക്കുന്ന മാനസിക സംഘര്ഷങ്ങളാണ് ഈ ചിത്രത്തിന്റെ കഥയുടെ പ്രധാന ഭാഗം.
സത്യൻ അന്തിക്കാട് ഒരിക്കൽ കൂടി ഒരു ഫീൽ ഗുഡ് കുടുംബ ചിത്രം സമ്മാനിക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. എന്നാൽ ഇന്നത്തെ പ്രേക്ഷകർക്ക് അത് മാത്രം മതിയോ എന്ന ചോദ്യം ബാക്കിയാണ്. പതിവ് പോലെ തന്നെ, വളരെ ലളിതമായ ഒരു കഥയിൽ കുടുംബ ബന്ധങ്ങളുടെ വൈകാരികതയും ചിരിയും ചിന്തയും ചാലിച്ച് സത്യൻ അന്തിക്കാട് അവതരിപ്പിച്ചപ്പോൾ, അത് മലയാളി കുടുംബങ്ങളിലേക്കും കുടുംബ ബന്ധങ്ങളിലേക്കുമുള്ള ഒരു തിരിഞ്ഞു നോട്ടം കൂടിയായി മാറുന്നുണ്ട് എന്നത് സത്യമാണ്. ഇക്‌ബാൽ കുറ്റിപ്പുറത്തിന്റെ രചന സത്യൻ അന്തിക്കാടിന്റെ ശൈലിയിലൂടെ വെള്ളിത്തിരയിൽ വന്നപ്പോൾ, കുടുംബ പ്രേക്ഷകർക്ക് ആസ്വദിക്കാൻ കഴിയുന്ന ഒരു ചിത്രമായി ഒരു പരിധി വരെ മകൾ മാറി. ഒരു ഇന്ത്യൻ പ്രണയ കഥ, ജോമോന്റെ സുവിശേഷങ്ങൾ എന്നീ ചിത്രങ്ങളിൽ ഒക്കെ നമ്മൾ കണ്ടത് പോലെ, ലളിതമായ സന്ദര്ഭങ്ങളിലൂടെ കഥ പറയാൻ ഇക്ബാൽ കുറ്റിപ്പുറത്തിനു സാധിച്ചെങ്കിലും ഈ ചിത്രത്തിന്റെ ഏറ്റവും വലിയ നെഗറ്റീവ് ആയി നിലനിൽക്കുന്നത് തിരക്കഥയിലെ പിഴവുകളാണ്. പ്രത്യേകിച്ചും ചിത്രത്തിന്റെ രണ്ടാം പകുതി സഞ്ചരിക്കുന്നത് ഒരു ലക്ഷ്യബോധം ഇല്ലാതെയാണ് എന്നുള്ള തോന്നലാണ് പ്രേക്ഷകരിൽ ഉണ്ടാക്കുന്നത്. ആദ്യ പകുതി അവസാനിക്കുന്നിടത്തു നിന്നതു ക്‌ളൈമാക്‌സ് വരെ എത്തുമ്പോഴും കാര്യമായി ഒന്നും സംഭവിക്കുന്നില്ല എന്നതും, അതുപോലെ രണ്ടാം പകുതിയിൽ കടന്നു വരുന്ന ഒരു പുതിയ കഥാപാത്രവും അയാളുടെ ഫ്ലാഷ്ബാക്കുമെല്ലാം വളരെയധികം മുഴച്ചു നിൽക്കുന്നതായും അനുഭവപ്പെടുന്നുണ്ട്. തന്റെ സ്വതസിദ്ധമായ ശൈലിയിൽ ഒട്ടേറെ നർമ്മ മുഹൂർത്തങ്ങൾ കലർത്തി കഥ പറഞ്ഞ സത്യൻ അന്തിക്കാടിന് തിരക്കഥയുടെ ദുര്ബലത കാരണം കൊണ്ട് തന്നെ വൈകാരിക രംഗങ്ങളുടെ തീവർത്ത പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിക്കാതെ പോകുന്നുണ്ട്. ചില സമയത്തു സംഭാഷണങ്ങളിലടക്കം കടന്നു വന്ന അസ്വാഭാവികതയും കല്ലുകടി ആയി. എന്നിരുന്നാലും മകൾ, പ്രേക്ഷകനെ വലിയ രീതിയിൽ ബോറടിപ്പിക്കാതെ മുന്നോട്ടു പോയി ആണ് അവസാനിക്കുന്നത് എന്നത് പ്ലസ് പോയിന്റാണ്.
നന്ദൻ എന്ന കഥാപാത്രമായുള്ള ജയറാമിന്റെ പ്രകടനം അദ്ദേഹത്തിന്റെ സമീപകാലത്തെ നല്ലൊരു പ്രകടനമാണ്. ഒരിടവേളക്ക് ശേഷമാണു ജയറാം എന്ന നടനെ കുറച്ചെങ്കിലും ഉപയോഗിച്ച ഒരു ചിത്രം നമ്മുക്ക് കാണാൻ സാധിക്കുന്നത് എന്ന് തന്നെ പറയണം. അത് പോലെ തന്നെ ജൂലിയറ്റ് ആയുള്ള മീരാ ജാസ്മിന്റെ പ്രകടനവും എടുത്തു പറയേണ്ടത് തന്നെ ആണ്. വളരെ മികച്ച രീതിയിൽ തന്നെ, വളരെ പക്വമായ പ്രകടനം ആണ് മീര ജാസ്മിൻ ഈ ചിത്രത്തിൽ കാഴ്ച വെച്ചത്. ഇവരുടെ മകളായി എത്തിയ ദേവിക സഞ്ജയ് തന്റെ കഥാപാത്രത്തെ മനോഹരമാക്കിയപ്പോൾ, മറ്റു അഭിനേതാക്കൾ ആയ സിദ്ദിഖ്, ഇന്നസെന്റ്, നസ്ലെൻ, ശ്രീനിവാസൻ, അൽത്താഫ് സലിം, ജയശങ്കർ, ഡയാന ഹമീദ്, മീര നായർ, ശ്രീധന്യ, നിൽജ ബേബി, ബാലാജി മനോഹർ എന്നിവരും മികച്ച പ്രകടനം തന്നെ നൽകി. വിഷ്ണു വിജയ് ഒരുക്കിയ ഗാനങ്ങൾ ശരാശരി നിലവാരം മാത്രം പുലർത്തിയപ്പോൾ എസ് കുമാർ ഒരുക്കിയ ദൃശ്യങ്ങൾ മികച്ചു നിന്നു. ചിത്രത്തിന്റെ മൂഡിനനുസരിച്ചുള്ള രീതിയിൽ ദൃശ്യങ്ങൾ ഒരുക്കിയ അദ്ദേഹം ഈ സിനിമയുടെ മുന്നോട്ടുള്ള ഒഴുക്കിനെ കൂടി സഹായിച്ചിട്ടുണ്ട്. രാജ ഗോപാലിന്റെ എഡിറ്റിംഗ് മികച്ചു നിന്നതും ചിത്രത്തിന് മുതൽക്കൂട്ടായി. അതുപോലെ എടുത്തു പറയേണ്ട ഒന്നാണ് രാഹുൽ രാജ് ഒരുക്കിയ ഇതിന്റെ പശ്‌ചാത്തല സംഗീതത്തിന്റെ മികവ്.
മകൾ ഒരു സ്ഥിരം സത്യൻ അന്തിക്കാടൻ അച്ചിൽ വാർത്തെടുത്ത കുടുംബ ചിത്രമാണ്. ചിരിയും ചിന്തയും കുടുംബത്തിൽ ഉണ്ടാവുന്ന സങ്കടങ്ങളും സ്നേഹവും പരിഭവവും എല്ലാം കൂട്ടിച്ചേർത്ത ശരാശരി ഫാമിലി ഡ്രാമ. അമിത പ്രതീക്ഷകളുടെ ഭാണ്ഡകെട്ട് തലയിലേറ്റാതെ കണ്ടാൽ, ബോറടിക്കാതെ ഒന്ന് കണ്ടു മറക്കാവുന്ന ഒരു സത്യൻ അന്തിക്കാട് ചിത്രം.
യുവതാരം അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് ഒരുക്കിയ ആനന്ദ് ശ്രീബാല ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. ചിത്രത്തിന്റെ കേരളാ തീയേറ്റർ…
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസിന്റെ ട്രൈലെർ സെൻസർ ചെയ്തു. രണ്ട് മിനിട്ടിനു മുകളിൽ ദൈർഘ്യമുള്ള ഈ…
ഐവി ശശി- മമ്മൂട്ടി കൂട്ടുകെട്ടിന്റെ 'ആവനാഴി' റീ റിലീസ് ചെയ്യുന്ന ഡേറ്റ് പുറത്ത്. 'ഇൻസ്പെക്ടർ ബൽറാം' എന്ന തീപ്പൊരി പൊലീസ്…
ഏറെ വർഷങ്ങൾക്ക് മുൻപ് മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തിയ 'ഓഫാബി'ക്ക് ശേഷം ആനിമേറ്റഡ് ക്യാരക്ടർ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം 'ലൗലി'…
ഷറഫുദ്ദീൻ, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ഫാന്റസി കോമഡി ചിത്രം 'ഹലോ…
This website uses cookies.