ഈ അടുത്തകാലത്തെങ്ങും ഒരു രജനികാന്ത് ചിത്രത്തിനും ലഭിക്കാത്ത കാത്തിരിപ്പും സ്വീകരണവും ലഭിച്ചു കൊണ്ടാണ് ഇന്ന് ജയിലർ എന്ന മാസ്സ് എന്റെർറ്റൈനെർ പ്രേക്ഷകരുടെ മുന്നിലെത്തിയത്. കോലമാവ് കോകില, ഡോക്ടർ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ചെങ്കിലും, ബീസ്റ്റ് എന്ന വിജയ് ചിത്രത്തിന് മോശം പ്രതികരണങ്ങൾ ലഭിച്ചതോടെ സംവിധായകൻ നെൽസണിലും, അടുത്തകാലത്ത് വിജയങ്ങൾ അകലം പാലിച്ചു നിന്ന രജനികാന്തിലും ആദ്യം മുതൽ വലിയ പ്രതീക്ഷകൾ പ്രേക്ഷകർ വെച്ച് പുലർത്തിയിരുന്നില്ല. എന്നാൽ മോഹൻലാൽ, ശിവ രാജ് കുമാർ, ജാക്കി ഷെറോഫ് തുടങ്ങി വമ്പൻ താരങ്ങളെ ഈ ചിത്രത്തിന്റെ താരനിരയിലേക്ക് എത്തിച്ചതോടെ ചിത്രത്തിന് മേലുള്ള പ്രതീക്ഷകളും ഹൈപും ഉയരാൻ തുടങ്ങി. അവസാനം അനിരുദ്ധ് ഒരുക്കിയ ഗാനങ്ങളും വമ്പൻ ഹിറ്റായതോടെ വളരെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട്, രജനികാന്തിന്റെ കരിയറിലെ തന്നെ ഏറ്റവും ഹൈപ്പുള്ള ചിത്രങ്ങളിൽ ഒന്നായി ജയിലർ മാറുന്ന കാഴ്ചയാണ് കണ്ടത്.
ഇത്ര പ്രതീക്ഷയിൽ വന്നത് കൊണ്ട് തന്നെ, അതിനൊത്ത പ്രകടനം കാഴ്ചവെക്കാൻ ചിത്രത്തിന് സാധിച്ചോ എന്നതിനാണ് ഉത്തരം വേണ്ടത്. സത്യം പറഞ്ഞാൽ, ഏറെ നാളിനു ശേഷമാണു പ്രേക്ഷകരെ ആവേശം കൊള്ളിച്ച, അവരെ തൃപ്തിപ്പെടുത്തിയ ഒരു രജനികാന്ത് ചിത്രം വന്നിരിക്കുന്നതെന്ന് തന്നെ ജയിലറിനെ കുറിച്ച് പറയാം. ടൈഗർ മുത്തുവേൽ പാണ്ട്യൻ എന്ന നായക കഥാപാത്രമായി രജനികാന്ത് അക്ഷരാർത്ഥത്തിൽ അഴിഞ്ഞാടിയ ചിത്രമാണ് ജയിലർ. പ്രായത്തിന് ചേരുന്ന ലുക്കും കഥാപാത്ര രൂപീകരണവും രജനീകാന്തിന് വേണ്ടി നടത്തിയ നെൽസൺ തന്നെയാണ് ഏറ്റവും കൂടുതൽ കയ്യടിയർഹിക്കുന്നത്. പൊലീസുകാരനായ മകന് വേണ്ടി ഒരച്ഛൻ നടത്തുന്ന പ്രതികാരത്തിന്റെ കഥയെ, വളരെ രസകരവും ആവേശകരവുമായാണ് നെൽസൺ പ്രേക്ഷകരുടെ മുന്നിലെത്തിച്ചിരിക്കുന്നത്.
എല്ലാത്തരം പ്രേക്ഷകരേയും ആകർഷിക്കുന്ന വിനോദ ഘടകങ്ങൾ കോർത്തിണക്കിയ തിരക്കഥയുടെ ഹൈലൈറ്റുകൾ നെൽസൺ സ്പെഷ്യൽ കോമെഡിയും, തലൈവരുടെ ഗംഭീര ആക്ഷൻ ബ്ലോക്കുകളുമാണ്. അതോടൊപ്പം എപ്പോഴും രോമാഞ്ചം സമ്മാനിക്കുന്ന രജനികാന്ത് സ്പെഷ്യൽ സ്റ്റൈലിലുള്ള പഞ്ച് ഡയലോഗുകളും ചിത്രത്തിന് കൊഴുപ്പ് നൽകി. സാങ്കേതികമായി ഉന്നത നിലവാരം പുലർത്തിയ ചിത്രത്തിൽ നെൽസൺ കയ്യടി നേടുന്നത് മറ്റൊരു കാര്യത്തിന് കൂടിയാണ്. ആദ്യ പകുതിയിൽ കിടിലൻ കോമഡി രംഗങ്ങൾ ഒരുക്കിയ നെൽസൺ, ഇന്റെർവെലിന് തീയേറ്റർ കുലുങ്ങുന്ന മാസ്സ് പഞ്ച് ആണ് നൽകിയത്. ഇന്റെർവെലിന് ശേഷമുള്ള ജയിൽ സീനും അതിലെ രജനികാന്ത് ഡയലോഗുകളുമെല്ലാം ആരാധകരെ മാത്രമല്ല, ആസ്വാദകരെ മുഴുവൻ രോമാഞ്ചം കൊള്ളിക്കുന്നുണ്ട്.
തെന്നിന്ത്യയിലെ തന്നെ ഏറ്റവും വലിയ താരങ്ങളിലൊരായ മോഹൻലാലിനേയും, കന്നഡ സൂപ്പർ താരം ശിവ രാജ് കുമാറിനേയും ഒക്കെ അതിഥി വേഷത്തിൽ കൊണ്ട് വരുമ്പോൾ, അവരുടെ താരമൂല്യത്തിന് ചേർന്ന രീതിയിൽ ആ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് നെൽസൺ. അവരുടെ ആരാധകർക്കും കയ്യടിക്കാനും ആവേശം കൊള്ളാനുമുള്ള മുഹൂർത്തങ്ങൾ ഈ സംവിധായകൻ സമ്മാനിച്ചപ്പോൾ ജയിലർ അക്ഷരാർത്ഥത്തിൽ ഒരു താരപ്പൂരം തന്നെയായി മാറി. ആക്ഷനും കോമെഡിക്കും ഒപ്പം വൈകാരിക മുഹൂർത്തങ്ങൾക്കും സ്ഥാനം നൽകിയ തിരക്കഥ ചിത്രത്തിന്റെ നട്ടെല്ലായി മാറുന്നുണ്ട്. മാത്യു എന്ന കഥാപാത്രമായി മോഹൻലാൽ വന്നിറങ്ങുന്ന രംഗവും അതിന് അനിരുദ്ധ് നൽകിയ സംഗീതവും തീയേറ്ററുകളെ അക്ഷരാർത്ഥത്തിൽ പ്രകമ്പനം കൊള്ളിച്ചു. അതുപോലെ ക്ളൈമാക്സിലും കൂടി മോഹൻലാൽ വരവ് സംഭവിക്കുന്നതോടെ തീയേറ്ററുകൾ പ്രകമ്പനം കൊള്ളുന്ന കാഴ്ചയാണ് കാണാൻ സാധിക്കുക. മറ്റൊരു ഇന്ഡസ്ട്രിയിലെ സൂപ്പർ താരത്തെ ഏറ്റവും മനോഹരമായി എങ്ങനെ അവതരിപ്പിക്കണമെന്ന് നെൽസൺ പലർക്കും കാണിച്ചു കൊടുക്കുന്നുണ്ട്.
ഈ ചിത്രത്തിന്റെ ആത്മാവായി നിൽക്കുന്നത് അനിരുദ്ധ് രവിചന്ദർ ഒരുക്കിയ ത്രസിപ്പിക്കുന്ന പശ്‌ചാത്തല സംഗീതമാണ്. അദ്ദേഹത്തിന്റെ ഗാനങ്ങൾ തീയേറ്ററുകളിൽ ആവേശം നിറക്കുമ്പോൾ, പശ്‌ചാത്തല സംഗീതം ആരാധർക്ക് സമ്മാനിക്കുന്നത് രോമാഞ്ചമാണ്. ടൈഗർ കാ ഹുക്കും സംഗീതമൊക്കെ രജനികാന്ത് സ്വാഗിനെ മറ്റൊരു തലത്തിൽ കൊണ്ടെത്തിക്കുന്നുണ്ട്. അതുപോലെ എടുത്തു പറയേണ്ട പ്രകടനമാണ് വില്ലനായി അഭിനയിച്ച വിനായകൻ നൽകിയിരിക്കുന്നത്. തമിഴിൽ ഒരു സെൻസേഷണൽ വില്ലനായി ഇതിലൂടെ വിനായകൻ മാറുമെന്നുറപ്പ്, രമ്യ കൃഷ്ണൻ, ജാക്കി ഷെറോഫ്, യോഗി ബാബു, വസന്ത് രവി, സുനിൽ എന്നിവരും ചിത്രത്തിൽ തിളങ്ങുന്നുണ്ട്.
വിജയ് കാർത്തിക് കണ്ണന്റെ കാമറ കണ്ണുകളിലൂടെ നമ്മുക്ക് ലഭിച്ച ദൃശ്യങ്ങൾ ഗംഭീരമായപ്പോൾ, ആർ നിർമ്മൽ ഒരിക്കൽ കൂടി തന്റെ എഡിറ്റിംഗ് മികവ് കാണിച്ചു തന്നു. രണ്ടേമുക്കാൽ മണിക്കൂറിൽ കൂടുതൽ ദൈർഘ്യമുള്ള ഈ ചിത്രം ആദ്യാവസാനം മികച്ച ഒഴുക്കിലാണ് സഞ്ചരിച്ചതെന്നത് എഡിറ്ററുടെ മികവാണ്. അങ്ങനെ, ഏത് അളവുകോലിൽ നോക്കിയാലും ഒരു രജനികാന്ത് ചിത്രത്തിൽ നിന്ന് പ്രേക്ഷകർ എന്ത് പ്രതീക്ഷിക്കുന്നുവോ അത് പൂർണ്ണമായും നൽകി അവരെ തൃപ്തിപ്പെടുത്തുന്ന പക്കാ മാസ്സ് എന്റർടൈനറാണ് ജയിലർ. ഏറെക്കാലത്തിന് ശേഷം ധൈര്യമായി ടിക്കറ്റ് എടുക്കാവുന്ന ഒരു രജനികാന്ത് ചിത്രമെന്നും ഇതിനെ നമ്മുക്ക് വിശേഷിപ്പിക്കാം. ഇനി സംഭവിക്കുമോ എന്ന് പോലും ഉറപ്പില്ലാത്ത മോഹൻലാൽ- രജനികാന്ത് ഓൺസ്‌ക്രീൻ സംഗമവും നമ്മുക്ക് നൽകുന്ന ജയിലർ ഓരോ ആസ്വാദകനും സമ്മാനിക്കുന്നത് ഇത്തരം അപൂർവവും അസുലഭവുമായ നിമിഷങ്ങൾ കൂടിയാണ്
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'പൊൻമാൻ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 ജനുവരി…
This website uses cookies.