[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Reviews

നടനവിസ്മയം “തുടരും, മോഹന നടനത്തിന്റെ തിളക്കവുമായി തരുൺ മൂർത്തി മാജിക്; “തുടരും” റിവ്യൂ വായിക്കാം

മലയാളത്തിന്റെ മോഹൻലാൽ നായകനായ “തുടരും” പ്രേക്ഷകരുടെ മുന്നിലെത്തിയത് ഏറെ പ്രതീക്ഷകൾക്ക് നടുവിലാണ്. ഓപ്പറേഷൻ ജാവാ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ തരുൺ മൂർത്തി ഒരുക്കുന്ന ചിത്രമെന്ന നിലയിലും, മോഹൻലാൽ- ശോഭന ടീം ഒരു വലിയ ഇടവേളക്ക് ശേഷം ഒന്നിക്കുന്ന ചിത്രമെന്ന നിലയിലും ശ്രദ്ധ നേടിയ ഈ ചിത്രം പ്രേക്ഷകരിൽ പ്രതീക്ഷകളുടെ ആകാശം സൃഷ്ടിച്ചത് ഒറ്റ കാരണത്താൽ ആണ്. അത് മറ്റൊന്നുമല്ല, മലയാളികളുടെ മനസ്സിന്റെ കണ്ണാടിയായ മോഹൻലാൽ എന്ന നടൻ വീണ്ടും അവരിൽ ഒരുവനായി, സാധാരണക്കാരനായി എത്തുന്നു എന്നതാണ്. കെ ആർ സുനിലും, തരുൺ മൂർത്തിയും ചേർന്ന് രചിച്ച ഈ ചിത്രത്തിൽ ടാക്സി ഡ്രൈവർ ഷണ്മുഖൻ എന്ന ബെൻസ് ആയി മോഹൻലാൽ ഒരു ഷർട്ടും മുണ്ടുമിട്ട് വന്നു നിന്നപ്പോൾ, മലയാളികൾ ഒന്നടങ്കം പറഞ്ഞു, “എന്തൊരു ചേലാണ്..എന്റെ കിനാവാണ്‌..എന്തിലും നീയാണ്”.

പത്തനംതിട്ട റാന്നി സ്വദേശിയായ ഷണ്മുഖൻ എന്ന ടാക്സി ഡ്രൈവറുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ഷണ്മുഖനും ഭാര്യ ലളിതയും അവരുടെ രണ്ടു മക്കളും അടങ്ങുന്ന സന്തുഷ്ടമായ, ഒരു ലോവർ മിഡിൽ ക്ലാസ് മലയാളി കുടുംബത്തിന്റെ സന്തോഷങ്ങളിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. അവർക്കൊപ്പം സ്വന്തം മക്കളെ പോലെ ഷണ്മുഖൻ സ്നേഹിക്കുന്ന തന്റെ വിന്റേജ് ബ്ലാക്ക് അംബാസിഡർ കാറും ഉണ്ട്. ആദ്യ പകുതിയുടെ ആദ്യ മുപ്പത് മിനിറ്റുകളിൽ നമ്മൾ കാണുന്നത് മലയാളികളെ കൊതിപ്പിക്കുന്ന ലാൽ ഭാവങ്ങളിലൂടെയും നൊസ്റ്റാൾജിയ ഉണർത്തുന്ന മുഹൂർത്തങ്ങളിലൂടെയുമുള്ള രസകരമായ ഒരു യാത്രയാണ്. ഒട്ടും മുഴച്ചു നിൽക്കാതെ ഉപയോഗിക്കുന്ന സെൽഫ് ട്രോളുകളും ചിത്രത്തെ അതീവ രസകരമാക്കി. എന്നാൽ അതിന് ശേഷം ചിത്രത്തിന്റെ ട്രാക്ക് മാറുന്ന കാഴ്ച്ചയാണ് നമ്മൾ കാണുന്നത്.

തന്റെ കാറുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നത്തിൽ ഷണ്മുഖന് പോലീസ് സ്റ്റേഷനിൽ എത്തേണ്ടി വരുന്നതോടെ ചിത്രത്തിന്റെ മൂഡ് തന്നെ മാറുന്നു. പിന്നെ നമ്മൾ കാണുന്നത് മോഹൻലാൽ എന്ന മഹാനടന്റെ അമ്പരപ്പിക്കുന്ന പകർന്നാട്ടമാണ്. കിരീടത്തിലും ചെങ്കോലിലും സദയത്തിലും തന്മാത്രയിലും ദൃശ്യത്തിലുമെല്ലാം പ്രേക്ഷകർ കണ്ട നിസ്സഹായനായ, സങ്കടപെടുന്ന, കരയുന്ന, വേവുന്ന മോഹൻലാൽ, മനസ്സ് നീറിപ്പുകയുന്ന മോഹൻലാൽ. മോഹൻലാലിനൊപ്പം പ്രേക്ഷകരും കരയുന്ന കാഴ്ച. അവിടം കൊണ്ടും തീരുന്നില്ല. കുറച്ചു കഴിയുമ്പോൾ ചിത്രം വീണ്ടും ട്രാക്ക് മാറുന്നു. പിന്നീട് കാണുന്നത് ക്ലാസും മാസ്സുമായ മോഹൻലാലിൻറെ അഴിഞ്ഞാട്ടമാണ്. ഇനിയും പറഞ്ഞാൽ കഥ പറയേണ്ടി വരും എന്നത് കൊണ്ട് നിർത്തുന്നു.

ഇതുവരെ കാണാത്ത കഥയോ കേൾക്കാത്ത കഥയോ അല്ല തരുൺ മൂർത്തി എന്ന സംവിധായകൻ പറഞ്ഞിരിക്കുന്നത്. എന്നാൽ അദ്ദേഹം ചെയ്തത്, മലയാളത്തിലെ എക്കാലത്തേയും ഏറ്റവും വലിയ മോഹൻലാൽ എന്ന താരത്തേയും, എക്കാലത്തേയും ഏറ്റവും മികച്ച മോഹൻലാൽ എന്ന നടനെയും ഗംഭീരമായി കൂട്ടിയോജിപ്പിച്ചു പ്രേക്ഷകരുടെ മുന്നിൽ അവരിൽ ഒരുവനായി കൊണ്ട് നിർത്തി എന്നതാണ്. മോഹൻലാൽ മുന്നിൽ നിറഞ്ഞാടുമ്പോൾ, പിന്നെന്തു വേണം. മോഹൻലാലിനെ ഫുൾ ഫോമിൽ, ഒരു നടനായും താരമായും കണ്ടാൽ മലയാളികളുടെ ഓണവും വിഷുവും സംക്രാന്തിയും എല്ലാം അതാണ് എന്ന സത്യം തരുൺ മൂർത്തി തിരിച്ചറിയുകയും അതിനെ കൃത്യമായി എത്തേണ്ട ഡോസിൽ എത്തിക്കുകയും ചെയ്തു. വൈകാരിക നിമിഷങ്ങളും, കോമേഡിയും ത്രില്ലും ആക്ഷനും എല്ലാം കോർത്തിണക്കി ഒരുക്കിയ ചിത്രം അതിനൊപ്പം തന്നെ ഒരു പക്കാ ഫാമിലി ഡ്രാമ ആയും പ്രസക്തിയുള്ള വിഷയം ചർച്ച ചെയ്യുന്ന ഒരു ചിത്രമായും നിലനിർത്താനും തരുൺ മൂർത്തിക്കും കെ ആർ സുനിലിനും സാധിച്ചിട്ടുണ്ട്. രണ്ടേമുക്കാൽ മണിക്കൂറുള്ള ഒരു ചിത്രത്തിൽ ഒരു മിനിറ്റുപോലും സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാൻ പ്രേക്ഷകരെ ഇവർ സമ്മതിച്ചിട്ടില്ല. കാരണം മോഹൻലാൽ എന്ന അഭിനയ ഗോപുരത്തെ ഇവർ ആകാശം മുട്ടെ വളർത്തി നിർത്തിയിരിക്കുകയാണ് സ്‌ക്രീനിൽ.

മോഹൻലാൽ എന്ന നടനെ കുറിച്ച് പറയാൻ മലയാളികൾക് ഇനി വിശേഷണങ്ങൾ കണ്ടെത്തേണ്ട അവസ്ഥയാണ്. നല്ലൊരു പണിക്കാരന്റെ കയ്യിൽ കിട്ടിയാൽ അയാളേക്കാൾ മികച്ചവൻ ഇന്ത്യൻ സിനിമയിൽ എന്നല്ല ലോക സിനിമയിൽ ഇല്ലെന്നു ഓരോ മലയാളി പ്രേക്ഷകനും നെഞ്ചിൽ കൈവെച്ചു പറയും. അതാണ് തരുൺ മൂർത്തി ഒരിക്കൽ കൂടി കാണിച്ചു തന്നതും. അതിമാനുഷനായി വന്ന് ഒരു മാസം മുൻപ് മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം സമ്മാനിച്ച മോഹൻലാൽ എന്ന താരം, മുപ്പത് ദിവസം കഴിഞ്ഞപ്പോൾ ഷണ്മുഖൻ എന്ന ഒരു സാധാരണക്കാരനായ ടാക്സി ഡ്രൈവർ ആയി വന്നു തന്റെ പ്രകടനം കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിക്കുന്ന കാഴ്ചയാണ് “തുടരും തരുന്നത്”. ഓരോ നോട്ടത്തിലും ഭാവത്തിലും ചിരിയിലും കണ്ണിന്റെയും വിരലുകളുടെയും ചലനം കൊണ്ട് പോലും അയാൾ പ്രേക്ഷകരെ തന്റെ സ്വന്തമാക്കുകയാണ്. ചിത്രത്തിലെ ഒരു ഡയലോഗ് കടമെടുത്താൽ, “ആനകൾ നടക്കുമ്പോൾ കാടും അവർക്കൊപ്പം നടക്കുന്നു”. അത്‌പോലെ മലയാളികൾക്ക് ഒരിക്കലും മടുക്കാത്ത ആനയെ പോലെ, കടൽ പോലെ മോഹൻലാൽ പറന്നു നടക്കുമ്പോൾ, ഇടിച്ചു കുത്തി ഒഴുകുമ്പോൾ മലയാളം മുഴുവൻ അതിനൊപ്പം നടക്കുകയാണ്, ഒഴുകുകയാണ്.

ഓരോ നോട്ടം കൊണ്ട് പോലും രോമാഞ്ചം തന്നു കൊണ്ട് ലളിത ആയി ശോഭന കയ്യടി നേടുമ്പോൾ, ചിത്രത്തിൽ പ്രേക്ഷകരെ അമ്പരപ്പിച്ച മറ്റൊരു താരം, ആദ്യമായി ക്യാമറക്കു മുന്നിലെത്തിയ പ്രകാശ് വർമ്മ എന്ന നടൻ ആണ്. ജോർജ് സർ എന്ന വില്ലനായി, മോഹൻലാലിനൊപ്പം കട്ടക്ക് നിൽക്കുന്ന പ്രകടനവുമായി പ്രകാശ് വർമ്മ ഞെട്ടിക്കുന്നുണ്ട്. ബിനു പപ്പു തന്റെ കരിയർ ബെസ്റ്റ് പ്രകടനം ആണ് ബെന്നി എന്ന പോലീസ് വേഷത്തിൽ ചെയ്തിരിക്കുന്നത് എന്നും പറയാം. ഇവർക്കൊപ്പം തോമസ് മാത്യു, ഫർഹാൻ ഫാസിൽ, മണിയൻ പിള്ള രാജു, ഇർഷാദ് അലി, സംഗീത് പ്രതാപ്, അബിൻ ബിനോ, ഷൈജു അടിമാലി, ഭാരതിരാജ എന്നിവരും ശ്രദ്ധ നേടുന്നു.

പ്രശസ്ത ക്യാമറാമാൻ ഷാജി കുമാർ ഒരുക്കിയ അതിമനോഹരമായ ദൃശ്യങ്ങൾ ചിത്രത്തിന്റെ നട്ടെല്ലായി മാറിയപ്പോൾ, സംഗീത സംവിധായകനായ ജേക്സ് ബിജോയ് ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഗംഭീരമായിരുന്നു എന്ന് മാത്രമല്ല അത് ചിത്രത്തിന്റെ കഥയോടും അവതരണ രീതിയോടും വളരെയധികം ചേർന്ന് നിന്നു എന്നതും എടുത്തു പറയണം. ഷാജി കുമാറിന്റെ കിടിലൻ ദൃശ്യങ്ങൾക്കൊപ്പം ജേക്സ് ബിജോയ് ബിജിഎം ഇട്ടു കത്തിച്ചപ്പോൾ ചിത്രത്തിന്റെ അനുഭവം തന്നെ മറ്റൊരു തലത്തിലെത്തി. അന്തരിച്ചു പോയ നിഷാദ് യൂസഫും, പുതുമുഖമായ ഷഫീക് വിബിയും ചേർന്നാണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത്. തങ്ങളുടെ എഡിറ്റിംഗ് മികവിലൂടെ അവർ ഈ ചിത്രത്തിന് നൽകിയ ഒഴുക്ക് ഇതിന്റെ സാങ്കേതിക പൂർണ്ണതയിൽ നിർണ്ണായകമായി മാറി.

ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ എന്ന നിലയിൽ ഗംഭീരമായ സിനിമാനുഭവമാണ് “തുടരും” തരുന്നത് . എല്ലാത്തരം പ്രേക്ഷകർക്കും ആസ്വാദ്യകരമായ ഈ ചിത്രം ഒരു നിമിഷംപോലും നിങ്ങളെ ബോറടിപ്പിക്കില്ല എന്ന് മാത്രമല്ല നിങ്ങളെ ഒരിക്കലും നിരാശരാക്കുകയുമില്ല. മോഹൻലാൽ “തുടരും” എന്ന് അവസാനം എഴുതി കാണിക്കുന്നത് ഒരു ഫാൻ സർവീസ് അല്ല, ഒരു പ്രസ്താവനയാണ്. കഴിഞ്ഞ 45 വർഷമായിട്ടു ഇയാൾക്ക് മേലെ മലയാളികൾക്ക് മറ്റൊന്നില്ല, ഇനി ഉണ്ടാവുകയുമില്ല..ആ മോഹൻലാൽ മാജിക് തുടരും…മലയാളികളുടെ ആ സ്നേഹം തുടരും..ഒപ്പം ഗംഭീര ചിത്രങ്ങളുമായി തരുൺ മൂർത്തിയും ഇവിടെ “തുടരും”…തുടരണം..ഓരോ പ്രേക്ഷകനും പറയുന്നത് ഇതാണ്…

webdesk

Recent Posts

സൗഹൃദ ബന്ധത്തിന്റെ യാത്ര തുടങ്ങുന്നു; ആസിഫ് അലിയുടെ ‘സർക്കീട്ട്’ ട്രെയ്‌ലർ പുറത്തിറങ്ങി..

ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…

2 days ago

പോരാട്ട വീര്യവുമായി ‘നരിവേട്ട’; ട്രെയ്‌ലർ പുറത്തിറങ്ങി..

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്‌ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…

2 days ago

സോഷ്യൽ മീഡിയയിൽ വൈറലായി അനു സിതാര വ്ലോഗ്; ആദിവാസി കർഷകനും പത്മശ്രീ ജേതാവുമായ ചെറുവയൽ രാമനൊപ്പം താരം

സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…

4 days ago

തിയേറ്ററിൽ മധുരം വിളമ്പി സുനിലിന്റെ ‘കേക്ക് സ്റ്റോറി’; മികച്ച അഭിപ്രായങ്ങളുമായി പഴയകാല ഹിറ്റ്‌ സംവിധായകൻ സുനിലിന്റെ തിരിച്ചു വരവ്

പഴയകാല ഹിറ്റ്‌ സംവിധായകൻ സുനിലിന്റെ തിരിച്ചു വരവ് ഗംഭീരമാക്കി കേക്ക് സ്റ്റോറി നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ. റിലീസ് ചെയ്ത തീയേറ്ററുകളിൽ…

5 days ago

‘മരണമാസ്സ് ചുരുക്കം ചിലർക്ക് മാത്രം സാധിക്കുന്ന ധീരത..’സിനിമയെ അഭിനന്ദിച്ച് മുരളി ഗോപി

മരണമാസ്സ്‌ സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ…

5 days ago

പാൻ ഇന്ത്യൻ ചിത്രം ’45 ‘ ന്റെ ഗ്രാൻഡ് ടീസർ ലോഞ്ചും പ്രസ്സ് മീറ്റും കൊച്ചിയിൽ നടന്നു.

ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…

6 days ago

This website uses cookies.