പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് മുകളിൽ നിൽക്കുന്ന ഒരനുഭവം സമ്മാനിക്കുക എന്നത് ഏത് ചലച്ചിത്രകാരനും വലിയ വെല്ലുവിളി തന്നെയാണ്. അതിലും വെല്ലുവിളിയാണ്, പ്രേക്ഷകർ തങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്ന തരം ചിത്രങ്ങളിൽ നിന്ന് മാറി നിൽക്കുന്ന വ്യത്യസ്തമായ ഒരു ചിത്രം ഒരുക്കുന്നതും, അതിലൂടെ പ്രേക്ഷകർക്ക് ഒരു പുതിയ അനുഭവം നൽകുന്നതും. ആ വെല്ലുവിളി ഏറ്റെടുത്ത് വിജയം നേടിയിരിക്കുകയാണ് ഷാജി കൈലാസ് എന്ന സംവിധായകൻ. മോഹൻലാലിനെ നായകനാക്കി അദ്ദേഹമൊരുക്കിയ എലോണെന്ന ചിത്രത്തിലൂടെയാണ് പരീക്ഷണത്തിന്റെ പുതു വഴികളിലൂടെ സഞ്ചരിക്കുന്ന ഷാജി കൈലാസ് എന്ന സംവിധായകനെ നമ്മുക്ക് കാണാൻ സാധിക്കുന്നത്. തട്ട് പൊളിപ്പൻ മാസ്സ് ചിത്രങ്ങളുടെ വക്താവായി നിന്നിരുന്ന ഷാജി കൈലാസിനെ, ഈ പുതിയ കാലത്തിന്റെ ശൈലിയിലും സ്വഭാവത്തിലും കാണാൻ സാധിക്കുന്ന ചിത്രമാണ് എലോൺ.
മോഹൻലാൽ അവതരിപ്പിക്കുന്ന കാളിദാസൻ എന്ന ഒരൊറ്റ കഥാപാത്രത്തെ മാത്രം സ്‌ക്രീനിൽ കാണിച്ചു കൊണ്ടാണ് ഈ ചിത്രം പൂർണ്ണമായും ഒരുക്കിയത്. കോവിഡ് ലോക്ക് ഡൌൺ കാലഘട്ടത്തിന്റെ പശ്‌ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രം അതിന്റെ ടൈറ്റിൽ കാർഡ് കാണിക്കുന്ന നിമിഷം മുതൽ ആ കാലഘട്ടത്തിന്റെ ഭീകരത പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട്. കോയമ്പത്തൂരിൽ നിന്ന് കൊച്ചിയിലെ ഒരു പുതിയ ഫ്ലാറ്റിലേക്ക് താമസം മാറിയെത്തുന്ന കാളിദാസൻ തന്നെ കുറിച്ച് പറയുന്നത് മോട്ടിവേഷണൽ സ്പീക്കറാണ് താൻ എന്നാണ്. വളരെ ഫിലോസഫിക്കലായും ഹൈപ്പർ എനർജെറ്റിക്ക് ആയും പെരുമാറുന്ന കാളിദാസനെ പുതിയ ഫ്ലാറ്റിൽ കാത്തിരിക്കുന്നത് കുറെയേറെ അസ്വാഭാവികമായ കാര്യങ്ങളാണ്. അവിടെ നടക്കുന്ന സംഭവങ്ങൾ അയാളെ കൊണ്ട് ചെന്നെത്തിക്കുന്നത് ചില അന്വേഷണ വഴികളിലേക്കാണ്. ആ അന്വേഷണമാണ് ഹൊറർ, ക്രൈം, സസ്പെൻസ്, സൈക്കോളജി എന്നിവയെല്ലാം ഉൾപ്പെടുത്തി ഷാജി കൈലാസും രചയിതാവ് രാജേഷ് ജയരാമനും നമ്മുടെ മുന്നിലെത്തിക്കുന്നത്.
മോഹൻലാൽ ഒഴികെയുള്ള ഇതിലെ മറ്റ് കഥാപാത്രങ്ങളെല്ലാം തന്നെ ഫോൺ സംഭാഷണങ്ങളിലൂടെയുള്ള ശബ്ദമായി മാത്രമാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഒരു കഥാപാത്രത്തെ മാത്രം സ്‌ക്രീനിൽ കാണിച്ചു കൊണ്ട് രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ഒരു കഥ പറയുക എന്നത് വലിയ രീതിയിൽ പാളി പോകാവുന്ന ഒരു സാഹചര്യം കൂടിയാണ് ഉണ്ടാക്കുന്നത്. എന്നാൽ ഷാജി കൈലാസ് എന്ന സംവിധായകൻ അതിനെ മറികടക്കുന്നത് ഗംഭീരമായ, എന്നാൽ വ്യത്യസ്തമായതും ഷാജി കൈലാസ് കയ്യൊപ്പ് ചാർത്തിയതുമായ മേക്കിങ് കൊണ്ടാണ്. എന്ത് കൊണ്ടാണ് താൻ ഇന്ത്യൻ സിനിമയിലെ മഹാനടന്മാരിലൊരാളായി നിലനിൽക്കുന്നതെന്ന് മോഹൻലാലും നമ്മുക്ക് പറഞ്ഞു തരുന്നു. രണ്ട് മണിക്കൂർ സംഭാഷണങ്ങൾ കൊണ്ടും, ഭാവ പ്രകടനങ്ങൾ കൊണ്ടും, ശരീര ഭാഷ കൊണ്ടും ഒറ്റക്ക് ഒരാൾ ഒരു ചിത്രത്തെ തോളിലേറ്റി മുന്നോട്ടു പോകുന്ന കാഴ്ച മനോഹരമാണ്. ഒരുപക്ഷെ നിലവിൽ മോഹൻലാൽ എന്ന നടന് മാത്രം സാധിക്കുന്ന കാര്യമാണത് എന്ന് പറയേണ്ടി വരും.
കാളിദാസൻ എന്ന കഥാപാത്രത്തിലേക്ക് മോഹൻലാൽ പരകായ പ്രവേശം നടത്തിയപ്പോൾ, അതിസൂക്ഷ്മമായ ചലനങ്ങളിൽ പോലും അയാൾ പുലർത്തിയ പൂർണ്ണത എടുത്തു പറഞ്ഞേ പറ്റൂ. ക്ലോസ് അപ് ഷോട്ടുകളും, തന്നെ മാത്രം ഫോക്കസ് ചെയ്യുന്ന ക്യാമറ ചലനങ്ങളും നിറഞ്ഞു നിൽക്കുന്ന ഒരു ചിത്രത്തിൽ രണ്ട് മണിക്കൂറോളം പ്രകടനം കൊണ്ട് മാത്രം പ്രേക്ഷകരെ പിടിച്ചിരുത്തുക എന്ന ദൗത്യം വളരെ അനായാസമായാണ് മോഹൻലാൽ നിർവഹിച്ചത്. ഒരാൾ മാത്രമുള്ള ഒരു ചിത്രത്തിന്റെ വേഗത പ്രേക്ഷകർക്ക് പ്രശ്നമാകാമെങ്കിലും, ആദ്യ പകുതിയിൽ മാത്രമാണ് ആ വേഗത കുറവും ഉണ്ടായിരുന്നുള്ളു. പ്രേക്ഷകരിൽ ആകാംഷ ജനിപ്പിക്കുന്ന ഒരു ത്രില്ലർ പോലെയാണ് രണ്ടാം പകുതി മുന്നേറിയത്. അഭിനന്ദം രാമാനുജൻ, പ്രമോദ് പിള്ള എന്നിവരുടെ ക്യാമറ വർക്കും ഡോൺ മാക്സ് നിർവഹിച്ച എഡിറ്റിംഗും വലിയ അഭിന്ദനമാണ് ഇവിടെ അർഹിക്കുന്നത്.
മഞ്ജു വാര്യർ, പൃഥ്വിരാജ് സുകുമാരൻ, സിദ്ദിഖ്, രഞ്ജി പണിക്കർ, ബൈജു സന്തോഷ്, മല്ലിക സുകുമാരൻ, സീനത്ത്, നന്ദു, ആനി, രചന നാരായണൻ കുട്ടി, ശങ്കർ രാമകൃഷ്ണൻ, സുരേഷ് കൃഷ്ണ തുടങ്ങി ഒട്ടേറെ പേർ തങ്ങളുടെ ശബ്ദങ്ങളിലൂടെ മാത്രം കഥാപാത്രത്തിന് ജീവൻ പകർന്നിട്ടുണ്ട്. അതിൽ തന്നെ പൃഥ്വിരാജ് അവതരിപ്പിച്ച ഹരി ഭായ്, മഞ്ജു വാര്യർ അവതരിപ്പിച്ച യമുന എന്നിവരുടെ പ്രകടനം വേറിട്ട് നിൽക്കുന്നു. ഇവർക്കൊപ്പം കയ്യടി നൽകേണ്ട മറ്റൊരു ടീം, ഇതിന് പശ്‌ചാത്തല സംഗീതമൊരുക്കിയ ടീം ഫോർ മ്യൂസിക്സ് ആണ്. ചിത്രത്തിന് ചടുലത നൽകുന്നതിലും, കഥാസന്ദര്ഭങ്ങൾക്കനുസരിച്ചുള്ള ആകാംഷയും ഭയവും ആവേശവും ദുരൂഹതയും പ്രേക്ഷകരിൽ നിറക്കാനും ഇവർക്കു സാധിച്ചിട്ടുണ്ട്. ഒരു ഒടിടി ചിത്രത്തിന്റെ കാൻവാസ് ആണ് എലോണിന് ഉള്ളതെങ്കിലും, ഒരു പരീക്ഷണ ചിത്രമെന്ന നിലയിൽ സമീപിക്കുമ്പോൾ വലിയ തൃപ്തിയും മികച്ച ആസ്വാദനവും ഇത് പകർന്ന് തരുന്നുണ്ട്. ഇത്തരമൊരു ചിത്രം കാണാനുള്ള മനസ്സുള്ള ഒരു പ്രേക്ഷകനേയും എലോൺ നിരാശപ്പെടുത്തില്ല എന്ന് മാത്രമല്ല, ഇത്തരമൊരു പരീക്ഷണത്തിന്റെ പുതിയ വഴികളിലൂടെ സഞ്ചരിച്ച് കൊണ്ട്, നിലവാരമുള്ള ഒരു സിനിമാനുഭവം സമ്മാനിച്ച മോഹൻലാൽ-ഷാജി കൈലാസ് ടീം അഭിനന്ദനവും അർഹിക്കുന്നു.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.