മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം നേര്; റിവ്യൂ വായിക്കാം
ദൃശ്യം, ദൃശ്യം 2 , ട്വൽത് മാൻ എന്നീ വലിയ വിജയ ചിത്രങ്ങൾ ചെയ്ത കൂട്ടുകെട്ട് ആയത് കൊണ്ട് തന്നെ, മികച്ച പ്രതീക്ഷകൾ സമ്മാനിച്ച് കൊണ്ട് റിലീസ് ചെയ്ത ചിത്രമാണ് ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തിയ മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം നേര്. ജീത്തു ജോസഫും നടിയും വക്കീലുമായ ശാന്തി മായാദേവിയും ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രം, ഒരു ഇമോഷണൽ കോർട്ട് റൂം ഡ്രാമ ആയാണ് ഒരുക്കിയിരിക്കുന്നത്. മോഹൻലാൽ, അനശ്വര രാജൻ, പ്രിയാമണി, സിദ്ദിഖ്, ജഗദീഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയൊരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. ട്രൈലെർ, പോസ്റ്ററുകൾ എന്നിവയിലൂടെയൊക്കെ തന്നെ പ്രേക്ഷകരിൽ ആകാംഷ ജനിപ്പിക്കാൻ നേരിന് സാധിച്ചിരുന്നു.
സാറ എന്ന അന്ധയായ ഒരു ശില്പി നേരിടേണ്ടി വരുന്ന ഒരു കുറ്റകൃത്യവും അതിനെ തുടർന്ന് കോടതിയിൽ നടക്കുന്ന സംഭവ വികാസങ്ങളുമാണ് ഈ ചിത്രത്തിന്റെ കഥാതന്തു. സത്യം തെളിയിക്കാൻ വിജയമോഹൻ എന്ന വക്കീൽ കഥാപാത്രം നടത്തുന്ന ശ്രമങ്ങളും അതിൽ അയാൾ നേടുന്ന തിരിച്ചടികളും ചിത്രത്തിന്റെ കഥയുടെ ഗതിയെ നിർണ്ണയിക്കുന്നു. സത്യം അയാൾക്ക് തെളിയിക്കാൻ സാധിക്കുമോ എന്നതും, അയാൾ എങ്ങനെയാണ് അതിലേക്കു എത്തുന്നതെന്നതുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ചിത്രം തുടങ്ങി വളരെ വേഗം തന്നെ കുറ്റ കൃത്യവും പ്രതിയും എന്താണെന്ന് പ്രേക്ഷകരോട് പറയുന്ന ഈ ചിത്രം, പിന്നീട് സഞ്ചരിക്കുന്നത് കോടതിയിൽ അതെങ്ങനെ തെളിയിക്കപ്പെടുന്നു എന്ന ആകാംഷയുടെ വഴിയിലൂടെയാണ്.
വളരെ പ്രത്യേകതകൾ ഉള്ള ഒരു കുറ്റകൃത്യം, പ്രേക്ഷകരിൽ ആകാംഷയുളവാക്കുന്ന തരത്തിൽ അവതരിപ്പിച്ചതാണ് ഈ ചിത്രത്തിന്റെ മികവും, അതിന്റെ വിജയവും. കഥാപാത്രങ്ങളുടെ വൈകാരിക തലങ്ങൾ പൂർണ്ണമായും ഒപ്പിയെടുത്ത ജീത്തു ജോസഫ് പുലർത്തിയ കയ്യടക്കം തന്നെയാണ് ഈ ചിത്രത്തിന്റെ പ്രധാന ശ്കതികളിലൊന്ന്. അദ്ദേഹവും ശാന്തിയും ചേർന്നൊരുക്കിയ തിരക്കഥയെ ഗംഭീരം എന്ന് തന്നെ വിശേഷിപ്പിക്കേണ്ടി വരും. വൈകാരികതയുടെ ഒരു ചരടിൽ പ്രേക്ഷകരെ കൊരുത്തിട്ട കഥാഖ്യാനം കൊണ്ട് ജീത്തു ജോസഫ് പ്രേക്ഷകർക്ക് സമ്മാനിച്ചത് മികച്ച ഒരു സിനിമാനുഭവമാണ്. പതിവ് പോലെ തന്നെ രണ്ടാം പകുതിയിലെ ആകാംഷാഭരിതമായ രംഗങ്ങൾ കൊണ്ടും ഗംഭീര ക്ളൈമാക്സ് കൊണ്ടും ജീത്തു ജോസഫ് പ്രേക്ഷകരുടെ കയ്യടി നേടുന്നുണ്ട്. ഓരോ ഷോട്ടുകളും, അതിലൂടെ കൈവരിച്ച വൈകാരികതയുടെ തുടർച്ചയും, ശ്കതമായ സംഭാഷണങ്ങളും, കൃത്യത പുലർത്തിയ കോടതി നടപടി രംഗങ്ങളും ചിത്രത്തിന് മുതൽ കൂട്ടായിട്ടുണ്ട്. കോടതി രംഗങ്ങൾ മികവുറ്റതാക്കുന്നതിൽ വക്കീൽ കൂടിയായ ശാന്തി മായാദേവി വഹിച്ച പങ്കും വളരെ വലുതാണ്. മലയാള സിനിമയിൽ നമ്മൾ ഇതുവരെ കണ്ടതിൽ നിന്നെല്ലാം വ്യത്യസ്തമായി വളരെ റിലയസ്റ്റിക് ആയാണ് നേരിൽ കോടതി രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകരുടെ കണ്ണ് നനയിക്കുന്ന രംഗങ്ങൾക്കൊപ്പം അവരിൽ ആകാംഷ ജനിപ്പിക്കുന്ന കഥാ സന്ദർഭങ്ങളും വളരെ വിദഗ്ദ്ധമായാണ് നേരിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വിജയ മോഹൻ എന്ന വക്കീൽ കഥാപാത്രമായി മോഹൻലാൽ കാഴ്ചവെച്ച പ്രകടനമാണ് നേരിന്റെ ഏറ്റവും വലിയ മികവ്. ഒരിടവേളക്ക് ശേഷമാണു മോഹൻലാൽ എന്ന നടന്റെ അതിശക്തമായ ഒരു പ്രകടനത്തിന് മലയാള സിനിമാ പ്രേമികൾ സാക്ഷ്യം വഹിക്കുന്നത്. ഓരോ നേട്ടത്തിലും ചലനത്തിലും വിജയ മോഹനെന്ന വക്കീലായി മാറിയ മോഹൻലാൽ, അതി സൂക്ഷ്മമായ തന്റെ ഭാവതലങ്ങൾ കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നുണ്ട്. കണ്ണുകൾ കൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രകടനത്തെ അത്ഭുതത്തോട് കൂടി മാത്രമേ പ്രേക്ഷകർക്ക് സ്വീകരിക്കാൻ കഴിയു, വിജയമോഹന്റെ മാനസിക വ്യഥകളും നിസ്സഹായതയും ദൃഢനിശ്ചയവും എല്ലാം അതിമനോഹരമായാണ് മോഹൻലാൽ സ്‌ക്രീനിൽ എത്തിച്ചത്.
അതുപോലെ തന്നെ കയ്യടി നേടുന്ന ഗംഭീര പ്രകടനമാണ് അനശ്വര രാജൻ നൽകിയത്. കണ്ണ് കാണാൻ കഴിയാത്ത സാറ എന്ന കഥാപാത്രമായി അനശ്വര നൽകിയത് തന്റെ കരിയർ ബെസ്റ്റ് പെർഫോമൻസാണ്. ഈ ചെറിയ പ്രായത്തിലും അനശ്വര കാഴ്ച വെച്ച പക്വതയാർന്ന പ്രകടനം ഈ നടിയുടെ പ്രതിഭ വിളിച്ചോതുന്നുണ്ട്. സിദ്ദിഖ്, ജഗദീഷ് എന്നിവരും പ്രകടനം കൊണ്ട് ഞെട്ടിച്ചു. ശ്കതനായ വക്കീൽ വേഷത്തിൽ സിദ്ദിക്കും നിസ്സഹായനായ അച്ഛനായി ജഗദീഷും പ്രേക്ഷകരുടെ മുക്തകണ്ഠ പ്രശംസയേറ്റു വാങ്ങുകയാണ്. പ്രിയാമണി, ശ്രീധന്യ, നന്ദു, ശങ്കർ ഇന്ദുചൂഡൻ, ഗണേഷ് കുമാർ, അദിതി രവി, ഹരികൃഷ്ണൻ, കലേഷ് രാമാനന്ദ് തുടങ്ങിയവരും ശ്രദ്ധ നേടുന്നുണ്ട്.
സാങ്കേതിക വിഭാഗത്തിലും മികച്ച നിലവാരം പുലർത്തിയ നേരിന്റെ മികവിൽ നിർണ്ണായക സംഭാവന നൽകിയത് വിഷ്ണു ശ്യാം ഒരുക്കിയ പശ്ചാത്തല സംഗീതമാണ്. ആദ്യാവസാനം അതിഗംഭീരമായ ഫീലാണ് അദ്ദേഹത്തിന്റെ സംഗീതം പ്രേക്ഷകർക്ക് നൽകിയത്. വൈകാരിക രംഗങ്ങളുടെ അന്തസത്ത ചോർന്നു പോവാതെ തന്നെ അത് പ്രേക്ഷകരുടെ മനസ്സിലെത്തിക്കുന്നതിൽ വിഷ്ണു ശ്യാമിന്റെ സംഗീതവും, സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണവും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഒരു കോടതി മുറിക്കുള്ളിലെ ചെറിയ സ്ഥലപരിമിതിക്കുള്ളിൽ നിന്ന് കൊണ്ട് സതീഷ് കുറുപ്പ് നൽകിയ ദൃശ്യങ്ങൾ മനോഹരമായിരുന്നു. വി എസ് വിനായക് എന്ന എഡിറ്ററുടെ മികവ് ചിത്രത്തിന്റെ കഥ പറച്ചിലിന് സുഗമമായ താളമാണ് നൽകിയത്. രണ്ടര മണിക്കൂറോളം ദൈർഘ്യമുള്ള ഈ ചിത്രം ഒരു നിമിഷം പോലും പ്രേക്ഷകനെ മുഷിപ്പിക്കുന്നില്ല.
മോഹൻലാൽ എന്ന അഭിനയ ഗോപുരം തന്റെ അസാമാന്യ പ്രകടനവുമായി മാനം മുട്ടെ ഉയർന്നു നിൽക്കുന്ന ഈ ചിത്രം, ഗംഭീര തീയേറ്റർ അനുഭവമാണ് ഓരോ പ്രേക്ഷകനും സമ്മാനിക്കുന്നത്. പ്രേക്ഷകരുടെ പൾസ് കൃത്യമായി അളന്നെടുക്കുന്ന ജീത്തു ജോസഫ് എന്ന ബുദ്ധി രാക്ഷസൻ ഒരിക്കൽ കൂടി തന്റെ വൈഭവം പുറത്തെടുത്തപ്പോൾ, കാണികളെ അമ്പരപ്പിക്കുന്ന മറ്റൊരു ദൃശ്യാനുഭവമായി നേര് മാറി. ഒരിക്കലും നഷ്ടപ്പെടുത്തരുത് ഈ സിനിമാനുഭവം.
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
This website uses cookies.