മലയാള സിനിമ പ്രേമികൾ വലിയ പ്രതീക്ഷയർപ്പിക്കുന്ന ഒരു ടീമാണ് മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ട്. ദൃശ്യം, ദൃശ്യം 2 എന്നീ മഹാവിജയങ്ങളാണ് ഈ കൂട്ടുകെട്ടിൽ നിന്ന് മുൻപ് വന്നിട്ടുള്ളത് എന്നതിനാൽ തന്നെ അവരിൽ നിന്ന് മൂന്നാമതെത്തുന്ന ചിത്രവും മികച്ചൊരു സിനിമാനുഭവം സമ്മാനിക്കുമെന്ന പ്രതീക്ഷയാണ് ട്വൽത് മാൻ എന്ന ചിത്രത്തെ കാത്തിരിക്കാനുള്ള പ്രധാന കാരണം. മാത്രമല്ല ഒറ്റിറ്റി പ്ലാറ്റ്‌ഫോമിന് വേണ്ടിയൊരുക്കിയ ഈ ചിത്രത്തിന്റെ കാൻവാസും വളരെ ചെറുതാണ്. ഒരൊറ്റ രാത്രിയിൽ നടക്കുന്ന കഥയാണ് ഈ ചിത്രം പറയുന്നത്. ആ കഥയുടെ തൊണ്ണൂറ് ശതമാനവും ഒറ്റ ലൊക്കേഷനിൽ വെച്ചാണ് നടക്കുന്നതും. അത് കൊണ്ട് തന്നെ ഏറെ വ്യത്യസ്തതകൾ നിറഞ്ഞ ഒരു കഥയും കഥാപാത്രങ്ങളുമാണ് ഇതിലൂടെ നമ്മുടെ മുന്നിലെത്തിയിരിക്കുന്നതു. നവാഗതനായ കൃഷ്ണ കുമാർ രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്.
കോളേജ് സുഹൃത്തുക്കളായ ഏഴുപേരും അവരുടെ ജീവിത പങ്കാളികളും അതിലൊരാൾ കല്യാണം കഴിക്കാൻ പോകുന്ന കുട്ടിയും ചേർന്ന് ഒരു പ്രൈവറ്റ് റിസോർട്ടിൽ പ്ലാൻ ചെയ്യുന്ന ഗെറ്റ് ടുഗെദറിലേക്ക് ഒരു പന്ത്രണ്ടാമൻ യാദൃശ്ചികമായി കടന്നു വരുന്നു. പിന്നീട് അവിടെ നടക്കുന്ന, തീർത്തും അപ്രതീക്ഷിതമായ ഒരു മരണം, ഒരു ഇൻവെസ്റ്റിഗേഷൻ/ മിസ്റ്ററി ത്രില്ലർ മൂഡിലേക്ക് ചിത്രത്തെ കൊണ്ട് പോവുകയാണ്. മോഹൻലാൽ അവതരിപ്പിക്കുന്ന ചന്ദ്രശേഖർ എന്ന കഥാപാത്രമാണ് ചിത്രത്തിന്റെ കഥയെ മുന്നോട്ട് പോകുന്നതെങ്കിലും, ചിത്രത്തിലെ ഓരോ കഥാപാത്രത്തിനും കൃത്യമായ സ്ഥാനവും ലക്ഷ്യവും കഥയിൽ നല്കാൻ രചയിതാവിന് സാധിച്ചിട്ടുണ്ട്. ഒരാളെയും പൂർണ്ണമായും മനസ്സിലാക്കാൻ മറ്റൊരാൾക്ക് സാധിക്കില്ല എന്ന് കൂട്ടത്തിലൊരാൾ പറയുന്നതിൽ നിന്നും അവർ തുടങ്ങുന്ന ഒരു ഗെയിം അവരെ കൊണ്ടെത്തിക്കുന്നത് അവർ ഒരിക്കലും പ്രതീക്ഷിക്കാത്ത ചില വെളിപ്പെടുത്തലുകളിലേയ്ക്കാണ്.
ജീത്തു ജോസഫ് എന്ന എന്ന സംവിധായകന്റെ മികവാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റീവ്. ഒരൊറ്റ സ്ഥലത്ത് മാത്രം ഒതുങ്ങി നിൽക്കുന്ന കഥയെ അവസാന നിമിഷം വരെ ബോറടിപ്പിക്കാതെ പ്രേക്ഷകരുടെ മുന്നിലവതരിപ്പിച്ച രീതി അഭിനന്ദനാർഹമാണ്. ആദ്യ അരമുക്കാൽ മണിക്കൂർ കഥാപാത്രങ്ങളെയും അവർ തമ്മിലുള്ള വ്യക്തി ബന്ധങ്ങളും അവരുടെ നിലവിലെ അവസ്ഥയും പ്രേക്ഷകർക്ക് മനസ്സിലാക്കിക്കാൻ എടുക്കുന്ന സമയമാണ്. എന്നാൽ അതിനു ശേഷം വളരെ ത്രില്ലിങ്ങായാണ് ചിത്രം മുന്നോട്ട് നീങ്ങുന്നത്. ഓരോ കഥാപാത്രങ്ങളുടെയും ഉള്ളിൽ ഒളിപ്പിച്ച സത്യങ്ങൾ, അവർ പറയുന്ന കള്ളങ്ങൾ എന്നിവ ചന്ദ്രശേഖറെന്ന മോഹൻലാൽ കഥാപാത്രം മനസ്സിലാക്കിയെടുക്കുന്നത് അതീവ രസകരമായാണ്. അതോടൊപ്പം തന്നെ ആകാംഷ നിറക്കുന്ന സംഭാഷണങ്ങളും കഥയിൽ കടന്നുവരുന്ന വഴിത്തിരിവുകളും ചിത്രത്തെ കൂടുതൽ രസകരമാക്കുന്നു. ഒരേ സമയം ദുരൂഹതയും ആവേശവും പ്രേക്ഷകർക്ക് സമ്മാനിക്കാൻ ഈ ചിത്രത്തിന് സാധിക്കുന്നുണ്ട്.
ചന്ദ്രശേഖറെന്ന കഥാപാത്രമായി മോഹൻലാൽ നടത്തിയ ഗംഭീര പ്രകടനം ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റാണ്. ആദ്യ ഒരു മണിക്കൂറിൽ ഒരു മദ്യപാനിയായ ശല്യക്കാരനായി അദ്ദേഹം കാഴ്ച വെച്ചത് വളരെ എനർജെറ്റിക്കും രസകരവുമായ പ്രകടനമാണെങ്കിൽ പിന്നീട് കഥാപാത്രത്തിന്റെ സ്വഭാവവും ചിത്രത്തിന്റെ മൂഡും മാറുന്നതോടെ അദ്ദേഹത്തിന്റെ പ്രകടനം കൂടുതൽ സൂക്ഷ്മവും ശ്കതവുമാകുന്നു. തന്റെ കഥാപാത്രത്തിന്റെ ശരീരഭാഷ കൃത്യമായി പിന്തുടരുന്ന മോഹൻലാൽ, ഡയലോഗ് ഡെലിവെറിയിലൂടെയും കയ്യടി നേടുന്നുണ്ട്. മോഹൻലാൽ കൂടാതെ മറ്റു കഥാപാത്രങ്ങളെ ഇതിൽ ചെയ്ത, ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, ശിവദാ, അനുശ്രീ, പ്രിയങ്ക നായർ, അനു സിതാര, ലിയോണ ലിഷോയ്, രാഹുൽ മാധവ്, അദിതി രവി, അനു മോഹൻ, ചന്ദു നാഥ്, നന്ദു, പ്രദീപ് ചന്ദ്രൻ എന്നിവരും മികച്ച പ്രകടനം കാഴ്ച വെച്ചു. സൈജു കുറുപ്പ്, ലിയോണ ലിഷോയ്, ശിവദ, ചന്തുനാഥ് എന്നിവരുടെ പ്രകടനം എടുത്തു പറയണം.
സാങ്കേതിക നിലവാരമാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്ലസ് പോയിന്റ്. സതീഷ് കുറുപ്പ് ഒരുക്കിയ ദൃശ്യങ്ങളും, വി എസ് വിനായക് നിർവഹിച്ച എഡിറ്റിംഗും ഗംഭീരമായിട്ടുണ്ട്. ഒരു സീനിൽ നിന്ന് മറ്റൊരു സീനിലേക്കു കടക്കുന്ന ട്രാന്സിഷൻ ഗംഭീരമായിരുന്നു. കഥ നടക്കുന്നിടത്തും ഫ്ലാഷ് ബാക് വരുന്നിടത്തുമെല്ലാം തങ്ങളുമുണ്ട് കൂടെയെന്ന ഫീൽ പ്രേക്ഷകന് സമ്മാനിക്കാൻ ആ ട്രാൻസിഷൻ ഷോട്ടുകളുടെ പൂർണ്ണതക്ക് സാധിക്കുന്നുണ്ട്. അനിൽ ജോൺസനൊരുക്കിയ പശ്‌ചാത്തല സംഗീതവും മികച്ചു നിൽക്കുന്നു. നെഗറ്റീവുകൾ ഇല്ലാത്ത ചിത്രവുമല്ല ട്വൽത് മാൻ. രണ്ടേമുക്കാൽ മണിക്കൂറോളം നീണ്ടു നിൽക്കുന്ന ദൈർഘ്യമാണ് അതിലൊന്ന്. കഥയുടെ സാഹചര്യവും കഥാപാത്രങ്ങളുടെ അവസ്ഥയും പ്രേക്ഷകരിലേക്കെത്തിക്കാനെടുത്ത സമയം കുറച്ചുകൂടെ കുറച്ചിരുന്നെങ്കിൽ ചിത്രം കൂടുതൽ ത്രില്ലിങ്ങായി മാറിയേനെ. അതുപോലെ ചില കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിൽ കടന്നു വരുന്ന അതിനാടകീയതയും ചിലപ്പോഴെങ്കിലും കല്ലുകടിയായി മാറി. പിന്നെ ചിത്രത്തിന്റെ കഥ പറയുന്ന ശൈലിയും അവതരിപ്പിച്ച രീതിയും മലയാളത്തിൽ പുതുമയുള്ളതാണെങ്കിലും ഹോളിവുഡ് ത്രില്ലറുകൾ ഒരുപാട് കാണുന്നവർക്ക് അത്ര വലിയ പുതുമ ഇത് സമ്മാനിക്കില്ലായെന്നതും ഒരു തിരിച്ചടിയാണ്.
എന്നിരുന്നാലും, പ്രേക്ഷകനെ ബോറടിപ്പിക്കാതെ, ആദ്യാവസാനം രസകരമായി, ത്രില്ലിങ്ങായി കഥ പറയാൻ ജീത്തു ജോസഫിന് സാധിച്ചു. ഒന്നിന് പുറകെ ഒന്നായി വരുന്ന ട്വിസ്റ്റുകളും മോഹൻലാലിന്റെ മികച്ച പ്രകടനവും അതുപോലെ വളരെ സാങ്കേതിക പൂർണതയുള്ള മേക്കിങ്ങും ട്വൽത് മാൻ ഒരു മികച്ച സിനിമാനുഭവമാക്കി മാറ്റുന്നുണ്ട്. മോഹൻലാൽ- ജീത്തു ജോസഫ് ടീം പ്രതീക്ഷകളെ സാധൂകരിച്ചുവെന്ന് മാത്രമല്ല, തുടർച്ചയായ മൂന്നാം വിജയമാണ് ഈ കില്ലർ കോമ്പിനേഷൻ നേടിയെടുത്തിരിക്കുന്നതെന്നു തന്നെ പറയാം.
പ്രശസ്ത സംവിധായകനായ വിനയന്റെ മകനും നടനുമായ വിഷ്ണു വിനയ് ആദ്യമായി സംവിധാനം ചെയ്ത ആനന്ദ് ശ്രീബാല എന്ന ചിത്രമാണ് ഇന്ന്…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…
പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും.…
ജനപ്രിയ നായകൻ ദിലീപ് ലോക്കൽ സൂപ്പർ ഹീറോ ആയി എത്തുന്ന പറക്കും പപ്പൻ എന്ന ചിത്രം പ്രഖ്യാപിച്ചിട്ട് ഇപ്പോൾ 2…
യുവതാരം അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് ഒരുക്കിയ ആനന്ദ് ശ്രീബാല ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. ചിത്രത്തിന്റെ കേരളാ തീയേറ്റർ…
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…
This website uses cookies.