തികച്ചും വ്യത്യസ്ത ദൃശ്യാനുഭവങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുള്ള സംവിധായകരിൽ ഒരാൾ ആണ് അമൽ നീരദ്. അദ്ദേഹമൊരുക്കിയ ഏറ്റവും പുതിയ ചിത്രമായ ഭീഷ്മ പർവമാണ് ഇന്ന് പ്രദർശനത്തിനെത്തിയ മലയാള ചിത്രങ്ങളിൽ ഒന്ന്. മെഗാ സ്റ്റാർ മമ്മൂട്ടി നായക വേഷത്തിൽ എത്തിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതും അമൽ നീരദ് ആണ്. അമൽ നീരദ് പ്രൊഡക്ഷൻസ് എന്ന ബാനറിൽ അദ്ദേഹം നിർമ്മിച്ച ഈ ചിത്രം രചിച്ചിരിക്കുന്നത് അദ്ദേഹവും നവാഗതനായ ദേവദത് ഷാജിയും ചേർന്നാണ്. ഇതിന്റെ അഡീഷണൽ തിരക്കഥ രചിച്ചത് രവിശങ്കർ, അഡീഷണൽ സംഭാഷണങ്ങൾ രചിച്ചത് ആർ ജെ മുരുകൻ എന്നിവരാണ്. ഗംഭീരമായ പോസ്റ്ററുകളും ടീസറും ട്രെയ്ലറും അതുപോലെ സൂപ്പർ ഹിറ്റായ ഗാനങ്ങളും ഈ ചിത്രത്തിന് വലിയ പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തിരുന്നു. അതുകൊണ്ട് തന്നെ വലിയ ഹൈപ്പോടു കൂടിയാണ് ഈ ചിത്രം റിലീസ് ചെയ്തത് എന്ന് പറയാം.
ചിത്രത്തിന്റെ ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ, മഹാഭാരതത്തിലെ ഭീഷ്മ പിതാമഹനെ ഓർമിപ്പിക്കുന്ന, ആ കഥാപാത്രം കടന്നു പോകുന്ന സാഹചര്യങ്ങളോട് സാമ്യമുള്ള സാഹചര്യങ്ങളിൽ ചെന്ന് പെടുന്ന മൈക്കിൾ എന്ന മമ്മൂട്ടി കഥാപാത്രത്തിന്റെയും അദ്ദേഹത്തിന്റെ വലിയ കൂട്ടുകുടുംബത്തിനെയും കഥയാണ് ഈ ചിത്രം പറയുന്നത്. 1980 കളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രം കുടുംബത്തിലെ ചതി, വഞ്ചന, പ്രതികാരം എന്നിവയെല്ലാമാണ് പ്രധാനമായും നമ്മുടെ മുന്നിലെത്തിക്കുന്നതു. അഞ്ഞൂറ്റി തറവാട്ടിലെ അംഗങ്ങളെ പരിച്ചപ്പെടുത്തലും അവർ തമ്മിലുള്ള ഉലയുന്ന ബന്ധവും ആണ് ആദ്യ പകുതിയുടെ ഹൈലൈറ്റ് എങ്കിൽ അവരിൽ ഓരോരുത്തർ മൈക്കിലിന് എതിരെ തിരിയുന്നതും മൈക്കിലിന് എതിരെ നടത്തുന്ന പടയൊരുക്കവും അതിനു മൈക്കിൾ നൽകുന്ന തിരിച്ചടിയും ആണ് രണ്ടാം പകുതിയിൽ കാണാൻ സാധിക്കുക.
ഒരിക്കൽ കൂടി മികച്ച ഒരു ചിത്രം നമ്മുക്ക് സമ്മാനിക്കാൻ അമൽ നീരദ് എന്ന സംവിധായകന് ആയിട്ടുണ്ട് എന്ന് പറയാം. അമൽ നീരദ് ചിത്രങ്ങൾ പലപ്പോഴും നേരിട്ട വിമർശനം, ദൃശ്യങ്ങൾക്ക് വലിയ മികവ് കൊടുക്കാൻ ശ്രമിക്കുന്നതിനിടയിൽ തിരക്കഥയിൽ ഉഴപ്പുന്നു, അല്ലെങ്കിൽ കഥ പറച്ചിലിൽ നൂറു ശതമാനം പൂർണ്ണത കൊടുക്കുന്നില്ല എന്നായിരുന്നു. ആ വിമർശനങ്ങളെ എല്ലാം ഉൾക്കൊണ്ടുകൊണ്ട് തന്നെ അത്തരം കുഴപ്പങ്ങളെ മറികടക്കുന്ന മികവിൽ തന്നെ ഈ പുതിയ ചിത്രം ഒരുക്കാൻ അമൽ നീരദിന് കഴിഞ്ഞിട്ടുണ്ട്. മികച്ച തിരക്കഥയാണ് അമൽ നീരദും ദേവദത്തും ചേർന്ന് ഒരുക്കിയത് എങ്കിലും അതിനു വേണ്ടി ഈ സംവിധായകൻ ഒരുക്കിയ ദൃശ്യ ഭാഷയാണ് ഈ ചിത്രത്തെ വേറിട്ട് നിർത്തുന്നത് എന്ന് പറയാം. ഒരേ സമയം ഒരു ക്രൈം ഡ്രാമ പോലെയും അതോടൊപ്പം ത്രില്ലർ ആയും ഈ ചിത്രം ഒരുക്കാൻ അമൽ നീരദിന് കഴിഞ്ഞിട്ടുണ്ട്. വ്യത്യസ്തമായ ഒരു കഥ മാത്രമല്ല ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്നതാണ് എടുത്തു പറയേണ്ടത്. ആ കഥ അമൽ നീരദ് പ്രേക്ഷക സമക്ഷം അവതരിപ്പിച്ചിരിക്കുന്ന രീതിയിൽ ആണ് ഈ ചിത്രത്തിന്റെ മികവ് ഇരിക്കുന്നത് എന്നതാണ് സത്യം. ഒരു ട്വിസ്റ്റ് കണ്ടു ഞെട്ടുന്നതിലുപരി കഥ പറഞ്ഞിരിക്കുന്ന രീതിയാണ് പ്രേക്ഷകരെ പിടിച്ചിരുത്തുന്നത് എന്നതാണ് ഈ ചിത്രത്തിന്റെ പ്രധാന മികവ്. അമൽ നീരദ് ചിത്രത്തിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന കിടിലൻ സംഘട്ടനം, ഡയലോഗുകൾ, രോമാഞ്ചം സമ്മാനിക്കുന്ന ദൃശ്യങ്ങൾ എന്നിവയെല്ലാം ഭീഷ്മ പർവ്വത്തിലും ഉണ്ട്.
ചിത്രത്തിലെ വൈകാരിക മുഹൂർത്തങ്ങളും മികച്ചു നിൽക്കുന്നുണ്ട്. അത്തരം കഥാസന്ദർഭങ്ങൾ ഈ സിനിമയുടെ കഥ പറച്ചിലിന് പകർന്നു നൽകിയ സ്ഥിരത വളരെ വലുതാണ്. പല കഥാപാത്രങ്ങളുടെ സ്വഭാവ രൂപീകരണത്തിനും മഹാഭാരതത്തിൽ നിന്ന് സാമ്യതകൾ വേണമെങ്കിൽ കണ്ടെത്താനും സിനിമ പ്രേമികൾക്ക് സാധിക്കും.
കേന്ദ്ര കഥാപാത്രമായ മൈക്കിൾ ആയി മമ്മൂട്ടി നടത്തിയ പെർഫോമൻസ് തന്നെയാണ് ഈ ചിത്രത്തിന്റെ നട്ടെല്ലായി മാറിയത്. അദ്ദേഹത്തിന്റെ പ്രകടനം വളരെ മികവുറ്റതായിരുന്നു. വളരെ നിയന്ത്രണത്തോടെയും കയ്യടക്കത്തോടെയും തന്റെ കഥാപാത്രത്തോട് നീതി പുലർത്താൻ മമ്മൂട്ടിഎന്ന നടനായി എന്നത് അഭിനന്ദിക്കപ്പെടേണ്ട വസ്തുതയാണ്. രൂപത്തിലും ഭാവത്തിലും ശരീര ഭാഷയിലും മൈക്കിൾ എന്ന നായകനായി മമ്മൂട്ടി ഇതിൽ നിറഞ്ഞു നിന്നു. ഷൈൻ ടോം ചാക്കോ, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, സുദേവ് നായർ എന്നിവരാണ് കയ്യടി നേടുന്ന പ്രകടനം കാഴ്ച വെച്ച മറ്റു നാലു പേര്. മമ്മൂട്ടിക്കൊപ്പം തന്നെ സ്‌ക്രീനിൽ നിറഞ്ഞു നിന്ന ഇവർ വലിയ രീതിയിൽ ആണ് ഈ ചിത്രത്തിന്റെ മികവിനെ തങ്ങളുടെ പ്രകടനം കൊണ്ട് സ്വാധീനിച്ചിരിക്കുന്നതു. ഹാരിഷ് ഉത്തമൻ, അബു സലിം, അനഘ, അനസൂയ ഭരദ്വാജ്, വീണ നന്ദകുമാർ, ശ്രിന്ദ, ലെന, നദിയ മൊയ്‌ദു, കെ പി എ സി ലളിത, ജിനു ജോസഫ്, നെടുമുടി വേണു, ദിലീഷ് പോത്തൻ, ഫർഹാൻ ഫാസിൽ, നിസ്താർ സേട്ട്, മാല പാർവതി, കോട്ടയം രമേശ്, പോളി വത്സൻ, ധന്യ അനന്യ, റംസാൻ, ഷെബിൻ ബെൻസൺ എന്നിവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയായി ചെയ്തു.
ആനന്ദ് സി ചന്ദ്രൻ ഒരുക്കിയ ദൃശ്യങ്ങൾ വലിയ മികവ് പുലർത്തിയപ്പോൾ വിവേക് ഹര്ഷന്റെ എഡിറ്റിംഗ് ചിത്രത്തിന്റെ വേഗതയെ വളരെയധികം സഹായിച്ചിട്ടുണ്ട്. ആനന്ദ് സി ചന്ദ്രന്റെ ദൃശ്യങ്ങൾ, ഒരു പീരീഡ് സിനിമയുടെ മൂഡ് പ്രേക്ഷകരുടെ മനസ്സിലെത്തിച്ചിട്ടുണ്ട്. അതോടൊപ്പം സുഷിൻ ശ്യാം ഒരുക്കിയ ഗംഭീര സംഗീതവും കൂടി ചേർന്നപ്പോൾ ഭീഷ്മ പർവ്വം സാങ്കേതികപരമായി ഏറ്റവും മികച്ചു തന്നെ നിൽക്കുന്നുണ്ട്. സുഷിന്റെ ഗാനങ്ങളും മികച്ച നിലവാരം പുലർത്തി. അതുപോലെ തന്നെ എടുത്തു പറയേണ്ട ഒന്നാണ് ഇതിന്റെ സ്റ്റണ്ട് കൊറിയോഗ്രാഫി, സുപ്രീം സുന്ദർ ഗംഭീരമായാണ് അത് നിർവഹിച്ചിരിക്കുന്നത്.
ചുരുക്കി പറഞ്ഞാൽ, ഭീഷ്മ പർവ്വം ആക്ഷൻ മൂഡിൽ കഥ പറയുന്ന ഒരു മികച്ച മാസ്സ് ഡ്രാമ ആണ്. ആളുകളെ പിടിച്ചിരുത്തുന്ന രീതിയിൽ കഥ പറയുന്ന ഈ ചിത്രം അത് ചെയ്യുന്നത് ഗംഭീര മേക്കിങ് നിലവാരം പുലർത്തിക്കൊണ്ടാണ്. അതോടൊപ്പം അഭിനേതാക്കളുടെ ഗംഭീര പ്രകടനവും വ്യത്യസ്തമായ കഥയും ഈ ചിത്രത്തെ ഒരു പുത്തൻ സിനിമാനുഭവമാക്കുന്നു.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.