ഇന്ന് ലോകമെമ്പാടും പ്രദർശനത്തിന് എത്തിയ ബ്രഹ്മാണ്ഡ തമിഴ് ചിത്രമാണ് പൊന്നിയിൻ സെൽവൻ. തമിഴിലെ മാസ്റ്റർ ഡയറക്ടർ മണി രത്‌നം സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് അദ്ദേഹവും ഇളങ്കോ കുമാരവേലും ചേർന്നാണ്. കൽക്കി കൃഷ്ണമൂർത്തി രചിച്ച, അഞ്ചു ഭാഗങ്ങളുള്ള പൊന്നിയിൻ സെൽവനെന്ന ബ്രഹ്മാണ്ഡ നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. രണ്ട് ഭാഗങ്ങളായി ഒരുക്കിയ ഈ ചിത്രത്തിന്റെ ആദ്യ ഭാഗമാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. തമിഴ് സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റിലീസുകളിലൊന്നാണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസ്, മണി രത്‌നത്തിന്റെ മദ്രാസ് ടാക്കീസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്തിട്ടുണ്ട്. വിക്രം, കാർത്തി, ജയറാം രവി, തൃഷ, ഐശ്വര്യ റായ് തുടങ്ങി വമ്പൻ താരനിരയാണ് ഇതിൽ അണിനിരന്നിരിക്കുന്നത്. ഇതിന്റെ ട്രൈലെർ, ഗാനങ്ങൾ എന്നിവയെല്ലാം നൽകിയ വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ ഈ ചിത്രത്തെ സമീപിച്ചത്, അവരെ നിരാശരാക്കാതെ ഈ ചിത്രം അവതരിപ്പിക്കാൻ മണി രത്‌നത്തിനു സാധിച്ചിട്ടുണ്ട്.
1000 വർഷങ്ങൾക്ക് മുൻപ് തമിഴ്‌നാടിന് വേണ്ടി ചോളന്മാർ നൽകിയ സംഭാവനകളും മണ്ണിന് വേണ്ടി അവർ നടത്തിയ പോരാട്ടങ്ങളുമാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലവതരിപ്പിക്കുന്നത്. ചോള സാമ്രാജ്യത്തിന്റെ ചരിത്രത്തിലൂടെ സഞ്ചരിക്കുന്ന ഈ ചിത്രം ഓരോ സിനിമാ പ്രേമികളേയും ത്രസിപ്പിക്കുന്ന ഒരു ബ്രഹ്മാണ്ഡ ചരിത സിനിമയായാണ് മണി രത്‌നം ഒരുക്കിയിരിക്കുന്നത്. ചോള സാമ്രാജ്യത്തിന്റെ കിരീടാവകാശിയായ, ശത്രുക്കളെ വിറപ്പിക്കുന്ന യോദ്ധാവായ, ആദിത്യ കരികാലനായാണ് വിക്രം എത്തിയതെങ്കിൽ, അരുൾമൊഴി വർമ്മനായി ജയം രവിയും, വാന്തിയാ തേവനായി കാർത്തിയുമെത്തുന്നു. നന്ദിനി, കുന്ദവൈ എന്നെ കഥാപാത്രങ്ങളായാണ് ഐശ്വര്യ റായ്, തൃഷ എന്നിവർ അഭിനയിക്കുന്നത്.
ഓരോ സിനിമ പ്രേമികളെയും കോരിത്തരിപ്പിക്കുന്ന രീതിയിലാണ് ഈ ചിത്രത്തിന്റെ മേക്കിങ്. തമിഴ് സിനിമയിൽ ഇത് വരെ വന്നിട്ടുള്ള ഏറ്റവും മികച്ച ചരിത്ര സിനിമയാണ് പൊന്നിയിൻ സെൽവനെന്നു അടിവരയിട്ട് പറയാവുന്ന തരത്തിലാണ് ഇതൊരുക്കിയിരിക്കുന്നത്. ഒരു കമ്പ്ലീറ്റ് മണി രത്‌നം ഷോ എന്ന് പറയാവുന്ന ഈ ചിത്രത്തെ, പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ഒരു ക്യാൻവാസിൽ അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. തന്റെ അഭിനേതാക്കളുടെ മുഴുവൻ മികവുകളും എനർജിയും പുറത്തെടുക്കുന്ന രീതിയിൽ ഈ ചിത്രമൊരുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്ന് പറയാം. വളരെയധികം ആവേശം നിറഞ്ഞ കഥാ സന്ദർഭങ്ങളും ഡയലോഗുകളും കോർത്തിണക്കിയ തിരക്കഥയിൽ ഒരു മാസ്സ് ചരിത്ര ചിത്രത്തിൽ നിന്നും പ്രേക്ഷകർ ആഗ്രഹിക്കുന്ന എല്ലാ ചേരുവകളുമുണ്ട്. ആക്ഷനും, ഗംഭീര ദൃശ്യങ്ങൾക്കുമൊപ്പം മനസ്സിൽ തട്ടുന്ന ഒട്ടേറെ വൈകാരിക മുഹൂർത്തങ്ങളും കൃത്യമായ അളവിൽ ചേർത്തൊരു തിരക്കഥയാണ് മണി രത്‌നവും ഇളങ്കോ കുമാരവേലും ഒരുക്കിയിരിക്കുന്നത്. ചരിത്രത്തോട് നീതി പുലർത്തിക്കൊണ്ട് തന്നെയാണ് അദ്ദേഹം ഈ ദൃശ്യ വിസ്മയം പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്.
ഒരു നിമിഷം പോലും സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാൻ തോന്നാത്ത വിധം മികച്ച വേഗതയിലും മികച്ച രീതിയിലുമാണ് മണി രത്‌നം പൊന്നിയിൻ സെൽവനെന്ന ഈ ചിത്രത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഗാനങ്ങൾ ആയാലും സംഘട്ടന രംഗങ്ങൾ ആയാലും കൃത്യ സമയത്തു തന്നെ ചിത്രത്തിൽ അവതരിപ്പിക്കാൻ കഴിഞ്ഞത് സമയ ദൈർഖ്യം കൂടുതലുള്ള ഈ ചിത്രത്തെ അത്യന്തം ആവേശകരമാക്കിയിട്ടുമുണ്ട്. നോവൽ അടിസ്ഥാനമാക്കിയ ചിത്രമായത് കൊണ്ട് തന്നെ ഒരു പരിധിയിൽ കൂടുതൽ സിനിമാറ്റിക് ആക്കിയിട്ടുമില്ല ഇതിന്റെ അവതരണം. അത്കൊണ്ട് തന്നെ ചിത്രത്തിന് ഒരു ക്ലാസിക് ഫീൽ നൽകാനും അദ്ദേഹത്തിന് സാധിച്ചു. രണ്ടാം ഭാഗം വരുന്നത് കൊണ്ട് തന്നെ കഥയിലെ ചില ഭാഗങ്ങൾക്ക് ഒരപൂർണ്ണത അനുഭവപ്പെടുമെന്നത് മാത്രമാണ് അല്പം നെഗറ്റീവ് ആയി തോന്നുന്നത്. എന്നാൽ അത് കൊണ്ട് തന്നെ രണ്ടാം ഭാഗത്തിന് വേണ്ടി കാത്തിരിക്കാനും പ്രേക്ഷകർക്ക് തോന്നുമെന്നത് മറ്റൊരു പോസിറ്റീവായ കാര്യമാണ്.
പ്രധാന കഥാപാത്രങ്ങളുടെ സ്‌ക്രീനിലേക്കുള്ള വരവും അതുപോലെ അവരുടെ പ്രകടനവും ഗംഭീരമായിട്ടുണ്ട്. ഈ ചിത്രത്തിന്റെ അവസാന കുറച്ചു സീനുകൾ, രണ്ടാം ഭാഗത്തേക്കുള്ള ആകാംഷ പ്രേക്ഷകരിൽ നിറക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നുണ്ട്. വിക്രം, കാർത്തി, ജയറാം രവി, തൃഷ, ഐശ്വര്യ റായ്, ജയറാം എന്നിവരുടെ ഗംഭീര പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്റെ ജീവൻ. ശരീരവും മനസ്സും കഥാപാത്രത്തിന് നൽകി ഞെട്ടിക്കുന്ന പ്രകടനമാണ് ഇവർ ഈ ചിത്രത്തിൽ നൽകിയത് എന്ന് സംശയമൊന്നുമില്ലാതെ തന്നെ നമ്മുക്ക് പറയാൻ സാധിക്കും. വിക്രം, കാർത്തി, ജയം രവി എന്നിവർക്ക് ശാരീരികമായി ഒരുപാട് പ്രയത്നം വേണ്ടി വന്ന ഒരുപാട് രംഗങ്ങൾ ഈ ചിത്രത്തിൽ ഉണ്ടായിരുന്നു എന്ന് മാത്രമല്ല, അവർ അതെല്ലാം ഏറ്റവും മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചു ഫലിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നായികമാരായെത്തിയ തൃഷ, ഐശ്വര്യ റായ് എന്നിവർ തങ്ങൾക്കു ലഭിച്ച വേഷങ്ങൾ മനോഹരമായി ചെയ്തപ്പോൾ പ്രേക്ഷകരുടെ കയ്യടി നേടാൻ ജയറാമിനും സാധിച്ചിട്ടുണ്ട്. ഈ ചിത്രത്തിൽ ഏറ്റവും കൂടുതൽ കയ്യടി നേടുന്നത് വാന്തിയാതെവൻ ആയി അഭിനയിച്ച കാർത്തിയാണ്. അദ്ദേഹവും ജയറാം അവതരിപ്പിച്ച ആഴ്വാർ നമ്പി എന്ന കഥാപാത്രവും കൂടിയുള്ള രംഗങ്ങൾ ഏറെ രസകരമായിരുന്നു. തൃഷ- ഐശ്വര്യ റായ് എന്നിവർ തമ്മിൽ കാണുന്ന രംഗവും ഈ ചിത്രത്തിന്റെ ഹൈലൈറ്റായി മാറിയിട്ടുണ്ട്. അതോടൊപ്പം തന്നെ ഐശ്വര്യ ലക്ഷ്മി, ലാൽ, ബാബു ആന്റണി, റിയാസ് ഖാന്‍, റഹ്മാന്‍, ശരത് കുമാർ, പാർത്ഥിപൻ, പ്രഭു, കിഷോർ, വിക്രം പ്രഭു, ശോഭിത, നിഴൽകൾ രവി, അർജുൻ ചിദംബരം, റഹ്മാൻ, മോഹൻ റാം എന്നിവരും ഏറ്റവും മികച്ച രീതിയിൽ തന്നെ തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
രവി വർമ്മൻ ആണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത്. ഗംഭീരം എന്ന് പറഞ്ഞാലും കുറഞ്ഞു പോകുന്ന രീതിയിൽ അത്രയധികം വിസ്മയിപ്പിക്കുന്ന രീതിയിയിലുള്ള ദൃശ്യങ്ങളാണ് അദ്ദേഹം പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഗാന രംഗങ്ങളിലും സംഘട്ടന രംഗങ്ങളിലും പ്രേക്ഷകർക്ക് മുന്നിലെത്തിയ ദൃശ്യങ്ങൾ ഞെട്ടിക്കുന്നതും മനോഹരവുമായിരുന്നു. എ ആർ റഹ്മാൻ ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും അതിമനോഹരമായിരുന്നു. രവി വർമ്മന്റെ ദൃശ്യങ്ങളും റഹ്മാന്റെസംഗീതവും കൂടി ചേർന്നപ്പോൾ ചിത്രത്തിന്റെ സാങ്കേതിക നിലവാരം മറ്റൊരു തലത്തിലെത്തി നിൽക്കുന്നത് നമ്മുക്ക് കാണാൻ സാധിക്കും. ശ്രീകർ പ്രസാദിന്റെ എഡിറ്റിംഗ് മികവ് ചിത്രത്തിന് പകർന്നു നൽകിയത് മികച്ച വേഗതയാണ്. സാങ്കേതിക വശത്ത് കുറച്ചെങ്കിലും നെഗറ്റീവ് ആയി വന്നത് ചിത്രത്തിലെ വി എഫ് എക്സ് ആയിരുന്നു. ചില ഭാഗങ്ങളിലെങ്കിലും വി എഫ് എക്സ് മികച്ച നിലവാരം പുലർത്താതെ പോയിട്ടുണ്ട്.
ചുരുക്കി പറഞ്ഞാൽ. ആരാധകരെയും മറ്റു സിനിമ പ്രേക്ഷകരെയും ഒരുപോലെ കോരിത്തരിപ്പിക്കുന്ന ഒരു ബ്രഹ്മാണ്ഡ ദൃശ്യ വിസ്മയമാണ് പൊന്നിയിൻ സെൽവൻ ഭാഗം ഒന്ന്. എല്ലാ രീതിയിലും പ്രേക്ഷകനെ സംതൃപ്തരാക്കും ഈ ചിത്രമെന്ന് നമ്മുക്ക് ഉറപ്പിച്ചു പറയാൻ സാധിക്കും. ഈ മണി രത്‌നം ചിത്രം പ്രേക്ഷകർക്ക് മുന്നിൽ തുറന്നിടുന്നത്, ഇന്ത്യയുടെ തന്നെ ചരിത്രത്തിലെ മഹത്തായ ഒരു കാലഘത്തിലേക്കുള്ള വാതിലാണെന്നു പറയാം. അത്കൊണ്ട് തന്നെ ഇതിന്റെ രണ്ടാം ഭാഗത്തിന് വേണ്ടി കാത്തിരിക്കാം നമ്മുക്ക്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
This website uses cookies.