ആരാധക ലക്ഷങ്ങളുടെ വമ്പൻ പ്രതീക്ഷകൾക്കിടയിലാണ് ടർബോ എന്ന ബിഗ് ബഡ്ജറ്റ് മാസ്സ് ആക്ഷൻ ചിത്രം ഇന്ന് സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയത്. മമ്മൂട്ടി, രാജ് ബി ഷെട്ടി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം സംവിധാനം ചെയ്തത് പ്രശസ്ത സംവിധായകനായ വൈശാഖ് ആണ്. സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് രചിച്ച ഈ ചിത്രം നിർമ്മിച്ചത് മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ്. ദുൽഖർ സൽമാന്റെ വേ ഫെറർ ഫിലിം കേരളത്തിൽ വിതരണം ചെയ്ത ഈ ചിത്രം വലിയ ഹൈപ്പാണ് സൃഷ്ടിച്ചത്. ഇതിന്റെ ട്രൈലെർ, പോസ്റ്റർ എന്നിവയും മമ്മൂട്ടിയുടെ കിടിലൻ ലുക്കും, അത്പോലെ മമ്മൂട്ടിയുടേയും മമ്മൂട്ടി കമ്പനിയുടേയും ഏറ്റവും വലിയ ചിത്രമെന്ന പ്രഖ്യാപനവും ടർബോക്ക് സമ്മാനിച്ചത് പ്രേക്ഷകരുടെ ആകാശം മുട്ടുന്ന പ്രതീക്ഷകളാണ്. ആ പ്രതീക്ഷകളുടെ മുകളിൽ പറക്കുന്ന ചിത്രമായി ടർബോ മാറിയിട്ടുണ്ടെന്ന് ഈ ചിത്രം കണ്ടിറങ്ങുമ്പോൾ ഓരോ പ്രേക്ഷകനും നിസംശയം പറയാൻ സാധിക്കും.
മമ്മൂട്ടി അവതരിപ്പിക്കുന്ന അരുവിപ്പുറത്ത് ജോസ് അഥവാ ടർബോ ജോസ്, ശബരീഷ് അവതരിപ്പിക്കുന്ന അരുവിപ്പുറത്ത് ജെറി, അഞ്ജന ജയപ്രകാശ് അവതരിപ്പിക്കുന്ന ഇന്ദുലേഖ, രാജ് ബി ഷെട്ടി അവതരിപ്പിക്കുന്ന വെട്രിവേൽ ഷൺമുഖം എന്നിവരുടെ ചുറ്റുമാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. തന്റെ അനുജനായ ജെറി, അവന്റെ കാമുകിയായ ഇന്ദുലേഖ എന്നിവരുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നത്തിന്റെ പുറത്ത് ജോസിന് ചെന്നൈയിൽ എത്തേണ്ടി വരുന്നതോടെ ചിത്രത്തിന്റെ കഥാഗതി മാറുന്നു. അവിടെ ജോസിനെ കാത്തിരിക്കുന്നത് അതിശക്തനായ വെട്രിവേൽ ഷൺമുഖം എന്ന എതിരാളിയാണ്. വെട്രിവേലിനും കൂട്ടാളികൾക്കുമെതിരെ ജോസ് നടത്തുന്ന ഒറ്റയാൾ പോരാട്ടമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.
ആക്ഷനും ഡ്രാമയും കോമെഡിയും ത്രില്ലർ ഘടകങ്ങളുമെല്ലാം ഉൾപ്പെടുന്ന ഒരു മെഗാ മാസ്സ് വിനോദ ചിത്രമായാണ് വൈശാഖ് ടർബോ അണിയിച്ചൊരുക്കിയിരിക്കുന്നത്. മാസ്സ് എന്റെർറ്റൈനെർ ഒരുക്കുന്നതിൽ എന്നും മികവ് പുലർത്തിയിട്ടുള്ള വൈശാഖ് ഒരിക്കൽ കൂടി തന്റെ അപാരമായ മേക്കിങ് വൈഭവം കാണിച്ചു തരുന്ന ചിത്രം കൂടിയാണ് ടർബോ. രചയിതാവ് എന്ന നിലയിൽ ഒരിക്കൽ കൂടി മിഥുൻ മാനുവൽ തോമസ് പുലർത്തിയ മികവാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. പ്രേക്ഷകരെ ആദ്യാവസാനം ആകാംഷയോടെയും ആവേശത്തോടെയും ചിത്രത്തിൽ മുഴുകിയിരുത്താൻ വൈശാഖിനും മിഥുനും സാധിച്ചിട്ടുണ്ട്. കയ്യടി ലഭിക്കുന്ന മുഹൂർത്തങ്ങളും പൊട്ടിച്ചിരിപ്പിക്കുന്ന രംഗങ്ങളും വൈകാരിക മുഹൂർത്തങ്ങളും ത്രില്ലടിപ്പിക്കുന്ന സന്ദർഭങ്ങളും ത്രസിപ്പിക്കുന്ന ആക്ഷൻ സീനുകളും ഒരുപോലെ കോർത്തിണക്കാൻ രചയിതാവെന്ന നിലയിൽ മിഥുൻ മാനുവൽ തോമസിന് സാധിച്ചിട്ടുണ്ട്. അതിന്, വളരെ ഉയർന്ന സാങ്കേതിക നിലവാരമുള്ള ദൃശ്യ ഭാഷ സമ്മാനിക്കാൻ വൈശാഖ് എന്ന സംവിധായകനും സാധിച്ചു. എല്ലാത്തരം പ്രേക്ഷകർക്കും തൃപ്തി നൽകുന്ന വിനോദ ഘടകങ്ങൾ കൂട്ടിയിണക്കിയ ഇവർ, മമ്മൂട്ടി എന്ന മെഗാ താരത്തിന്റെ ആരാധകർക്ക് സമ്മാനിക്കുന്നത് മറക്കാനാവാത്ത ഒരു വിരുന്നു തന്നെയാണ്. ഒരു മമ്മൂട്ടി- വൈശാഖ് ചിത്രം വരുമ്പോൾ പ്രേക്ഷകർ എന്താണോ അതിൽ നിന്നും പ്രതീക്ഷിക്കുന്നത്, അതിന് മുകളിൽ നൽകാൻ ഈ കൂട്ടുകെട്ടിന് ടർബോയിലൂടെ സാധിച്ചിട്ടുണ്ട് എന്നതാണ് ഈ ചിത്രത്തെ ഗംഭീരമാക്കുന്നത്.
മമ്മൂട്ടി അവതരിപ്പിച്ച ടർബോ ജോസ് ആണ് ഈ ചിത്രത്തിന്റെ നട്ടെല്ല്. അതിഗംഭീരമായ പ്രകടനമാണ് അദ്ദേഹം ഇതിൽ കാഴ്ച വെച്ചത്. ആദ്യാവസാനം അതിരടി മാസ്സ് മോഡിൽ സഞ്ചരിക്കുന്ന ഈ കഥാപാത്രം പ്രേക്ഷകരുടെ കയ്യടി നേടുന്നുണ്ടെന്നു മാത്രമല്ല, പലപ്പോഴും പ്രേക്ഷകരുടെ മനസ്സ് ഈ കഥാപാത്രത്തിനൊപ്പമാണ് സഞ്ചരിക്കുന്നതെന്നും സംശയമില്ലാതെ തന്നെ പറയാം. ആക്ഷൻ സീനുകളിൽ തന്റെ കരിയർ ബെസ്റ്റ് പ്രകടനമാണ് മമ്മൂട്ടി കാഴ്ചവെച്ചിരിക്കുന്നത്. ഡയലോഗ് ഡെലിവെറിയിലും പതിവ് പോലെ തന്നെ തന്റെ ആധിപധ്യം സ്ഥാപിക്കാൻ മമ്മൂട്ടിക്ക് സാധിച്ചിട്ടുണ്ട്. ജോസിന്റെ അനുജനായ ജെറി ആയി ശബരീഷ് വർമ്മയും മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. എന്നാൽ ഈ ചിത്രത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധയ്ക്കപ്പെടുന്നത് വെട്രിവേൽ ആയെത്തിയ രാജ് ബി ഷെട്ടിയുടെ അസാമാന്യ പ്രകടനമാണ്. പ്രകടന മികവ് കൊണ്ട് ഒരു വില്ലൻ മറ്റുള്ളവരെ മറികടക്കുന്ന ത്രസിപ്പിക്കുന്ന കാഴ്ചയാണ് രാജ് ബി ഷെട്ടി സമ്മാനിച്ചത്. ഇവരെ കൂടാതെ അഞ്ജന ജയപ്രകാശ്, ബിന്ദു പണിക്കർ, സുനിൽ, ദിലീഷ് പോത്തൻ തുടങ്ങിയവരും മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്.
ഉയർന്ന സാങ്കേതിക നിലവാരം ചിത്രത്തിന് ഗുണം ചെയ്തിട്ടുണ്ട്. വിഷ്ണു ശർമ്മ ഒരുക്കിയ ദൃശ്യങ്ങളും, ക്രിസ്റ്റോ സേവ്യർ ഒരുക്കിയ പശ്‌ചാത്തല സംഗീതവും ഗാനങ്ങളും ഈ ചിത്രത്തെ ദൃശ്യപരമായി മികവ് പുലർത്തുന്നതുന്നതിൽ ഏറെ സഹായിച്ചു. ഷമീർ മുഹമ്മദ് നിർവഹിച്ച എഡിറ്റിംഗും രണ്ടര മണിക്കൂറിന് മുകളിൽ ദൈർഘ്യമുള്ള ചിത്രത്തിന് മികച്ച വേഗത പകർന്നു നൽകി. മികച്ച സൗണ്ട് ഡിസൈനിങ്ങും ചിത്രത്തിന്റെ സാങ്കേതിക നിലവാരം ഉയർത്തിയിട്ടുണ്ട്. ഇതിനൊക്കെ പുറമെ എടുത്തു പറയേണ്ടത് ഫീനിക്സ് പ്രഭു നിർവഹിച്ച സംഘട്ടന സംവിധാനമാണ്. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന തരത്തിലാണ് അദ്ദേഹം മമ്മൂട്ടി ഉൾപ്പെടെയുള്ളവരെ കൊണ്ട് സംഘട്ടനം ചെയ്യിച്ചിരിക്കുന്നത്.
മമ്മൂട്ടി ആരാധകർക്കും കുടുംബ പ്രേക്ഷകർക്കും യുവാക്കൾക്കുമെല്ലാം ഏറെ ഇഷ്ടപ്പെടുന്ന രീതിയിലൊരുക്കിയ ടർബോ, മാസ്സ് ചിത്രങ്ങളുടെ പ്രേക്ഷകർക്ക് മികച്ച സിനിമാനുഭവം പകർന്നു നൽകുന്ന ചിത്രമാണ്. വലിയ രീതിയിൽ തീയേറ്റർ അനുഭവം സമ്മാനിക്കുന്ന ചിത്രമെന്ന നിലയിൽ, ഈ മമ്മൂട്ടി- വൈശാഖ്- മിഥുൻ മാനുവൽ തോമസ് ചിത്രം വലിയ കയ്യടി തന്നെയാണ് അർഹിക്കുന്നത്. ആദ്യാവസാനം ആവേശം പകരുന്ന ഒരു മുഴുനീള മെഗാ മാസ്സ് എന്റെർറ്റൈനെർ കാണാൻ ആഗ്രഹിക്കുന്ന ഓരോ പ്രേക്ഷകനും ടർബോ നല്ലൊരു വിരുന്നായിരിക്കും സമ്മാനിക്കുക.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.