മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ ഒരു കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറെന്ന ലേബലിലാണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്. ഗൗതം വാസുദേവ് മേനോൻ മലയാളത്തിൽ ആദ്യമായി ഒരുക്കുന്ന ചിത്രമെന്ന നിലയിലും, അദ്ദേഹം ആദ്യമായി ചെയ്യുന്ന കോമഡി ത്രില്ലറെന്ന നിലയിലും ചിത്രം റിലീസിന് മുൻപ് തന്നെ ശ്രദ്ധയാകർഷിച്ചിരുന്നു. മികച്ച ചിത്രങ്ങൾ മലയാളികൾക്ക് മുന്നിൽ എത്തിച്ചിട്ടുള്ള മമ്മൂട്ടി കമ്പനി നിർമ്മിക്കുന്നു എന്നതും ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ വർധിക്കുന്നതിന് കാരണമായിട്ടുണ്ട്. ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് ചിത്രം രചിച്ചത്.
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ മമ്മൂട്ടി അവതരിപ്പിക്കുന്ന ഡൊമിനിക് എന്ന കഥാപാത്രം, കാണാതായ ഒരു പേഴ്‌സ് തേടി ഇറങ്ങുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. കലൂരിന്റെ ഷെർലക് ഹോംസ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന, ഒരു പഴയ പോലീസ് ഉദ്യോഗസ്ഥനാണ് ഡൊമിനിക്. സി ഐ ആയിരുന്ന ഡൊമിനിക്, പോലീസ് ജോലിയിൽ നിന്ന് മാറിയതിന് ശേഷം ഡൊമിനിക് ഡിറ്റക്റ്റീവ് ഏജൻസി എന്ന പേരിൽ ഒരു സ്ഥാപനം ആരംഭിക്കുകയും ചെറിയ ചെറിയ കേസുകൾ അന്വേഷിക്കുകയും ചെയ്യുന്നതിനിടയിലാണ്, മാധുരി എന്ന ഡൊമിനിക്കിൻ്റെ വീട്ടുടമസ്ഥയായ കഥാപാത്രം തനിക്ക് ഒരാളുടെ പേഴ്സ് കളഞ്ഞ് കിട്ടിയ സംഭവവുമായി എത്തുന്നത്. ആ കേസ് ഡൊമിനിക്കും അദ്ദേഹത്തിന്റെ സഹായി ആയ വിക്കി എന്ന വിഘ്‌നേഷും കൂടെ അന്വേഷിക്കാൻ ഇറങ്ങുന്നതോടെ ചിത്രത്തിന്റെ ട്രാക്ക് മാറുന്നു. കാണാതായ ആ പേഴ്‌സ് അവരെ കൊണ്ടെത്തിക്കുന്നത് തട്ടിക്കൊണ്ടുപോകൽ, കൊലപാതകം തുടങ്ങി സങ്കീർണ്ണമായ മറ്റു ചില കേസുകളിലേക്കാണ്. വിക്കി ആയി ഗോകുൽ സുരേഷ് വേഷമിടുമ്പോൾ, മാധുരി ആയി വിജി വെങ്കിടേഷ് ആണ് അഭിനയിക്കുന്നത്.
തന്റെ ആദ്യ മലയാള ചിത്രം തന്നെ, തന്റെ പ്രത്യേക ശൈലിയിൽ പ്രേക്ഷകരെ ആദ്യാവസാനം രസിപ്പിക്കുന്ന രീതിയിൽ ഒരുക്കാൻ ഗൗതം മേനോന് സാധിച്ചിട്ടുണ്ട്. ആക്ഷൻ രംഗങ്ങളിലും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സമയത്തും ഗൗതം മേനോൻ ശൈലി പുലർത്തിയ അദ്ദേഹം, ഇൻവെസ്റ്റിഗേഷൻ, കോമഡി രംഗങ്ങളിൽ താൻ ഇതുവരെ ചെയ്യാത്ത ശൈലിയിലും കഥ പറയുന്നുണ്ട്. വളരെ സൂക്ഷ്മത പുലർത്തുന്ന മികച്ച തിരക്കഥയാണ് അതിനു അദ്ദേഹത്തെ സഹായിച്ചിട്ടുള്ളത്. പ്രേക്ഷകരെ ചിരിപ്പിക്കുകയും അതേ സമയം ത്രില്ലടിപ്പിക്കുകയും ചെയ്യുന്ന ചിത്രം പതിഞ്ഞ താളത്തിൽ തുടങ്ങി പിന്നീടങ്ങോട്ട് ആകാംഷാഭരിതമായി ആണ് സഞ്ചരിക്കുന്നത്. സിങ്ക് സൗണ്ടിൽ ചിത്രീകരിച്ചത് കൊണ്ട് തന്നെ വളരെ റിയലിസ്റ്റിക് ആയും സ്വാഭാവികമായുമാണ് ചിത്രത്തിലെ സംഭവവികാസങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ അരങ്ങേറുന്നതും. രസച്ചരട് പൊട്ടാതെ തന്നെ അന്വേഷണം മുന്നോട്ടു പോകുന്ന ചിത്രത്തിന്റെ ഹൈലൈറ്റ് ഇതിലെ ട്വിസ്റ്റുകളും സരസമയത്തും ലളിതമായതുമായ അവതരണ ശൈലിയുമാണ്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങളും ഗംഭീരമായാണ് ഒരുക്കിയിരിക്കുന്നത്.
ഡൊമിനിക് ആയി മമ്മൂട്ടി ഗംഭീര പ്രകടനമാണ് നൽകിയത്. കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിലും തന്റെ കഴിവിൽ പൂർണ്ണമായും വിശ്വസിക്കുന്ന, സരസനായ ഡൊമിനിക് ആയി മമ്മൂട്ടി സ്‌ക്രീനിൽ ജീവിച്ചു കാണിച്ചു തന്നു. അദ്ദേഹത്തിന്റെ സംഭാഷണങ്ങളും ശരീര ഭാഷയും വളരെ രസകരമായിരുന്നു. ആക്ഷൻ രംഗങ്ങൾ കൊണ്ടും അദ്ദേഹം കയ്യടി നേടുന്നുണ്ട്. മമ്മൂട്ടിക്കൊപ്പം തന്നെ ചിത്രത്തിൽ കയ്യടി നേടിയ താരമാണ് വിക്കി ആയി അഭിനയിച്ച ഗോകുൽ സുരേഷ്. അതീവ രസകരമായിരുന്നു ഇവരുടെ ഓൺസ്‌ക്രീൻ കെമിസ്ട്രി. ഇവർക്കൊപ്പം ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സുഷ്മിത ഭട്ട്, ഷൈൻ ടോം ചാക്കോ, വാഫ ഖതീജ എന്നിവരാണ് ശ്രദ്ധ നേടിയ മറ്റഭിനേതാക്കൾ. സുഷ്മിത ഭട്ട് ഗംഭീര പ്രകടനമാണ് നന്ദിത എന്ന കഥാപാത്രമായി നടത്തിയത്.
ഛായാഗ്രഹണം നിർവഹിച്ച വിഷ്ണു ആർ ദേവ് റിയലിസ്റ്റിക് ആയ, ത്രില്ലർ മൂഡ് പകരുന്ന ദൃശ്യങ്ങൾ സമ്മാനിച്ചപ്പോൾ, സംഗീതം പകർന്ന ദർബുക ശിവ കഥ പറയുന്നതിനാവശ്യമായ അന്തരീക്ഷം തന്റെ പശ്‌ചാത്തല സംഗീതത്തിലൂടെ സൃഷ്ടിച്ചിട്ടുണ്ട്. ചിത്രത്തിലെ പല പ്രധാന രംഗങ്ങളും ഉയർത്തപ്പെടുന്നത് അദ്ദേഹത്തിന്റെ പശ്‌ചാത്തല സംഗീതത്തിന്റെ മികവിലൂടെയാണ്. എഡിറ്റിംഗ് നിർവഹിച്ച ആന്റണി ചിത്രത്തിന്റെ വേഗത താഴാതെ ശ്രദ്ധിച്ചപ്പോൾ, സുപ്രീം സുന്ദർ, കലൈ കിങ്‌സൺ എന്നിവർ ഒരുക്കിയ സംഘട്ടനവും ചിത്രത്തിന്റെ ഹൈലൈറ്റായി മാറുന്നുണ്ട്.
ചുരുക്കി പറഞ്ഞാൽ, പ്രേക്ഷകരെ ആദ്യാവസാനം രസിപ്പിക്കുന്ന, ത്രില്ലടിപ്പിക്കുന്ന ഒരു കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’. ഏറെക്കാലത്തിനു ശേഷമാണ് ഇത്തരമൊരു ചിത്രം മലയാളത്തിലെത്തുന്നത്. അത്കൊണ്ട് തന്നെ പുതുമയും വ്യത്യസ്തതയും നൽകുന്ന ഒരു സിനിമാനുഭവമാണ് ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുക, മമ്മൂട്ടി ആരാധകരും, സിനിമാ പ്രേമികൾക്കും ഒരു വിരുന്നു തന്നെയാണ് ഗൗതം വാസുദേവ് മേനോൻ ഒരുക്കിയിരിക്കുന്നത്.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
This website uses cookies.