ഇന്ന് കേരളത്തിൽ റിലീസ് ചെയ്ത മലയാള ചിത്രമാണ് ഗപ്പി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റിയ ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായ അമ്പിളി. സൗബിൻ ഷാഹിറിനെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നതും സംവിധായകൻ തന്നെയാണ്. ഇ ഫോർ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സി വി സാരഥി, മുകേഷ് ആർ മെഹ്ത എന്നിവരും എ വി എ പ്രൊഡക്ഷൻസിന്റെ ബാനറിൽ എ വി അനൂപും ചേർന്ന് നിർമ്മിച്ച അമ്പിളിയിലെ നായികാ വേഷം ചെയ്തിരിക്കുന്നത് തൻവി റാം ആണ്. ഇവരെ കൂടാതെ പ്രശസ്ത നടി നസ്രിയയുടെ സഹോദരനായ നവീൻ നസീമും ഈ ചിത്രത്തിലെ ഒരു പ്രധാന വേഷം ചെയ്തിരിക്കുന്നു. നസീമിന്റെ അരങ്ങേറ്റ ചിത്രമാണിത്.
സൗബിൻ ഷാഹിർ അവതരിപ്പിക്കുന്ന അമ്പിളി എന്ന ടൈറ്റിൽ കഥാപാത്രത്തിന്റെ ചുറ്റുമാണ് ഈ ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. അമ്പിളി എന്ന മാനസിക വളർച്ചയില്ലാത്ത കഥാപാത്രത്തിന്റെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങൾ ആണ് ഈ ചിത്രത്തിൽ പറയുന്നത്. സൈക്ലിംഗിനും യാത്രക്കും പ്രധാന്യമുള്ള ഈ ചിത്രം ഒരു പ്രണയ കഥ കൂടിയാണ് പറയുന്നത്. ഈ കഥാപാത്രത്തിന്റെ ജീവിതത്തിൽ നിർണായകമായി വരുന്ന ബോബി എന്ന സൈക്ലിസ്റ് ആയി നവീൻ നസീം എത്തുമ്പോൾ അമ്പിളിയുടെ പ്രണയിനി ആയി എത്തുന്നത് തൻവി ആണ്.
ജോൺ പോൾ ജോർജ് എന്ന ഈ സംവിധായകനെ കൂടുതൽ പ്രതീക്ഷയോടെ നോക്കി കാണാൻ നമ്മളെ പ്രേരിപ്പിക്കുന്ന തരത്തിലാണ് അദ്ദേഹം തന്റെയീ രണ്ടാമത്തെ ചിത്രവും ഒരുക്കിയിരിക്കുന്നത്. വളരെ രസകരമായ പുതുമയേറിയ ഒരു കഥയെ അതിലും രസകരമായി വ്യത്യസ്ത പശ്ചാത്തലം നൽകി പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിന്റെ വിജയം. മനസ്സിൽ തൊടുന്ന, ജീവിതത്തോട് ചേർന്ന് നിൽക്കുന്ന മുഹൂർത്തങ്ങളും, പ്രേക്ഷകനെ പിടിച്ചിരുത്തുന്ന തരത്തിലുള്ള കഥാ സന്ദർഭങ്ങളും രംഗങ്ങളും കോർത്തിണക്കിയ തിരക്കഥയാണ് ഈ ചിത്രത്തെ പ്രേക്ഷകന്റെ പ്രീയപെട്ടതാക്കുന്നതു. ജോൺ പോൾ ജോർജ് രചയിതാവ് എന്ന നിലയിലും അഭിനന്ദനം അർഹിക്കുന്നു എന്ന് സംശയമേതുമില്ലാതെ പറയാം. വളരെ സ്വാഭാവികമായ രീതിയിൽ ഒരുക്കിയ സംഭാഷണങ്ങൾ പുതുമയേറിയ കഥാ സന്ദർഭങ്ങൾക്കു അകമ്പടിയായി എത്തിയപ്പോൾ ജോൺ പോൾ ജോർജ് എന്ന സംവിധായകന് ഒരു മനോഹരമായ ദൃശ്യ ഭാഷ വെള്ളിത്തിരയിൽ എത്തിക്കാൻ സാധിച്ചിട്ടുണ്ട്. ഈ ചിത്രത്തിന്റെ ഏറ്റവും വലിയ മികവ് എന്തെന്നാൽ ഹാസ്യത്തിനും, പ്രണയത്തിനും ഒപ്പം ഈ ചിത്രത്തിന്റെ കഥയിൽ കടന്നു വരുന്ന വൈകാരിക തലവും കൂടിയാണ്. ഒരു ട്രാവൽ മൂവി എന്ന രീതിയിൽ കൂടി അമ്പിളി ശ്രദ്ധേയമാണ്. പ്രണയം, യാത്ര, വൈകാരികത എന്നിവയെ കോർത്തിണക്കി വളരെ മികച്ച രീതിയിൽ വിശ്വസനീയമായി പ്രേക്ഷകന്റെ മുന്നിലവതരിപ്പിക്കാൻ കഴിഞ്ഞുവെന്നത് തന്നെയാണ് ഈ കൊച്ചു ചിത്രത്തിന്റെ വലിയ വിജയം ആയി മാറിയിട്ടുള്ളത്.
സൗബിൻ ഷാഹിർ കാഴ്ച വെച്ച ഗംഭീര പ്രകടനമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. വളരെ സ്വാഭാവികമായും അതോടൊപ്പം വളരെ എനർജെറ്റിക്കായും തന്റെ കഥാപാത്രത്തെ പൂർണ്ണമായും ഉൾക്കൊണ്ടുകൊണ്ട് സൗബിൻ അഭിനയിച്ചപ്പോൾ അമ്പിളിക്കൊപ്പം പ്രേക്ഷകരും സഞ്ചരിച്ചു തുടങ്ങി. സൗബിൻ പതിവ് പോലെ വളരെ കൂളായി അഭിനയിച്ചു കയ്യടി നേടിയപ്പോൾ നായികാ വേഷത്തിൽ എത്തിയ തൻവി റാമും തന്റെ കഥാപാത്രത്തെ വളരെ വിശ്വസനീയമായ രീതിയിൽ നമുക്ക് മുന്നിലെത്തിച്ചു. അരങ്ങേറ്റം കുറിച്ച നവീൻ നസീം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്ന പ്രകടനമാണ് നടത്തിയത്. ഒട്ടും ഓവർ ആകാതെ വളരെ പക്വതയോടെ തന്നെ നവീൻ തന്റെ കഥാപാത്രത്തിന് ജീവൻ പകർന്നു. മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജാഫർ ഇടുക്കി, വെട്ടുക്കിളി പ്രകാശൻ, സൂരജ്, മുഹമ്മദ്, പ്രേമൻ ഇരിങ്ങാലക്കുട, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി, റാബിയ ബീഗം എന്നിവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയായി തന്നെ വെള്ളിത്തിരയിലെത്തിച്ചു.
ശരൺ വേലായുധൻ ആണ് ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തത്. അദ്ദേഹം നൽകിയ ദൃശ്യങ്ങൾ മികച്ച നിലവാരം പുലർത്തിയപ്പോൾ പരിചയ സമ്പന്നനായ കിരൺ ദാസ് തന്റെ എഡിറ്റിംഗിലൂടെ ചിത്രം ആവശ്യപ്പെട്ട വേഗതയും ഒഴുക്കും പകർന്നു നൽകി. ഗപ്പിയിലൂടെ പ്രശസ്തനായ വിഷ്ണു വിജയ് ആണ് ഈ ചിത്രത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്തത്. സംഗീത വിഭാഗവും മികച്ച നിലവാരം പുലർത്തിയപ്പോൾ സാങ്കേതികമായി ഈ ചിത്രം ഏറെ മുന്നിൽ തന്നെ നിന്നു.
അമ്പിളി നിങ്ങളെ ഒരുപാട് സന്തോഷിപ്പിക്കുന്ന ഒരു ചിത്രമാണ്. പ്രേക്ഷകരുടെ മനസ്സ് നിറക്കുന്ന അല്ലെങ്കിൽ ഹൃദയത്തിൽ തൊടുന്ന ഒരു മനോഹര ചിത്രം എന്ന് നമ്മുക്ക് അമ്പിളിയെ വിശേഷിപ്പിക്കാം. വളരെ വ്യത്യസ്തമായ ഒരു കഥ പറയുന്ന ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും സംതൃപ്‌തരാക്കും എന്നുറപ്പാണ്.
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള് കീഴടക്കാൻ…
ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന്. ഇന്ത്യൻ സിനിമയുടെ പിതാവായി കണക്കാക്കപ്പെടുന്ന ധുന്ദിരാജ് ഗോവിന്ദ് ഫാൽക്കെയുടെ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ/മ്യൂസിക് അവകാശം…
This website uses cookies.