“Nothing to impress, nothing to change” ലിജോ ജോസ് പെല്ലിശ്ശേരി ചിത്രങ്ങളിറങ്ങും മുൻപ് സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്ന ലിജോയുടെ തന്നെ വാക്കുകളാണിത്. പ്രേക്ഷകരുടെ ഇഷ്ടങ്ങൾക്ക് വിഭിന്നമായി തനിക്കുവേണ്ടി ചിത്രമെടുക്കുന്ന ഒരു സംവിധായകൻ. അയാളുടെ ചിറകിലേറി ഓസ്കാറിന്റെ പടിവാതിക്കലിൽ വരെ മലയാളം എത്തിനോക്കി. നായകനും, ആമേനും, ഈ.മൗ. യൗ വും, ജെല്ലിക്കെട്ടുമെല്ലാം സൃഷ്ടിച്ച ലിജോയ്ക്ക് തന്റെ അടുത്ത ചിത്രത്തിലെ നായകനായി മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ ലഭിച്ചത് മുതൽ ലോകമെമ്പാടുമുള്ള മലയാളി സിനിമ പ്രേക്ഷകർ വലിയ ആവേശത്തിലായിരുന്നു. മമ്മൂട്ടി എന്ന ഇതിഹാസത്തെ എങ്ങനെയാകും തന്റെ ചിത്രത്തിൽ ലിജോ അവതരിപ്പിച്ചിരിക്കുന്നതെന്ന വലിയ ആകാംക്ഷയും!?
ആ ആകാംക്ഷയുടെയെല്ലാം നേരുത്തരമാണ് ‘നൻപകൽ നേരത്ത് മയക്ക’മെന്ന ചിത്രം. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച 10 കഥാപാത്രങ്ങൾ എടുത്താൽ അതിൽ നൻപകൽ നേരത്ത് മയക്കത്തിലെ സുന്ദരവുമുണ്ടാകും. തമിഴ് ഗ്രാമീണ സൗന്ദര്യത്തെ തന്റെ ക്യാമറയിലേക്ക് ഒപ്പിയെടുത്താണ് ഈ ചിത്രത്തിലെ ഓരോ രംഗവും തേനി ഈശ്വർ സൃഷ്ടിച്ചിരിക്കുന്നത്. ഗ്രാമീണ വൈവിധ്യങ്ങൾ കൊണ്ട് സമ്പന്നമായ തമിഴ് ജനതയ്ക്കൊപ്പം പ്രേക്ഷകനെ സഞ്ചരിപ്പിക്കുന്ന കഥാപാടവം, വർണ്ണ ഗംഭീരമായ സിനിമാട്ടോഗ്രാഫി, പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ നായകന്റെ ഒരു പകൽ മയക്കം. ആ മയക്കത്തിൽ നിന്നും ചടുലമായ വേഗതയിലൂടെ നായകനൊപ്പം പ്രേക്ഷകനും സഞ്ചരിക്കുകയാണ്. ജീവിതത്തെ കൂടുതൽ സുന്ദരമാക്കി കൊണ്ടാണ് വേളാങ്കണ്ണി തീർത്ഥയാത്രയ്ക്ക് പോയ ജെയിംസ്,സുന്ദരമെന്ന തമിഴനിലേക്ക് കൂടുമാറുന്നത്. സ്വപ്നവും, യാഥാർത്ഥ്യവും ഇഴപിരിക്കാനാകാത്ത ജെയിംസിന്റെ അനുഭവങ്ങൾ നമ്മെ കൂടുതൽ മെച്ചപ്പെട്ട മനുഷ്യരാക്കും.
പല കുറി അദ്ദേഹം തന്നെ പറഞ്ഞത് പോലെ, തേച്ചു തേച്ചു മിനുക്കി എടുത്തതാണ് മമ്മൂട്ടി എന്ന ഇതിഹാസ നായകനെ. ഇനിയും തേച്ചാൽ ഇനിയും മിനുങ്ങും. ഭൂതക്കണ്ണാടിയിലും, വിധേയനിലും, പൊന്തൻമാടയിലുമെല്ലാം സൂക്ഷ്മാഭിനയത്തിന്റെ നേർക്കാഴ്ചയായ അയാൾ, ഇന്ന് തന്റെ 72-ആം വയസ്സിലും അഭിനയത്തിന്റെ മറ്റു മേച്ചിൽ പുറങ്ങൾ തേടിയുള്ള യാത്രയിലാണ്. അഭിനയത്തോടുള്ള അടങ്ങാത്ത ആർത്തി, ഓരോ ഷോട്ടിലും പ്രകടമാണ്. കാലം പഴകും തോറും ലഹരിയേറുന്ന വീഞ്ഞുപോൽ സുന്ദരമായ മമ്മൂട്ടി, ഓരോ രംഗത്തിലും തന്നോട് തന്നെ മത്സരിക്കുകയാണ്. സംവിധാന കലയുടെ സർവകലാശാലയായ ഒരു സംവിധായകൻ അഭിനയത്തിന്റെ മൊത്തക്കച്ചവടക്കാരനായ ഒരു സൂപ്പർമാർക്കറ്റ് ഓണറിലേക്ക് എത്തുമ്പോഴുള്ള മുഴുവൻ സംഭവവികാസങ്ങളും ചിത്രത്തിലൂടെ നമുക്ക് കാണാൻ സാധിക്കും. കഴിഞ്ഞ 15 വർഷത്തിനിടയിൽ, തന്നിലെ അഭിനേതാവിനെ വെല്ലുവിളിച്ച പല അഭിനയ മുഹൂർത്തങ്ങളും മമ്മൂട്ടി മലയാളിക്ക് സമ്മാനിച്ചിട്ടുണ്ട്. പത്തേമാരിയും പുഴുവുമെല്ലാം ചെറിയ ഉദാഹരണങ്ങൾ മാത്രം. വരാനിരിക്കുന്ന വർഷങ്ങളിൽ മമ്മൂട്ടിയിൽ നിന്നും മലയാളിക്ക് ഇനിയുമേറെ പ്രതീക്ഷിക്കാനുണ്ട്.. ഒരു നീണ്ട കാലഘട്ടത്തിനുശേഷം മലയാള നടന്റെ ചിറകിലേറി നാഷണൽ അവാർഡ് കേരളക്കരയിലേക്ക് എത്തുമോ എന്നുള്ള ആകാംക്ഷയാണ് ഇനി. പല കുറി തഴയപ്പെട്ടുവെങ്കിലും, ഇന്ത്യയിലെ എണ്ണം പറഞ്ഞ യുവ താരങ്ങൾക്കൊപ്പം ശക്തമായ മത്സരം നൽകി ഒരു വെറ്ററൻ ആക്ടറും മത്സരരംഗത്ത് ഉണ്ട്. ഒപ്പം വന്നവരും മുന്നേ നടന്നു പോയവരും പലകുറി കാലിടറിയപ്പോഴും, മമ്മൂട്ടിയിലെ നടൻ മഹാമേരുവായി തന്നെ നിലകൊണ്ടു. പച്ച തമിഴ് പറയുന്ന സുന്ദരത്തെ, ഇതിലുമേറെ മികച്ചതാക്കാൻ ഏത് നടനാണ് കഴിയുക?! ഒരു നീണ്ട ഇടവേളക്കുശേഷം നടൻ അശോകന്റെ ഗംഭീര പെർഫോമൻസും നൻപകൽ നേരത്ത് മയക്കത്തിൽ കണ്ടു. മലയാളം വേണ്ട രീതിയിൽ തന്നിലെ അഭിനേതാവിനെ ഉപയോഗിച്ചോ എന്നൊരു വലിയ ചോദ്യവും ബാക്കിയാക്കിയാണ് അശോകൻ നടനമവസാനിപ്പിക്കുന്നത്. രാജേഷ് ശർമ,വിപിൻ അറ്റ്ലി തുടങ്ങിയ മറ്റ് അഭിനേതാക്കളും തങ്ങളുടെ റോളുകൾ ഗംഭീരമാക്കി.
പളനിയുടെ നാട്ടുവെന്മയ്ക്ക് കൂടുതൽ തെളിച്ചം നൽകുന്ന തേനി ഈശ്വറിന്റെ മാന്ത്രികമായ ദൃശ്യങ്ങൾ ഈ ചിത്രത്തിന്റെ ഹൈലൈറ്റായി മാറി. അതുപോലെ രംഗനാഥ് രവിയെന്ന സൗണ്ട് ഡിസൈനറാണ് നൻ പകൽ നേരത്ത് മയക്കത്തിന്റെ ആത്മാവ്. പശ്‌ചാത്തലത്തിൽ ഉപയോഗിച്ചിരിക്കുന്ന തമിഴ് ഗാനങ്ങൾക്കും അത് കിറുകൃത്യമായി പ്ലേസ് ചെയ്ത രീതിക്കും രംഗനാഥ് കയ്യടി അർഹിക്കുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് നൻപകൽ നേരത്ത് മയക്കം നിർമ്മിച്ചത്. ആമേൻ മൂവി മൊണാസ്ട്രിയുടെ ബാനറിൽ ലിജോയ്കും ചിത്രത്തിൽ നിർമ്മാണ പങ്കാളിത്തമുണ്ട്. ലിജോയുടെ തന്നെ കഥയ്ക്ക് എസ്. ഹരീഷാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദീപു ജോസഫ് ആണ് എഡിറ്റിംഗ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ടിനു പാപ്പച്ചൻ.
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
This website uses cookies.