ടേക്ക് ഓഫ്, സീ യു സൂൺ എന്നീ ചിത്രങ്ങൾക്ക് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്തു എന്നത് കൊണ്ടും അതുപോലെ ഫഹദ് ഫാസിൽ നായക വേഷം ചെയ്യുന്നു എന്നത് കൊണ്ടും പ്രേക്ഷകർ ഏറെ കാത്തിരുന്ന ഒരു ചിത്രമാണ് മാലിക്. വമ്പൻ ബഡ്ജറ്റിൽ ആന്റോ ജോസെഫ് നിർമ്മിച്ച ഈ ചിത്രം അതിന്റെ വലിയ ക്യാൻവാസ് കൊണ്ട് കൂടി പ്രേക്ഷകരുടെ പ്രതീക്ഷകൾ വർധിപ്പിച്ചിരുന്നു. ചിത്രത്തിന് വേണ്ടി ഫഹദ് നടത്തിയ ശാരീരിക മാറ്റങ്ങളും അതുപോലെ ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ചുള്ള സൂചനകളും വലിയ രീതിൽ മാലിക് കാത്തിരിക്കുന്നതിൽ പ്രേക്ഷകരെ പ്രേരിപ്പിച്ചു. ആ പ്രതീക്ഷകളോട് നീതി പുലർത്താൻ ഈ ചിത്രത്തിന് സാധിച്ചോ എന്ന് ചോദിച്ചാൽ ഏറ്റവും ലളിതമായി സാധിച്ചു എന്ന് തന്നെ നമ്മുക്ക് പറയാൻ സാധിക്കും. ഇനി എന്താണ് മാലിക്, എങ്ങനെയാണു മാലിക് എന്ന് നമുക്കൊന്നു പരിശോധിക്കാം.
നോൺ ലീനിയർ ആയി കഥ പറയുന്ന രീതിയിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. സുലൈമാൻ എന്ന ഫഹദ് കഥാപാത്രത്തിന്റെ ജീവിതത്തിലൂടെയുള്ള ഒരു യാത്രയാണ് ഈ ചിത്രം നമ്മുക്ക് കാണിച്ചു തരുന്നത്. റമദാപള്ളിയിലെ അനിഷേധ്യ നേതാവായ സുലൈമാൻ എന്ന അലി ഇക്ക ഹജ്ജിനു പോകാൻ ഒരുങ്ങുന്ന ദിവസത്തിൽ നിന്നുമാണ് കഥ ആരംഭിക്കുന്നത്. എന്നാൽ ഹജ്ജിനു പോകാൻ തുടങ്ങുന്ന അലി ഇക്കയുടെ ജീവിതത്തിൽ അപ്പോൾ വളരെ സങ്കീർണ്ണമായ ചില രാഷ്ട്രീയ പ്രശ്നങ്ങളും മതപരമായ പ്രശ്നങ്ങളും നടക്കുന്നുണ്ട് എന്ന സൂചനയും ആദ്യ പത്തു മിനിറ്റിൽ തന്നെ സംവിധായകൻ നമ്മുക്ക് നൽകുന്നുണ്ട്. അവിടെ നിന്ന് ഹജ്ജിനു പുറപ്പെടുന്ന അലി ഇക്കയെ ടാഡ നിയമം ഉപയോഗിച്ച് വിമാനത്താവളത്തിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്യുന്നതോടെ കഥയിലെ ആദ്യ വഴിത്തിരിവ് സംഭവിക്കുന്നു. പിന്നീട് അങ്ങോട്ട് ആരാണ് സുലൈമാൻ, അയാളുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ എന്തൊക്കെ എന്ന് ഫ്ലാഷ്ബാക്കിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തുകയാണ്. അതിനൊപ്പം തന്നെ പോലീസ് അറസ്റ്റ് ചെയ്തതിനു ശേഷം നടക്കുന്ന രാഷ്ട്രീയ ഗൂഢാലോചനകളും നമ്മുടെ മുന്നിൽ എത്തുന്നു.
വളരെ സങ്കീർണ്ണമായ, കേരളത്തിൽ നടന്ന ചില യഥാർത്ഥ സംഭവങ്ങളോട് സാമ്യം പറയാവുന്ന പ്രമേയമാണ് മഹേഷ് നാരായണൻ ഈ ചിത്രത്തിൽ കൈകാര്യം ചെയ്തിട്ടുള്ളത്. രാഷ്ട്രീയവും മതവും പോലെയുള്ള തൊട്ടാൽ പൊള്ളുന്ന വിഷയങ്ങളെ വളരെ മികച്ച രീതിയിൽ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. സാങ്കേതികപരമായും കഥാപരമായും മികച്ച നിലവാരം പുലർത്താൻ ഈ ചിത്രത്തിന് സാധിച്ചു. ഫഹദ് ഫാസിൽ എന്ന നടന്റെ പ്രകടനത്തിൽ ഊന്നിയാണ് പ്രധാനമായും ഈ ചിത്രം സഞ്ചരിക്കുന്നത്. സുലൈമാൻ എന്ന അലി ഇക്കയുടെ യൗവ്വനകാലവും അതിനു ശേഷം ആ മനുഷ്യന്റെ വാര്ധക്യവുമെല്ലാം മനോഹരമായി തന്നെ ഫഹദ് അഭിനയിച്ചു ഫലിപ്പിച്ചപ്പോൾ തിരക്കഥയിലും അതുപോലെ കാസ്റ്റിംഗിലും സംഭവിച്ച ചില പാളിച്ചകളെല്ലാം വളരെ വിദഗ്ദ്ധമായി മറക്കപെട്ടു എന്നതാണ് സത്യം. വിനയ് ഫോർട്ട്, ദിലീഷ് പോത്തൻ, ഇന്ദ്രൻസ്, ജോജു ജോർജ് എന്നിവർ പതിവ് പോലെ മികച്ചു നിന്നപ്പോൾ, നിമിഷ സജയൻ തനിക്കു ലഭിച്ച വളരെ ശ്കതമായ ഒരു വേഷം ഭംഗിയായി അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുമുണ്ട്. ചില ഭാഗങ്ങളിൽ നിമിഷക്ക് താങ്ങാവുന്നതിലും വലിയ ഭാരമാണോ ഈ കഥാപാത്രം എന്ന് തോന്നുന്ന രീതിയിൽ ഓവർ ഡ്രമാറ്റിക് ആയോ എന്നും സംശയം ജനിപ്പിക്കുന്നുണ്ട് ഈ നടിയുടെ പ്രകടനം. ചെറിയ ചില കഥാപാത്രങ്ങൾ ചെയ്ത നടീനടന്മാർ പ്രധാന കഥാപാത്രങ്ങൾ ചെയ്തവരുടെ പ്രകടനത്തിന്റെ മുന്നിൽ തീർത്തും അടിപതറിയതും കല്ലുകടിയായി മാറി.
ഗംഭീരമായ രീതിയിൽ ചിത്രം ഒരുക്കാൻ ശ്രമിച്ചിട്ടുള്ള മഹേഷ് നാരായണൻ ഒരു പരിധിവരെ അതിൽ വിജയിച്ചിട്ടുമുണ്ട്. ഒരു പരിധി വരെ എന്ന് പറയാൻ കാരണം, ചിത്രത്തിലെ പല പല ഭാഗങ്ങളിൽ മേക്കിങ്ങിലെ നിലവാരം പല രീതിയിൽ അനുഭവപ്പെടുന്നത് കൊണ്ടാണ്. ആദ്യം മുതൽ അവസാനം വരെ മേക്കിങ്ങിലെ നിലവാരം ഒരുപോലെ അനുഭവപ്പെടുത്താൻ അണിയറപ്രവർത്തകർക്ക് സാധിച്ചിട്ടില്ല. ചില ഭാഗങ്ങളിൽ ചിത്രത്തിലെ വലിയ ബഡ്ജറ്റിനോടും ക്യാൻവാസിനോടും നീതി പുലർത്തുന്ന മേക്കിങ് ദൃശ്യമായപ്പോൾ, ചില ഭാഗങ്ങളിൽ അനുഭവപ്പെട്ടത് ഒരു ലോ ബഡ്ജറ്റ് ചിത്രത്തിലെ നിലവാരക്കുറവാണ്. സാനു ജോൺ വർഗീസിന്റെ ഛായാഗ്രഹണവും അതുപോലെ സുഷിൻ ശ്യാം ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഗംഭീരമായി എന്ന് തന്നെ പറയാം. മിനിറ്റുകളോളം നീണ്ടു നിൽക്കുന്ന സിംഗിൾ ഷോട്ട് സീനുകൾ സാനു എന്ന ഛായാഗ്രാഹകന്റെ മികവ് ഒരിക്കൽ കൂടി നമ്മുക്ക് കാണിച്ചു തന്നു. അതുപോലെ ചിത്രത്തിന്റെയും കഥാപാത്രങ്ങളുടെയും മൂഡ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ സുഷിഷ് ശ്യാമിന്റെ പശ്ചാത്തല സംഗീതം വഹിച്ച പങ്കും ഒട്ടും ചെറുതല്ല. ആദ്യ ഒരു മണിക്കൂർ കൃത്യമായ വേഗതയിൽ പോകുന്ന ചിത്രത്തിൽ അതിനു ശേഷം, മുകളിൽ പറഞ്ഞ മേക്കിങ്ങിലെ പോരായ്‌മകൾ കൊണ്ടും, കഥാപാത്ര രൂപീകരണത്തിലും അവതരണത്തിലും സംഭവിച്ച തെറ്റുകൾ കൊണ്ടും അല്പം ഇഴച്ചിൽ അനുഭവപ്പെടുന്നുണ്ട് എങ്കിലും അവസാനം വരെ പ്രേക്ഷകരെ മടുപ്പിക്കാതെ കഥ പറയുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്.
അലി ഇക്കയായി ഫഹദ് നടത്തിയ പ്രകടനത്തിന് ഒപ്പം തന്നെ ചേർത്ത് പറയാവുന്ന പ്രകടനമാണ് അബു ആയി ദിലീഷ് പോത്തനും ഡേവിഡ് ആയി വിനയ് ഫോർട്ടും കാഴ്ച വെച്ചത്. മൂന്നു കഥാപാത്രങ്ങളും തുല്യ പ്രാധാന്യമാണ് ചിത്രത്തിന്റെ കഥയിൽ നൽകിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. പക്ഷെ ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങളുടെ രൂപീകരണം വളരെ അലസമായാണ് ചെയ്തിരിക്കുന്നത് എന്ന് പലപ്പോഴും തോന്നിക്കുന്നുമുണ്ട്. മണി രത്‌നം ഒരുക്കിയ നായകൻ, ഹോളിവുഡ് ക്ലാസിക് ആയ ഗോഡ്ഫാദർ എന്നിവയിലെ നായക കഥാപാത്രങ്ങളുടെ സ്വാധീനം വളരെ വലിയ രീതിയിൽ ഫഹദിന് വേണ്ടി ഒരുക്കിയ സുലൈമാനിൽ എടുത്തു കാണിക്കുന്നു എന്നതും പറയേണ്ടതുണ്ട്. ടേക്ക് ഓഫ് എന്ന മഹേഷ് നാരായണൻ ചിത്രം മേക്കിങ്ങിലും കഥ പറച്ചിലിലും പുലർത്തിയ നിലവാരവും ആ ചിത്രം പ്രേക്ഷകരുടെ മനസ്സിൽ ഉണ്ടാക്കിയ സ്വാധീനവും മാലിക് നൽകുമെന്ന് പറയാൻ കഴിയില്ലെങ്കിലും, സ്വതന്ത്രമായി നോക്കുമ്പോൾ ഒരു മികച്ച ചിത്രം തന്നെയാണ് ഈ സംവിധായകൻ സമ്മാനിച്ചിരിക്കുന്നത് എന്ന് പറയാം. മഹേഷിന്റെ മുൻ ചിത്രങ്ങളെ പോലെ ഗംഭീരം എന്ന് കണ്ണുമടച്ചു പറയാൻ സാധിക്കില്ലെങ്കിലും ഫഹദ് ഫാസിലിന്റെ പ്രകടനം കൊണ്ട് നിവർന്നു തന്നെ നിൽക്കുന്നു മാലിക് എന്ന് നിസംശയം പറയാം നമ്മുക്ക്.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.