കോവിഡ് പ്രതിസന്ധിമൂലം അടഞ്ഞു കിടന്ന സിനിമാ കൊട്ടകകൾ വീണ്ടും തുറക്കുമ്പോൾ, അതിൽ ആവേശത്തിന്റെ തിരമാലകൾ സൃഷ്ടിക്കാനായി എത്തിയിരിക്കുകയാണ് മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ നായകനായ കുറുപ്പ് എന്ന ചിത്രം. കേരളത്തിലെ 450 നു മുകളിൽ സ്‌ക്രീനുകളിൽ റിലീസ് ചെയ്ത ഈ ചിത്രം ഒരു സിനിമയ്ക്കു കേരളത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ റിലീസ് ആണ് നേടിയെടുത്തത്. 150 നു മുകളിൽ ഫാൻസ് ഷോകൾ സംഘടിപ്പിച്ചാണ് ദുൽഖർ ആരാധകർ കുറുപ്പിന്റെ വരവിനെ ആഘോഷിച്ചത്. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയിൽ പോലും ഇതിന്റെ ട്രൈലെർ പ്രദർശിപ്പിച്ചു കൊണ്ടാണ് ദുൽഖർ സൽമാൻ എന്ന നിർമ്മാതാവ് ഈ ചിത്രം പ്രമോട്ട് ചെയ്തത്. ദുൽഖർ സൽമാനൊപ്പം അനീഷ് മോഹനും കൂടി ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രതിസന്ധി ഘട്ടത്തിൽ രക്ഷകനെ പോലെ എത്തിയ ഈ ചിത്രത്തിന് തീയേറ്ററുകളുടെ ഭാഗത്തു നിന്നും ലഭിച്ചതും വമ്പൻ പിന്തുണയാണ്.
കേരളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പിടികിട്ടാപുള്ളിയായ സുകുമാര കുറുപ്പിന്റെ ജീവിതകഥയാണ് ഈ ചിത്രം നമ്മുടെ മുന്നിൽ എത്തിക്കുന്നത്. ചാക്കോ എന്ന നിരപരാധിയെ കത്തിച്ചു ചാരമാക്കി ഇൻഷുറൻസ് തട്ടിപ്പിലൂടെ പണക്കാരനാവാൻ ശ്രമിച്ച കുറുപ്പിന്റെ കഥ കേരളത്തിൽ എല്ലാവർക്കുമറിയാം. എന്നാൽ അതിനു മുൻപും, അതിനു ശേഷവും കുറുപ്പിന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളാണ് ഈ ചിത്രത്തിലൂടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ നമ്മുടെ മുന്നിൽ എത്തിച്ചിരിക്കുന്നത്. കെ എസ് അരവിന്ദ്, ഡാനിയൽ സായൂജ് നായർ എന്നിവർ ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം 1980 കളുടെ പശ്‌ചാത്തലത്തിലാണ് കഥ പറയുന്നത്. സുകുമാര കുറുപ്പ് ആയി ദുൽഖർ സൽമാൻ എത്തുമ്പോൾ ആ കേസ് അന്വേഷിക്കുന്ന ഡി വൈ എസ് പി കൃഷ്ണദാസ് ആയി ഇന്ദ്രജിത് സുകുമാരൻ അഭിനയിച്ചിരിക്കുന്നു.
ചിത്രം കാണുന്ന പ്രേക്ഷകരെ ഓരോ നിമിഷവും ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന തരത്തിൽ ഒരു ത്രില്ലർ മൂഡിലാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ചരിത്രത്തോട് നീതി പുലർത്തികൊണ്ടു തന്നെ, റിയലിസ്റ്റിക് ആയി കഥാസന്ദർഭങ്ങൾ മുന്നോട്ടു വെക്കുന്നതിലും സംവിധായകനും രചയിതാക്കളും മിടുക്കു കാണിച്ചു. കുറുപ്പ് എന്ന കഥാപാത്രത്തെ സ്റ്റൈലിഷ് ആയും കുറച്ചൊക്കെ മാസ്സ് ആയും കാണിച്ചിട്ടുണ്ടെങ്കിലും, അത്തരമൊരു ക്രിമിനൽ ചെയ്ത അധമമായ പ്രവർത്തികളെ പ്രകീർത്തിക്കുന്ന ഒന്നും തന്നെ ചിത്രത്തിന്റെ കഥയിൽ കടന്നു വരാതെയിരിക്കാൻ അണിയറ പ്രവർത്തകർ ഏറ്റവും മികച്ച രീതിയിൽ തന്നെ ശ്രമിച്ചിട്ടുണ്ട്. സംഭാഷണങ്ങൾ യുവ പ്രേക്ഷകരിൽ ആവേശമുയർത്തുന്നുണ്ട് എന്നതും എടുത്തു പറയണം. എല്ലാവർക്കുമറിയാവുന്ന കഥയ്ക്ക് പുറമെ ഇതുവരെ അധികം പേരിലേക്ക് എത്താത്ത ചില കാര്യങ്ങൾ കൂടി ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിൽ കൊണ്ട് വരാൻ അവർ ശ്രമിച്ചിട്ടുണ്ട്. കഥ പറച്ചിലിന്റെ വേഗത നഷ്ടപ്പെടാതെ ഒരു സിനിമാറ്റിക് ഫീൽ നൽകാനും അതോടൊപ്പം തന്നെ ഏറ്റവും വിശ്വനീയമായ രീതിയിൽ കഥാപാത്ര രൂപീകരണം നടത്താനും സംവിധായകനും രചയിതാക്കൾക്കും സാധിച്ചു എന്ന് എടുത്തു പറഞ്ഞെ പറ്റു.
കുറുപ്പ് എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് ദുൽഖർ സൽമാൻ നൽകിയത്. കുറുപ്പ് എന്ന മനുഷ്യന്റെ ജീവിതത്തിലെ പല പല മുഖങ്ങളെ വളരെ വിശ്വസനീയമായ രീതിയിലും, ഒപ്പം അയാൾ കടന്നു പോകുന്ന സന്ദർഭങ്ങളിൽ നടത്തുന്ന പ്രതികരണങ്ങൾ വളരെ തീവ്രമായ തലത്തിലും എത്തിക്കാൻ ദുൽഖർ സൽമാൻ എന്ന നടന് സാധിച്ചിട്ടുണ്ട്. ശരീര ഭാഷ കൊണ്ടും സംഭാഷണ ശൈലി കൊണ്ടും ഇങ്ങനെ തന്നെയായിരുന്നിരിക്കണം കുറുപ്പ് എന്നൊരു ഫീൽ പ്രേക്ഷകർക്ക് നല്കാൻ ദുൽഖറിന് സാധിച്ചു എന്നതാണ് ഏറ്റവും വലിയ കാര്യം. പോലീസ് ഓഫീസർ ആയെത്തിയ ഇന്ദ്രജിത്, ഭാസി ആയെത്തിയ ഷൈൻ ടോം ചാക്കോ, ശാരദ കുറുപ്പ് ആയെത്തിയ ശോഭിത എന്നിവരും ഏറ്റവും മികച്ച രീതിയിൽ തന്നെ തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തിയപ്പോൾ, മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന സുരഭി ലക്ഷ്മി, വിജയ രാഘവൻ, ഭരത്, ശിവജിത് പദ്മനാഭൻ, മായാ മേനോൻ, വിജയകുമാർ, സൈജു കുറുപ്പ്, സണ്ണി വെയ്ൻ, ആനന്ദ് ബാൽ, ഹാരിഷ് കണാരൻ, എം ആർ ഗോപകുമാർ, പി ബാലചന്ദ്രൻ, ബിബിൻ പെരുമ്പിള്ളിക്കുന്നേൽ, കൃഷ് എസ് കുമാർ, സാദിഖ് മുഹമ്മദ്, സുധീഷ് എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ച രീതിയിൽ വെള്ളിത്തിരയിലെത്തിച്ചു.
സാങ്കേതിക വശത്തു പുലർത്തിയ മികവും കുറുപ്പ് എന്ന ചിത്രത്തിന് ഏറെ ഗുണം ചെയ്തിട്ടുണ്ട്. 1980 കൾ മനോഹരമായി പുനർസൃഷ്ടിച്ച കലാ സംവിധായകൻ വിനീഷ് ബംഗ്ലാനും ആ ദൃശ്യങ്ങൾ ഏറ്റവും മികച്ച രീതിയിൽ ഒപ്പിയെടുത്ത നിമിഷ് രവിയും പ്രേക്ഷകരുടെ മനസ്സിലേക്ക് കുറുപ്പിലെ ഓരോ ഫ്രയിമും എത്തിക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. അതുപോലെ തന്നെയാണ് ഇതിലെ മനോഹരമായ ഗാനങ്ങളും അതിനൊപ്പം ചിത്രത്തിന്റെ സിനിമാറ്റിക് ഫീൽ ഉയർത്തിയ പശ്ചാത്തല സംഗീതവുമൊരുക്കിയ സുഷിൻ ശ്യാം നൽകിയ സംഭാവന. വിവേക് ഹർഷൻ എന്ന പ്രഗത്ഭനായ എഡിറ്ററുടെ പരിചയ സമ്പത്തു ചിത്രത്തിന് മികച്ച വേഗതയും പ്രദാനം ചെയ്തു.
ചുരുക്കി പറയുകയാണെങ്കിൽ, ഈ ചിത്രം പ്രഖ്യാപിച്ചപ്പോഴും, ഇതിന്റെ ഓരോ പ്രൊമോഷണൽ വീഡിയോകൾ പോസ്റ്ററുകൾ എന്നിവ കണ്ടപ്പോഴും ഒരു സിനിമാ പ്രേമി എന്ന നിലയിൽ അല്ലെങ്കിൽ ഒരു ആരാധകൻ എന്ന നിലയിൽ നിങ്ങൾ എന്താണോ പ്രതീക്ഷിച്ചതു, അതിനൊപ്പമോ അതിനു മുകളിലോ നല്കാൻ സാധിച്ചിട്ടുണ്ട് കുറുപ്പ് എന്ന ഈ ശ്രീനാഥ് രാജേന്ദ്രൻ ചിത്രത്തിന്. മികച്ച സിനിമാനുഭവം സമ്മാനിക്കുന്ന ഈ ചിത്രം തീയേറ്ററിൽ തന്നെ പോയി കാണുന്നത് ആ അനുഭവത്തെ മറ്റൊരു തലത്തിലെത്തിക്കുമെന്നത് തീർച്ചയാണ്. ഈ പ്രതിസന്ധി ഘട്ടത്തിൽ നിന്നു മലയാള സിനിമയെ മടക്കി കൊണ്ട് വരുന്ന ചിത്രങ്ങളുടെ മുൻപന്തിയിൽ തന്നെ ഇടം പിടിക്കാൻ കുറുപ്പിന് കഴിയും എന്ന് പ്രതീക്ഷിക്കുന്നു, അത് സംഭവിക്കട്ടെ എന്ന് പ്രാർഥിക്കുന്നു.
ബ്ലോക്ബസ്‌റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്‌കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.