മലയാള സിനിമയിലെ ക്ലാസിക് ആയി മാറിയ ദൃശ്യം എന്ന മോഹൻലാൽ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലായിരുന്നു കഴിഞ്ഞ കുറച്ചു നാളുകളായി പ്രേക്ഷകർ. കേരളത്തിൽ മാത്രമല്ല, ഇന്ത്യ മുഴുവനും, ഇന്ത്യക്കു പുറത്തുമുള്ള പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു ചിത്രമായി ദൃശ്യം 2 മാറിയിരുന്നു. ആറോളം ഭാഷകളിലേക്ക് റീമേക് ചെയ്യപ്പെട്ട ദൃശ്യത്തിന് ലഭിച്ച ജനപ്രീതി അത്ര വലുതായിരുന്നു. അതുകൊണ്ട് തന്നെ ജീത്തു ജോസെഫ്- മോഹൻലാൽ ടീം ദൃശ്യം 2 എന്ന ചിത്രവുമായി എത്തുമ്പോൾ അതിനെക്കുറിച്ചു വലിയ പ്രതീക്ഷയും അതുപോലെ തന്നെ ക്ലാസിക് ആയി മാറിയ ആദ്യ ഭാഗത്തോട് നീതി പുലർത്തുമോ എന്ന ആശങ്കയും ഓരോ ദൃശ്യം ആരാധകനും ഉണ്ടായിരുന്നു. ഇപ്പോഴിതാ കാത്തിരിപ്പുകൾ അവസാനിപ്പിച്ച് കൊണ്ട് ഫെബ്രുവരി പത്തൊൻപത്തിനു ദൃശ്യം 2 ആമസോൺ പ്രൈം റിലീസ് ആയി പ്രേക്ഷകരിലെത്തി. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ തന്നെയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
കഥയുടെ വിശദാംശങ്ങൾ കുറിക്കുന്നത് പ്രേക്ഷകരുടെ ആസ്വാദനത്തിനു തടസ്സം ഉണ്ടാക്കുമെന്ത്‌കൊണ്ട് തന്നെ കൂടുതൽ വിശദാംശങ്ങളിലേക്ക് ഞങ്ങൾ കടക്കുന്നില്ല. ആദ്യ ഭാഗത്തിൽ നടന്ന ആ കൊലപാതകത്തിനും ശവ ശരീരം ഒളിപ്പിക്കലിനും ശേഷം ജോർജ്കുട്ടി എന്ന കേന്ദ്ര കഥാപാത്രത്തിന്റെയും കുടുംബത്തിന്റെയും കുടുംബത്തിൽ നടക്കുന്ന കാര്യങ്ങളും, അത് കഴിഞ്ഞു വർഷങ്ങൾക്കു ശേഷം നടക്കുന്ന ആ കേസിന്റെ പുനരന്വേഷണം അവരുടെ കുടുംബത്തെ ഏതു രീതിയിലാണ് ബാധിക്കുന്നതെന്നുമാണ് ഈ ചിത്രം പറയുന്നത്. ഒരു വലിയ രഹസ്യം മറച്ചു പിടിച്ചു ജീവിക്കുന്ന ജോർജ് കുട്ടിക്ക് അറിയാതെ എന്തെങ്കിലും പിഴവ് പറ്റിയോ ? ജോർജ് കുട്ടിയെ വെല്ലുന്ന ബുദ്ധിയുമായി നിയമവും പോലീസും മുന്നോട്ടു വന്നോ ? ശവ ശരീരം കണ്ടു കിട്ടിയോ ? ജോർജുകുട്ടി പിടിക്കപെടുമോ ? തന്റെ കുടുംബത്തെ സംരക്ഷിക്കാൻ അയാൾക്ക് ഒരിക്കൽ കൂടി സാധിക്കുമോ ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ദൃശ്യം 2 ഓരോ പ്രേക്ഷകനും മുന്നിലെത്തിക്കുന്നതു.
വളരെ വൈകാരികമായ തലങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു ഫാമിലി ഡ്രാമ എന്ന് വിശേഷിപ്പിക്കുമ്പോൾ തന്നെ വളരെ ബുദ്ധിപരമായി, വളരെ ഗംഭീരമായി രചിക്കപ്പെട്ട ഒരു ഫാമിലി ത്രില്ലർ എന്ന് കൂടി ഈ ചിത്രത്തെ നമ്മുക്ക് വിശേഷിപ്പിക്കാം. രസച്ചരട് പൊട്ടാതെ പ്രേക്ഷകരെ വൈകാരികതയുടേയും ആകാംഷയുടെയും ആവേശത്തിന്റെയും ലോകത്തേക്ക് കൊണ്ട് പോകാൻ ജീത്തു ജോസഫിന് സാധിച്ചിട്ടുണ്ട് എന്നതാണ് ഈ ചിത്രത്തെ ഗംഭീരമാക്കി മാറ്റുന്നത്. ആദ്യ ഭാഗത്തോട് ആ കാര്യത്തിൽ നൂറു ശതമാനവും നീതി പുലർത്താൻ ഈ രണ്ടാം ഭാഗത്തിന് സാധിച്ചിട്ടുണ്ട്. അതുപോലെ, മോഹൻലാൽ എന്ന നടൻ കാഴ്ചവെച്ച അതിമനോഹരമായ പ്രകടനമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ശ്കതി. ഏഴു വർഷം മുൻപ് എവിടെ നിർത്തിയോ, അവിടെ നിന്ന് തന്നെ ജോര്ജുകുട്ടിയെ ഒരിക്കൽ കൂടി അനായാസമായി മുന്നോട്ടു കൊണ്ട് വരാൻ മോഹൻലാലിന് സാധിച്ചു. തന്റെ അനായാസമായ അഭിനയ ശൈലിയുടെ മാസ്മരികത ഒരിക്കൽ കൂടി മോഹൻലാൽ കാണിച്ചു തരുന്ന കാഴ്ച കൂടിയാണ് ദൃശ്യം 2 നമ്മുക്ക് സമ്മാനിക്കുന്നത് എന്ന് പറയാം. ഓരോ വാക്കിലും നോട്ടത്തിലും ചലനത്തിലും പോലും ജോർജ്‌കുട്ടിയായി മോഹൻലാൽ ജീവിച്ചപ്പോൾ, വൈകാരിക രംഗങ്ങളിലും മറ്റും ഈ നടൻ കാഴ്ച വെച്ച സൂക്ഷ്മാഭിനയത്തെ അത്ഭുതകരമെന്നു മാത്രമേ വിശേഷിപ്പിക്കാൻ സാധിക്കു. മോഹൻലാലിനൊപ്പം തന്നെ ഗംഭീര പ്രകടനം കാഴ്ച വെച്ചവരാണ് പോലീസ് ഓഫീസർ ആയി എത്തിയ മുരളി ഗോപി, ജോർജ്ജുകുട്ടിയുടെ ഭാര്യ റാണിയായി എത്തിയ മീന എന്നിവർ. ഇവർക്കൊപ്പം എസ്തർ, അൻസിബ ഹസൻ, ഗണേഷ് കുമാർ, സായി കുമാർ, കൃഷ്ണ, ആന്റണി പെരുമ്പാവൂർ, അഞ്ജലി നായർ തുടങ്ങി ഒട്ടേറെ പേര് വളരെ മികച്ച പ്രകടനമാണ് നൽകിയത്.
സാങ്കേതിക വശവും കുറ്റം പറയാനൊന്നുമില്ലാത്ത വിധം മികച്ചു നിന്നു. എടുത്തു പറയേണ്ടത് അനിൽ ജോൺസൻ ഒരുക്കിയ പശ്ചാത്തല സംഗീതം തന്നെയാണ്. ചിത്രത്തിലെ വൈകാരിക നിമിഷങ്ങളും അതുപോലെ ആകാംഷ നിറഞ്ഞ നിമിഷങ്ങളുമെല്ലാം പ്രേക്ഷകരുടെ മനസ്സിലെത്തിക്കുന്നതിൽ അനിൽ ജോൺസൺ വഹിച്ച പങ്കു വളരെ വലുത് തന്നെയാണ്. സതീഷ് കുറുപ്പ് ഒപ്പിയെടുത്ത മനോഹരമായ ദൃശ്യങ്ങളും അത് മികവാർന്ന രീതിയിൽ സംയോജിപ്പിച്ച വി എസ് വിനായകും ദൃശ്യം 2 ഒരു വിസ്മയമാക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചവരാണ്. ദൃശ്യം കണ്ടു അത്ഭുതപരതന്ത്രരായി തീയേറ്ററുകളിൽ നിന്ന് പുറത്തു വന്ന പ്രേക്ഷകർ ദൃശ്യം 2 കണ്ടും അതുപോലെ തന്നെ കോരിത്തരിക്കുമെന്നുറപ്പ്. മോഹൻലാൽ എന്ന അഭിനയ ഗോപുരം മാനം മുട്ടെ നിവർന്നു നിന്നപ്പോൾ, ജീത്തു ജോസഫ് എന്ന ബുദ്ധി രാക്ഷസൻ ഒരിക്കൽ കൂടി തന്റെ വിശ്വരൂപം പുറത്തെടുത്തപ്പോൾ ഉണ്ടായി വന്ന ഈ സൃഷ്ടിയെ കുറിച്ച്, ഓരോ പ്രേക്ഷകരോടും ധൈര്യമായി പറയാം, ഇതൊരു വിസ്മയമാണെന്നു. ഒരിക്കൽ കൂടി മനസ്സ് നിറക്കുന്ന ദൃശ്യ വിസ്മയം.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.