മൂന്നര വർഷത്തിന് ശേഷമാണ് ജനപ്രിയ നായകൻ ദിലീപിന്റെ ഒരു ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തുന്നത് എന്നത് തന്നെയാണ് വോയ്‌സ് ഓഫ് സത്യനാഥൻ എന്ന ഇന്നത്തെ റിലീസിലേക്ക് പ്രേക്ഷകരെ ആകർഷിച്ച ഏറ്റവും വലിയ ഒരു ഘടകം. ഒരുപിടി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ച റാഫി- ദിലീപ് ടീമൊന്നിച്ച ഒരു ചിത്രം കൂടിയായതിനാൽ പ്രേക്ഷക പ്രതീക്ഷകളും വലുതായിരുന്നു എന്നതാണ് സത്യം. ആ പ്രതീക്ഷകളെ സാധൂകരിക്കാൻ ഈ ചിത്രത്തിന് സാധിച്ചോ എന്ന ചോദ്യത്തിനുത്തരമാണ് ഇതിന്റെ വിജയപരാജയങ്ങളെ തീരുമാനിക്കുന്നത്. ഒരു പക്കാ ദിലീപ് ചിത്രം പ്രതീക്ഷിച്ചു പോയവരുടെ പ്രതീക്ഷകളെ സാധൂകരിക്കാൻ വോയ്‌സ് ഓഫ് സത്യനാഥന് സാധിച്ചു എന്ന് തന്നെ പറയാൻ പറ്റും.
സത്യനാഥൻ എന്ന് പേരുള്ള ഒരു ഫർണിച്ചർ ഷോപ് ഉടമയുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രം സഞ്ചരിക്കുന്നത്. വളരെ സാധാരണക്കാരനായ സത്യനാഥന് എന്ത് ചെയ്യുമ്പോഴും പറയുമ്പോഴും അതിലൊരു പുതുമ വേണം, ട്വിസ്റ്റ് വേണം എന്നൊക്കെയുള്ള നിർബന്ധമുണ്ട്. എന്നാൽ അതിനായുള്ള അയാളുടെ ശ്രമങ്ങൾ എപ്പോഴും നാക്കുപിഴയിൽ ചെന്നെത്തുകയും അയാൾ കൂടുതൽ പ്രശ്നങ്ങളിലേക്ക് ചെന്ന് ചാടുകയും ചെയ്യുകയാണ് പതിവ്. അങ്ങനെയൊരു നാക്ക് പിഴ അയാളെ ദേശീയ ശ്രദ്ധയിൽ വരെ കൊണ്ട് ചെന്നെത്തിക്കുകയും അയാൾ ഒരു ജയില്പുള്ളി വരെ ആകേണ്ടി വരുന്ന അവസ്ഥയിൽ എത്തുകയും ചെയ്യുന്നിടത്ത് നിന്നാണ് ഈ ചിത്രം ട്രാക്കിൽ കയറുന്നത്.
ആദ്യാവസാനം ഈ ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നത് ദിലീപിന്റെ തനതായ ശൈലിയിലുള്ള ഹാസ്യമാണ്. സത്യനാഥൻ എന്ന കഥാപാത്രമായി മികച്ച പ്രകടനം തന്നെയാണ് അദ്ദേഹം കാഴ്ച വെച്ചിരിക്കുന്നത്. ഹാസ്യത്തിൽ പുതുമയുണ്ടോ എന്നതിലുപരി, ഉള്ള ഹാസ്യം വളരെ മികച്ച രീതിയിൽ അവതരിപ്പിക്കുകയാണ് ദിലീപിന്റെ കഥാപാത്രത്തിലൂടെ സംവിധായകൻ ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്റെ നട്ടെല്ലായി നിൽക്കുന്നത്. വളരെ ചെറിയ ഒരു കഥയിൽ ഹാസ്യ മുഹൂർത്തങ്ങളും കുറച്ചു വൈകാരിക മുഹൂർത്തങ്ങളും കൃത്യമായി കോർത്തിണക്കിയാണ് ഈ ചിത്രം സഞ്ചരിക്കുന്നത്. അതിൽ തന്നെ ജോജു ജോർജ് ഉൾപ്പെടുന്ന വൈകാരിക മുഹൂർത്തങ്ങളും സിദ്ദിഖ് ഉൾപ്പെടുന്ന ഹാസ്യ രംഗങ്ങളും മികച്ചു നിൽക്കുന്നുണ്ട്.
വമ്പൻ താരനിര തന്നെയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. എന്നാൽ ദിലീപ്, അദ്ദേഹത്തിന്റെ ഭാര്യാ വേഷം ചെയ്ത വീണ നന്ദകുമാർ, സിദ്ദിഖ് അവതരിപ്പിച്ച തബല വർക്കി, ജോജു അവതരിപ്പിച്ച ബാലൻ എന്നിവരെ മാറ്റി നിർത്തിയാൽ, മറ്റുള്ളവർക്ക് കാര്യമായി ഒന്നും തന്നെ നല്കാൻ തിരക്കഥയിൽ കാമ്പുണ്ടായിരുന്നില്ല എന്നത് ഒരു സത്യമാണ്. ജോണി ആന്റണി, ജഗപതി ബാബു, മകരന്ദ് ദേശ്പാണ്ഡെ, അഭിരാം, വിജയ രാഘവൻ, റാഫി, രമേശ് പിഷാരടി, അലെൻസിയർ തുടങ്ങി ഒരു നീണ്ട താരനിര ഇതിൽ അഭിനയിച്ചിട്ടുണ്ട്.
ചിത്രത്തിന്റെ മേക്കിങ് സാധാരണ നിലവാരം മാത്രം പുലർത്തിയാണ് മുന്നോട്ടു പോയത്. വലിയ താരനിര ഉണ്ടെങ്കിലും ഒരു ചെറിയ ബഡ്ജറ്റ് ചിത്രത്തിന്റെ മേക്കിങ് ശൈലിയിലാണ് വോയ്‌സ് ഓഫ് സത്യനാഥൻ ഒരുക്കിയിരിക്കുന്നത്. അങ്കിത് മേനോൻ ഒരുക്കിയ സംഗീതം ശരാശരി നിലവാരം മാത്രമാണ് പുലർത്തിയത്. ഷമീർ മുഹമ്മദിന്റെ എഡിറ്റിങ് മികവാണ് ചിത്രത്തിന് മോശമല്ലാത്ത ഒഴുക്ക് സമ്മാനിച്ചതെന്നും എടുത്തു പറയണം. സ്വരൂപ് ഫിലിപ്, ജിതിൻ സ്റ്റാനിസ്ലാസ് എന്നിവരുടെ ഛായാഗ്രഹണവും എടുത്തു പറയത്തക്ക രീതിയിൽ ദൃശ്യ മികവ് സമ്മാനിക്കുന്നതായിരുന്നില്ല. എന്നിരുന്നാലും കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്ന ഒരു കോമഡി എന്റെർറ്റൈനെർ എന്ന നിലയിൽ വോയ്‌സ് ഓഫ് സത്യനാഥൻ ഒരു മിനിമം സാങ്കേതിക നിലവാരം പുലർത്തിയിട്ടുമുണ്ട്.
ദിലീപ് ചിത്രങ്ങളെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്കും കുറച്ചു സമയം ചിരിക്കാൻ തയ്യാറുള്ളവർക്കും ധൈര്യമായി കാണാവുന്ന എന്റർടൈനറാണ് വോയ്‌സ് ഓഫ് സത്യനാഥൻ. ദ്വയാർത്ഥ പ്രയോഗങ്ങൾ ഇല്ല എന്നത് കൊണ്ട് തന്നെ കുടുംബ സമേതമായി ആസ്വദിക്കാവുന്ന ഫാമിലി ചിത്രമെന്നും ഇതിനെ നമ്മുക്ക് വിശേഷിപ്പിക്കാം
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.