ഹൈദരാബാദി മസാലയുമായി പൊട്ടിച്ചിരിയുടെ പ്രേമപുരാണം; പ്രേമലു റിവ്യൂ വായിക്കാം
തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സൂപ്പർ വിജയങ്ങൾക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ പ്രേമലു ഇപ്പോൾ പ്രേക്ഷകരുടെ മനസ്സ് നിറക്കുകയാണ്. യുവ പ്രേക്ഷകരുടെ പ്രിയങ്കരനായ നസ്ലെൻ, മമിതാ ബൈജു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ഈ റൊമാന്റിക് കോമഡി ചിത്രം നിർമ്മിച്ചിരിക്കുന്നത് ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്ന് ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ്, ഭാവന സ്റ്റുഡിയോസ്, വർക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിലാണ്. ഗിരീഷ് എ ഡി, കിരൺ ജോസി എന്നിവർ ചേർന്നാണ് ഈ ചിത്രം രചിച്ചിരിക്കുന്നത്.
നസ്ലെൻ അവതരിപ്പിക്കുന്ന സച്ചിൻ, മമിതാ ബൈജു അവതരിപ്പിക്കുന്ന റീനു എന്നീ കഥാപാത്രങ്ങളുടെ ചുറ്റുമാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ഡിഗ്രി പഠനം കഴിഞ്ഞു യു കെയിലേക്ക് പോകാൻ വിസ വരാതെ നിൽക്കുന്ന സമയത്ത്, ഹൈദരാബാദിലേക്ക് ഒരു മത്സര പരീക്ഷയുടെ തയ്യാറെടുപ്പിനായി അമൽ എന്ന സുഹൃത്തിനൊപ്പം പോകുന്ന സച്ചിന്റെ ജീവിതത്തിലേക്ക് റീനു കടന്നു വരുന്നതോടെ ചിത്രം ട്രാക്കിലേക്ക് കയറുന്നു. പല തവണ വൺ സൈഡ് പ്രണയവുമായി നടന്നു പ്രണയ പരാജിതനായ സച്ചിന്, റീനുവിനോട് ആദ്യ കാഴ്ച്ചയിൽ തന്നെ പ്രണയം തോന്നുന്നതോടെ അവന്റെ ജീവിതഗതി തന്നെ മാറുന്നു. പിന്നീട് റീനുവിനോട് പ്രണയം പറയാനും അവളുടെ ജീവിതത്തിൽ ഒരിടം നേടാനുമുള്ള സച്ചിന്റെ ശ്രമങ്ങളാണ് ഈ ചിത്രം അതീവരസകരമായി അവതരിപ്പിക്കുന്നത്.
ഗിരീഷ് എ ഡി എന്ന ഈ യുവ സംവിധായകനെ ഏറെ പ്രതീക്ഷയോടെ നോക്കി കാണാൻ പ്രേരിപ്പിക്കുന്ന ഘടകം എന്തെന്നാൽ, വളരെ രസകരമായ ചെറിയ കഥകളെ അതിലും രസകരമായി പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കാൻ അദ്ദേഹം കാണിക്കുന്ന മിടുക്കു തന്നെയാണ്. അദ്ദേഹമൊരുക്കിയ ആദ്യ രണ്ടു ചിത്രങ്ങളിലും ആ മികവ് നമ്മൾ കണ്ടതാണ്. അതുപോലെ തന്നെ പ്രേമലുവും പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടുന്ന രീതിയിലാണ് ഗിരീഷ് ഒരുക്കിയിരിക്കുന്നത്. ഏറെ നർമ്മ മുഹൂർത്തങ്ങളും പ്രേക്ഷകനെ പിടിച്ചിരുത്തുന്ന തരത്തിലുള്ള കഥാ സന്ദർഭങ്ങളും രംഗങ്ങളും കോർത്തിണക്കിയ തിരക്കഥയാണ് ഈ ചിത്രത്തെ പ്രേക്ഷകന്റെ പ്രീയപ്പെട്ടതാക്കുന്നത്. അത് കൊണ്ട്, ആദ്യം തന്നെ അഭിനന്ദനമർഹിക്കുന്നത് ഗിരീഷ് എ ഡി, കിരൺ ജോസി എന്നീ രചയിതാക്കളാണ്. പൊട്ടിച്ചിരിപ്പിക്കുന്ന സംഭാഷണങ്ങൾ ചിത്രത്തെ കൂടുതൽ രസകരമാക്കിയപ്പോൾ, മികച്ച കഥാ സന്ദർഭങ്ങൾ ഒരുക്കിയ ഗിരീഷ് എന്ന സംവിധായകന് ഒരു മനോഹരമായ ദൃശ്യ ഭാഷ വെള്ളിത്തിരയിലെത്തിക്കാൻ കഴിഞ്ഞു എന്ന് നമ്മുക്ക് സംശയമില്ലാതെ തന്നെ പറയാൻ സാധിക്കും. ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പുതുമ എന്തെന്നാൽ, അതീ ചിത്രം പ്രേക്ഷകന്റെ മുന്നിൽ അവതരിപ്പിച്ച രീതി തന്നെയാണ്. പ്രണയവും തമാശയും ഡ്രാമയും എല്ലാം ഇട കലർത്തി ഒരു പക്കാ എന്റെർറ്റൈനെർ ആയി ചിത്രത്തെ ഗിരീഷ് മാറ്റിയിട്ടുണ്ട്.
ഇപ്പോഴത്തെ ചെറുപ്പക്കാർക്ക് വളരെയധികം മനസ്സ് കൊണ്ട് ബന്ധപ്പെടുത്താൻ സാധിക്കുന്ന കഥാസന്ദർഭങ്ങളും സംഭാഷണങ്ങളും സൗഹൃദവും പ്രണയവും വൈകാരികതയും എല്ലാം കൃത്യമായ അളവിലാണ് ഗിരീഷ് പ്രേമലുവിൽ കൊണ്ട് വന്നിരിക്കുന്നത്. ഒന്നും കൂടിയും കുറഞ്ഞും പോകാതെ അദ്ദേഹം കോർത്തിണക്കിയപ്പോൾ ആദ്യാവസാനം പൊട്ടിച്ചിരികളും കയ്യടികളുമായാണ് ഈ ചിത്രം മുന്നോട്ട് സഞ്ചരിക്കുന്നത്.
നസ്ലെൻ ഗഫൂർ- മമിതാ ബൈജു ടീമിന്റെ രസകരമായ കെമിസ്ട്രി മികച്ച രീതിയിൽ ഉപയോഗിക്കപ്പെട്ടതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ മികവ്. രണ്ടു പേരും പരസ്പരം കൊണ്ടും കൊടുത്തും അഭിനയിച്ചപ്പോൾ, കഥാപാത്രങ്ങൾക്കൊപ്പം പ്രേക്ഷകരും സഞ്ചരിച്ചു തുടങ്ങിയത് ചിത്രത്തിന് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട് . ഇതിനോടകം പ്രേക്ഷകരുടെ പ്രിയങ്കരനായ നസ്ലെൻ, പതിവ് പോലെ വളരെ കൂളായി സച്ചിൻ എന്ന ചെറുപ്പക്കാരനെ അവതരിപ്പിച്ചപ്പോൾ, തന്റെ കഥാപാത്രത്തെ വളരെ രസകരമായി മമിതയും നമുക്ക് മുന്നിലെത്തിച്ചു. രണ്ടു പേരും വളരെ സ്വാഭാവികമായും എനെർജിറ്റിക് ആയുമാണ് തങ്ങളുടെ കഥാപാത്രങ്ങളെ ഉൾക്കൊണ്ടത്. നസ്ലെന്റെ കോമഡി ടൈമിംഗ് എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. അത്ര രസകരമായിരുന്നു ഈ യുവനടന്റയെ ശരീര ഭാഷയും സംഭാഷണ ശൈലിയും.
മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സംഗീത് പ്രതാപ്, അഖില ഭാർഗവൻ, ശ്യാം മോഹൻ, മീനാക്ഷി രവീന്ദ്രൻ, അൽത്താഫ് സലിം എന്നിവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയായി തന്നെ വെള്ളിത്തിരയിലെത്തിച്ചു. അതിൽ തന്നെ സംഗീത് പ്രതാപ് അവതരിപ്പിച്ച അമൽ എന്ന കഥാപാത്രം കോമഡി ടൈമിംഗ് കൊണ്ട് വമ്പൻ കയ്യടിയാണ് നേടുന്നത്. അഖില അവതരിപ്പിച്ച കാർത്തിക എന്ന കഥാപാത്രവും ശ്രദ്ധ നേടുമ്പോൾ, ചിത്രത്തിന്റെ മികവിൽ വലിയ പങ്ക് വഹിച്ചത് ആദി എന്ന കഥാപാത്രമായി ശ്യാം മോഹൻ കാഴ്ചവെച്ച ഗംഭീര പ്രകടനം കൂടിയാണ്.
അജ്മൽ സാബുവാണ് ആണ് ഈ ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തത്. ഹൈദരാബാദിന്റെ മനോഹാരിത ഒപ്പിയെടുത്ത അദ്ദേഹം നൽകിയ ദൃശ്യങ്ങൾ മികച്ച നിലവാരം പുലർത്തിയപ്പോൾ, ആകാശ് ജോസഫ് വർഗീസ് തന്റെ എഡിറ്റിംഗിലൂടെ ചിത്രം ആവശ്യപ്പെട്ട വേഗതയും ഒഴുക്കും പകർന്നു നൽകുകയും ചെയ്തു . വിഷ്ണു വിജയ് ആണ് ഈ ചിത്രത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്തത്. പ്രേക്ഷകർക്ക് എനർജി നൽകുന്ന ഗാനങ്ങളും രസകരമായ പശ്ചാത്തല സംഗീതവും ഒരുമിച്ചു വന്നപ്പോൾ സാങ്കേതികമായി ഈ ചിത്രം ഏറെ മുന്നിലെത്തി. മികച്ച സംഗീതവും ദൃശ്യങ്ങളും അതുപോലെ തന്നെ പ്രേക്ഷകനെ മുഷിപ്പിക്കാതെ വേഗതയും ഒത്തുചേർന്നപ്പോൾ പ്രേമലു എന്ന ഈ ചിത്രം കൂടുതൽ രസകരമായി മാറിയിട്ടുണ്ട്.
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പ്രേമലു, പ്രണയവും തമാശയും കൊണ്ട് നിങ്ങളെ ഒരുപാട് രസിപ്പിക്കുന്ന ഒരു പക്കാ റൊമാന്റിക് കോമഡി എന്റെർറ്റൈനെർ ആണ്. കൊടുത്ത കാശ് പൂർണ്ണമായും മുതലാവുന്ന ഒരു ഫൺ റൈഡ് ആണ് ഈ ചിത്രം സമ്മാനിക്കുന്നത്. പ്രേക്ഷകരെ ഒരുപാട് രസിപ്പിക്കുന്നതിനൊപ്പം പുതുമയുടെ ഫീൽ നൽകാനും ഈ ചിത്രത്തിന് കഴിയും എന്നതാണ് പ്രേമലുവിനെ വേറിട്ട് നിർത്തുന്നത്. .
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
This website uses cookies.