മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ജനപ്രീതിയുള്ള കഥാപാത്രങ്ങളിൽ ഒന്നാണ് മെഗാ സ്റ്റാർ മമ്മൂട്ടി അവതരിപ്പിച്ച സേതുരാമയ്യർ എന്ന സിബിഐ ഓഫീസർ. എസ് എൻ സ്വാമി രചിച്ചു കെ മധു ഒരുക്കിയ സിബിഐ ചിത്രങ്ങളുടെ സീരീസിൽ നാല് ഭാഗങ്ങൾ റിലീസ് ചെയ്യുകയും അതിലെല്ലാം സേതുരാമയ്യർ എന്ന സിബിഐ ഓഫീസറായി മമ്മൂട്ടി തിളങ്ങുകയും ചെയ്തു. ഒരു സിബിഐ ഡയറികുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നിവയാണ് ആ നാലു ഭാഗങ്ങൾ. ഇപ്പോഴിതാ, ആ സീരിസിലെ അഞ്ചാമത്തെ ചിത്രവും പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുകയാണ്. മമ്മൂട്ടി- കെ മധു- എസ് എൻ സ്വാമി ടീമിൽ തന്നെയൊരുങ്ങിയ ഈ അഞ്ചാം ഭാഗത്തിന്റെ പേര്, സിബിഐ 5 ദി ബ്രെയിൻ എന്നാണ്. ഈ ചിത്രം നിർമ്മിച്ച് കൊണ്ട് സ്വർഗ്ഗചിത്ര എന്ന പോപ്പുലർ നിർമ്മാണ കമ്പനി മലയാളത്തിലേക്ക് തിരിച്ചെത്തുക കൂടി ചെയ്തിരിക്കുകയാണ്. അത്കൊണ്ട് തന്നെ വലിയ പ്രേക്ഷക പ്രതീക്ഷകൾ ഈ സിബിഐ ചിത്രത്തിന് മേൽ ഉണ്ടായിരുന്നു എന്ന് വേണം പറയാൻ.
ഒരു പക്കാ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയതു കൊണ്ട് തന്നെ അത്തരമൊരു ചിത്രത്തിന്റെ കഥാഗതിയെ കുറിച്ചോ കഥയുടെ കൂടുതൽ വിശദാംശങ്ങളോ വെളിപ്പെടുത്തുന്നത് ഒട്ടും ഉചിതമാവില്ല. എങ്കിലും ഒരു കഥാ തന്തു പറയുകയാണെങ്കിൽ, കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച ഒരു കേസ് അന്വേഷിക്കാൻ ഒരിക്കൽ കൂടി സേതുരാമയ്യരെന്ന സിബിഐ ഉദ്യോഗസ്ഥനും അയാളുടെ ടീമും കേരളത്തിൽ എത്തുകയാണ്. ബാസ്‌ക്കറ്റ് കില്ലിംഗ് എന്ന ഒരു കൊലപാതക രീതിയാണ് ഈ ചിത്രത്തിലെ കുറ്റാന്വേഷണത്തെ വ്യത്യസ്തമാക്കുന്നത്. ഈ പുതിയ വെല്ലുവിളി നേരിടാൻ ബുദ്ധിരാക്ഷസനായ സേതുരാമയ്യർക്കു സാധിക്കുമോ, അയാൾ എങ്ങനെയാണു അതിന്റെ ചുരുളുകൾ അഴിക്കുന്നതു എന്നതാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുന്നത്.
ഒരിടവേളക്ക് ശേഷം തിരിച്ചെത്തിയ കെ മധു എന്ന സംവിധായകൻ നമ്മുക്ക് കാണിച്ചു തരുന്നത്, ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകൾ ഒരുക്കാനുള്ള പ്രതിഭ തനിക്കിനിയും കൈമോശം വന്നിട്ടില്ല എന്നാണ്. പ്രേക്ഷകർക്ക് ആവേശവും ഉദ്വേഗവും സമ്മാനിക്കുന്ന തരത്തിൽ തന്നെ ഈ കുറ്റാന്വേഷണ കഥ പറയാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. നേരത്തെ തന്നെ പ്രേക്ഷകരുടെ മനസ്സിൽ പ്രതിഷ്ഠ നേടിയ സേതുരാമയ്യർ എന്ന കഥാപാത്രത്തെ, അതിന്റെ ഗാംഭീര്യം ഒട്ടും കുറയാതെ തന്നെ പ്രേക്ഷകരുടെ മുന്നിൽ ഒരിക്കൽ കൂടി അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. എസ് എൻ സ്വാമി എന്ന പരിചയ സമ്പന്നനായ രചയിതാവ് ഒരുക്കിയ വളരെ മികച്ച ഒരു തിരക്കഥക്കു, കെ മധു നൽകിയ ദൃശ്യ ഭാഷ വളരെ മികച്ചതായിരുന്നു. രചയിതാവെന്ന നിലയിൽ എസ് എൻ സ്വാമി പുലർത്തിയ സൂക്ഷ്മതയും സംവിധായകനെന്ന നിലയിൽ കെ മധു പുലർത്തിയ കയ്യടക്കവുമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ വിജയമെന്നു പറയാം. ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ, വളരെ വേഗത്തിൽ കഥ പറയാൻ അവർക്കു സാധിച്ചു. സിബിഐ ഇൻവെസ്റ്റിഗേഷൻ ചിത്രത്തിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന എല്ലാ ത്രില്ലും, ട്വിസ്റ്റും, ആകാംഷയും ആവേശവും നിറച്ചു കൊണ്ട് ഈ ചിത്രം അവർക്കു മുന്നിലവതരിപ്പിക്കാൻ കഴിഞ്ഞു എന്നിടത്താണ് ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ശ്രദ്ധ നേടിയെടുക്കുന്നത്. ചിത്രത്തിലെ കുറിക്കു കൊള്ളുന്ന സംഭാഷണങ്ങളും ബുദ്ധി കൊണ്ടുള്ള കളിയും മാസ്സ് സീനുകളും ശ്രദ്ധ നേടുന്നുണ്ട്.
മമ്മൂട്ടി എന്ന നടന്റെ പ്രകടനമാണ് ഈ ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. പ്രേക്ഷകർ എന്നും മനസ്സിൽ കൊണ്ട് നടക്കുന്ന ആ നിത്യഹരിത സിബിഐ ഓഫീസർ കഥാപാത്രത്തിന്, അവർ ആഗ്രഹിച്ച പോലെ തന്നെ മനോഹരമായാണ് അദ്ദേഹം ജീവൻ നൽകിയത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയുയർത്തുന്ന ഒരു കഥാപാത്രമല്ല ഇപ്പോൾ സേതുരാമയ്യരെങ്കിൽ കൂടി, ഗംഭീരമായ രീതിയിലാണ് അദ്ദേഹം ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ പ്രായത്തിലും അദ്ദേഹം കാണിക്കുന്ന എനർജിയും സ്ക്രീൻ പ്രെസെൻസും ഗംഭീരമാണ്. രഞ്ജി പണിക്കർ, സായി കുമാർ, മുകേഷ് എന്നിവരും തങ്ങളുടെ വേഷം ഏറ്റവും മനോഹരമായി തന്നെ ചെയ്തപ്പോൾ, മറ്റു താരങ്ങളായ സൗബിൻ ഷാഹിർ, അനൂപ് മേനോൻ,ദിലീഷ് പോത്തൻ, രമേശ് പിഷാരടി, പ്രതാപ് പോത്തൻ, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, ഹരീഷ് രാജു, ഇടവേള ബാബു, ആശാ ശരത്ത്, കനിഹ, മാളവിക മേനോൻ, അൻസിബ, മാളവിക നായർ, മായാ വിശ്വനാഥ്, സുദേവ് നായർ, പ്രശാന്ത് അലക്സാണ്ടർ, രമേശ് കോട്ടയം, ജയകൃഷ്ണൻ, സ്വാസിക, സുരേഷ് കുമാർ, ചന്തു കരമന, സ്മിനു ആർട്ടിസ്റ്റ്, സോഫി എം ജോ, തണ്ടൂർ കൃഷ്ണ എന്നിവരും തങ്ങൾക്കു ലഭിച്ച കഥാപാത്രങ്ങളെ ഏറ്റവും മികച്ച രീതിയിൽ തന്നെയാണ് സ്‌ക്രീനിലെത്തിച്ചത്.
കാമറ കൈകാര്യം ചെയ്ത അഖിൽ ജോർജ് മികച്ച ദൃശ്യങ്ങളൊരുക്കി ശ്രദ്ധ നേടിയപ്പോൾ, ആ പ്രശസ്തമായ സിബിഐ തീം മ്യൂസിക് റീവർക് ചെയ്യുകയും പശ്‌ചാത്തല സംഗീതമൊരുക്കുകയും ചെയ്ത ജേക്സ് ബിജോയിയും തിളങ്ങി. ശ്യാം എന്ന സംഗീത സംവിധായകൻ വർഷങ്ങൾക്കു മുൻപ് നമ്മുക്ക് സമ്മാനിച്ച ആ പശ്ചാത്തല സംഗീതം, എന്നത്തേയും പോലെ ചിത്രത്തിന്റെ എനർജി ലെവൽ തന്നെ മറ്റൊരു തലത്തിലെത്തിക്കുന്നുണ്ട്. ശ്രീകർ പ്രസാദ് എന്ന പരിചയ സമ്പന്നനായ എഡിറ്റർ പുലർത്തിയ മികവ് ഈ ചിത്രത്തിന് മികച്ച വേഗതയും അതുപോലെ ഒരു ത്രില്ലർ ചിത്രമാവശ്യപ്പെടുന്ന സാങ്കേതിക പൂർണ്ണതയും നൽകുന്നതിൽ നിർണ്ണായകമായ പങ്കാണ് വഹിച്ചത്.
ചുരുക്കി പറഞ്ഞാൽ മികച്ച ഒരു സിനിമാനുഭവം നമ്മുക്ക് സമ്മാനിക്കാൻ സിബിഐ 5 ദി ബ്രെയിൻ എന്നയീ ചിത്രത്തിനു കഴിഞ്ഞിട്ടുണ്ട്. വളരെ ത്രില്ലിങ്ങായുള്ള ഒരു ഇൻവെസ്റ്റിഗേഷൻ ചിത്രമാണിതെന്നു നമ്മുക്ക് നിസംശയം പറയാം. സേതുരാമയ്യർ ആരാധകരെയും ത്രില്ലർ സിനിമകളുടെ ആരാധകരെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ ഈ ചിത്രത്തിന് സാധിക്കും എന്നുറപ്പു.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…
പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും.…
ജനപ്രിയ നായകൻ ദിലീപ് ലോക്കൽ സൂപ്പർ ഹീറോ ആയി എത്തുന്ന പറക്കും പപ്പൻ എന്ന ചിത്രം പ്രഖ്യാപിച്ചിട്ട് ഇപ്പോൾ 2…
യുവതാരം അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് ഒരുക്കിയ ആനന്ദ് ശ്രീബാല ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. ചിത്രത്തിന്റെ കേരളാ തീയേറ്റർ…
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസിന്റെ ട്രൈലെർ സെൻസർ ചെയ്തു. രണ്ട് മിനിട്ടിനു മുകളിൽ ദൈർഘ്യമുള്ള ഈ…
This website uses cookies.