ആദ്യാവസാനം ആവേശം കൊള്ളിക്കുന്ന, പക്കാ മാസ്സ് മസാല കൊമേർഷ്യൽ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ഒരു സംവിധായകനാണ് ആറ്റ്ലി. രാജ റാണി, തെരി, മെർസൽ, ബിഗിൽ എന്നീ ചിത്രങ്ങൾക്ക് ശേഷം ഈ യുവ സംവിധായകൻ ഒരുക്കിയ പുതിയ ചിത്രമാണ് ജവാൻ. ആറ്റ്ലിയുടെ ഹിന്ദി അരങ്ങേറ്റം എന്നതിനൊപ്പം തന്നെ, ബോളിവുഡ് കിംഗ് ഷാരൂഖ് ഖാൻ അതിൽ നായക വേഷം ചെയ്യുന്നു എന്നതാണ് ഇതിന് വലിയ ശ്രദ്ധ നേടിക്കൊടുത്തത്. ഷാരൂഖ് ഖാനോടൊപ്പം തന്നെ ലേഡി സൂപ്പർസ്റ്റാർ നയൻ താര, മക്കൾ സെൽവൻ വിജയ് സേതുപതി, അതിഥി വേഷത്തിൽ ദീപിക പദുക്കോൺ തുടങ്ങി വലിയ താരനിര അണിനിരത്തി പ്രേക്ഷകരിൽ റിലീസിന് മുൻപേ ആവേശം നിറച്ച ജവാൻ നിർമ്മിച്ചിരിക്കുന്നത് റെഡ് ചില്ലീസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ഷാരൂഖ് ഖാൻ തന്നെയാണ്. ആറ്റ്‌ലി ചിത്രത്തിൽ ഷാരൂഖ് നായകനായി എത്തുന്നു എന്ന് കേട്ടപ്പോൾ മുതൽ, പിന്നീട് അതിന്റെ ടീസർ, ട്രൈലെർ എന്നിവ കണ്ട നിമിഷം മുതൽ, ഓരോ പ്രേക്ഷകനും ജവാനിൽ നിന്ന് എന്താണോ പ്രതീക്ഷിച്ചത്, കൃത്യമായി അത് തന്നെയാണ് ആറ്റ്ലി അവർക്ക് സമ്മാനിച്ചിരിക്കുന്നതും.
ഒരു പ്രതികാര കഥയെ, ആറ്റ്ലി സ്റ്റൈലിൽ പാട്ടും നൃത്തവും പ്രണയവും രാജ്യ സ്നേഹവും വൈകാരിക നിമിഷങ്ങളും, സ്റ്റൈലിഷ് ആയ ആക്ഷൻ സീനുകളും, കണ്ണഞ്ചിപ്പിക്കുന്ന കളർഫുൾ ആയ ദൃശ്യങ്ങളും, ഞെട്ടിക്കുന്ന കാൻവാസും ഉൾപ്പെടുത്തി അവതരിപ്പിച്ചിരിക്കുക തന്നെയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. വിക്രം, ആസാദ് എന്നീ പേരുകളിൽ ഇരട്ട വേഷത്തിലാണ് ഷാരൂഖ് ഖാൻ എത്തുന്നതെങ്കിലും, കഥയെ മുന്നോട്ടു പോകുന്ന ഈ കഥാപാത്രങ്ങൾ തന്നെ പല തരം ഗെറ്റപ്പിലാണ് വരുന്നത്. പല തവണ , പല രീതിയിൽ പ്രേക്ഷകർ കണ്ടിട്ടുള്ള പ്രതികാര കഥയെ തന്റെ ശൈലിയിൽ, ആറ്റ്‌ലി പറഞ്ഞിരിക്കുന്ന ജവാൻ, ആദ്യാവസാനം ഒരു ഷാരൂഖ് ഖാൻ ഷോ ആയി മാറുന്നുണ്ട്. അഴിമതി ഉൾപ്പെടെയുള്ള ചില സാമൂഹിക പ്രശ്നങ്ങളും കഥയുടെ ഭാഗമാക്കി മാറ്റിയ ആറ്റ്ലി, വിനോദത്തിലൂടെ ചില സന്ദേശങ്ങൾ നൽകാനും ശ്രമിച്ചിട്ടുണ്ട്.
പ്രേക്ഷകരുടെ മനസ്സറിഞ്ഞു തന്നെയാണ് ഇത്തവണയും ആറ്റ്ലി എന്ന സംവിധായകൻ തന്റെ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. സാധാരണ പ്രേക്ഷകർക്ക് മുൻഗണന നൽകുന്ന, അവർ തന്നിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമായ ബോധമുള്ള ഒരു സംവിധായകനാണ് ആറ്റ്‌ലി. അത്കൊണ്ട് തന്നെ അവർക്കു കയ്യടിക്കാനും വിസിലടിക്കാനും ആവേശം കൊള്ളാനുമുള്ള എല്ലാം കൃത്യമായ അളവിൽ കോർത്തിണക്കാൻ അയാൾക്കറിയാം. അതിന്റെ ഏറ്റവും പുതിയ ഉദാഹരണം കൂടിയാണ് ജവാൻ.
പ്രേക്ഷകരെ പൂർണ്ണമായും ആവേശം കൊള്ളിക്കുന്ന ഒരു വിനോദ ചിത്രമാണിത്. ഒരു നിമിഷം പോലും പ്രേക്ഷകരെ കൂടുതലൊന്നും ചിന്തിക്കാൻ അനുവദിക്കാതെ, ഒരു കൊമേർഷ്യൽ കഥാതന്തുവിന്റെ ആവേശകരമായ ആവിഷ്കരണമാണ് ഈ ചിത്രത്തിലൂടെ ആറ്റ്ലി നടത്തിയിരിക്കുന്നത്. ഷാരൂഖ് ഖാൻ ആരാധകരെ മനസ്സിൽ കണ്ടു കൊണ്ട് തന്നെയെഴുതിയ തിരക്കഥയിൽ, ഒരു മാസ്സ് എന്റർറ്റെയ്നറിനുള്ള എല്ലാ ഘടകങ്ങളും കൃത്യമായി ഉൾക്കൊള്ളിച്ചപ്പോൾ, അതിന്റെ ദൃശ്യ ഭാഷയുടെ മികവ് കൊണ്ട് തിരക്കഥയിലെ ന്യൂനതകൾ പോലും ആറ്റ്ലി മറികടന്നിട്ടുണ്ട്.
പ്രേക്ഷകരെ ആവേശം കൊള്ളിക്കാനും ചിരിപ്പിക്കാനും ത്രില്ലടിപ്പിക്കാനും മാത്രമല്ല, വളരെ ഒഴുക്കോടെ കഥ പറയാനും ഈ സംവിധായകന് സാധിച്ചിട്ടുണ്ട്. ഷാരൂഖ് ഖാനെ വളരെ സ്റ്റൈലിഷായി അവതരിപ്പിച്ചതും അദ്ദേഹത്തിന്റെ നോട്ടവും ഭാവങ്ങളും സംഭാഷണ ശൈലിയും വളരെ മികച്ച രീതിയിൽ ഉപയോഗിച്ചതും ചിത്രത്തിന്റെ മികവിന് കാരണമായി. കഥാപാത്രങ്ങളെ ഗംഭീരമായി അവതരിപ്പിച്ച ഈ സംവിധായകൻ ആദ്യാവസാനം പുലർത്തിയ കയ്യടക്കമാണ് ചിത്രത്തെ മനോഹരമാക്കിയ ഘടകം. വൈകാരിക മുഹൂർത്തങ്ങളും മാസ്സും കൃത്യമായി ഒരുമിപ്പിച്ചതാണ് ഈ ചിത്രത്തിന്റെ മറ്റൊരു മികവ്. കഥാപാത്രങ്ങളെ വൈകാരികമായി പ്രേക്ഷകരുമായി ബന്ധിപ്പിക്കുന്നതിൽ സംവിധായകൻ ആദ്യ പകുതിയിൽ തന്നെ വിജയിച്ചതോടെ, പിന്നീടുള്ള കഥയിലെ ലോജിക്കും നാടകീയതയുമൊന്നും പ്രേക്ഷകർക്ക് പ്രശ്നമില്ലാതായി. രണ്ടാം പകുതിയിൽ അവർക്കു ശ്വാസം വിടാൻ പോലും സമയം കൊടുക്കാതെയാണ് ഒന്നിന് പുറകെ ഒന്നായി ത്രസിപ്പിക്കുന്ന സീനുകൾ ആറ്റ്‌ലി ഒരുക്കി നൽകിയത്. അതിനെല്ലാം മുകളിൽ നിൽക്കുന്ന ഒരു ക്ളൈമാക്സ് അനുഭവം കൂടിയായപ്പോൾ ജവാൻ സ്വീകരിക്കപ്പെടുന്നത് കയ്യടികളോടെയാണ്.
കേന്ദ്ര കഥാപാത്രമായി ഷാരൂഖ് ഖാൻ നൽകിയ മിന്നുന്ന പ്രകടനമാണ് ഈ ചിത്രത്തിന്റെ പ്രധാന ആകർഷണം. വളരെ ആവേശകരമായ രീതിയിൽ പ്രേക്ഷകരെ കയ്യിലെടുക്കുകയും അതിലൂടെ അവരെ ചിത്രത്തോടൊപ്പം സഞ്ചരിപ്പിക്കാനും ഷാരൂഖ് ഖാൻ എന്ന പരിചയസമ്പന്നനായ താരത്തിന് കഴിഞ്ഞു. ഈ പ്രായത്തിലും, ലുക്ക് കൊണ്ടും, ശരീര ഭാഷ കൊണ്ടും, മെയ്‌വഴക്കം കൊണ്ടും ഷാരുഖ് ഖാൻ സ്‌ക്രീനിൽ ഉണ്ടാക്കുന്ന ഊർജവും പ്രഭാവവും വിസ്മയിപ്പിക്കുന്നതാണ്. ഇരട്ട വേഷത്തിൽ അദ്ദേഹം കൊണ്ട് വന്ന വ്യത്യസ്തതയും എടുത്തു പറയണം. അദ്ദേഹത്തിനൊപ്പം നയൻതാര, വിജയ് സേതുപതി എന്നിവർ കയ്യടി നേടിയ പ്രകടനം കാഴ്ച വെച്ചപ്പോൾ ദീപിക പദുക്കോൺ, സുനിൽ ഗ്രോവർ, സാനിയ മൽഹോത്ര, പ്രിയാമണി എന്നിവരും തങ്ങളുടെ ഗംഭീര പ്രകടനം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടി. വില്ലൻ വേഷത്തിലെത്തിയ വിജയ് സേതുപതി പതിവ് പോലെ തന്റെ അനായാസമായ അഭിനയ ശൈലി കൊണ്ട് പ്രേക്ഷകരെ കയ്യിലെടുത്തപ്പോൾ, നയൻ താര ലേഡി സൂപ്പർസ്റ്റാർ എന്ന വിളിപ്പേരിനെ സാധൂകരിക്കുന്ന പ്രകടനമാണ് ആദ്യാവസാനം കാഴ്ച വെച്ചത്. ഷാരൂഖ് ഖാനൊപ്പമുള്ള നയൻതാരയുടെ രസതന്ത്രം ഏറെ രസകരമായിരുന്നു.
ജി കെ വിഷ്ണു ഒരുക്കിയ ദൃശ്യങ്ങൾ മനോഹരമായപ്പോൾ തെന്നിന്ത്യൻ സംഗീതത്തിന്റെ രാജകുമാരനായ അനിരുദ്ധ് ഒരുക്കിയ ഗാനങ്ങളും മികച്ച നിലവാരം പുലർത്തി. അദ്ദേഹം തന്നെയൊരുക്കിയ പശ്ചാത്തല സംഗീതമാണ് ആറ്റ്ലിയുടെ മേക്കിങ് നിലവാരത്തെ വേറെ തലത്തിൽ എത്തിച്ചത്. ഓരോ തവണയും പ്രേക്ഷകരിൽ ഊർജവും ആവേശവും നിറക്കുന്നത് അനിരുദ്ധിന്റെ ത്രസിപ്പിക്കുന്ന സംഗീതമാണ്. സംഗീതത്തിലൂടെ അനിരുദ്ധ് നൽകിയ സംഭാവന ചിത്രത്തെ വളരെ രസകരവും ആവേശകരവുമാക്കിയിട്ടുണ്ട് എന്ന് പറയാം. ചടുലമായി എഡിറ്റ് ചെയ്യുന്നതിൽ ഉസ്താദായ റൂബൻ ആണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത്. അതിന്റെ വേഗം ചിത്രത്തിനുണ്ട്. രണ്ടേമുക്കാൽ മണിക്കൂറോളം ദൈർഘ്യമുള്ള ഈ ചിത്രം കണ്ണഞ്ചിപ്പിക്കുന്ന വേഗതയിലാണ് മുന്നോട്ട് പോകുന്നത്. ഒരു നിമിഷം പോലും പ്രേക്ഷകനെ ഇത് ബോറടിപ്പിക്കുന്നില്ല.
എല്ലാം തികഞ്ഞ ഒരു മരണ മാസ്സ് എന്റർടൈനറാണ് ജവാൻ എന്ന് ഒട്ടും അതിശയോക്തിയില്ലാതെ തന്നെ നമ്മുക്ക് പറയാം. എല്ലാത്തരം പ്രേക്ഷകരേയും ഒരുപോലെ രസിപ്പിക്കുന്ന ഈ ചിത്രം അവരെ ആവേശം കൊള്ളിക്കുന്ന ഒരു ഷാരൂഖ് ഖാൻ ഷോയാണ്. കിംഗ് ഖാനെ ആരാധകർ എങ്ങനെയാണോ കാണാൻ ആഗ്രഹിക്കുന്നത് അതിന്റെ ഇരട്ടി ഗംഭീരമായി ആറ്റ്‌ലി അവതരിപ്പിച്ചിരിക്കുന്ന ജവാൻ തരുന്ന തീയേറ്റർ അനുഭവം മാസ്സ് ചിത്രങ്ങളുടെ ആരാധകർക്ക് ഒരിക്കലും നഷ്ട്ടപെടുത്താനാവില്ല
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
This website uses cookies.