ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തതിനു പിന്നാലെ വീണ്ടും മാമാങ്കം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ സജീവമാവുകയാണ്.ചിത്രത്തിന്റെ യഥാർത്ഥ തിരക്കഥാകൃത്ത് സജീവ് പിള്ള പ്രതികരണവുമായി തന്റെ ഫേസ്ബുക് പ്രൊഫൈലിലൂടെ രംഗത്തെത്തിയിരിക്കുകായാണ്. സജീവ് പിള്ളയുടെ സംവിധാനത്തിൽ ചിത്രീകരണം തുടങ്ങിയ സിനിമയാണ് മാമാങ്കം. എന്നാൽ നിർമാതാവുമായുള്ള പ്രശ്നങ്ങളെ തുടർന്ന് ചിത്രം സംവിധാനം ചെയ്യുന്നതിൽ നിന്നും സജീവ് പിള്ളയെ മാറ്റുകയായിരുന്നു. ഇപ്പോൾ ഔദ്യോഗികമായി ഇറക്കിയിരിക്കുന്ന ‘ഫസ്റ്റ് ലുക്ക്’ പോസ്റ്ററിൽ തിരക്കഥാകൃത്ത് സ്ഥാനത്തു തന്റെ പേരിനു പകരം പുതിയൊരാളുടെ പേരെന്നും, അശ്രദ്ധയിൽ ഒരു കരാറ് ഒപ്പിട്ടതു കാരണം ജീവിതത്തിന്റെ ഒരു വലിയ പങ്ക് കൈവിട്ട് പോവുകയാണെന്ന് സജീവ് പിള്ള കുറിപ്പിലൂടെ പറയുന്നു .
സജീവ് പിള്ളയുടെ കുറിപ്പ് വായിക്കാം– ഞാനെന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വലിയ സമയമാണ് മാമാങ്കം സിനിമക്കായി കൊടുത്തത്. ഇതിവൃത്തത്തിന്റെ വൈകാരിക തീവ്രതയും അതിശയിപ്പിക്കുന്ന ദൃശ്യവിസ്മയവും ഒപ്പം അതിന്റെ സമകാലികതയും സവിശേഷമായ ചരിത്ര പശ്ചാത്തലവും ഒക്കെ അത്രയേറെ പ്രചോദിപ്പിക്കുന്നതായിരുന്നു. ആർക്കും ഒഴിഞ്ഞ്മാറാൻ പറ്റാത്ത്, എന്നും മനുഷ്യൻ അഭിമുഖീകരിക്കുന്ന ചില ചോദ്യങ്ങളും അത് ഉയർത്തുന്നുണ്ടായിരുന്നു. എഴുതി കഴിഞ്ഞപ്പോഴേക്കും ഒരുപാട് പേർക്ക് സ്ക്രിപ്ട് ഇഷ്ടമായി എന്ന് പറയുകയും ചെയ്തു. പ്രകീർത്തനങ്ങൾ പല തലത്തിൽ നിന്നും ധാരാളമായി വന്നു. സ്ക്രിപ്ട് പലപ്രാവശ്യം പൂർണ്ണമായി വായിച്ച് ബോധ്യം വന്നാണ് ഇപ്പോഴത്തെ നിർമ്മാതാവ് പോലും ഈ പ്രൊജക്ടിലേക്ക് വന്നത്. പക്ഷേ, മാപ്പർഹിക്കാത്ത ഒരു മണ്ടത്തരം ഞാൻ ചെയ്തു: അമിതമായ ആവേശത്തിൽ, പിന്നിലെ കർക്കശമായ തന്ത്രങ്ങൾ മനസ്സിലാക്കാതെ മധുരമായ പാഴ് വാക്കകളെ വിശ്വസിച്ച്, മാരകമായ അശ്രദ്ധയിൽ ഒരു കരാറ് ഒപ്പിട്ടു. ഇപ്പോൾ, ജീവിതത്തിന്റെ ഒരു വലിയ പങ്ക് കൈവിട്ട് പോവുകയാണ്.
എന്നെയും ഒപ്പം രാജ്യത്തെ പേരുകേട്ട സാങ്കേതിക വിദഗ്ദരേയും അഭിനേതാക്കളേയും ഒക്കെ തൊഴിലടത്തെ കേവല മര്യാദകൾ പോലും ഇല്ലാതെ ഒഴിവാക്കി, നിർമ്മാതാവിന്റെ താല്പര്യമനുസരിച്ച് മാത്രം മുന്നോട്ട് പോയപ്പോൾ നിർമ്മാതാവിനെ കണ്ണടച്ച് പിന്തുണച്ചവരും പറഞ്ഞു: സംവിധാനം മഹാമോശം. സ്ക്രിപ്ട് ഗംഭീരം. സത്യത്തിൽ പ്രശ്നം തുടങ്ങുന്ന മൂന്ന് കാര്യങ്ങളിൽ ഒന്ന് എല്ലാവരാലും ഇത്രയേറെ പ്രകീർത്തിക്കപ്പെട്ട സ്ക്രിപ്ട് വികലമാക്കാൻ കഴിയില്ല എന്ന എന്റെ നിലപാടായിരുന്നു. ഒരു മസാല തട്ടിക്കൂട്ടിന് ഞാൻ തയാറല്ലായിരുന്നു. ആത്മാവും വലിപ്പവും നഷ്ടപ്പെട്ട ഒരു സ്ഥിരം പടപ്പ്. എന്റെ സംശയങ്ങൾ ഇപ്പോൾ ശരിയായിരിക്കുന്നു. സൂത്രത്തിൽ അതിനെ മറികടന്നിരിക്കുകയാണ്. കഥാകൃത്തിന്റെയോ തിരക്കഥാകൃത്തിന്റെയോ പേര് അവരുടെ ഔദ്യോഗികമായി ഇറക്കിയിരിക്കുന്ന ‘ഫസ്റ്റ് ലുക്ക്’ പോസ്റ്ററിൽ ഇല്ല. ഒരു പുതിയ പേരാണ് ടൈറ്റിലും ക്രഡിറ്റും.
ഒരു ഒപ്പിട്ട് പോയി എന്നത് കൊണ്ട്, നിയമപരമായി മുന്നോട്ട് നീങ്ങുന്നതിൽ ചില പരിമിതികൾ ഉണ്ടാകാം. എന്തായാലും കോടതി തീരുമാനിക്കേണ്ടതാണ് ചിലതൊക്കെ. കോടതിയുടെ പരിഗണനയിലുമാണ്. ഇത്തരം ചതികളിൽ പെട്ട്, ഹൃദയം പൊട്ടിയും സ്ട്രോക്ക് വന്നും ഡിപ്രഷനിൽ വീണും നരകിച്ച് മരിച്ച മലയാളത്തിന്റെ എക്കാലത്തേയും വലിയ ചില സംവിധായകരേയും അഭിനേതാക്കളേയും കലാകാരന്മാരേയും കുറിച്ച് കേട്ടിട്ടുള്ളത് ഓർക്കാം. (പലതും സമീപ കാലങ്ങളിലായിരുന്നെങ്കിലും, തെളിവുകളോ തെളിയിക്കാൻ രേഖകളോ ഇല്ലാത്തത് കൊണ്ട് പേരുകൾ പരാമർശിക്കുന്നില്ല.) പരസ്യമായും രഹസ്യമായും ബഹിഷ്കരിക്കുകയും തമസ്കരിക്കുകയും ചെയ്തതല്ലാതെ ഒരു സംഘടനയും അവരെ പിന്തുണച്ചില്ലായെന്ന് മാത്രമല്ല വേട്ടക്കാർക്കും ചതിയന്മാർക്കും ഒപ്പം ആവേശത്തോടെ നിൽക്കുകയും ചെയ്തു. ഇപ്പോഴും നിൽക്കുന്നു. അത്തരം കൊലച്ചതികളിൽ പോലും ഉണ്ടായിരുന്ന തൊഴിൽ സംസ്കാരത്തിന്റെ ലാഞ്ജനയും ഇപ്പോൾ പോവുകയാണ്. അത്യമിതമായ പണം ഉണ്ടാക്കുന്ന മനോനില സാധാരണ അവസ്ഥകളിൽ നിൽക്കുന്നവരുടെയൊക്കെ കോംപ്രിഹെൻഷന് നിരക്കുന്നതല്ല. എത്ര പണം മുടക്കിയാലും അവനെ (സൃഷ്ടാവിനെ) നശിപ്പിക്കും എന്ന വാശി പരിചയമുള്ളതാകണമെന്നില്ല. അത് മൂർച്ചിപ്പിച്ച്, സംസ്കാരശൂന്യമായ ധാർഷ്ട്യത്തിന് ദാസ്യം ചെയത്, സംഘടനാ താക്കോലുകൾ സമ്പാദിച്ച പണം ആരും അറിയാതെ പോവുമെങ്കിലും പദ്ധതിപടങ്ങളും പലതരം വേഷങ്ങളും ഒക്കെ വഴിയെ കാണാം എന്ന് പ്രതീക്ഷിക്കുന്നു.
എല്ലാം അറിഞ്ഞിട്ടും, മിണ്ടിയാൽ, ഇൻഡസ്ട്രി ബന്ധങ്ങളിൽ കോട്ടം ഉണ്ടാകുമെന്നും പിന്നെ സിനിമ ചെയ്യാൻ പാടായിരിക്കുമെന്നും ഒക്കെ കരുതി നിശബ്ദരായി കാണുന്ന പല മേഖലകളിലായി സിനിമയിൽ പണിയെടുക്കുന്ന ചിലരെങ്കിലും ഇത് ഇതേവരെ ഇല്ലാത്ത കീഴ് വഴക്കമാണ് കൊണ്ടു വരുന്നതെന്ന് തിരിച്ചറിയുക എങ്കിലും ചെയ്യും എന്ന് ഞാൻ പ്രത്യാശിക്കുന്നു. രാജ്യത്തെ പേരു കേട്ട സാങ്കേതി വിദഗ്ദരെയും പൂർണ്ണാർപ്പണം നടത്തിയ അഭിനേതാക്കളേയുമെല്ലാം സാമാന്യ മര്യാദകൾ പോലും ഇല്ലാതെ ഒന്നടങ്കം പുറത്താക്കുക, ജീവിതം കൊടുത്ത, ഡേറ്റുൾപ്പടെ പ്രോജക്ടുണ്ടാക്കിയ, സൃഷ്ടാവുൾപ്പടെയുള്ളവരെ പുറത്താക്കി പൂർണ്ണമായി തമസ്കരിക്കുക പരസ്യമായി തേജോവധം ചെയ്യുക ചതിയിൽ ബൌദ്ധികാവകാശം മുതൽ ക്രഡിറ്റുകൾ വരെ കയ്യടക്കുന്ന പുതിയ സംസ്കാരം ഉണ്ടാക്കുക എന്നതൊക്കെ നല്ല സൂചനയാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ?
മാമാങ്കം തന്നെ, ആത്മാഭിമാനവും അന്തസ്സമുള്ള രാജ്യങ്ങളേയും ജനപഥങ്ങളേയും പണത്തിന്റെയും അതുവഴി ഉണ്ടാക്കിയ സൈനികബലത്തിന്റെയും ശക്തിയിൽ ചതിയിലൂടെ വളഞ്ഞ് പിടിച്ചതിന്റെയും, സൂക്ഷ്മതയിൽ ആത്മാഭിമാനത്തിന്റെയും നേരിന്റെയും നെറിയുടേയും വ്യക്തിത്വത്തങ്ങളെ പോലും അഴമതിയിലും പ്രലോഭനത്തിലും മുക്കിക്കൊല്ലുന്നതുമായ, സമഗ്രാധിപത്യത്തിനെതിരെയുള്ള പോരാട്ടത്തിന്റെ കഥയാണ്. ഇത്തരം ഒരു ആശയം പോലും സ്വപ്നം കാണാനുള്ള കെൽപ്പു പോലും ഇല്ലാതെ നടന്ന്, വ്യക്തിത്വമോ ആത്മാഭിമാനമോ ഇല്ലാതെ നാണം കെട്ടും ചതിച്ചും, ചതിക്കപ്പെടുന്നവരുടെ ജീവിതത്തെയും അധ്വാനത്തേയും തട്ടിയെടുത്ത് ഉളുപ്പില്ലാതെ വിജയകളാകാൻ കാത്ത് നിൽക്കുന്ന പരാന്നഭോജികൾ ഉള്ളപ്പോഴും, അടിപടലം വിജയിച്ച് വ്യാപിച്ച് നിൽക്കുന്ന സമഗ്രാധിപത്യത്തിനെതിരെ ഒറ്റപ്പെട്ട് മനുഷ്യർ നടത്തുന്ന പുറമേ ദുർബലമെന്ന് തോന്നുന്ന വെല്ലുവിളി ഏറ്റവും പ്രധാനമാണെന്ന് കരുതുന്നു. ഒറ്റപ്പെട്ട വീറുറ്റ പോരാട്ടം. അതില്ലെങ്കിൽ പിന്നെ ജീവിത്തിനെന്താണ് കാര്യം? അല്ലെങ്കിൽ എല്ലാം അടഞ്ഞ് പോവില്ലേ? അതിലൂടയല്ലേ ജീവിതം മുന്നോട്ട് പോകുന്നത്. അതാണ് പ്രത്യാശയും. ഒന്നും ഇവിടെ അവസാനിക്കുന്നില്ല. എല്ലാം പൂർണ്ണമായും വിഫലമായിട്ടില്ല. മറുവഴികൾ ഇനിയും ഇപ്പോഴും ഉണ്ട്.
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
This website uses cookies.