തൃശൂർ എന്ന മലയാളത്തിന്റെ സാംസ്‌കാരിക നഗരത്തിന്റെ അടയാളങ്ങളിലൊന്നാണ് രാഗം തീയേറ്റർ. രാഗത്തിലെ സിനിമാ കാഴ്ച ഇന്ന് തൃശ്ശൂർക്കാരുടെ മാത്രമല്ല, കേരളത്തിലെ സിനിമാ പ്രേമികളുടെയെല്ലാം ജീവിത ശൈലിയുടെ തന്നെ ഭാഗമായിമാറിക്കഴിഞ്ഞു. രാഗം എന്ന വികാരം തൃശൂരിന്റെ ഭാഗമായിട്ട് ഈ വരുന്ന ഓഗസ്റ്റ് ഇരുപത്തിനാലിന് അൻപത് സുവർണ്ണ വർഷങ്ങൾ തികയുകയാണ്. 1974 ആഗസ്ത് 24 നാണ് “രാഗ’ത്തില്‍ ആദ്യ സിനിമ പ്രദര്‍ശനം നടന്നത്. രാമു കാര്യാട്ട് സംവിധാനം ചെയ്ത “നെല്ല്” എന്ന ചിത്രമാണ് രാഗത്തിലെ ഉത്‌ഘാടന ചിത്രം. തുടർച്ചയായി അൻപത് ദിവസങ്ങളാണ് ഈ ചിത്രം അവിടെ പ്രദർശിപ്പിച്ചത്. പ്രേംനസീര്‍, ജയഭാരതി, അടൂര്‍ ഭാസി, ശങ്കരാടി, രാമു കാര്യാട്ട് തുടങ്ങി നിരവധി പ്രമുഖര്‍ ഈ ചിത്രത്തിന്റെ പ്രദർശനകാലയളവിൽ രാഗത്തിലെത്തി.
അന്നത്തെ കാലത്തെ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തനമാരംഭിച്ച രാഗം തീയേറ്റർ, ആ കാലത്ത് തൃശൂർ നഗരത്തിലെ തന്നെ ഏറ്റവും വലിയ കെട്ടിടം കൂടിയായിരുന്നു എന്നത് ചരിത്രപരമായ വസ്തുത കൂടിയാണ്. മലയാള സിനിമാചരിത്രത്തില്‍ എപ്പോഴൊക്കെ പുതുമകളും പരീക്ഷണങ്ങളും വന്നിട്ടുണ്ടോ, അതെല്ലാം തന്നെ രാഗത്തിന്റെ തിരശീലയിലൂടെയാണ് മലയാളികൾ വരവേറ്റത്. ആദ്യത്തെ സിനിമാസ്കോപ്പ് ചിത്രം “തച്ചോളി അമ്പു’, ആദ്യത്തെ 70 എംഎം ചിത്രം “പടയോട്ടം’, ആദ്യത്തെ ത്രീഡി ചിത്രമായ ‘മൈ ഡിയർ കുട്ടിച്ചാത്തൻ” തുടങ്ങിയ എല്ലാ നാഴികക്കല്ലായി മാറിയ ചിത്രങ്ങളും രാഗത്തിൽ റിലീസ് ചെയ്തു. “ഷോലെ’, “ബെന്‍ഹര്‍’, “ടൈറ്റാനിക്’ തുടങ്ങിയ അന്യഭാഷാ ചിത്രങ്ങളും അതിന്റെ പൂർണ്ണ സൗന്ദര്യത്തിൽ മലയാളികൾ കണ്ടത് രാഗത്തിലെ വെള്ളിത്തിരയിലാണ്. രാഗത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ദിനം അവിടെ പ്രദർശിപ്പിച്ച ചിത്രങ്ങളിലൊന്നാണ് ടൈറ്റാനിക്. 140 ദിവസമാണ് ഈ ചിത്രം അവിടെ കളിച്ചത്. രാഗത്തിൽ ഏറ്റവും കൂടുതൽ പ്രദർശന- വിതരണ ഷെയർ ലഭിച്ച ചിത്രം മോഹൻലാൽ നായകനായ ദൃശ്യമാണ്.
2015 -ഇൽ ഈ തീയേറ്റർ അടച്ചിട്ടെങ്കിലും ഏകദേശം നാല് വർഷത്തിന് ശേഷം 2018 – ഇൽ കായംകുളം കൊച്ചുണ്ണി എന്ന നിവിൻ പോളി- മോഹൻലാൽ ചിത്രത്തിന്റെ റിലീസോടെ പൂർവാധികം ശക്തിയോടെ രാഗം വീണ്ടും ആരംഭിച്ചു. ആദ്യകാലത്തു 1200 ഓളം സിറ്റിങ് കപ്പാസിറ്റി ഉണ്ടായിരുന്ന രാഗം കേരളത്തിലെ ഏറ്റവും വലിയ സിംഗിൾ സ്‌ക്രീനുകളിൽ ഒന്നായിരുന്നു. 2018 -ഇൽ ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയുടെ അകമ്പടിയോടെ പുനരാംഭിച്ച ഈ തീയേറ്റർ 800 സീറ്റുകളോടെ ഇന്നും കേരളത്തിലെ വലിയ സിംഗിൾ സ്‌ക്രീനുകളിലൊന്നാണ്. ക്രേഫ്റ്വർക് റോബോട്ട് (1978) ഈണത്തോടെയുള്ള കർട്ടൻ റൈസേർ രാഗത്തിലെ അന്നത്തേയും ഇന്നത്തെയും ആകർഷണമാണ്. ഒരു കോടിയുടെ പ്രൊജക്ടര്‍, എട്ടു ലക്ഷം രൂപയുടെ അമേരിക്കന്‍ സ്ക്രീന്‍ എന്നിവയെല്ലാം കൊണ്ട് വന്നു പുനരാരംഭിച്ച രാഗത്തിൽ, 2022 -ഇൽ റിലീസ് ചെയ്ത ഹോളിവുഡ് ദൃശ്യവിസ്മയം അവതാർ -2 നെ ഏറ്റവും മനോഹരമായി പ്രേക്ഷകരിലേക്ക് എത്തിക്കാൻ, നിലവിലുള്ള ഏറ്റവും മികച്ച ബ്രാൻറായ ഹാർക്കനസ്സ് കമ്പനിയുടെ ക്ലാരസ് 2.9 സ്ക്രീൻ ആണ് ഒരുക്കിയത്.
അന്താരാഷ്ട്ര ശബ്ദ -ദൃശ്യ നിലവാരത്തോടെ സിനിമ പ്രദർശിപ്പിക്കുന്ന കാര്യത്തിൽ കേരളത്തിലെ മറ്റു തീയേറ്ററുകൾ തൃശൂർ രാഗത്തെ മാതൃകയാക്കണം എന്ന് പറഞ്ഞു പ്രശംസിച്ചത് ഓസ്കാർ അവാർഡ് ജേതാവായ സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടിയാണ്. തൃശൂർ ജില്ലയിലെ ആദ്യത്ത എയര്‍കണ്ടീഷന്‍ ചെയ്ത തീയേറ്റർ ആയിരുന്നു രാഗം. തൃശൂരിലെ കെ.ജെ.ഫ്രാന്‍സിസ് ആയിരുന്നു ഈ 70 എംഎം തീയേറ്ററിന്റെ ആദ്യത്തെ ഉടമ. പുതിയ ഉടമയുടെ കീഴിൽ പുതുക്കി പണിതതിന് ശേഷം 2018 -ഇൽ തീയേറ്ററിന്റെ പേര് “ജോർജേട്ടൻസ് രാഗം ” എന്നാക്കി മാറ്റിയിരുന്നു. പിന്നീട്, 2020 – ഇൽ മലയാള സിനിമയിലെ പ്രമുഖ നിർമാതാവ് സുനിൽ എ.കെ ഈ തീയേറ്റർ ഏറ്റെടുക്കുകയും, വീണ്ടും പഴയ പേരിൽ, സാങ്കേതികമായി പുതിയ രൂപഭാവങ്ങളോടെയും നൂതന മികവോടെയും കേരളത്തിലെ ഏറ്റവും മികച്ച ഡോൾബി അറ്റ്മോസ് 4K 3D സിംഗിൾ സ്‌ക്രീനാക്കി രാഗത്തെ മാറ്റുകയും ചെയ്തു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, രാജ്യത്ത് ഏറ്റവും അധികമായി ബുക്കിംഗ് നടക്കുന്ന സിംഗിൾ സ്ക്രീൻ എന്ന പൊൻതൂവൽ കൂടി കഴിഞ്ഞ വർഷം’ രാഗം’ സ്വന്തമാക്കി. അന്യ ഭാഷാ സിനിമാ താരങ്ങൾ കേരളം സന്ദർശിക്കുമ്പോഴും അവർ ആദ്യമെത്തുന്നത് രാഗത്തിലെ സിനിമാസ്വാദനത്തിനാണ്. മലയാളത്തിലെ സൂപ്പർ താരങ്ങൾക്കൊപ്പം തമിഴിൽ നിന്ന് ചിയാൻ വിക്രം, ലോകേഷ് കനകരാജ്, അനിരുദ്ധ് രവിചന്ദർ, കന്നഡയിൽ നിന്ന് രാജ് ബി ഷെട്ടി തുടങ്ങി പ്രശസ്തരായ ഒട്ടേറെ താരങ്ങളും അണിയറ പ്രവർത്തകരും രാഗത്തിന്റെ വെള്ളിത്തിരയാണ് കേരളത്തിലെ തങ്ങളുടെ സിനിമാകാഴ്ചക്കായി തിരഞ്ഞെടുത്തത്.
ആ രാഗം അൻപത് സുവർണ്ണ വർഷങ്ങൾ പൂർത്തിയാക്കുമ്പോൾ, അതിന്റെ ആഘോഷവും അഭിമാനവും തൃശൂർ നഗരത്തിന്റെ, തൃശൂർ നിവാസികളുടെ മാത്രമല്ല, കേരളത്തിന്റെയും മലയാള സിനിമയുടേയും ഓരോ സിനിമാ പ്രേമിയുടെയും കൂടെയാണ്. രാഗത്തിന്റെ കർട്ടൻ പൊങ്ങുന്ന താളവും മലയാള സിനിമാ പ്രേമികളുടെ ഹൃദയമിടിപ്പിന്റെ താളവും ഇന്ന് ഒന്നായി മാറുന്ന സുവർണ്ണ കാഴ്ചക്കാണ് ഏവരും സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.