ഇന്നേക്ക് പത്തു വർഷം മുൻപ് ഒരു ജൂലൈ പതിനാറിന് ആണ് വിനീത് ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രം റിലീസ് ചെയ്തത്. പുതുമുഖങ്ങളുമായെത്തി മികച്ച വിജയം കൈവരിച്ച ആ ചിത്രത്തിലൂടെ നായകനായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നിവിൻ പോളി എന്ന നടൻ ഇന്ന് മലയാള സിനിമയുടെ യുവ തലമുറയിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ്. മലയാളം കടന്നു ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന നടന്മാരിലൊരാളായി ഈ കലാകാരൻ മാറി. മലയാളത്തിലെ നോൺ- മോഹൻലാൽ ബോക്സ് ഓഫീസ് റെക്കോർഡുകളൊക്കെ ഈ നടന്റെ ചിത്രങ്ങളുടെ പേരിലാണെന്നത് തന്നെ നിവിൻ പോളിയുടെ താരമൂല്യം നമ്മുക്ക് കാണിച്ചു തരുന്നു. അതോടൊപ്പം താനൊരു മികച്ച നടൻ കൂടിയാണെന്നും ഒട്ടേറെ മികച്ച ചിത്രങ്ങളിലൂടെ നിവിൻ തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ നിവിൻ അരങ്ങേറ്റം കുറിച്ച് പത്തു വർഷം തികയുന്ന ഈ ദിവസം നിവിൻ പോളിയുടെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലേക്ക് നമുക്കൊന്നു തിരിഞ്ഞു നോക്കാം.
2010 – മലർവാടി ആർട്സ് ക്ലബ്
വിനീത് ശ്രീനിവാസൻ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെയാണ് നിവിൻ പോളി എന്ന നടൻ മലയാള സിനിമാ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച എല്ലാവരും തന്നെ പുതുമുഖങ്ങൾ ആയിട്ട് പോലും ഈ ചിത്രം ബോക്സ് ഓഫീസിൽ മികച്ച വിജയമാണ് നേടിയെടുത്തത്. നിവിൻ പോളിയുടെ കരിയറിലെ ആദ്യ സൂപ്പർ ഹിറ്റ് എന്ന് തന്നെ ഈ ചിത്രത്തെ നമ്മുക്ക് വിശേഷിപ്പിക്കാം. പ്രകാശൻ എന്നായിരുന്നു ഈ ചിത്രത്തിലെ നിവിൻ പോളി കഥാപാത്രത്തിന്റെ പേര്.
2012 – തട്ടത്തിൻ മറയത്ത്
നിവിൻ പോളിക്കു വീണ്ടുമൊരു സൂപ്പർ ഹിറ്റ് സമ്മാനിച്ചത് വിനീത് ശ്രീനിവാസൻ തന്നെയാണ്. തട്ടത്തിൻ മറയത് എന്ന റൊമാന്റിക് കോമഡി ചിത്രം കേരളത്തിലെ യുവ പ്രേക്ഷകരെ ഇളക്കി മറിച്ച വിജയമാണ് നേടിയത്. വിനോദ് എന്ന കാമുകനായി നിവിൻ പോളി ഏറെ ശ്രദ്ധിക്കപ്പെടുന്ന പ്രകടനമാണ് ഇതിൽ കാഴ്ച വെച്ചത്.
2014 – 1983, ഓം ശാന്തി ഓശാന, ബാംഗ്ലൂർ ഡേയ്സ്
ഈ വർഷം നിവിൻ പോളിയുടെ കരിയറിലെ നിർണ്ണായക വർഷമായി മാറി. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത 1983 യിലെ രമേശൻ, ജൂഡ് ആന്റണി ജോസഫ് ഒരുക്കിയ ഓം ശാന്തി ഓശാനയിലെ ഗിരി, ബാംഗ്ലൂർ ഡേയ്സിലെ കുട്ടൻ എന്നീ നിവിൻ പോളി കഥാപാത്രങ്ങളെ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചപ്പോൾ മൂന്നു സൂപ്പർ വിജയങ്ങളും നിവിൻ പോളിക്കു ലഭിച്ചു.
2015 – ഒരു വടക്കൻ സെൽഫി, പ്രേമം
ഈ വർഷമാണ് നിവിൻ പോളിയെ തെന്നിന്ത്യ മുഴുവനും പ്രശസ്തനാക്കിയത്. ജി പ്രജിത് സംവിധാനം ചെയ്ത ഒരു വടക്കൻ സെൽഫി സൂപ്പർ ഹിറ്റായപ്പോൾ അൽഫോൻസ് പുത്രൻ ഒരുക്കിയ പ്രേമം മലയാള സിനിമയിലെ ഏറ്റവും വലിയ രണ്ടാമത്തെ വിജയമായി മാറി. തമിഴ് നാട്ടിലും തെലുങ്കിലുമെല്ലാം ഈ ചിത്രം നിവിൻ പോളിക്കു ഒട്ടേറെ ആരാധകരെ നേടിക്കൊടുത്തു. പ്രേമത്തിലെ ജോർജ് എന്ന നിവിൻ കഥാപാത്രം തരംഗമായി മാറിയപ്പോൾ ഒരു വടക്കൻ സെൽഫിയിലെ ഉമേഷും ആരാധകരുടെ പ്രീയപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നാണ്.
2016 – ആക്ഷൻ ഹീറോ ബിജു, ജേക്കബിന്റെ സ്വർഗ്ഗ രാജ്യം
എബ്രിഡ് ഷൈൻ ഒരുക്കിയ ആക്ഷൻ ഹീറോ ബിജു എന്ന ചിത്രം ബോക്സ് ഓഫീസിൽ വിജയം നേടിയതിനൊപ്പം മികച്ച നിരൂപക പ്രശംസയും നേടിയെടുത്തു. നിവിൻ എന്ന അഭിനേതാവിന്റെ ഒരു പുതിയ മുഖവും പ്രേക്ഷകർ അതിൽ കണ്ടു. തുടർന്ന് വന്ന വിനീത് ശ്രീനിവാസന്റെ ജേക്കബിന്റെ സ്വർഗ്ഗ രാജ്യവും സൂപ്പർ ഹിറ്റായതോടെ നിവിൻ തന്റെ താര പദവി അരക്കിട്ടുറപ്പിച്ചു. എസ് ഐ ബിജു പൗലോസ് ആയി ആക്ഷൻ ഹീറോ ബിജുവിലും, ജെറി ആയി ജേക്കബിന്റെ സ്വർഗ്ഗ രാജ്യത്തിലും ഈ നടൻ ഗംഭീര പ്രകടനമാണ് നൽകിയത്.
2017 – ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള
നവാഗതനായ അൽത്താഫ് സലിം ഒരുക്കിയ ഈ ചിത്രം ആ വർഷത്തെ ഓണം വിന്നറായി മാറിയ ചിത്രമാണ്. ഇതിലെ കുര്യൻ ചാക്കോ എന്ന കഥാപാത്രവും നിവിന് കുടുംബ പ്രേക്ഷകരുടെ ഇടയിൽ മികച്ച സ്ഥാനം നേടിക്കൊടുത്തു. നടി ശാന്തി കൃഷ്ണയുടെ ഗംഭീര തിരിച്ചു വരവ് കൊണ്ടും ശ്രദ്ധിക്കപ്പെട്ട ചിത്രമാണത്. അതുപോലെ പ്രശസ്ത നടി ഐശ്വര്യ ലക്ഷ്മി അരങ്ങേറ്റം കുറിച്ചതും ആ ചിത്രത്തിലൂടെയാണ്.
2018 – കായംകുളം കൊച്ചുണ്ണി
ഈ വർഷത്തെ നിവിന്റെ വിജയം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചരിത്ര സിനിമയായ കായംകുളം കൊച്ചുണ്ണിയാണ്. നിവിൻ പോളിക്കൊപ്പം മോഹൻലാലും പ്രത്യക്ഷപ്പെട്ട ഈ ചിത്രം വേൾഡ് വൈഡ് ഗ്രോസിൽ പുലി മുരുകൻ, ലൂസിഫർ എന്നിവ കഴിഞ്ഞാൽ മലയാളത്തിൽ മുന്നിൽ നിൽക്കുന്ന ചിത്രമാണ്. ടൈറ്റിൽ കഥാപാത്രമായ കായംകുളം കൊച്ചുണ്ണിയെ നിവിൻ അവതരിപ്പിച്ചപ്പോൾ മോഹൻലാൽ എത്തിയത് ഇത്തിക്കര പക്കി എന്ന അതിഥി വേഷത്തിലാണ്.
2019 – ലവ് ആക്ഷൻ ഡ്രാമ
കഴിഞ്ഞ വർഷത്തെ ഓണം വിന്നർ ആയി മാറിയ ഈ ചിത്രം സംവിധാനം ചെയ്തത് വിനീത് ശ്രീനിവാസന്റെ അനുജനും നടനുമായ ധ്യാൻ ശ്രീനിവാസനാണ്. നടൻ അജു വർഗീസ് നിർമ്മാതാക്കളിൽ ഒരാളായി എത്തിയ ഈ ചിത്രത്തിലൂടെ നയൻതാര ആദ്യമായി നിവിൻ പോളിയുടെ നായികാ വേഷത്തിലെത്തി. ഇതിലെ ദിനേശൻ ആയി രസകരമായ പ്രകടനമാണ് നിവിൻ നൽകിയത്.
ഇതുവരെ മുപ്പതിനാലോളം ചിത്രങ്ങളിൽ അഭിനയിച്ച നിവിൻ ആക്ഷൻ ഹീറോ ബിജു, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്നീ ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തു. തമിഴിൽ റിച്ചി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നിവിൻ, ഗീതു മോഹൻദാസ് ഒരുക്കിയ മൂത്തോൻ എന്ന ചിത്രത്തിലൂടെ ഇന്ത്യ മുഴുവൻ ശ്രദ്ധ നേടിയെടുത്തു. തുറമുഖം, പടവെട്ട് എന്നീ ചിത്രങ്ങളാണ് നിവിൻ നായകനായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ. പത്തു വർഷം കൊണ്ട് വലുതും ചെറുതുമായി പതിമൂന്നോളം ഹിറ്റുകൾ സമ്മാനിച്ച നിവിൻ പോളി ഇന്ന് മലയാള സിനിമയിൽ സ്വന്തമായ ഒരിടം കണ്ടെത്തിയ നടനും താരവുമാണ്.
പ്രശസ്ത സംവിധായകനായ വിനയന്റെ മകനും നടനുമായ വിഷ്ണു വിനയ് ആദ്യമായി സംവിധാനം ചെയ്ത ആനന്ദ് ശ്രീബാല എന്ന ചിത്രമാണ് ഇന്ന്…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…
പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും.…
ജനപ്രിയ നായകൻ ദിലീപ് ലോക്കൽ സൂപ്പർ ഹീറോ ആയി എത്തുന്ന പറക്കും പപ്പൻ എന്ന ചിത്രം പ്രഖ്യാപിച്ചിട്ട് ഇപ്പോൾ 2…
യുവതാരം അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് ഒരുക്കിയ ആനന്ദ് ശ്രീബാല ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. ചിത്രത്തിന്റെ കേരളാ തീയേറ്റർ…
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…
This website uses cookies.