പൃഥ്വിരാജ് സുകുമാരൻ, ബിജു മേനോൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രശസ്ത സംവിധായകൻ സച്ചി ഒരുക്കിയ ചിത്രമാണ് അയ്യപ്പനും കോശിയും. സച്ചി രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സംവിധായകൻ രഞ്ജിത്താണ്. അദ്ദേഹം ഈ ചിത്രത്തിലഭിനയിച്ചിട്ടുമുണ്ട്. റിട്ടയേർഡ് ഹവിൽദാർ കോശിയായി പൃഥ്വിരാജ് സുകുമാരനും പോലീസ് സബ് ഇൻസ്‌പെക്ടർ അയ്യപ്പൻ നായരായി ബിജു മേനോനും അഭിനയിക്കുന്ന ഈ ചിത്രമിപ്പോൾ മലയാളത്തിലെ ഈ വർഷത്തെ രണ്ടാമത്തെ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്കാണ് കുതിക്കുന്നത്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ കയ്യടി നൽകുന്ന ഈ റിയലിസ്റ്റിക് മാസ്സ് ചിത്രത്തിന് സിനിമാ മേഖലയിൽ നിന്നും വലിയ പ്രശംസയാണ് ലഭിക്കുന്നത്. സച്ചിയുടെ തിരക്കഥ, സംവിധാനം എന്നിവയുടെ മികവിനൊപ്പം, പൃഥ്വിരാജ്, ബിജു മേനോൻ എന്നിവർ നടത്തിയ ഗംഭീര പ്രകടനവും കൂടിയാണ് ഈ ചിത്രത്തെ മികച്ചതാക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തേയും ഇതിലെ അഭിനേതാക്കളുടെ പ്രകടന മികവിനെയും പ്രശംസിച്ചു രംഗത്ത് വന്നിരിക്കുകയാണ് പ്രശസ്ത സംവിധായകൻ എം എ നിഷാദ്.
എം എ നിഷാദിന്റെ ഫേസ്ബുക് പോസ്റ്റിലെ വാക്കുകൾ ഇങ്ങനെ, ബിജുമേനോനും, പൃഥ്യിരാജും. അഥവാ ”അയ്യപ്പനും കോശിയും”. ഒരു സിനിമ എങ്ങനെ മാസ്സാകുന്നു എന്ന്, സംവിധായകൻ സച്ചി അദ്ദേഹത്തിന്റ്റെ അവതരണത്തിലൂടെ നമ്മളെ മനസ്സിലാക്കി തരുന്നു. കഥാപാത്രങ്ങളുടെ മാനസ്സിക വ്യാപനം. അവർ സഞ്ചരിക്കുന്ന പാത, അതിലൂടെ നമ്മൾ പ്രേക്ഷകരേയും നടത്തി കൊണ്ട് പോകാൻ അയ്യപ്പനും കോശിക്കും കഴിഞ്ഞു എന്നുളളതും ഈ സിനിമയുടെ പ്രത്യേകത തന്നെയാണ്. ഒരു മനുഷ്യന്റ്റെ നൈമിഷികമായ ചിന്തകളോ, വികാരങ്ങളോ എത്രമാത്രം സങ്കീർണ്ണമായ പ്രശ്നങ്ങളിലേക്ക് അവനെ കൊണ്ട് എത്തിക്കുമെന്ന് ഈ സിനിമ വരച്ച് കാട്ടുന്നു. അത്രക്ക് പരിചിതമല്ലാത്ത ഒരു വിഷയത്തെ തന്മയത്തോടെ അവതരിപ്പിക്കാനും, അണിയറ പ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്. ആണഹങ്കാരത്തിന്റ്റെയും, പിടിപാടുളളവന്റ്റേയും ഹുങ്ക്, വർത്തമാനകാലത്തിൽ നടമാടി കൊണ്ടിരിക്കുന്ന ചിലരുടെ മാനസ്സിക പ്രശ്നങ്ങൾ തന്നെയാണെന്നും സംവിധായകൻ പറയാതെ പറഞ്ഞു. സച്ചിക്ക് അഭിനന്ദനങ്ങൾ. ബിജുമേനോൻ അയ്യപ്പനായി തകർത്തഭിനയിച്ചു. ഓരോ സിനിമ കഴിയുമ്പോളും ഒരു നടനെന്ന നിലയിൽ ബിജുവിന്റ്റെ ഗ്രാഫുയരുകയാണ്. നായകൻ ബിജു തന്നെ.
അയ്യപ്പനെ പറ്റി പറയുമ്പോൾ കോശിയേ പറ്റി എങ്ങനെ പറയാതിരിക്കും. ആരാണ് കോശി ? സിനിമ കണ്ട് കൊണ്ടിരിക്കുമ്പോൾ, കോശി നായകനാണോ, വില്ലനാണോ, പ്രതി നായകനാണോ എന്ന സംശയം എന്നെ വല്ലാതെ അലട്ടി കാരണം ഞാൻ കണ്ടത് പൃഥ്വിരാജിനെയല്ല, കട്ടപ്പനയിലെ ഏതോ പ്ളാന്റ്റൾ കുര്യന്റ്റെ മകൻ കോശിയേയാണ്. അതാണ് ഒരു നടന്റ്റെ വിജയവും. പൃഥ്വിരാജ് നിങ്ങൾ വേറെ ലെവലാണ്. നിങ്ങൾ ഒരു നടനെന്ന നിലയിൽ പലർക്കും ഒരു നല്ല മാതൃകയാണ് കഥാപാത്രങ്ങളെ ഇമേജിന്റ്റെ ചട്ടകൂട്ടിൽ നിർത്താതെ അവതരിപ്പിക്കുന്നതിൽ. ബിജുവും, പൃഥ്വിയും വ്യക്തിപരമായി എനിക്കടുപ്പമുളളവരാണ്, അത് കൊണ്ട് തന്നെ അവരുടെ വിജയങ്ങളും എന്നെ ഒരുപാട് സന്തോഷിപ്പിക്കുന്നു. എന്റ്റെ ആദ്യ ചിത്രമായ പകലിന്റ്റെ നായകനായ പൃഥ്വി, ഇന്ന് നടനെന്ന നിലയിൽ എത്രയോ, ഉയരത്തിൽ എത്തിയിരിക്കുന്നു. മമ്മൂട്ടിക്കും, മോഹൻലാലിനും ശേഷം ആര് എന്ന ചോദ്യത്തിന്റ്റെ ഉത്തരങ്ങളാണ് ബിജുമേനോനും,പൃഥ്വിരാജും. മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച, അനിൽ പി നെടുമങ്ങാട്, ഗൗരീ നന്ദ, അനുമോഹൻ, കുമാരൻ എന്ന ഡ്രൈവർ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ (പേരറിയില്ല) വനിത കോൺസ്റ്റബിൾ ജെസ്സി എന്ന കഥാപാത്രമായി അഭിനയിച്ച നടി (അതും പേരറിയില്ല) ഇവരെല്ലാവരും തന്നെ അഭിനന്ദനം അർഹിക്കുന്നു. സംവിധായകൻ രഞ്ജിത്ത്, കുര്യൻ എന്ന കഥാപാത്രത്തെ ഒരു വേറിട്ട ശൈലിയിൽ അവതരിപ്പിച്ചു. അതും ഒരു നവ്യാനുഭവം, തന്നെ. ഈ സിനിമ ഇന്നിന്റ്റെ സിനിമയാണ്. കാണാതെ പോകുന്നത്, ഒരു നഷ്ടം തന്നെയായിരിക്കും.
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന്‍ വീരഗാഥ വീണ്ടും തീയേറ്ററുകളിൽ പ്രേക്ഷകരുടെ മുന്നിലേക്ക്…
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു…
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
This website uses cookies.