മലയാള സിനിമാ പ്രേമികൾക്ക് ഒരുപിടി വ്യത്യസ്ത ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് എബ്രിഡ് ഷൈൻ. 1983 എന്ന സൂപ്പർ ഹിറ്റ് ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച എബ്രിഡ് ഷൈൻ പിന്നീട് സമ്മാനിച്ചത് മലയാളികൾ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു പോലീസ് ചിത്രമാണ്. ആക്ഷൻ ഹീറോ ബിജു എന്ന ആ ചിത്രവും ബോക്സ് ഓഫീസിൽ വമ്പൻ ഹിറ്റായി മാറി. പിന്നീട് പൂമരം എന്ന ക്യാമ്പസ് ചിത്രവും അതുപോലെ കുങ്ഫു മാസ്റ്റർ എന്ന മാർഷ്യൽ ആർട്സ് ചിത്രവുമൊരുക്കിയ ഈ സംവിധായകൻ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാവുന്നതു തന്റേതു മാത്രമായ ഒരു സംവിധാന ശൈലി കൊണ്ടാണ്. ഓരോ വിഭാഗത്തിൽപ്പെടുന്ന സിനിമയുമെടുക്കുമ്പോൾ, ആ ചിത്രങ്ങളെ പരമ്പരാഗത ശൈലികളിൽ നിന്ന് മാറ്റി നിർത്തിക്കൊണ്ട്, അതിൽ തന്റേതായ കയ്യൊപ്പു പതിപ്പിക്കാൻ ഈ സംവിധായകന് സാധിക്കുന്നു എന്നതാണ് മലയാള സിനിമയുടെ പുതിയ തലമുറയിലെ ഏറ്റവും മികച്ച സംവിധായകരിലൊരാളാക്കി എബ്രിഡ് ഷൈനിനെ മാറ്റുന്നത്.
സിനിമാ സംവിധായകനാവുന്നതിനു മുൻപ് കേരളത്തിലെ എണ്ണം പറഞ്ഞ ഫോട്ടോഗ്രാഫര്മാരിലൊരാളും കൂടിയായിരുന്നു എബ്രിഡ് ഷൈൻ. വനിത പോലെ കേരളത്തിലെ ഏറ്റവും പ്രചാരമുള്ള മാഗസിനുകൾക്കു വേണ്ടി ഈ പ്രതിഭ നടത്തിയ ഫോട്ടോഷൂട്ടുകളെല്ലാം തന്നെ സൂപ്പർ ഹിറ്റുകളാണ്. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ മലയാളത്തിലെ താര രാജാക്കന്മാരെ വെച്ച് വരെ ഒട്ടേറെ സൂപ്പർ ഹിറ്റ് ഫോട്ടോഷൂട്ടുകൾ നടത്തിയിട്ടുള്ള ആളാണ് എബ്രിഡ് ഷൈൻ. ഇപ്പോഴിതാ തന്റെ കരിയറിലെ മറ്റൊരു ശ്രദ്ധേയമായ ഫോട്ടോഷൂട്ടിനു പിന്നിൽ നടന്ന കഥ വെളിപ്പെടുത്തുകയാണ് അദ്ദേഹം. തന്റെ ഫേസ്ബുക് അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഈ കഥ പങ്കു വെച്ചിരിക്കുന്നത്.
എബ്രിഡ് ഷൈൻ പറഞ്ഞ വാക്കുകൾ ഇങ്ങനെ, “THE STORY BEHIND THE SHOOT OF SUSMITHA SEN. വനിതയിൽ ജോലി ചെയ്യുന്ന കാലം. ഒരു ദിവസം രാവിലെ വനിതയുടെ എഡിറ്റർ ഇൻചാർജ് മധുചന്ദ്രൻ സാർ (ഞങ്ങളുടെ മധു ചേട്ടൻ ) ഓഫീസിലേക്ക് വിളിപ്പിച്ചു. “ഒരു അസ്‌സൈന്മെന്റ് ഉണ്ട്. ബാംഗ്ലൂർക്ക് പോകണം. സുസ്മിത സെന്റെ കവർ ഫോട്ടോ എടുക്കണം. ബാംഗ്ലൂരിൽ അവർ ഒരു പരസ്യചിത്രീകരണത്തിനു വരുന്നുണ്ട്. അതിനിടയിൽ കുറച്ചു സമയം വനിതക്കായി അനുവദിക്കും.” 1994-ൽ ഇന്ത്യയിൽ നിന്ന് ആദ്യമായി മിസ്സ് യൂണിവേഴ്‌സ് പട്ടം നേടിയ സുസ്മിത സെന്റെ ചിത്രങ്ങളും വാർത്തകളും പത്രങ്ങളിൽ ആഘോഷിക്കപ്പെട്ടത് ഓർമയിലുണ്ടായിരുന്നു. ആ കാലത്തു ഞാൻ കോളേജിൽ പഠിക്കുകയാണ്. ആ സുസ്മിത സെന്റെ ഫോട്ടോയാണ് എടുക്കാൻ പോകുന്നത്. ഞാനും വനിതയുടെ സബ്എഡിറ്റർ രഞ്ജിത്തും ബാംഗ്ലൂരിൽ ഷൂട്ട് നടക്കുന്ന സ്ഥലത്തെത്തി. ഒരു കൊട്ടാരത്തിലാണ് ഷൂട്ട് നടക്കുന്നത്. കല്യാൺ ജൂവലറി യുടെ പരസ്യ ചിത്രീകരണം ആണ്. സംവിധായകൻ, ശ്രീകുമാർ മേനോൻ. ക്യാമറ കൈകാര്യം ചെയ്യുന്നത് പ്രശസ്ത സിനിമാട്ടോഗ്രാഫർ തിരു. അന്നത്തെ ദിവസം ഫോട്ടോഷൂടട്ട് നടക്കാൻ സാധ്യതയില്ല പിറ്റേ ദിവസ ജ്വലറിയുടെ ഫോട്ടോഷൂട് ഉണ്ട് ആ കൂടെ എടുക്കാം എന്ന് ശ്രീകുമാർ മേനോൻ പറഞ്ഞു. കുറച്ചു നേരം ഷൂട്ട് കണ്ടു നിന്നു, റൂമിലേക്ക് തിരിച്ചു പോയി. പിറ്റേദിവസം അതേ ലൊക്കേഷനിലാണ് ഫോട്ടോഷൂട്ട്. രാവിലെ തന്നെ ഞങ്ങൾ എത്തി. ഇന്ത്യയിലെ ഏറ്റവും മുൻനിരയിലെ ഫോട്ടോഗ്രാഫറിൽ ഒരാളായ സുരേഷ് നടരാജൻ ആണ് സുസ്മിതയുടെ ചിത്രങ്ങൾ പകർത്താൻ എത്തിയിരിക്കുന്നത്. ബോംബെ ബെയ്‌സ് ചെയ്താണ് അദ്ദേഹം വർക്ക് ചെയ്യുന്നത്. സുരേഷ് നടരാജൻ ബാക്ക്ഗ്രൗണ്ട് എല്ലാം സെറ്റ് ചെയ്തു ലൈറ്റ് അപ്പ് ചെയ്തു നില്കുന്നു. ഞാൻ വലിയ ആരാധനയോടുകൂടി അദ്ദേഹത്തിനോട് സംസാരിച്ചു. അദേഹത്തിന്റെ ചിത്രങ്ങൾ ഞാൻ ഫോളോ ചെയ്യാറുണ്ടായിരുന്നു. സുരേഷ് നടരാജന്റെ കാൽ തൊട്ടു വണങ്ങി അദ്ദേഹത്തെ പരിചയപെട്ടു. വലിയ സ്നേഹത്തോടെ അദ്ദേഹം പെരുമാറി. അദ്ദേഹം ലൈറ്റ് സെറ്റ് ചെയ്തതിന്റെ കുറച്ചു മാറി ഞാനും ലൈറ്റ് സെറ്റ് ചെയ്തു. രാവിലെ പത്തുമണിക്കാണ് ഫോട്ടോഷൂട്ട് പറഞ്ഞിരുന്നത്. പത്തുമണി കഴിഞ്ഞു, പതിനൊന്നുമണി കഴിഞ്ഞു, പന്ത്രണ്ടു മണി കഴിഞ്ഞു. സുസ്മിത സെൻ എത്തിയില്ല. ഒരു ദിവസത്തിന് അന്ന് രണ്ടരലക്ഷത്തിൽ കൂടുതൽ ചാർജ് ചെയുന്ന സുരേഷ് നടരാജൻ വെറുതെ ഇരിക്കുന്നു. അദ്ദേഹത്തിനു ബോളിവുഡ് സെലിബ്രിറ്റീസിന്റെ രീതികൾ അറിയാവുന്നതുകൊണ്ടോ എന്തോ കൂസലില്ല. ഉച്ച കഴിഞ്ഞു വീണ്ടും കാത്തിരുപ്പ് തുടർന്നു. മൂന്നര മണിയായപ്പോൾ ഒരു കൊടുംകാറ്റുപോലെ സുസ്മിത എത്തി. ഭയങ്കര പോസിറ്റീവ് എനർജി. സുരേഷ് നടരാജൻ അതിവേഗതയിൽ ഷൂട്ട് തുടങ്ങി. ഹൈ എക്സ്പിരിയെൻസ്ഡ് ആയ പ്രൊഫഷണൽ മോഡലും സീനിയർ പ്രൊഫഷണൽ ഫോട്ടോഗ്രാഫറും. ഫ്ലാഷുകൾ മിന്നി കൊണ്ടേ ഇരുന്നു. ചടുല താളത്തിൽ സുസ്മിത. അതിവേഗതയിൽ മൂന്ന് ഡ്രസ്സ് ചേഞ്ച് കഴിഞ്ഞു. അര മണിക്കൂർ കഴിഞ്ഞപ്പോൾ സുസ്മിത പറഞ്ഞു “പോരെ ? സുരേഷ് എനിക്കൊരു മീറ്റിംഗ് ഉണ്ട് ” “മതിയാകും “എന്ന് സുരേഷ് സാർ. അപ്പോൾ എന്റെ ഫോട്ടോഷൂട്ട്? ഞാൻ സുരേഷ് സാറിനോട് ആംഗ്യം കാണിച്ചു. സുരേഷ് സാർ എന്നെ സുസ്മിതക്ക് പരിചയപ്പെടുത്തി. സുസ്മിത പറഞ്ഞു ” ഇന്നിനി പറ്റില്ല “. ഞാൻ ഞെട്ടി. ഞാൻ എന്തോ പറയാൻ ശ്രമിച്ചു “അല്ല അതു ” സുസ്മിത പറഞ്ഞു “ഒരു കാര്യം ചെയ്യൂ നിങ്ങൾ രണ്ടാഴ്ച കഴിഞ്ഞു ഡൽഹിയിൽ വരൂ, അവിടെ വെച്ചു ഷൂട്ട് ചെയ്യാം “. “മഹേന്ദറുമായി കോർഡിനേറ്റ് ചെയ്താൽ മതി. മഹേന്ദർ സുസ്മിതയുടെ മേക്കപ്പ്മാൻ ആണ്. എനിക്കുവേണ്ടി മഹേന്ദർ ഇതിനു മുന്പ് വർക്ക് ചെയ്‌തിട്ടുണ്ട്. കൂടുതൽ സംസാരിക്കാതെ വന്ന സ്പീഡിൽ സുസ്മിത പോയി. ഞാനും രഞ്ജിത്തും മുഖത്തോടു മുഖം നോക്കി. ഇതിനിടക്ക് രഞ്ജിത്തിന് ഇന്റർവ്യൂ കിട്ടിയെന്ന് തോന്നുന്നു . എന്തായാലും ഫോട്ടോഷൂട്ട് ചീറ്റി.
വനിതയുടെ ഓഫീസിൽ വീണ്ടും ഡിസ്കഷൻ. മധു ചേട്ടൻ നിരാശനാണ്. അദ്ദേഹം ചോദിച്ചു. “ഡൽഹി പോക്ക് ഒന്നൂടെ ആലോചിച്ചിട്ട് പോരെ. ബാംഗ്ലൂർ പോയിനിന്നതുപോലെ ഇനി ഡൽഹിയിൽ പോയി റിസ്ക് എടുക്കണോ” അന്നത്തെ ആവേശത്തിൽ ഞാൻ പറഞ്ഞു, “ഒരിക്കൽ കൂടി ട്രൈ ചെയ്തു നോക്കാം. എന്റെ റിസ്കിൽ. അല്ലെങ്കിൽ ഒരു നാലു ദിവസം ലീവ് തന്നാലും മതി. ഷൂട്ട് നടന്നില്ലെങ്കിൽ പോക്കിന്റെ ചെലവ് ഞാൻ വഹിച്ചോളാം. കുറെ പ്രാവശ്യം നിർബന്ധിച്ചപ്പോൾ അദ്ദേഹം വഴങ്ങി. ഞാൻ കയ്യിൽ നിന്ന് പൈസ മുടക്കി ഫ്ലൈറ്റ് ബുക്ക് ചെയ്തു. സ്റ്റുഡിയോ സാമഗ്രികൾ എല്ലാം ഫ്ലൈറ്റിൽ കൊണ്ടുപോകുക എളുപ്പമല്ല. പോകുന്നത് ഒറ്റക്കാണ്. എന്ത് ചെയ്യുമെന്ന് ആലോചിച്ചു. അപ്പോൾ ഒരു പേര് ഓർമയിൽ വന്നു. ‘തരുൺ വിശ്വ.’ തരുൺ വിശ്വ ഇന്ത്യയിലെ മുന്തിയ ഫോട്ടോഗ്രാഫർമാരിൽ മറ്റൊരാളാണ് ഡൽഹി ബേസ്ഡ് ആണു . അദ്ദേഹം ഒരിക്കൽ എയർടെലിന്റെ ഫോട്ടോഷൂട് ചെയ്യാൻ കേരളത്തിലെത്തി. ആ ഷൂട്ടിന്റെ ലൈൻ പ്രൊഡ്യൂസർ എന്റെ സുഹൃത്ത് റഫീഖ് പക്കാ പക്കാ ആയിരുന്നു. റഫീഖ് വലിയ പ്രൊഫൈൽ ഉള്ള മനുഷ്യനാണ്. കേരളത്തിൽ സച്ചിൻ ടെണ്ടുൽക്കറും ഐശ്വര്യ റായിയും ഷാരൂഖ് ഖാനും ആമിർഖാനുമൊക്കെ പരസ്യ ഷൂട്ടിനു വരുമ്പോൾ അതിന്റെ എല്ലാം കേരളത്തിലെ ലൈൻ പ്രൊഡ്യൂസർ റഫീഖ് ആയിരുന്നു. ലൈഫ് ഓഫ് പൈ എന്ന സിനിമ കേരളത്തിൽ മൂന്നാറിൽ കോർഡിനേറ്റ് ചെയ്തത് റഫീഖ് ആണ്. കേരളത്തിൽ റഫീഖിന്റെ അത്രയും വലിയ പ്രൊഫൈൽ ഈ മേഖലയിൽ ആർക്കും കാണുമെന്നു തോന്നുന്നില്ല. റഫീഖിന്റെ ഇത്തരത്തിലുള്ള ഷൂട്ടുകൾ വരുമ്പോൾ എന്നെ അറിയിക്കാറുണ്ട്. ഷൂട്ടുകൾ കാണാനായി പ്രൊഡക്ഷന്റെ ഒരാളായി ഞാനും പോകാറുണ്ടായിരുന്നു. ചായ എടുത്തുകൊടുക്കാനും ബിസ്ക്കറ്റ് എടുത്തു കൊടുക്കാനും ഞാനും കൂടും. അങ്ങനെ ആണ് തരുൺ വിശ്വയുടെ ഷൂട്ടിനു ഞാൻ എത്തിയത്. ഷൂട്ടിനു ഒരു സഹായിയായി ഞാനും കൂടി. ഹിന്ദി അറിയാവുന്നത് കൊണ്ടും, ഒരു ഫോട്ടോഗ്രാഫർ ആയതുകൊണ്ട് തരുൺ വിശ്വക്ക് എന്താണ് വേണ്ടത് എന്ന് എനിക്ക് മനസിലാകുന്നുണ്ടായിരുന്നു. അദ്ദേഹത്തിന് വേണ്ട രീതിയിൽ ഫ്രെയിം സെറ്റ് ചെയ്യാനും ഫീൽഡ് ക്ലിയർ ചെയ്യാനും തറ തൊടക്കാനും വലിയ ആവേശത്തോടെ ഞാൻ നില്കുന്നത് കണ്ടിട്ടാവാം പതിയെ വേണ്ട എല്ലാ കാര്യങ്ങളും എന്നോട് അദ്ദേഹം കമ്മ്യൂണിക്കേറ്റ് ചെയ്യാൻ തുടങ്ങി. ഞാനൊരു ഫോട്ടോഗ്രാഫർ ആണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. ഷൂട്ടിന്റെ രണ്ടാം ദിവസം. ആരോ സെറ്റിൽ പുതിയ വനിത വാങ്ങിക്കൊണ്ടു വന്നു. തരുൺ വിശ്വയോട് ആരോ പറഞ്ഞു ” ഇതിവിടുത്തെ ലീഡിങ് മാഗസിൻ ആണ്. ഇതിന്റെ കവർ ഫോട്ടോ എടുത്തിരിക്കുന്നത് ഇയാളാണ് ”. തരുൺ വിശ്വക്ക് വലിയ വിഷമമായി. അദ്ദേഹം എന്നോട് ചോദിച്ചു ,”നിങ്ങൾ ഒരു ഫോട്ടോഗ്രാഫർ ആണെന്ന് എന്നോട് പറഞ്ഞില്ലല്ലൊ ” ഞാൻ പറഞ്ഞു ” സർ ക്ഷമിക്കണം . ഞാൻ പ്രൊഡക്ഷൻന്റെ ആളായിട്ടാണ് വന്നത്. ഷൂട്ട് എക്സ്പീരിയൻസ് ചെയ്യാനും , സഹായിക്കാനുമായി, ഞാൻ എന്ത് ചെയ്യുന്നു എന്നത് പ്രസക്തമായി തോന്നിയില്ല. അതുകൊണ്ടാണ് പറയാതിരുന്നത്. “പിറ്റേദിവസം അദ്ദേഹം എന്നെ ജോലികൾ ചെയ്യാൻ അനുവദിച്ചില്ല. കൂടെ തന്നെ നിർത്തി. ഫോട്ടോഗ്രഫിയെ കുറിച്ച് സംസാരിച്ചു. എന്റെ കവർ ഫോട്ടോയെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞു. പോകാൻ നേരം അദേഹത്തിന്റെ നമ്പർ എനിക്ക് തന്നു. ഡൽഹിയിൽ വരുമ്പോൾ എന്താവശ്യമുണ്ടെങ്കിലും വിളിക്കണം എന്നു പറഞ്ഞു.
ഞാൻ തരുൺ വിശ്വയെ വിളിച്ചു. സർ ഞാൻ ഇങ്ങനെ ഒരു ആവശ്യത്തിനു ഡൽഹിയിൽ വരുന്നുണ്ട്, ഷൂട്ടിനുള്ള ലൈറ്റ്‌സും അസ്സിസ്റ്റന്റസിനേം ഡൽഹിയിൽ കിട്ടുന്ന ഏതെങ്കിലും സ്റ്റുഡിയോയുടെ കോൺടാക്ട് നമ്പർ കിട്ടുമോയെന്നു ചോദിച്ചു. അദ്ദേഹത്തിന് എന്നെ ഓർമയുണ്ടായിരുന്നു. വേണ്ടത് ചെയ്യാമെന്ന് പറഞ്ഞു. ഞാൻ ഡൽഹിയിൽ എത്തി. മഹേന്ദറിനെ വിളിച്ചു. പിറ്റേദിവസം ഉച്ചക്ക് രണ്ടുമണിയാകുമ്പോൾ ഡൽഹിയിലെ ലേ മെറിഡിയനിൽ ഷൂട്ട്. വിത്ത് മേക്കപ്പ് ആൻഡ് കോസ്റ്റും സുസ്മിത എത്തും നിങ്ങൾ ലൈറ്റ് അപ്പ് ചെയ്ത് നിൽക്കണം എന്നു പറഞ്ഞു. ഞാൻ തരുൺ വിശ്വയെ വിളിച്ചു. അദ്ദേഹം എത്തേണ്ട സ്ഥലം പറഞ്ഞുതന്നു. അതു അദേഹത്തിന്റെ തന്നെ സ്റ്റുഡിയോ ആയിരുന്നു. ആവശ്യമുള്ള എല്ലാ സാധനങ്ങളും സ്റ്റുഡിയോയിൽ നിന്ന് എടുത്തുകൊള്ളാൻ പറഞ്ഞു. കൂടെ അദേഹത്തിന്റെ രണ്ടു അസ്സിസ്റ്റന്റസിനേം അയച്ചു തന്നു. അസ്സിസ്റ്റന്റ്‌സിനോട് അദ്ദേഹം പറഞ്ഞു “സെലിബ്രിറ്റി ഷൂട്ട് ആണ് അനുവദിക്കുന്ന സമയം വളരെ കുറവായിരിക്കും, ലൈറ്റ് അദ്ദേഹം പറയുന്നതുപോലെ സെറ്റ് ചെയ്തു വെക്കുക, നിങ്ങളുടെ കുഴപ്പം കൊണ്ട് ഷോട്ട് കിട്ടാതെ വരരുത്. വലിയ സ്നേഹത്തോടും കരുതലോടും കൂടി വേണ്ട എല്ലാ കാര്യങ്ങളും തരുൺ വിശ്വ ഒരുക്കി തന്നു. ഒരു രൂപ പോലും വാങ്ങാതെ. പിറ്റേ ദിവസം ലേ മെറിഡിയനിൽ എത്തി. റിസപ്ഷനിൽ സംസാരിച്ചു. സുസ്മിത അവിടെ ഷൂട്ടിന്റെ കാര്യം സൂചിപ്പിച്ചിട്ടുണ്ടായിരുന്നു. അവർ ഒരു ഹാൾ അനുവദിച്ചു. ഞാൻ ലൈറ്റ് അപ്പ് ചെയ്തു റെഡി ആയി. കൃത്യം രണ്ടുമണി. സുസ്മിത എത്തി. ഡീപ് ബ്ലൂ ഗൗണിൽ ഒരു ഡയമണ്ടിന്റെ ചെറിയ മാല ഇട്ട് അസാധ്യ ഗ്രേസോടെ. “എവിടെ ആണ് നിൽക്കേണ്ടത് ” അവർ ചോദിച്ചു. ഞാൻ ലൈറ്റ് സെറ്റ് ചെയ്ത സ്ഥലം കാണിച്ചു കൊടുത്തു. ഷൂട്ട് തുടങ്ങി. ഫ്ലാഷുകൾ മിന്നി. ഒരു പത്തു ക്ലിക്ക് കഴിഞ്ഞപ്പോൾ അവർ ചോദിച്ചു “ഫോട്ടോസ് കാണിക്കു “. ഞാൻ ക്യാമെറയിൽ കാണിച്ചു കൊടുത്തു. സുസ്മിത കൂടെ നില്കുന്നവരോട് ആഹ്ലാദത്തോടെ വിളിച്ചു കൂവി ” fantastic pictures, hey he is good “. വലിയ സന്തോഷം തോന്നി എനിക്ക്. അവർ എന്നോട് ചോദിച്ചു “നിങ്ങൾ ഹാപ്പി അല്ലേ”? ഞാൻ പറഞ്ഞു “അതെ “. അവർ വീണ്ടും പറഞ്ഞു “നിങ്ങൾക്ക് ആവശ്യം ഉള്ള ചിത്രങ്ങൾ കിട്ടി എന്നു ഞാൻ വിശ്വസിക്കുന്നു “. ഞാൻ പറഞ്ഞു “കിട്ടി “. “ഈ എടുത്ത ഫോട്ടോസ് എനിക്ക് മെയിൽ ചെയ്തു തരണം എന്നു പറഞ്ഞു സുസ്മിത സന്തോഷത്തോടെ അടുത്ത തിരക്കിലേക്ക് പാഞ്ഞു. ഒരു പെരുമഴ പെയ്തു ഒഴിഞ്ഞതിന്റെ ശാന്തത എന്റെ ഉള്ളിൽ. സുസ്മിത ആ ഫ്ലോറിൽ വന്നതും ഫോട്ടോയ്ക്ക് പോസ് ചെയ്തതും മടങ്ങിയതും എല്ലാം ഒരു അഞ്ചു മിനിറ്റിനുള്ളിലാണ്. അത്രേ ഉണ്ടായിരുന്നോള്ളൂ..ശേഷം വനിതയിൽ കവർ പേജ് അടിച്ചു വന്നു.”
മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി ആശീർവാദ് സിനിമാസ് തീയേറ്ററുകളിൽ എത്തിക്കുന്ന അടുത്ത അഞ്ച് ചിത്രങ്ങളുടെ റിലീസ് അപ്‌ഡേറ്റ് പുറത്ത്. ആശീർവാദ്…
മെഗാസ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ വമ്പൻ ഹിറ്റുകളിലൊന്നായ വല്യേട്ടൻ ഇന്ന് വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തും. 24 വര്‍ഷങ്ങള്‍ക്ക് ശേഷം റീ റിലീസ്…
ഫോറെൻസിക് എന്ന സിനിമക്ക് ശേഷം ടോവിനോ തോമസ്,സംവിധായകരായ അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന "ഐഡന്റിറ്റി" 2025…
വിഷ്ണു വിനയന്റെ ആദ്യ സംവിധാന ചിത്രമായ 'ആനന്ദ് ശ്രീബാല' മികച്ച പ്രതികരണത്തോടെ പ്രദർശന വിജയം നേടുന്നു. സൂപ്പർതാര അലങ്കാരങ്ങൾ ഇല്ലാതെ…
ക്യൂബ്സ് എന്റർടെയ്ന്‍മെന്‍റ്സ് നിര്‍മ്മാണത്തില്‍ ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മാർക്കോ ക്രിസ്മസ് റിലീസായി…
പുഷ്പ 2വിന്റെ കേരളാ പ്രമോഷൻ പ്രമാണിച്ച് അല്ലു അർജുൻ കഴിഞ്ഞ ദിവസമാണ് കേരളത്തിൽ എത്തിയത്. വമ്പൻ ആരാധക വൃന്ദമാണ് അല്ലു…
This website uses cookies.