ഒരു നാടിന്റെ മുഴുവൻ പ്രാർഥനകളെ വിഫലമാക്കി സംവിധായകൻ സിദ്ദിഖ് ഇന്നലെ യാത്രയായി. ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരുമെല്ലാം അപ്രതീക്ഷിതമായ ഈ വിട വാങ്ങലിൽ കണ്ണീർ പൊഴിക്കവേ, തങ്ങളുടെ ബാല്യവും യൗവനവുമെല്ലാം പൊട്ടിച്ചിരികളാൽ നിറച്ച ഈ സൗമ്യനായ പ്രതിഭക്ക് മലയാള നാട് ഒന്നാകെ യാത്രാമൊഴിയേകുകയാണ്. എറണാകുളം കച്ചേരിപ്പടിക്കടുത്ത് പുല്ലേപടിയില്‍ ഉണ്ടായിരുന്ന ഫ്രണ്ട്‌സ് ക്ലബ്ബിന്‍റെ ഭാഗമായിരുന്ന സിദ്ദിഖും, ഇവർക്ക് എതിരെ നിന്നിരുന്ന ക്രേസി ബോയ്‌സ് എന്ന ക്ലബിലെ അംഗമായിരുന്ന ലാലും തമ്മിൽ സൗഹൃദത്തിലായതോടെയാണ് മലയാള സിനിമ കണ്ട ഏറ്റവും വലിയ ചിരി കൂട്ടുകെട്ട് പിറക്കുന്നത്. മിമിക്രിയിൽ താല്പര്യമുണ്ടായിരുന്ന, ശൂന്യതയിൽ നിന്ന് തമാശകൾ സൃഷ്ടിച്ചിരുന്ന രണ്ട് പേർ മുൻജന്മ നിയോഗം പോലെ ഒന്നിച്ചതോടെ, മിമിക്രി വേദികളിൽ നിലക്കാത്ത കരഘോഷങ്ങൾ നിറഞ്ഞു.
ആദ്യം സ്വതന്ത്ര മിമിക്രി വേദികളിൽ നിന്ന് കേരളത്തിലെ ഏറ്റവും വലിയ മിമിക്രി ട്രൂപ്പായ കൊച്ചിൻ കലാഭവന്റെ അരങ്ങത്തേക്ക്. അവിടെ നിന്ന് ഇവരുടെ പ്രതിഭ കണ്ടറിഞ്ഞ സംവിധായകൻ ഫാസിൽ, ഇവരെ ക്ഷണിച്ചത് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക്. ഫാസിലിനൊപ്പം സംവിധാന സഹായികളായി അരങ്ങേറ്റം കുറിച്ച ഈ ജോഡി, 1989 ഇൽ റാംജി റാവു സ്പീകിംഗ് എന്ന യുവതാര ചിത്രത്തിലൂടെ സൂപ്പർ വിജയം നേടി മലയാള സിനിമയിൽ തങ്ങളുടേതായ ഒരു സ്ഥാനം പിടിച്ചെടുത്തു. സിദ്ദിഖ്- ലാൽ എന്നത് ഒരാളാണെന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു എന്നതാണ് ഈ കൂട്ടുകെട്ടിന്റെ അസാമാന്യമായ രസതന്ത്രത്തിന് അടിവരയിടുന്നത്.
വേറിട്ട ശൈലിയിലുള്ള ചിരിയായിരുന്നു ഈ കൂട്ടുകെട്ടിൽ നിന്നും വന്നത്. ഓരോ വാക്കിൽ നിന്ന് പോലും അവർ തമാശകൾ സൃഷ്ടിച്ചു. അപ്രതീക്ഷിത സാഹചര്യങ്ങളിൽ പോലും തമാശ വിരിയിച്ച അവർ പറഞ്ഞ കഥകളും കഥാസന്ദർഭങ്ങളും മലയാളി പ്രേക്ഷകർ അന്നോളം കാണാത്തവയായിരുന്നു. ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, മാന്നാർ മത്തായി സ്പീകിംഗ്, ഹിറ്റ്‌ലർ, കാബൂളിവാല എന്നിവയെല്ലാം സമ്മാനിച്ച ഇവർ മലയാളത്തിൽ 100 % വിജയം സമ്മാനിച്ചിട്ടുള്ള ഒരേയൊരു സംവിധായക ജോഡി കൂടിയാണ്.
പിന്നീട് ഫ്രണ്ട്‌സ് എന്ന ചിത്രം മുതൽ സിദ്ദിഖ് സ്വതന്ത്രനായി സംവിധാനം ചെയ്യാൻ തുടങ്ങിയപ്പോഴും ആ ചിരിയുടെ മാജിക് പ്രേക്ഷകരെ ആകർഷിച്ചു കൊണ്ടേയിരുന്നു. ക്രോണിക് ബാച്ചിലർ, ബോഡിഗാർഡ്, ലേഡീസ് ആൻഡ് ജന്റിൽമാൻ, ഭാസ്കർ ദി റാസ്കൽ, ഫുക്രി, ബിഗ് ബ്രദർ എന്നിവയാണ് സിദ്ദിഖ് പിന്നീട് ഒരുക്കിയ ചിത്രങ്ങൾ. ജീവിതാനുഭവങ്ങളിൽ നിന്നും സമൂഹത്തെ സൂക്ഷ്മമായും അതോടൊപ്പം കൗതുകം നിറഞ്ഞ മനസ്സോടെയും നിരീക്ഷിക്കുന്നതിൽ നിന്നും ഉണ്ടാക്കിയെടുത്ത തമാശകളായിരുന്നു സിദ്ദിഖ് ചിത്രങ്ങളുടെ ആകർഷണം. സോഷ്യൽ മീഡിയയിൽ ഇപ്പോൾ സൂപ്പർ ഹിറ്റാവുന്ന ദൈനംദിന ട്രോൾ ഡയലോഗുകളിൽ ഒരുപാടെണ്ണം പിറവിയെടുത്തത് ഈ പ്രതിഭയുടെ തൂലികയിൽ നിന്നായിരുന്നു എന്നത് തന്നെ കാലാതിവർത്തിയായി നിലനിൽക്കുന്ന സിദ്ദിഖ് തമാശകളുടെ മികവ് നമ്മുക്ക് കാണിച്ചു തരുന്നുണ്ട്. നമ്മൾ പോലുമറിയാതെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ് ഈ മനുഷ്യനും അദ്ദേഹത്തിന്റെ സൃഷ്ടികളുമെന്നതാണ് സത്യം.
മലയാളത്തിന് പുറമെ ദളപതി വിജയ് ചിത്രത്തിലൂടെ തമിഴിലും, സൽമാൻ ഖാൻ ചിത്രത്തിലൂടെ ഹിന്ദിയിലും സൂപ്പർ വിജയം സമ്മാനിച്ച സംവിധായകൻ കൂടിയാണ് സിദ്ദിഖ്. വിജയത്തിന്റെ ഔന്നത്യത്തിൽ നിൽക്കുമ്പോഴും ലാളിത്യം കൈവിടാത്ത ഈ സംവിധായകൻ നമ്മുക്ക് സമ്മാനിച്ച അനശ്വരമായ കഥാപാത്രങ്ങൾ മാത്രം മതി ഇദ്ദേഹം മലയാളി മനസ്സുകളിൽ എന്നും ജീവിക്കാൻ. റാംജി റാവുവും, മാന്നാർ മത്തായിയും ഗോപാലകൃഷ്ണനും ബാലകൃഷ്ണനും, ഹംസക്കോയയും, ഗർവാസീസ് ആശാനും, എൽദോയും, അഞ്ഞൂറാനും ആനപ്പാറയിൽ അച്ചാമ്മയും, മായിൻ കുട്ടിയും, അപ്പുകുട്ടനും, ഗോവിന്ദൻ കുട്ടിയും, തോമസ് കുട്ടിയും, മഹാദേവനും, ജോൺ ഹോനായിയും, കൃഷ്ണമൂർത്തി സ്വാമിയും, കെ കെ ജോസഫും, റാവുത്തരും, കന്നാസും, കടലാസും, ഹിറ്റ്‌ലർ മാധവൻ കുട്ടിയും, പോലുള്ള കഥാപാത്രങ്ങളുടെ സൃഷ്ടാക്കളിൽ ഒരാൾ വിടവാങ്ങുമ്പോൾ, ഒരിക്കലും മങ്ങാത്ത ആ സൗമ്യ മന്ദഹാസം പൊഴിക്കുന്ന മുഖം മലയാളി മനസ്സിൽ അനശ്വരമായി നിലനിൽക്കും. ഞങ്ങൾ ഓരോരുത്തരുടെയും ജീവിതത്തിൽ ഒരുപാട് ചിരിയും സന്തോഷവും നിറച്ച പ്രീയപ്പെട്ട സിദ്ദിഖ് ഇക്കാക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.