മോഹൻലാൽ- എം ടി വാസുദേവൻ നായർ- പ്രിയദർശൻ ചിത്രം; പ്രശസ്ത നിർമ്മാതാവിന്റെ തിരിച്ചു വരവ്?

Advertisement

മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റ് കൂട്ടുകെട്ടാണ് മോഹൻലാൽ- പ്രിയദർശൻ ടീം. മൂന്നു ഇൻഡസ്ട്രി ഹിറ്റുകളും ഒട്ടേറെ ബ്ലോക്ക്ബസ്റ്ററുകളും മെഗാ ഹിറ്റുകളും സമ്മാനിച്ച ഈ കൂട്ടുകെട്ടിൽ തന്നെയാണ് ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ, മലയാളത്തിലെ എക്കാലത്തേയും വലിയ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹവും ഒരുങ്ങിയത്. പ്രിയദർശന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നാണ് എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഒരു ചിത്രമെന്നത്. എം ടിയുടെ തിരക്കഥയിൽ ഒരുപിടി മികച്ച കഥാപാത്രങ്ങൾക്ക് ജന്മം നൽകിയിട്ടുള്ള നടനാണ് മോഹൻലാൽ. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം മോഹൻലാൽ- പ്രിയദർശൻ- എം ടി വാസുദേവൻ നായർ കൂട്ടുകെട്ടിൽ ഒരു ചിത്രം ഉണ്ടാവാൻ ഉള്ള സാദ്ധ്യതകൾ ഏറെയാണ്. ഒരുകാലത്തു മലയാളത്തിൽ നിറഞ്ഞു നിന്നിരുന്ന പ്രശസ്തനായ നിർമാതാവ് വി ബി കെ മേനോൻ തിരിച്ചു വരുന്ന ചിത്രമായിരിക്കും ഇതെന്നാണ് സൂചന. തന്റെ ജീവിതത്തിൽ തനിക്കു ഏറ്റവും കൂടുതൽ കടപ്പാടുള്ള രണ്ടു പേരാണ് മോഹൻലാലും എം ടി വാസുദേവൻ നായരുമെന്നും അവരെ ഒരുമിപ്പിച്ചു ഒരു ചിത്രം ചെയ്തു കൊണ്ട് തന്റെ സിനിമാ ജീവിതം അവസാനിപ്പിക്കണം എന്നാണ് ആഗ്രഹം എന്നും വി ബി കെ മേനോൻ പറയുന്നു.

ഇവർ ഒന്നിക്കുന്ന ചിത്രം പ്രിയദർശന്റെ സംവിധാനത്തിൽ ആണ് ഒരുക്കാൻ പ്ലാൻ ചെയുന്നത് എന്നും അതിനുള്ള ശ്രമങ്ങൾ നടക്കുന്നു എന്നും അദ്ദേഹം പറയുന്നു. പപ്പേട്ടൻസ് ക്ലബ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് വി ബി കെ മേനോൻ ഇത് വ്യക്തമാക്കിയത്. വി ബി കെ മേനോന്റെ അനുഗ്രഹ സിനി ആർട്സ് മലയാളത്തിൽ ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള ഒരു ബാനർ ആണ്. എം ടി രചിച്ചു സംവിധാനം ചെയ്ത ബന്ധനം എന്ന ചിത്രം നിർമ്മിച്ചു കൊണ്ട് അരങ്ങേറ്റം കുറിച്ച വി ബി കെ മേനോൻ പിന്നീട് നിർമ്മിച്ച ശ്രദ്ധേയ ചിത്രങ്ങൾ ആണ് വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ, സിന്ദൂര സന്ധ്യക്ക്‌ മൗനം, താഴ്‌വാരം, അഭിമന്യു, ദേവാസുരം, ഒരു യാത്രാമൊഴി എന്നിവ. ഇത് കൂടാതെ കേളി, അപരൻ എന്നീ ചിത്രങ്ങളുടെ നിർമ്മാണ രംഗത്തും വി ബി കെ മേനോൻ പ്രവർത്തിച്ചിട്ടുണ്ട്. എം ടിയുടെ കഥകളെ ആധാരമാക്കി നെറ്റ്ഫ്ലിക്സിന് വേണ്ടി ഒരുക്കുന്ന ആന്തോളജി സിനിമ/ സീരീസിൽ ഒരെണ്ണം പ്രിയദർശൻ ആണ് സംവിധാനം ചെയ്യുക എന്നും അതിൽ ബിജു മേനോൻ ആണ് നായകൻ എന്നും സൂചനയുണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close