നിവിൻ പോളി – രാജീവ് രവി ചിത്രം; ‘തുറമുഖം’ റിവ്യൂ വായിക്കാം.

Advertisement

ഇന്ന് കേരളത്തിൽ റിലീസ് ചെയ്ത പ്രധാന ചിത്രങ്ങളിലൊന്നാണ് തുറമുഖം. നിവിൻ പോളി, അർജുൻ അശോകൻ, ജോജു ജോർജ്, ഇന്ദ്രജിത് സുകുമാരൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്ന ഈ സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് രവിയാണ്. ഒരു ഹിസ്റ്റോറിക്കൽ പീരീഡ് ഡ്രാമയായി ഒരുക്കിയ ഈ ചിത്രം രചിച്ചിരിക്കുന്നത് ഗോപൻ ചിദംബരനാണ്. ഗോപൻ ചിദംബരന്റെ അച്ഛൻ കെ എം ചിദംബരൻ രചിച്ച ഇതേ പേരിലുള്ള നാടകത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. മിനി സ്റ്റുഡിയോയുടെ ബാനറിൽ സുകുമാർ തെക്കേപ്പാട്ട് നിർമ്മിച്ച തുറമുഖം കേരളത്തിൽ പ്രദർശനത്തിന് എത്തിച്ചത് മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ്. തെക്കേപ്പാട്ട് ഫിലിംസ്, നിവിൻ പോളിയുടെ പോളി ജൂനിയർ പിക്ചേഴ്സ്, കളക്ടീവ് ഫേസ് വൺ, ക്വീൻ മറിയ മൂവീസ് എന്നിവരെല്ലാം ഈ ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളായി.

1940 – 1950 കാലഘട്ടത്തിൽ കൊച്ചി പോർട്ടിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം കഥ പറയുന്നത്. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇതവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ചിത്രത്തിന്റെ ആദ്യ ഇരുപതോളം മിനിറ്റിൽ ബ്ലാക്ക് ആൻഡ് വൈറ്റ് കാഴ്ചകളിലൂടെയാണ് സംവിധായകൻ ആ കാലഘട്ടവും കഥയിലെ സംഭവ വികാസങ്ങളും പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. ആദ്യ പകുതിയുടെ അവസാനത്തോടെ ചിത്രം വളരെയധിക വൈകാരിക തീവ്രമായ കഥ പരിസരത്തിലേക്കാണെത്തുന്നത്. രണ്ടാം പകുതിയിലെ സഹോദരന്മാർ തമ്മിലുള്ള ഏറ്റു മുട്ടലിന്റെ സൂചനകൾ തന്നു കൊണ്ടാണ് ആദ്യ പകുതി അവസാനിക്കുനത്. ആദ്യാവസാനം വളരെ റിയലിസ്റ്റിക് ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നത് എടുത്തു പറയണം. രാജീവ് രവി എന്ന സംവിധായകനൊപ്പം തന്നെ രാജീവ് രവിയെന്ന ഛായാഗ്രാഹകനും വലിയ രീതിയിൽ തിളങ്ങുന്ന ചിത്രമാണ് തുറമുഖം.

Advertisement

വളരെ മികച്ച ഒരു പീരീഡ് ഡ്രാമ തന്നെ നമ്മുക്ക് സമ്മാനിക്കാൻ രാജീവ് രവിയെന്ന സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഗോപൻ ചിദംബരന്റെ അതിശക്തമായ തിരക്കഥയാണ് ഈ ചിത്രത്തിന്റെ ശക്തി. ആദ്യാവസാനം പ്രേക്ഷകനെ കഥയിലേക്ക് ചേർത്ത് നിർത്തുന്ന ഓരോ സന്ദര്ഭങ്ങളും അവയുടെ വിശദീകരണവും വളരെ റിയലിസ്റ്റിക്കായും, അതേ സമയം വളരെയധികം ആവേശം സമ്മാനിക്കുന്ന രീതിയിലുമൊരുക്കാൻ എഴുത്തുകാരനും സംവിധായകനും കഴിഞ്ഞിട്ടുണ്ട്. ഇതിലെ ഗംഭീര സംഭാഷണങ്ങൾക്ക് രചയിതാവ് വളരെയധികം അഭിനന്ദമർഹിക്കുന്നുണ്ട്. ചരിത്ര/ പീരീഡ് ചിത്രങ്ങളിൽ നമ്മൾ കണ്ടു മടുത്ത ആഖ്യാന രീതികളിൽ നിന്ന് മാറി സഞ്ചരിച്ചിട്ടുമുണ്ട് എന്നതാണ് തുറമുഖം പ്രേക്ഷകർക്ക് നൽകുന്ന പുതുമ. ആവേശവും ആകാംക്ഷയും നിറക്കുന്നതിനൊപ്പം വൈകാരികമായിക്കൂടി പ്രേക്ഷകരുടെ മനസ്സിൽ തൊടാൻ ഈ ചിത്രത്തിന് സാധിക്കുന്നുണ്ട്. പ്രമേയത്തിന്റെ ശക്തിയും അതിന്റെ സത്യസന്ധമായ അവതരണവും കൊണ്ടാണ് ഈ ചിത്രം പ്രേക്ഷകരുടെ മനസ്സുകളിൽ ഇടം പിടിക്കുന്നത്. കഥാപാത്ര രൂപീകരണവും അവരെ അവതരിപ്പിച്ച ശൈലിയും വലിയ കയ്യടി അർഹിക്കുന്നുണ്ട്.

അഭിനേതാക്കളുടെ ഗംഭീര പ്രകടനമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റീവ് ഫാക്ടർ. തങ്ങളുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ് ഇതിലെ ഓരോ അഭിനേതാവും നൽകിയത്. നോക്കിലും വാക്കിലും ചലനങ്ങളിലുമെല്ലാം കഥാപാത്രമായി മാറാൻ അവർക്ക് സാധിച്ചു. നിവിൻ പോളി, അർജുൻ അശോകൻ, ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ് , മണികണ്ഠൻ ആചാരി, സുദേവ് നായർ, നിമിഷാ സജയൻ, പൂർണ്ണിമ ഇന്ദ്രജിത് എന്നിവരെല്ലാം പ്രകടനം കൊണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നുണ്ട്. നെഗറ്റീവ് സ്വഭാവമുള്ള മട്ടാഞ്ചേരി മൊയ്‌ദു ആയി തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ് നിവിൻ നൽകിയത്. അത്പോലെ തന്നെ വലിയ പ്രശംസ അർഹിക്കുന്ന പ്രകടനമാണ് ഹംസയായി അർജുൻ അശോകനും നല്കിയിരിക്കുന്നത്. ഉമ്മയായി പൂർണിമ തിളങ്ങിയപ്പോൾ, ജോജു ജോർജ്, ഇന്ദ്രജിത് എന്നിവർ അനായാസമായ പ്രകടനത്തോടെ മൈമൂദ്, സാന്റോ ഗോപാലൻ എന്നിവരെ പ്രേക്ഷകരുടെ മനസ്സിലെത്തിച്ചു.

രാജീവ് രവി ഒരുക്കിയ ദൃശ്യങ്ങൾ ചിത്രത്തിന്റെ ജീവനായി മാറിയപ്പോൾ കെ, ഷഹബാസ് അമൻ എന്നിവർ നൽകിയ സംഗീതവും മികച്ചു നിന്നു. പശ്ചാത്തല സംഗീതം ഗംഭീരമായിരുന്നു എന്നത് എടുത്തു പറയണം. അത് പോലെ ചിത്രത്തെ ഗംഭീരമാക്കിയ മറ്റൊന്ന് ബി അജിത് കുമാറിന്റെ എഡിറ്റിംഗ് മികവാണ്. വളരെ സീരിയസായി കഥ പറഞ്ഞപ്പോഴും ചിത്രത്തിന്റെ ഒഴുക്കിന് കോട്ടം തട്ടാതെയിരുന്നത് അദ്ദേഹത്തിന്റെ എഡിറ്റിംഗ് മികവ് കൊണ്ടു കൂടിയാണ്. ഒരു കാലഘട്ടത്തിന്റെ മുഴുവൻ ഫീലും പ്രേക്ഷകരിലേക്ക് എത്തിച്ച ദൃശ്യങ്ങളാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ശ്കതി. അതുപോലെ തന്നെ ഇതിന്റെ കലാസംവിധാനം, ഇതിലെ സംഘട്ടനം എന്നിവയും വലിയ അഭിനന്ദനമാണ് അർഹിക്കുന്നത്. തുറമുഖത്തിന്റെ സൗണ്ട് ഡിസൈനിങ് മികവും സാങ്കേതികമായി ചിത്രത്തെ ഉയർന്ന നിലവാരത്തിലെത്തിച്ചിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ നമ്മൾ ഒരിക്കലും നഷ്ടപ്പെടുത്താൻ പാടില്ലാത്ത ഒരു സിനിമാനുഭവമാണ്‌ തുറമുഖം. ഈ അടുത്തിടെ മലയാള സിനിമയിൽ തന്നെ വന്നിട്ടുള്ള മികച്ച ചിത്രങ്ങളിൽ ഒന്നാണ് തുറമുഖമെന്ന് ഒട്ടും അതിശയോക്തി ഇല്ലാതെ തന്നെ പറയാൻ സാധിക്കും. പ്രമേയം കൊണ്ടും, അവതരണ ശൈലി കൊണ്ടും, മേക്കിങ് നിലവാരം കൊണ്ടും അഭിനേതാക്കളുടെ അസൂയാവഹമായ പ്രകടനം കൊണ്ടും മനസ്സ് കീഴടക്കുന്ന ഒരു രാജീവ് രവി സംഭവമാണ് തുറമുഖം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close