Wednesday, January 16

എല്ലാ ചേരുവകളും പാകത്തിന് ചേര്‍ത്തൊരുക്കിയ രുചികരമായ വിഭവം, ഈ ക്വീന്‍ രസിപ്പിക്കും!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ഒരുപിടി മികച്ച ചിത്രങ്ങളേയും നവപ്രതിഭകളേയും മലയാളത്തിന് സംഭാവന ചെയ്തുകൊണ്ടാണ് 2017 കടന്ന് പോയത്. പുതു പ്രതീക്ഷകളുമായി 2018ഉം സജീവമായിരിക്കുകയാണ്. ലിജോ ജോസ് പെല്ലിശേരിയുടെ അങ്കാമാലി ഡയറീസിന് ശേഷം ഒരുപിടി പുതുമുഖങ്ങളെ മലയാളത്തിന് പരിചയപ്പെടുത്തിയിരിക്കുകയാണ് നവാഗതനായ ഡിജോ ജോസ് ആന്റണി. ഇന്നലെ തിയറ്ററിലേക്ക് എത്തിയ ക്വീന്‍ ആസ്വാദനത്തിന്റെ രസച്ചരട് പൊട്ടാതെ പ്രേക്ഷകരെ തിയറ്ററില്‍ പിടിച്ചിരുത്തുന്നു. നവാഗത സംവിധായകന്റെ പതര്‍ച്ചകളില്ലാതെ ആനൂകാലിക പ്രസക്തമായ വിഷയങ്ങളെ കോര്‍ത്തിണക്കിയാണ് ഈ കൊച്ചു ചിത്രം ഡിജോ ജോസ് ഒരുക്കിയിരിക്കുന്നത്.

ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധനേടിയ ഡിജോ ജോസ് ആന്റണി ആദ്യമായി സംവിധാനം ചെയ്ത ഫീച്ചര്‍ സിനിമയാണ് ക്വീന്‍. താരനിരയില്‍ പ്രേക്ഷകര്‍ക്ക് പരിചയമുള്ള മുഖങ്ങള്‍ വിരലിലെണ്ണാവുന്ന മാത്രം, ബാക്കിയെല്ലാം പുതുമുഖങ്ങള്‍. ആദ്യ ചിത്രത്തിലൂടെ മലയാള സിനിമയില്‍ ഒരു സ്ഥാനം അടയാളപ്പെടുത്താന്‍ ഈ അഭിനേതാക്കള്‍ക്കും കഴിഞ്ഞിരിക്കുന്നു.

ക്യാമ്പസ് ചിത്രങ്ങള്‍ അനവധി കണ്ട് ശീലിച്ച മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എന്‍ജിനിയറിംഗ് ക്യാമ്പസിന്റെ കഥയാണ് ക്വീന്‍ പരിചയപ്പെടുത്തിയത്. സമീപകാലത്ത് ഇറങ്ങിയ ക്യാമ്പസ് ചിത്രങ്ങളില്‍ ഏറിയ പങ്കും എന്‍ജിനിയറിംഗിന്റെ പശ്ചാത്തലത്തിലുള്ളവായിരുന്നു. ക്വീനിന്റെ കഥാപരിസരമായ മെക്കാനിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആദ്യ വര്‍ഷത്തോടെയാണ് കഥ ആരംഭിക്കുന്നത്. ആണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന മെക്ക് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് രണ്ടാം വര്‍ഷം ഒരു പെണ്‍കുട്ടി എത്തുന്നതോടെയാണ് ചിത്രം അതിന്റെ വിഷയത്തിലേക്ക് പ്രവേശിക്കുന്നത്.

ആദ്യ മിനിറ്റുകളില്‍ തന്നെ സിനിമ സംസാരിക്കുന്ന വിഷയത്തേക്കുറിച്ചുള്ള സൂചന പ്രേക്ഷകന് നല്‍കുന്നുണ്ടെങ്കിലും പ്രധാന വിഷയത്തിലേക്ക് ചിത്രം പ്രേവശിക്കുന്നത് രണ്ടാം പകുതിയോടെയാണ്. പതിവ് ക്യാമ്പസ് ചിത്രങ്ങളുടെ ചുവടുപിടിച്ച് പ്രേക്ഷകരെ ചിരിപ്പിച്ച് രസിപ്പിക്കാനുള്ള തമാശകള്‍ നിറഞ്ഞതാണ് ചിത്രത്തിന്റെ ഒന്നാം പാതി. ഡിപ്പാര്‍ട്ട്‌മെന്റുകള്‍ തമ്മിലുള്ള തര്‍ക്കങ്ങളും കലഹങ്ങളും, ഒപ്പം സൗഹൃദത്തിന്റെ ആഴവും പരപ്പും വരച്ച് കാണിച്ച് മുന്നോട്ട് പോകുന്ന ആദ്യ പകുതി അവസാനിക്കുന്നത് കോളേജില്‍ നിന്നും പുറത്താക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ തിരികെ എത്തുന്നതോടെയാണ്.

പ്രേക്ഷകര്‍ക്ക് ചിരിക്കൂട്ടൊരുക്കിയ ആദ്യ പകുതിക്ക് ശേഷം പതിവ് ക്ലീഷേ രംഗങ്ങളിലൂടെയാണ് ക്വീന്‍ അതിന്റെ രണ്ടാം പാതിക്ക് തുടക്കം കുറിക്കുന്നത്. നായികയുടെ രോഗവിവരങ്ങളും കുടുംബ പശ്ചാത്തലും അറിയുന്നതോടെ ആദ്യ പകുതിയില്‍ ആണ്‍കുട്ടികളുടെ ശത്രുവായിരുന്ന അവളുമായി അവര്‍ കൂടുതല്‍ അടുക്കുന്നു. യുവത്വത്തിന് ആഘോഷമാക്കി മാറ്റാനുള്ള എല്ലാ വകയും ചിത്രം നല്‍കുന്നുണ്ട്. ഒപ്പം, മോഹന്‍ലാലിനേയും വിജയ്‌യേയും കുറിച്ചുള്ള റെഫറന്‍സുകളും തിയറ്ററില്‍ കൈയടി നിറയ്ക്കുന്നു.

കേവലം ഒരു ക്യാമ്പസ് ചിത്രം എന്ന ലേബലില്‍ നിന്നും ക്വീന്‍ വ്യത്യസ്തമാകുന്നത് സമകാലിക സംഭവങ്ങളെ കഥാപരിസരവുമായി കൂട്ടിയിണക്കിയതിലൂടെയാണ്. ഈ വിഷയങ്ങളുടെ ഗൗരവം ചോര്‍ന്ന് പോകാതെ അവതരിപ്പിക്കുന്നതിലും ഡിജോ ജോസ് ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്. പോയ വര്‍ഷം ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ട ജിഷ കേസ് ഉള്‍പ്പെടെയുള്ള വിഷയങ്ങളെ കേരള സമൂഹം കൈകാര്യം ചെയ്ത രീതിയേയും ചിത്രം നിശിതമായി വിമര്‍ശിക്കുന്നു. ഇന്നത്തെ രാഷ്ട്രീയ നിലപാടുകളോട് പൊരുതുന്ന തീക്ഷ്ണ യൗവ്വനങ്ങളേയും ക്വീന്‍ പ്രേക്ഷകര്‍ക്ക് കാണിച്ചുകൊടുക്കുന്നുണ്ട്. യുവത്വത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിലൂടെ അവസാനിക്കുന്ന സിനിമ, ഭരണകൂടവും നീതിന്യായ വ്യവസ്ഥയും ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നുകൂടി പറഞ്ഞുവയ്ക്കുന്നു.

ബിടെക്ക് വിദ്യാര്‍ത്ഥികള്‍ തന്നെ അണിയിച്ചൊരുക്കിയ ഈ ചിത്രം ഒരു എന്‍ജിനിയറിംഗ് ക്യാമ്പസിന്റെ യഥാര്‍ത്ഥ ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ വരച്ച് വയ്ക്കുന്നുണ്ട്. ഷാരിസ് മുഹമ്മദ്, ജെബിന്‍ ജോസഫ് ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ക്വീനിന്റെ കഥയും തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്. സാനിയ ഈയപ്പന്‍, ധ്രുവന്‍, എല്‍ദോ, അശ്വിന്‍, അരുണ്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. സലിം കുമാര്‍, ശ്രീജിത് രവി, വിജയ രാഘവന്‍, ലിയോണ എന്നിവരാണ് ക്വീനിലെ പരിചിത മുഖങ്ങള്‍. യൂട്യൂബില്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത് ‘വെണ്ണിലവേ..’ എന്ന കല്യാണ പാട്ടുള്‍പ്പെടെ എല്ലാ ഗാനങ്ങളും മികവ് പുലര്‍ത്തുന്നു. പ്രതീക്ഷകളുടെ അമിത ഭാരമില്ലാതെ എത്തിയാല്‍ തമാശയും സ്‌പെന്‍സും മാസും ആക്ഷനുമുള്ള ഒരു കൊച്ചു ചിത്രം കണ്ട് തിയറ്റര്‍ വിടാം.

Did you find apk for android? You can find new Free Android Games and apps.

Movie Rating

7.0
  • Script 6.5
  • Artist Performance 7
  • Direction 7
  • Technical Side 7.5
  • User Ratings (1 Votes) 7
Share.

About Author

mm