മനസ്സിനെ തൊടുന്ന മനോഹരമായ ചലച്ചിത്രാനുഭവമായി ഹേ ജൂഡ് .

Advertisement

ഈ വർഷത്തെ നിവിൻ പോളിയുടെ ആദ്യ റിലീസ് ആണ് കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഹേ ജൂഡ്. പ്രശസ്ത സംവിധായകൻ ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ഈ ചിത്രം തെന്നിന്ത്യൻ താര സുന്ദരി തൃഷയുടെ ആദ്യ മലയാള ചിത്രം എന്ന നിലയിലും ശ്രദ്ധ നേടിയിരുന്നു. ജൂഡ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ഈ ചിത്രം നമ്മളോട് പറയുന്നത്. പെരുമാറ്റത്തിലും സംസാരത്തിലുമെല്ലാം അസാധാരണത്വം നിറഞ്ഞ ഒരു വ്യക്തിയെന്ന നിലക്ക് ജൂഡിന് പലപ്പോഴും സമൂഹവുമായും തനിക്കു ചുറ്റുമുള്ളവരുമായും പൊരുത്തപ്പെടാൻ കഴിഞ്ഞിരുന്നില്ല. അങ്ങനെയിരിക്കെ കുടുംബവുമായി ഗോവയിൽ പോകാൻ ഇടയാകുന്ന ജൂഡ് അവിടെ വെച്ച് ക്രിസ്റ്റൽ എന്ന യുവതിയുമായി പരിചയപ്പെടുകയും ക്രിസ്റ്റലും അവളുടെ അച്ഛൻ സെബാസ്ത്യനുമായുള്ള സൗഹൃദം അവന്റെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.

നിർമ്മൽ സഹദേവ്, ജോർജ് കാനാട്ട് എന്നിവർ ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു ഈ ചിത്രം മനസ്സിന് സന്തോഷം നൽകുന്ന ഒരു ഫീൽ ഗുഡ് എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഓരോ കഥാപാത്രത്തിനും വ്യക്തമായ ഐഡന്റിറ്റിയും സ്ഥാനവും കഥയിൽ നല്കാൻ എഴുത്തുകാർക്കും സംവിധായകനും കഴിഞ്ഞിട്ടുണ്ട്. എല്ലാവരിലും എന്തെങ്കിലും അസാധാരണത്വം കാണുമെന്നും നമ്മൾ അത് സ്വയം തിരിച്ചറിയുകയും അത് മനസിലാക്കി സമൂഹവുമായി പൊരുത്തപ്പെടുകയുമാണ് വേണ്ടതെന്നും ഈ ചിത്രം പറയാതെ പറയുന്നുണ്ട്. നിവിൻ പോളിയുടെയും സിദ്ദിക്കിന്റെയും ഗംഭീര പെർഫോമൻസ് ആണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ മികവ്. തന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് ആണ് എല്ലാ അർഥത്തിലും നിവിൻ ജൂഡ് ആയി നൽകിയത്. സിദ്ദിഖ് ആവട്ടെ തന്റെ സ്വാഭാവികാഭിനയത്തിലൂടെ ചിത്രത്തെ വളരെ രസകരമാക്കി. തൃഷ, നീന കുറുപ്പ്, വിജയ് മേനോൻ എന്നിവരും തങ്ങളുടെ വേഷങ്ങൾ വളരെ മികവോടെ തന്നെ ചെയ്തു ഫലിപ്പിച്ചിട്ടുണ്ട്.

Advertisement

കോമെഡിയും , റൊമാൻസും, മനസ്സിൽ തൊടുന്ന ജീവിത മുഹൂർത്തങ്ങളും കോർത്തിണക്കിയ ഈ ചിത്രം സാങ്കേതികമായും മികച്ച നിലവാരം ആണ് പുലർത്തിയത്. ഗിരീഷ് ഗംഗാധരന്റെ ദൃശ്യങ്ങൾ ഗോവയുടെ സൗന്ദര്യം ഏറ്റവും മനോഹരമായി ഒപ്പിയെടുത്തപ്പോൾ ഔസേപ്പച്ചൻ ഒരുക്കിയ പശ്ചാത്തല സംഗീതവും മികച്ചു നിന്നു. അതുപോലെ തന്നെ ഗോപി സുന്ദർ, രാഹുൽ രാജ്, എം ജയചന്ദ്രൻ, ഔസേപ്പച്ചൻ എന്നിവർ ചേർന്നൊരുക്കിയ ഗാനങ്ങളും പ്രേക്ഷകരുടെ മനസ്സിൽ തൊടുന്നവ ആയിരുന്നു എന്ന് പറയാം. നിറങ്ങളും, സംഗീതവും സന്തോഷവും നിറഞ്ഞ ഒരു മനോഹരമായ ചിത്രം എന്ന് ഹേ ജൂഡിനെ നമ്മുക്ക് വിശേഷിപ്പിക്കാം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close