മോഹൻലാലിന്റെ ആറാട്ട് റിവ്യൂ വായിക്കാം..!

Advertisement

എല്ലാത്തരം പ്രേക്ഷകരേയും ഒരുപോലെ ആകർഷിക്കാൻ കഴിവുള്ള ചിത്രങ്ങൾ ആണ് മാസ്സ് മസാല വിഭാഗത്തിൽ പെടുന്ന ചിത്രങ്ങൾ, അല്ലെങ്കിൽ എല്ലാ കൊമേർഷ്യൽ ചേരുവകളും കോർത്തിണക്കി ഉണ്ടാക്കുന്ന പക്കാ എന്റെർറ്റൈനെർ ആയ ചിത്രങ്ങൾ. തീയേറ്ററുകളിലേക്കു ഏറ്റവും അധികം ആളുകളെ എത്തിക്കുന്നതും അത്തരം ചിത്രങ്ങളാണ്. അത്കൊണ്ട് തന്നെ അത്തരമൊരു ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചാൽ ആബാലവൃദ്ധം ജനനഗലും തീയേറ്ററുകളിൽ എത്തുമെന്ന് മാത്രമല്ല, ബോക്സ് ഓഫീസിൽ പല പുതിയ റെക്കോർഡുകളും സൃഷ്ടിക്കപ്പെടുകയും ചെയ്യും. ഒരു വ്യവസായം എന്ന നിലയിൽ ഓരോ സിനിമാ ഇന്ഡസ്ട്രികളുടെയും നിലനിൽപിന് തന്നെ ഏറ്റവും അത്യന്താപേക്ഷികമായ കാര്യമാണ് അത്തരം കൊമേർഷ്യൽ ചിത്രങ്ങൾ വരികയും അവ വിജയം നേടുകയും ചെയ്യുക എന്നത്. അത്തരം ചിത്രങ്ങൾ ഒരുക്കുക എന്നതും അവയെ പ്രേക്ഷകന്റെ മനസ്സിൽ എത്തിക്കുക എന്നതും മറ്റേതു തരം ചിത്രങ്ങൾ ഉണ്ടാക്കുന്നതിലും ശ്രമകരമായ കാര്യമാണ് എന്നത് അംഗീകരിക്കേണ്ട ഒരു സത്യം തന്നെയാണ്.

ആ കാര്യത്തിൽ ഇപ്പോൾ ബി ഉണ്ണികൃഷ്ണൻ- ഉദയ കൃഷ്ണ കൂട്ടുകെട്ട് വിജയം കണ്ടു എന്ന് തന്നെയാണ് അവർ ആദ്യമായി ഒന്നിച്ച ആറാട്ട് എന്ന ചിത്രം നമ്മുക്ക് കാണിച്ചു തരുന്നത്. മലയാള സിനിമാ വിപണിയെ വിപുലമാക്കുന്ന, എല്ലാത്തരം പ്രേക്ഷകരേയും തീയേറ്ററിൽ എത്തിക്കുന്ന ഒരു പക്കാ കൊമേർഷ്യൽ എന്റെർറ്റൈനെർ ഇവിടെ ഉണ്ടായിട്ടു കുറെ വർഷങ്ങളായിട്ടുണ്ട്. ആ വിടവിലേക്കാണ് ആറാട്ട് എന്ന മാസ്സ് ആഘോഷ ചിത്രം ഇവർ എത്തിച്ചത്. അതിനു ഇവ കൂട്ടുപിടിച്ചത്‌, അല്ലെങ്കിൽ ഇവർക്കൊപ്പം നിന്നതു മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ താരവും ഏറ്റവും മികച്ച നടനുമായി ഒരേ സമയം തിളങ്ങുന്ന മോഹൻലാൽ എന്ന മഹാമേരുവാണ്. മലയാളികൾ മോഹൻലാലിന്റെ മാസ്സ് കഥാപാത്രങ്ങളെ ആഘോഷിച്ചത് പോലെ മറ്റൊരാളുടേയും മാസ്സ് കഥാപാത്രങ്ങളെ ആഘോഷിച്ചു കാണില്ല. കാരണം ആക്ഷനും കോമെഡിയും റൊമാൻസും നൃത്തവും എല്ലാം ചേർത്തൊരുക്കുന്ന ഒരു എന്റർടൈൻമെന്റ് പൂരത്തിൽ ഇതെല്ലം ഒരേ മികവോടെ ചെയ്യുന്ന മറ്റൊരാൾ ഇവിടെയില്ല എന്നതാണ് സത്യം. അത്കൊണ്ട് തന്നെ ആ കമ്പ്ലീറ്റ് പാക്കേജ് ആയി ലഭിക്കുന്ന ഒരു മോഹൻലാൽ ഷോ തന്നെയാണ് ഉദയനും ഉണ്ണികൃഷ്ണനും ആറാട്ടിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചത്.

Advertisement

നെയ്യാറ്റിൻകര എന്ന സ്ഥലത്തു നിന്ന് പാലക്കാടുള്ള മുതലക്കോട്ട എന്ന സ്ഥലത്തേക്ക് കടന്നു വരുന്ന നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ ഈ ചിത്രത്തിൽ എത്തുന്നത്. ഒരേ സമയം സരസനും സംഗീത പ്രിയനും കുറുമ്പനും ഒക്കെയായ അയാൾ അതോടൊപ്പം തന്നെ ഒരു മാസ്സ് ഹീറോയുടെ പരിവേഷവും തന്റെ ചലനങ്ങളിലൂടെയും ശരീര ഭാഷയിലൂടെയും നൽകുന്നുണ്ട്. എന്തിനാണ് ഗോപൻ അവിടെ എത്തിയത്, അയാളുടെ ഉദ്ദേശ്യം പുറത്തു കാണിക്കുന്നത് തന്നെയാണോ അതോ മറ്റെന്തെങ്കിലുമാണോ, അയാളുടെ ഭൂതകാലം എന്താണ്, അയാൾ അവിടെ ഇനി എന്താണ് ചെയ്യാൻ പോകുന്നത് എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് വളരെ രസകരമായി ഈ ചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത് എന്ന് പറയാം. മുതലക്കോട്ടയിൽ പതിനെട്ടു ഏക്കർ പാടം നികത്താൻ ആണ് ബിനാമി ആയി ഗോപൻ എത്തുന്നത്. എന്നാൽ പാടം നികത്താൻ വന്ന അയാളുടെ ലക്ഷ്യങ്ങൾ മറ്റു ചിലതാണ്. അതാണ് ഈ ചിത്രത്തിന്റെ കഥയിലൂടെ നമ്മുടെ മുന്നിൽ എത്തിക്കുന്നത്.

എല്ലാ ടെൻഷനുകളും മറന്നു, ചിരിക്കാനും ആവേശം കൊള്ളാനും കയ്യടിക്കാനും പ്രേക്ഷകന് അവസരം നൽകുന്ന രീതിയിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. കുട്ടികളും കുടുംബവുമായി കാണുന്നവർക്കും യുവാക്കൾക്കുമെല്ലാം ഒരേ രസത്തോടെ ആസ്വദിക്കാവുന്ന തരത്തിൽ രചിക്കപ്പെട്ട ഈ ചിത്രം, ഒരു വമ്പൻ കാൻവാസിൽ അതിമനോഹരമായാണ് ഉണ്ണികൃഷ്ണൻ അവതരിപ്പിച്ചിരിക്കുന്നത്. ആക്ഷൻ സിനിമ പ്രേമികൾക്കു ആവേശം കൊള്ളാനും കയ്യടിക്കാനും അവസരം നൽകുന്ന കിടിലൻ ആക്ഷനും കുടുംബ പ്രേക്ഷകർക്ക് പൊട്ടിച്ചിരിക്കാനുള്ള രസകരമായ നിമിഷങ്ങളും ത്രില്ലടിപ്പിക്കുന്ന രീതിയിൽ കഥാഗതിയിൽ ഉണ്ടാവുന്ന ചില മാറ്റങ്ങളുമെല്ലാം കോർത്തിണക്കി ഒരുക്കിയ ഈ ചിത്രം പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തിന്റെ ഒരു ആറാട്ട് തന്നെയാണ്. കീറി മുറിക്കാനും വലിയ മാനദണ്ഡങ്ങൾ വെച്ച് അളക്കാനുമുള്ള ഒരു മഹത്തായ ചിത്രമൊന്നുമല്ല ആറാട്ട്. വിനോദം മാത്രം ലക്ഷ്യമാക്കി ഇറങ്ങിയ ഒരു നൂറു ശതമാനം കൊമേർഷ്യൽ ചിത്രം. ഇതിൽ ഇതുവരെ ആരും കാണാത്ത കഥയോ കഥാപാത്രങ്ങളോ ഇല്ല. വലിയ സന്ദേശമോ കാലങ്ങളോളം ഓർത്തു വെക്കാവുന്ന ക്ലാസിക് പരിവേഷങ്ങളോ ഇല്ല..പക്ഷെ ഈ ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത് ഒരുത്സവം കണ്ടിറങ്ങിയ പ്രതീതി ആണ്. അത് തന്നെയാണ് തങ്ങൾ ആഗ്രഹിച്ചതെന്നും അണിയറ പ്രവർത്തകർ റിലീസിന് മുൻപും പറഞ്ഞിരുന്നു. അതിൽ അവർ നൂറു ശതമാനവും വിജയിച്ചു.

ഈ ചിത്രത്തിന്റെ നട്ടെല്ല് മോഹൻലാൽ ആണ്. ഒരു പക്കാ മോഹൻലാൽ ഷോ ആണ് ആറാട്ട്. ആക്ഷനും കോമെഡിയും ഒക്കെയായി ഒരു എന്റർടെയ്ൻമെൻറ് ചിത്രത്തിൽ ഒരു നായകനിൽ നിന്ന് എന്തൊക്കെ ഒരു പ്രേക്ഷകൻ പ്രതീക്ഷിക്കുന്നോ, എന്തൊക്കെ ഒരു നായകന് ചെയ്യാൻ പറ്റുമോ അതെല്ലാം അതിഗംഭീരമായി തന്നെ മോഹൻലാൽ ചെയ്തു ഫലിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ഒപ്പം ഉള്ള മറ്റു നടീനടന്മാരും തങ്ങളുടെ വേഷം ഗംഭീരമായി തന്നെ ചെയ്തിട്ടുണ്ട്. നായികാ വേഷം ചെയ്ത ശ്രദ്ധ ശ്രീനാഥ്, സിദ്ദിഖ്, ജോണി ആന്റണി എന്നിവരും രാമചന്ദ്ര രാജു, നെടുമുടി വേണു, സായ്കുമാര്‍, വിജയരാഘവന്‍,, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി, നേഹ സക്‌സേന എന്നിവരും കയ്യടി നേടി. സിദ്ദിഖിന്ററെയും ജോണി ആന്റണിയുടെയും പല സീനുകളും പൊട്ടിച്ചിരി പടർത്തി. അതുപോലെ ഇതിന്റെ ഹൈലൈറ്റ് ആണ് രാഹുൽ രാജ് ഈണം പകർന്ന ഗാനങ്ങളും അതുപോലെ പശ്‌ചാത്തല സംഗീതവും. ചിത്രത്തിന്റെ മാസ്സ് ഫീൽ മൊത്തമായി പ്രേക്ഷകരിലേക്ക് പകരാൻ അദ്ദേഹത്തിന് സാധിച്ചു. കാമറ ചലിപ്പിച്ച വിജയ് ഉലകനാഥ്, എഡിറ്റിംഗ് നിർവഹിച്ച ഷമീർ മുഹമ്മദ് എന്നിവരും തങ്ങളുടെ പ്രതിഭ കാണിച്ചു തന്ന ചിത്രം കൂടിയാണ് ആറാട്ട്.

ചുരുക്കി പറഞ്ഞാൽ, ഡാർക്ക് ചിത്രങ്ങളും റിയലിസ്റ്റിക് ചിത്രങ്ങളും ത്രില്ലറുകളും മാത്രം കുറേ നാളായി ലഭിച്ചു കൊണ്ടിരുന്ന മലയാളായി പ്രേക്ഷകർക്ക്, ഒരു ഭാരവും ഇല്ലാതെ രണ്ടര മണിക്കൂറിനു മുകളിൽ ചിരിച്ചും കയ്യടിച്ചും ആവേശം കൊണ്ടും ആഘോഷിക്കാവുന്ന ഒരു കംപ്ലീറ്റ് മാസ്സ് മസാല ചിത്രമാണ് ആറാട്ട്. വല്ലപ്പോഴുമെങ്കിലും ഇത്തരം ചിത്രങ്ങൾ വരുന്നത് പ്രേക്ഷകർക്കും നല്ലതാണു. മോഹൻലാൽ എന്ന നടൻ ഇത്തരമൊരു കഥാപാത്രം ഒരുപാട് നാളുകൾക്കു ശേഷമാണു ചെയ്തത് എന്നത് കൊണ്ട് ഷൂട്ടിംഗ് തുടങ്ങിയപ്പോൾ ഒന്ന് അഴിയാൻ രണ്ടു ദിവസമെടുത്തു എന്ന് സംവിധായകൻ പറഞ്ഞത് ഓർക്കുന്നു. എന്നാൽ മോഹൻലാൽ ആസ്വദിച്ചു സ്‌ക്രീനിൽ അഴിഞ്ഞാടുന്നത് കാണുമ്പോൾ തോന്നുന്നത്, മലയാള സിനിമ പ്രേക്ഷകരും ഒരുപാട് നാള് കൂടി മനസ്സ് കൊണ്ട് ഒന്നഴിയുകയാണ്. എല്ലാം മറന്നു സിനിമയുടെ ആഘോഷത്തിൽ ആറാടി കൊണ്ട്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close