വിന്റേജ് രജനികാന്ത് സ്‌റ്റൈലുമായി കാർത്തിക് സുബ്ബരാജ് മാജിക്; മാസ്സിന്റെ സുനാമിയുമായി പേട്ട

Advertisement

സൂപ്പർ സ്റ്റാർ രജനികാന്തിനെ നായകനാക്കി കാർത്തിക് സുബ്ബരാജ് ഒരുക്കിയ  പേട്ട  എന്ന തമിഴ് ചിത്രമാണ് ഇന്ന് കേരളത്തിൽ പ്രദർശനമാരംഭിച്ച പ്രധാന ചിത്രങ്ങളിലൊന്ന്. സംവിധായകൻ തന്നെ  രചനയും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് . വിജയ് സേതുപതി, ബോബി സിംഹ, സിമ്രാൻ, തൃഷ  എന്നിവരും ഈ ചിത്രത്തിൽ പ്രധാന  വേഷത്തിൽ എത്തിയിരിക്കുന്നു . പൃഥ്വിരാജ് പ്രൊഡക്ഷന്സും മാജിക് ഫ്രെയിംസും ചേർന്ന് കേരളത്തിൽ വിതരണം ചെയ്തിരിക്കുന്ന ഈ ചിത്രം വമ്പൻ പ്രതീക്ഷകൾക്ക് നടുവിൽ ആണ് ലോകം മുഴുവൻ റിലീസ് ചെയ്തിരിക്കുന്നത്. 

രജനികാന്ത് അവതരിപ്പിക്കുന്ന കാളി എന്ന ഹോസ്റ്റൽ  വാർഡന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ ആണ് ഈ ചിത്രത്തിലൂടെ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്. തന്റേതായ രീതിയിൽ അവിടെ ഏവരുടെയും ഹീറോ ആയി മാറുന്ന കാളിയുടെ ജീവിതത്തിലേക്ക് നവാസുദീൻ സിദ്ദിഖി അവതരിപ്പിക്കുന്ന സിംഖാർ സിങ് എന്ന രാഷ്ട്രീയ നേതാവ് കടന്നു വരുന്നതോടെ ചിത്രത്തിന്റെ ഗതി മാറുന്നു. 

Advertisement

രജനികാന്ത് ആരാധകർക്ക്  ആഘോഷമാക്കാനുള്ള ഒരു കമ്പ്ലീറ്റ് എന്റർടൈൻമെൻറ് പാക്കേജാണ്‌ കാർത്തിക്  സുബ്ബരാജ്  ഈ ചിത്രത്തിലൂടെ ഒരുക്കിയിരിക്കുന്നത്. ബാഷ എന്ന ചിത്രത്തിന്റെ കഥയോട് സാമ്യം ഉള്ള രീതിയിൽ ആണ് പേട്ട തുടങ്ങുന്നത് എങ്കിലും കാർത്തിക്  സുബ്ബരാജ് എന്ന പ്രതിഭ കൊണ്ട് വന്ന കഥയിലെ പുതുമ എടുത്തു പറയേണ്ടതാണ്. തമിഴ് സിനിമകൾ ഇഷ്ട്ടപെടുന്ന പ്രേക്ഷകർ ആഗ്രഹിക്കുന്നതെല്ലാം ചിത്രത്തിൽ ഉൾപ്പെടുത്താൻ കഴിഞ്ഞതിനൊപ്പം തന്നെ വളരെ ചടുലമായും രസകരമായും കഥ പറയാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട് എന്നതാണ് ഈ ചിത്രത്തെ ഗംഭീരമാക്കുന്നതു. ഓരോ  കഥാപാത്രങ്ങളേയും അദ്ദേഹം അവതരിപ്പിച്ചിരിക്കുന്ന രീതിയും അവർക്കു കഥയിൽ ഉള്ള സ്ഥാനവും ചിത്രത്തെ വേറെ ലെവൽ ആക്കിയിട്ടുണ്ട് എന്ന് പറയാം.  കഥാ സന്ദർഭങ്ങൾ രസകരമായി അവതരിപ്പിച്ചതിലൂടെ പ്രേക്ഷകരെ  പിടിച്ചിരുത്താൻ സംവിധായകനെന്ന നിലയിലും എഴുത്തുകാരനെന്ന നിലയിലും കാർത്തിക് സുബ്ബരാജിന് കഴിഞ്ഞിട്ടുണ്ട്. നായക കഥാപാത്രത്തിന്റെ പൂർവ കാലവും വർത്തമാന കാലവും തമ്മിൽ മികച്ച രീതിയിൽ ബന്ധിപ്പിക്കുന്നതിലും അദ്ദേഹം കാണിച്ച മിടുക്കാണ്  ഒരു മാസ്സ് മസാല കൊമേർഷ്യൽ എന്റെർറ്റൈനെറിൽ നിന്ന് പ്രേക്ഷകൻ ആഗ്രഹിക്കുന്നതെല്ലാം നൽകാൻ പേട്ടയെ സഹായിച്ചത് എന്ന് പറയാം. 

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ  എനെർജറ്റിക് ആയുള്ള പെർഫോമൻസാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ  പ്ലസ് പോയിന്റ്. കാളി എന്ന കഥാപാത്രമായി വിന്റേജ് സ്റ്റൈലിൽ സൂപ്പർസ്റ്റാർ തകർത്താടി ഈ ചിത്രത്തിലെന്നു പറയാം. ഇത്ര ഗംഭീരമായി ഈ അടുത്തിടെയൊന്നും രജനികാന്തിനെ നമ്മൾ കണ്ടിട്ടില്ല എന്ന് തന്നെ പറയേണ്ടി വരും. ആരാധകരെ ത്രസിപ്പിക്കുന്ന പ്രകടനമാണ് അദ്ദേഹം  നൽകിയതു. അതോടൊപ്പം ജിത്തു, സിംഖാർ സിങ്  എന്നീ കഥാപാത്രങ്ങളെ യഥാക്രമം അവതരിപ്പിച്ച മക്കൾ സെൽവൻ വിജയ് സേതുപതി, നവാസുദീൻ സിദ്ദിഖി  എന്നിവരും തങ്ങളുടെ അമ്പരപ്പിക്കുന്ന പ്രകടനത്തോടെ പ്രേക്ഷകരെ കയ്യിലെടുത്തു. അത്ര ബ്രില്ല്യന്റ് ആയി തന്നെ ഇവർ തങ്ങളുടെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി . മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച ബോബി സിംഹ, ശശി കുമാർ, സിമ്രാൻ, തൃഷ, മണികണ്ഠൻ ആചാരി,  ജെ മഹേന്ദ്രൻ, മേഖ ആകാശ്, ഗുരു സോമസുന്ദരം, സനന്ത് റെഡ്‌ഡി, മാളവിക മോഹനൻ, രാമദോസ്, എന്നിവരും  തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി എന്ന് പറയാം. 

അനിരുദ്ധ്  ഒരിക്കൽ കൂടി തന്റെ അടിപൊളി പാട്ടുകളിലൂടെയും മാസ്സ് എഫ്ഫക്റ്റ് നൽകിയ പശ്ചാത്തല സംഗീതത്തിലൂടെയും ചിത്രത്തിന്റെ മികവ് വർധിപ്പിച്ചു. തിരു ഒരുക്കിയ  ദൃശ്യങ്ങൾ കളർഫുൾ ആയിരുന്നു എന്ന് മാത്രമല്ല അനിരുദ്ധിന്റെ പശ്ചാത്തല സംഗീതത്തിനൊപ്പം തിരുവിന്റെ ദൃശ്യങ്ങൾ കൂടി ചേർന്ന് ഉണ്ടാക്കിയ മാസ്സ് എഫ്ഫക്റ്റ് പറഞ്ഞറിയിക്കാൻ പറ്റില്ല.   ചടുലമായി കഥ പറയാൻ സംവിധായകനെ സഹായിച്ചത് വിവേക് ഹർഷൻ എന്ന എഡിറ്ററുടെ മികവായിരുന്നുവെന്നു നിസംശയം  പറയേണ്ടി വരും.

ചുരുക്കി പറഞ്ഞാൽ , സൂപ്പർ സ്റ്റാർ രജനികാന്ത് ഫാന്സിനും കാർത്തിക് സുബ്ബരാജ് ഫാന്സിനും വിജയ് സേതുപതി ആരാധകർക്കുമെല്ലാം   ഒരുപാട് ആഘോഷിച്ചു കാണാവുന്ന ഒരു കമ്പ്ലീറ്റ് എന്റർടൈനറാണ് പേട്ട . ഒരു നിമിഷം പോലും ബോറടിപ്പിക്കാത്ത ഒരു പൈസ വസൂൽ മാസ്സ് മസാല ചിത്രമാണ് ഇത്തവണ കാർത്തിക് സുബ്ബരാജ്  ആരാധകർക്കായി നൽകിയിരിക്കുന്നത്. വിന്റേജ് രജനികാന്ത് ആണ് ഈ ചിത്രത്തിന്റെ മാജിക്. നഷ്ടപ്പെടുത്തരുത് ഈ ഗംഭീര ചിത്രം എന്നുറപ്പിച്ചു പറയാൻ സാധിക്കുന്ന ഒരു ചലച്ചിത്രാനുഭവമാണ് പേട്ട നമ്മുക്ക് നൽകുന്നത്. 

Advertisement

Copyright © 2017 onlookersmedia.

Press ESC to close