Wednesday, April 24

വീണ്ടും ജിസ് ജോയ് – ആസിഫ് അലി മാജിക്; വിജയ് സൂപ്പറും പൗർണ്ണമിയും കുടുംബ പ്രേക്ഷകരുടെ മനസ്സ് തൊട്ട് ഒരു ചിത്രം..!!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ഇന്ന് കേരളത്തിൽ പ്രദർശനം ആരംഭിച്ച മലയാള ചിത്രം ആണ് പ്രശസ്ത സംവിധായകനായ ജിസ് ജോയ് ഒരുക്കിയ വിജയ് സൂപ്പറും പൗർണ്ണമിയും. ജിസ് ജോയ് തന്നെ തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിൽ ആസിഫ് അലി, ഐശ്വര്യ ലക്ഷ്മി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നു. ന്യൂ സൂര്യ ഫിലിമ്സിന്റെ ബാനറിൽ സുനിൽ എ കെ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ഇവിടെ വിതരണം ചെയ്തിരിക്കുന്നത് സെഞ്ച്വറി ഫിലിംസ് ആണ്. ആസിഫ് അലി- ജിസ് ജോയ് ടീം ഒന്നിച്ച മൂന്നാമത്തെ ചിത്രമാണ് ഇത്. സൂപ്പർ ഹിറ്റായ ട്രൈലെർ, ടീസറുകൾ , ഗാനങ്ങൾ എന്നിവയിലൂടെ വലിയ പ്രതീക്ഷയാണ് ഈ ചിത്രം റിലീസിന് മുൻപ് തന്നെ പ്രേക്ഷകരുടെ ഇടയിൽ സൃഷ്ടിച്ചത് എന്ന് പറയാം.

ചിത്രത്തിന്റെ ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ തന്നെ വിജയ് എന്ന് പേരുള്ള ഒരു ചെറുപ്പകാരന്റെയും പൗർണമി എന്ന് പേരുള്ള ഒരു പെൺകുട്ടിയുടെയും കഥയാണ് ഈ ചിത്രം പറയുന്നത്. ഇവരുടെ ജീവിതങ്ങൾ എങ്ങനെ പരസ്പരം ബന്ധപ്പെടുന്നു എന്നും അതിലൂടെ ഇവരുടെ വ്യക്തി ജീവിതവും ഇവരുടെ കുടുംബങ്ങളും എങ്ങനെ സ്വാധീനിക്കപ്പെടുന്നു എന്നുമാണ് വളരെ രസകരമായി ഈ ചിത്രം നമ്മളോട് പറയുന്നത്. ഒരു പെണ്ണ് കാണൽ ചടങ്ങിലൂടെ കണ്ടു മുട്ടുന്ന വിജയും പൗര്ണമിയും പിന്നീട് എങ്ങനെ ജീവിതത്തിൽ മുന്നോട്ടു പോകുന്നു എന്ന് ഈ ചിത്രം കാണിച്ചു തരുന്നു.

ബൈസൈക്കിൾ തീവ്സ്, സൺ‌ഡേ ഹോളിഡേ എന്നീ ചിത്രങ്ങളിലൂടെ മികച്ച സംവിധായകൻ എന്ന പേര് നേടിയ ജിസ് ജോയ് ഒരിക്കൽ കൂടി തന്റെ പ്രതിഭയോട് നീതി പുലർത്തിയ ചിത്രമാണ് വിജയ് സൂപ്പറും പൗർണ്ണമിയും എന്ന് പറയാം. അദ്ദേഹം തന്നെയെഴുതിയ അതീവ രസകരം ആയ തിരക്കഥക്ക്‌ അതിലും രസകരമായ ഒരു ദൃശ്യ ഭാഷ ഒരുക്കിയത് ആണ് ഒരു സംവിധായകനെന്ന നിലയിൽ ജിസ് ജോയിയുടെ വിജയം. രചയിതാവെന്ന നിലയിലും ജിസ് ജോയ് പുലർത്തിയ കയ്യടക്കം ഈ ചിത്രത്തെ മനോഹരമാക്കിയിട്ടുണ്ട്. പൊട്ടിച്ചിരിപ്പിക്കുന്ന സംഭാഷണങ്ങളും രസികന്മാരായ കഥാപാത്രങ്ങളും ചേർന്ന് വളരെ സന്തോഷം നിറഞ്ഞ ഒരു സിനിമ ആണ് ജിസ് ജോയ് നമ്മുക്ക് സമ്മാനിച്ചത്. യുവാക്കളെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ കയ്യിലെടുക്കാൻ ഉള്ളത് ഈ ചിത്രത്തിലുണ്ട് എന്നത് എടുത്തു പറഞ്ഞേ പറ്റു. പ്രേക്ഷകന്റെ മനസ്സറിഞ്ഞു എടുത്ത ചിത്രം എന്നത് ആണ് ഈ ചിത്രത്തെ ഒരു വിജയമാക്കി മാറ്റുന്നത്. തമാശയും പ്രണയവും സൗഹൃദവും വൈകാരിക മുഹൂർത്തങ്ങളും കുടുംബ ബന്ധങ്ങളുടെ മൂല്യവും ഊഷ്മളതയും എല്ലാം കോർത്തിണക്കിയാണ് ഈ ചിത്രം ജിസ് ജോയ് നമ്മുടെ മുന്നിൽ അവതരിപ്പിചിരിക്കുന്നത്.

ആസിഫ് അലി, ഐശ്വര്യ ലക്ഷ്മി എന്നിവരുടെ ഗംഭീര പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്റെ മികവ്. പരസ്പരം മത്സരിച്ചു തന്നെയാണ് ഇവർ രണ്ടു പേരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഇവരുടെ തിരശീലയിലെ പരസ്പരം ഉള്ള കൊടുക്കൽ വാങ്ങലുകൾ ചിത്രത്തെ മികവുറ്റതാക്കി..ഇവർക്കൊപ്പം തന്നെ ഈ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന ബാലു വർഗീസ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജോസെഫ് അന്നംക്കുട്ടി, ശാന്തി കൃഷ്ണ, ദേവൻ, കെ പി എ സി ലളിത, അജു വർഗീസ് എന്നിവരും മികവ് പുലർത്തിയപ്പോൾ അഭിനേതാക്കളുടെ പ്രകടന മികവ് കൊണ്ട് തന്നെ ഈ ചിത്രം മനസ്സ് നിറക്കുന്ന ഒരു സിനിമാനുഭവം സമ്മാനിച്ചു.

റെനഡിവേ ഒരുക്കിയ ദൃശ്യങ്ങൾ മനോഹരം ആയപ്പോൾ പ്രിൻസ് ജോർജ് ഒരുക്കിയ ഗാനങ്ങളും മികച്ച നിലവാരം പുലർത്തി. അതുപോലെ തന്നെ എടുത്തു പറയേണ്ട ഒന്നാണ് ടീം ഫോർ മ്യൂസിക്സ് പകർന്നു നൽകിയ പശ്ചാത്തല സംഗീതം. ഈ ചിത്രത്തിന്റെ മൂഡ് പ്രേക്ഷകരുടെ മനസ്സിൽ എത്തിക്കുന്നതിൽ വളരെ പ്രധാനപ്പെട്ട പങ്കാണ് പശ്ചാത്തല സംഗീതം വഹിച്ചത്. രതീഷ് രാജിന്റെ എഡിറ്റിംഗ് ചിത്രത്തിന് മികച്ച സാങ്കേതിക നിലവാരവും ഒഴുക്കും പകർന്നു നാലാക്കി.

ചുരുക്കി പറഞ്ഞാൽ..കുടുംബമായി പോയി കണ്ടു ചിരിച്ചു രസിച്ചു ആസ്വദിക്കാവുന്ന ഒരു രസികൻ ചിത്രം ആണ് വിജയ് സൂപ്പറും പൗർണ്ണമിയും. ഈ ചിത്രം നിങ്ങളെ നിരാശരാക്കില്ല എന്ന് മാത്രം അല്ല ഒരുപാട് സന്തോഷിപ്പിക്കുകയും ചെയ്യും എന്ന് ഉറപ്പിച്ചു പറയാൻ കഴിയും. നിങ്ങളുടെ പ്രതീക്ഷകൾക്ക് മുകളിൽ നിൽക്കും ഈ ഫാമിലി കോമഡി എന്റെർറ്റൈനെർ എന്നത് തീർച്ചയാണ്.

Did you find apk for android? You can find new Free Android Games and apps.
8.0 Awesome
  • Direction 8
  • Artist Performance 8
  • Script 8
  • Technical Side 8
  • User Ratings (8 Votes) 5.8
Share.

About Author

mm