Tuesday, May 21

മനസ്സിൽ തൊടുന്ന ചലച്ചിത്രാനുഭവമായി പേരൻപ്; മഹാനടനവുമായി മമ്മൂട്ടി

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

പേരൻപ് എന്ന തമിഴ് സിനിമയാണ് ഇന്ന് കേരളത്തിൽ പ്രദർശനത്തിനെത്തിയ ചിത്രങ്ങളിൽ ഒന്ന് . തമിഴ് സിനിമയിലെ പ്രശസ്ത സംവിധായകരിൽ ഒരാളായ റാം ആണ് ഈ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി നായക വേഷത്തിൽ എത്തിയിരിക്കുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന നടി തങ്കമീങ്കൾ എന്ന റാം ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ സാധന ആണ് . ശ്രീ രാജലക്ഷ്മി ഫിലിമ്സിന്റെ ബാനറിൽ തേനപ്പൻ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. റിലീസിന് മുൻപേ തന്നെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലുകളിലെ പ്രദർശനങ്ങളിലൂടെയും സ്പെഷ്യൽ പ്രീമിയറുകളിലൂടെയും ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസയാണ് ഈ ചിത്രം നേടിയെടുത്തത്.

മമ്മൂട്ടി അവതരിപ്പിക്കുന്ന അമുദവൻ , സ്പാസ്റ്റിക് പാരാലിസിസ് ബാധിച്ച പാപ്പാ എന്ന് വിളിക്കപ്പെടുന്ന അമുദവന്റെ മകൾ എന്നീ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് ഈ ചിത്രം വികസിക്കുന്നത്. ഒരു ടാക്സി ഡ്രൈവർ ആയ അമുദവന്റെയും സുഖമില്ലാത്ത മകളുടെയും വൈകാരികമായ ബന്ധത്തിലൂടെയാണ് ഈ ചിത്രം സഞ്ചരിക്കുന്നത്. മകൾക്കു വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞു വെക്കുന്ന അമുദവന്റെയും തന്റെ രോഗാവസ്ഥയോടു പടവെട്ടുന്ന പാപ്പായുടെയും ജീവിതം നമ്മുടെ മുന്നിൽ വരച്ചു കാട്ടുന്നു പേരന്പ്.

അമുദവന്റെയും മകളുടെയും ഈ കഥ നമ്മയുടെ കണ്ണുകളെ ഈറനണിയിക്കും അതുപോലെ തന്നെ അതൊരു പ്രചോദനനവും ആണെന്ന് പറയാം. ഒരിക്കൽ കൂടി പ്രേക്ഷകരുടെ ഹൃദയത്തിൽ തൊട്ടു കഥ പറയുന്ന മികവ് റാം ആവർത്തിച്ചപ്പോൾ പേരന്പ് ജീവനുള്ള ഒരു സിനിമയായി മാറി. വളരെ വ്യത്യസ്തമായ ഒരു കഥ തന്റെ പതിവ് ശൈലിയിൽ തന്നെ വളരെ റിയലിസ്റ്റിക് ആയി ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിച്ചു റാം എന്ന സംവിധായകൻ. സമയമെടുത്ത് ഓരോ കഥാപാത്രങ്ങളെയും അവരുടെ അവസ്ഥകളെയും നമ്മുക്ക് മുന്നിൽ പരിചയപ്പെടുത്തി തരുന്ന രീതിയിൽ ആയിരുന്നുഅദ്ദേഹം ഈ കഥ നമ്മുടെ മുന്നിൽ അവതരിപ്പിച്ചത്. പ്രേക്ഷക പ്രതീക്ഷകളോട് 100 % നീതി പുലർത്തുന്ന ഒരു തിരക്കഥ തന്നെയാണ് റാം ഒരുക്കിയത്. അതിനു അദ്ദേഹം ചമച്ച ദൃശ്യ ഭാഷ ഏറ്റവും മനോഹരവും മനസ്സിൽ തൊടുന്നതുമായി മാറുകയും ചെയ്തു. ആദ്യം മുതൽ അവസാനം വരെ ഒരു മികച്ച സംവിധായകന്റെ കയ്യൊപ്പു പതിയുന്ന രീതിയിൽ ചിത്രത്തെ പ്രേക്ഷകന്റെ മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞു റാമിന് എന്നതാണ് പേരന്പിന്റെ വിജയം . അതുപോലെ ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിച്ച ആർട്ടിസ്റ്റുകളെ തിരഞ്ഞെടുക്കുന്നതിലും സംവിധായകൻ പുലർത്തിയ മികവ് ഈ ചിത്രത്തെ മികച്ചതാക്കി എന്നും എടുത്തു പറയണം.

അമുദവൻ ആയി മെഗാ സ്റ്റാർ മമ്മൂട്ടി മിന്നുന്ന പ്രകടനം ആയിരുന്നു കാഴ്ച വെച്ചത്. അമുദൻ എന്ന അച്ഛനും ഭർത്താവും കാമുകനുമൊക്കെയായി മമ്മൂട്ടി ജീവിച്ചു കാണിച്ചു തന്നു എന്ന് തന്നെ പറയേണ്ടി വരും. അതുപോലെ പ്രേക്ഷകരെ അക്ഷരാർഥത്തിൽ ഞെട്ടിച്ചതും വിസ്മയിപ്പിച്ചതുമായ പ്രകടനമാണ് സാധന കാഴ്ച വെച്ചത്. സ്പാസ്റ്റിക് പാരാലിസിസ് വന്ന മകളുടെ വേഷത്തിൽ സാധന അമ്പരപ്പിക്കുന്ന പ്രകടനമാണ് നൽകിയത്. വലിയ അംഗീകാരങ്ങൾ ഈ കുട്ടിയെ കാത്തിരിക്കുന്നുണ്ട് എന്നുറപ്പാണ്. മറ്റു വേഷങ്ങൾ അവതരിപ്പിച്ച അഞ്ജലി അമീർ, അഞ്ജലി എന്നിവരും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം തന്നെ ഈ ചിത്രത്തിനായി നൽകി. അഞ്ജലി അമീർ പക്വതയാർന്ന പ്രകടനം കാഴ്ച വെച്ചപ്പോൾ അഞ്ജലിയും ഒരിക്കൽ കൂടി അനായാസമായി തന്റെ കഥാപാത്രമായി മാറി.

തേനി ഈശ്വർ എന്ന ക്യാമറാമാൻ ഒരുക്കിയ ദൃശ്യങ്ങൾ മികച്ചു നിന്നപ്പോൾ യുവാൻ ശങ്കർ രാജ ഒരുക്കിയ സംഗീതം വൈകാരിക രംഗങ്ങളിൽ വളരെയധികം മികച്ചു നിന്നു. ഈ രണ്ടു പ്രതിഭകൾ ഒരുക്കി തന്ന ദൃശ്യങ്ങളും സംഗീതവുമാണ് ചിത്രത്തെ പ്രേക്ഷകരുടെ മനസ്സിലേക്ക് എത്തിക്കുന്നതിൽ റാം എന്ന സംവിധായകനെ ഏറ്റവുമധികം സഹായിച്ചത് എന്ന് പറയേണ്ടി വരും. അത്ര മനോഹരമായിരുന്നു പേരൻപിലെ സംഗീതവും ദൃശ്യങ്ങളും.സൂര്യ പ്രഥമൻ നേതൃത്വം നൽകിയ എഡിറ്റിംഗ് വിഭാഗത്തിലെ മികവ് സാങ്കേതികമായും മികവിലേക്കുയരാൻ ചിത്രത്തെ സഹായിച്ചു എന്ന് പറയാം. പേരൻപ് എന്ന ചിത്രം ഒരു സാധാരണ വിനോദ ചിത്രമല്ല. കാമ്പുള്ള സിനിമകൾ ഇഷ്ട്ടപെടുന്ന പ്രേക്ഷകർക്ക് വേണ്ടിയുള്ളതാണ് ഈ ചലച്ചിത്രം. പക്ഷെ ഇത് നിങ്ങൾ കണ്ടിരിക്കേണ്ട, ഒരിക്കലും നഷ്ടപ്പെടുത്തരുതാത്ത ഒരു ചലച്ചിത്രാനുഭവമാണ് എന്ന് തന്നെ പറയാം. നീങ്ങൾ നല്ല സിനിമകളെ സ്നേഹിക്കുന്നവർ ആണെങ്കിൽ ഈ ചിത്രം നിങ്ങള്ക്ക് തീർച്ചയായും ഇഷ്ടപെടും എന്നുറപ്പാണ്. ജീവിതവും ആത്മാവുമുള്ള ഒരു കഥയുടെ ഒട്ടും മെലോഡ്രാമാറ്റിക് ആവാതെയുള്ള ഗംഭീര അവതരണമാണ് പേരന്പിനെ ഒരു മാസ്റ്റർപീസ് ആക്കുന്നത്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author

mm