ടീസറിലെ പാട്ട് ഷാരൂഖിന്റെ പടത്തില്‍ ഇല്ല; നഷ്ടപരിഹാരം നൽകാൻ നിർമ്മാതാവിനോട് കണ്‍സ്യൂമര്‍ ഡിസ്പ്യൂട്ട്‌സ് റിഡ്രസല്‍ കമ്മീഷന്‍

Advertisement

വളരെ കൗതുകകരമായ വാർത്തയാണ് ഇപ്പോൾ ബോളിവുഡിൽ നിന്നു പുറത്തു വന്നിരിക്കുന്നത്. ഒരു സിനിമയുടെ പ്രമോഷന് വേണ്ടി റിലീസ് ചെയ്യുന്ന പാട്ട് സിനിമയില്‍ നിന്ന് ഒഴിവാക്കുന്നതും, അല്ലെങ്കിൽ ടീസറിലോ ട്രെയിലറിലോ വന്ന ചില രംഗങ്ങള്‍ തിയറ്ററുകളില്‍ ഇല്ലാതിരിക്കുന്നതും ഒരു പുതിയ കാര്യമൊന്നുമല്ല. ഏറെ തവണ അത് സംഭവിച്ചിട്ടുമുണ്ട്. എന്നാൽ ഒരു സിനിമയുടെ പ്രമോഷന് വേണ്ടി പരസ്യം പോലെ ഉപയോഗിച്ച ഒരു ഗാനം തിയറ്ററിലെത്തുമ്പോള്‍ ഒഴിവാക്കി എന്ന കാരണത്താൽ, ആ സിനിമ നിർമ്മിച്ച നിര്‍മ്മാണ കമ്പനി സിനിമ കണ്ട പ്രേക്ഷകന് നഷ്ടപരിഹാരം കൊടുക്കുന്നത് ഒരു പുതിയ കാര്യമാണ് എന്നു മാത്രമല്ല, വളരെ കൗതുകകരമായ ഒരു കാര്യവുമാണ്. പറഞ്ഞു വരുന്നത് ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ അഭിനയിച്ച ഫാൻ എന്ന ചിത്രത്തെ കുറിച്ചാണ്. ഏതാനും വർഷങ്ങൾക്കു മുൻപാണ് ഈ ചിത്രം റിലീസ് ചെയ്തത്.

ഫാന്‍ നിര്‍മ്മിച്ച ബോളിവുഡിലെ വമ്പന്‍ പ്രൊഡക്ഷൻ കമ്പനിയായ യാഷ് രാജ് ഫിലിംസിനോടാണ് നാഷനല്‍ കണ്‍സ്യൂമര്‍ ഡിസ്പ്യൂട്ട്‌സ് റിഡ്രസല്‍ കമ്മീഷന്‍ പതിനായിരം രൂപാ പ്രേക്ഷകന് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടിരിക്കുന്നത്. മഹാരാഷ്ട്രയിലെ ഔരംഗബാദില്‍ നിന്നുള്ള അധ്യാപികയായ അഫ്രീന്‍ ഫാത്തിമ സെയ്ദി നൽകിയ പരാതിയുടെ പുറത്താണ് ഈ ഉത്തരവ് വന്നിരിക്കുന്നത്. ഷാരൂഖ് ഖാൻ നായകനായ ഫാനിലെ ‘ജബ്ര ഫാന്‍’ എന്ന ഗാനം സിനിമയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ ആയിരുന്നു സെയ്ദി പരാതി നൽകിയത്.

Advertisement

പ്രമോഷണല്‍ ടീസറില്‍ ഈ ഗാനം ഉണ്ടായിരുന്നെങ്കിലും തിയറ്ററിലെത്തിയപ്പോള്‍ അത് കണ്ടില്ലെന്നായിരുന്നു പരാതി. അവരുടെ പരാതി പരിശോധിച്ച കമ്മീഷൻ വിലയിരുത്തിയത് ന്യായരഹിതമായ വാണിജ്യരീതിയാണ് ഇതെന്നാണ്. ഈ ഗാനം കണ്ട് സിനിമ കാണാന്‍ തീരുമാനിച്ചയാളെ നിരാശപ്പെടുത്തുന്നതാണ് ഇത്തരം തീരുമാനങ്ങളെന്നും ജസ്റ്റിസ് വി എസ് ജയിന്‍ തന്റെ ഉത്തരവിൽ വ്യക്തമാക്കി. മനീഷ് ശർമ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഷാരൂഖ് ഖാൻ ഇരട്ട വേഷത്തിലാണ് എത്തിയത്. കനത്ത പരാജയം ബോക്‌സ് ഓഫീസിൽ ഏറ്റു വാങ്ങിയ ചിത്രമാണ് ഫാൻ. സിനിമയുടെ കഥ പറച്ചിലില്‍ പ്രസക്തമായ ഒരുപാട്ട് ആയിരുന്നില്ല ജബ്ര സോങ് എന്നു ഈ ചിത്രത്തിന്റെ സംഗീത സംവിധായകരായ വിശാല്‍ ശേഖര്‍ ടീം പറയുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close