ഒരുങ്ങുന്നത് ഒരുപിടി ബ്രഹ്മാണ്ഡ ചിത്രങ്ങൾ ; മലയാള സിനിമയുടെ വളർച്ച അതിവേഗത്തിൽ..!

Advertisement

കഴിഞ്ഞ വർഷം റിലീസ് ചെയ്ത മോഹൻലാൽ ചിത്രമായ പുലി മുരുകൻ 150 കോടി കളക്ഷൻ നേടി ചരിത്രം കുറിച്ചതോടെ മലയാളത്തിൽ ഇപ്പോൾ കാണുന്നത് വമ്പൻ ചിത്രങ്ങളുടെ കുത്തൊഴുക്കാണ്. ഒരുപിടി ബ്രഹ്മാണ്ഡ ചിത്രങ്ങൾ ആണ് വരുന്ന വർഷങ്ങളിൽ മലയാളത്തിൽ ഒരുങ്ങുന്നത്. ഈ വർഷം പൃഥ്വിരാജ് നായകനായ ടിയാനും മോഹൻലാൽ നായകനായ വില്ലനും ബിഗ് ബഡ്ജറ്റിൽ ഇവിടെ എത്തിയിരുന്നു. ടിയാൻ പരാജയപ്പെട്ടപ്പോൾ വില്ലൻ മോശമല്ലാത്ത വിജയം നേടി ഇപ്പോൾ മുന്നേറുകയാണ്. എന്നാൽ ചർച്ചാ വിഷയം ഇനി വരാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രങ്ങൾ ആണ്. മോഹൻലാലും പൃഥ്വിയും മമ്മൂട്ടിയുമെല്ലാം വരുന്നത് വമ്പൻ ചിത്രങ്ങളുമായാണ്. ഈ കൂട്ടത്തിൽ ആദ്യം എത്തുന്നത് മോഹൻലാൽ നായകനായ ഒടിയൻ എന്ന ചിത്രമാണ്. ഇപ്പോൾ ചിത്രീകരണത്തിന്റെ സ്റ്റേജിൽ ഉള്ള ഈ ചിത്രം അടുത്ത വർഷം പ്രദർശനത്തിന് എത്തും. ഒരു ഫാന്റസി ത്രില്ലർ ആണ് ഒടിയൻ. ശ്രീകുമാർ മേനോൻ ഒരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്.

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങുന്ന രണ്ടാമൂഴത്തിലും മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ തന്നെയാണ് നായകൻ. ശ്രീകുമാർ മേനോൻ ഒരുക്കുന്ന ഈ ചിത്രം ആയിരം കോടി രൂപ മുടക്കി ബി ആർ ഷെട്ടി ആണ് നിർമ്മിക്കുക. എം ടി വാസുദേവൻ നായർ തിരക്കഥ ഒരുക്കിയ ഈ ചിത്രം അടുത്ത വർഷം ചിത്രീകരണം ആരംഭിക്കും. അഞ്ചു ഭാഷകളിൽ ആയി ഒരുക്കുന്ന ഈ ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെ മറ്റു സൂപ്പർ താരങ്ങളും ഹോളിവുഡ് സാങ്കേതിക പ്രവർത്തകരും ജോലി ചെയ്യും.

Advertisement

മമ്മൂട്ടിയുടെ വമ്പൻ ചിത്രമാണ് കുഞ്ഞാലി മരക്കാർ. സന്തോഷ് ശിവൻ ഒരുക്കുന്ന ഈ ചിത്രം അടുത്ത വർഷത്തെ ഓഗസ്റ്റ് സിനിമാസിന്റെ പ്രൊജക്റ്റ് ആണ്. ഇതിനോടൊപ്പം സജീവ് പിള്ളൈ ഒരുക്കുന്ന മാമാങ്കം എന്ന വമ്പൻ ചിത്രത്തിലും മമ്മൂട്ടി അടുത്ത വർഷം അഭിനയിക്കും. വേണു കുന്നപ്പിള്ളി ആണ് മാമാങ്കം നിർമ്മിക്കുക. ഈ ചിത്രങ്ങളുടെ കഥകൾ നടക്കുന്നത് പതിനാറാം നൂറ്റാണ്ടിലും പതിനേഴാം നൂറ്റാണ്ടിലും ആയാണ്. നിവിൻ പോളിയുടെ ബിഗ് ബജറ്റ് ചിത്രം ആണ് കായംകുളം കൊച്ചുണ്ണി. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഗോകുലം ഗോപാലൻ ആണ്. ഈ ചിത്രവും പറയുന്നത് ചരിത്രം തന്നെയാണ്.

പൃഥ്വിരാജ് സുകുമാരൻ എത്തുന്നത് ആട് ജീവിതം എന്ന ബ്രഹ്മാണ്ഡ ബ്ലെസി ചിത്രവുമായാണ്. ബെന്യാമിന്റെ നോവലിന്റെ ചലച്ചിത്രാവിഷ്കാരമായ ഈ ചിത്രം അടുത്ത വർഷം ആദ്യം ചിത്രീകരണം ആരംഭിക്കും. കർണ്ണൻ എന്ന ബ്രഹ്മാണ്ഡ ചിത്രവും പൃഥ്വിരാജ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കൂടാതെ മോഹൻലാൽ- പൃഥ്വിരാജ് ടീമിന്റെ ലൂസിഫർ, മോഹൻലാൽ- പ്രിയദർശൻ ടീം അഞ്ചു ഭാഷകളിൽ ഒരുക്കുന്ന വമ്പൻ ചിത്രം, പൃഥ്വിരാജ്- വിജി തമ്പി ടീമിന്റെ വേലുത്തമ്പി ദളവ, തിരുവിതാംകൂർ രാജാക്കന്മാരുടെ കഥ പറയുന്ന കെ മധു ചിത്രം എന്നിവയെല്ലാം വരും വർഷങ്ങളിൽ മലയാളത്തിൽ ഒരുങ്ങുന്ന വമ്പൻ ചിത്രങ്ങൾ ആണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close