ചിന്താമണി കൊലക്കേസിന് ശേഷം വീണ്ടും വക്കീൽ വേഷത്തിൽ സുരേഷ് ഗോപി

Advertisement

മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് മലയാള സിനിമാ പ്രേമികൾക്ക് സുപരിചിതനായ ഒരു നടനാണ്. അതിനൊപ്പം സുരേഷ് ഗോപിയുടെ ഇളയ മകനായ മാധവ് സുരേഷും സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ പോവുകയാണ് എന്ന വാർത്ത കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. കോസ്‌മോസ് എന്റര്‍റ്റെയിന്‍മെന്റിന്റെ ബാനറില്‍ പ്രവീണ്‍ നാരായണന്‍ എഴുതി സംവിധാനം ചെയ്യുന്ന, സുരേഷ് ഗോപി തന്നെ നായകനായി എത്തുന്ന പുതിയ ചിത്രത്തിലൂടെയാണ് മാധവ് സുരേഷ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രം തുടങ്ങുന്നതിന് മുൻപ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ കണ്ട് അനുഗ്രഹം വാങ്ങാനെത്തിയ മാധവ് സുരേഷിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടി. മമ്മൂട്ടിയെ അദ്ദേഹത്തിന്റെ കൊച്ചിയിലെ വസതിയിലെത്തി കണ്ട മാധവിനൊപ്പം ഈ പുതിയ ചിത്രത്തിന്റെ സംവിധായകന്‍ പ്രവീണ്‍ നാരായണന്‍, ലൈന്‍ പ്രൊഡ്യൂസര്‍ സജിത് കൃഷ്ണ എന്നിവരും ഉണ്ടായിരുന്നു.

മാധവിനും ചിത്രത്തിനും മമ്മൂട്ടി വിജയാശംസകളും നേർന്നു. എന്നാൽ അനുപമ പരമേശ്വരന്‍ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിന്റെ പ്രത്യേകത, ചിന്താമണി കൊലക്കേസിനു ശേഷം സുരേഷ് ഗോപി വക്കീല്‍ വേഷത്തില്‍ എത്തുന്നു എന്നതാണ്. എ കെ സാജൻ രചിച്ച്, ഷാജി കൈലാസ് സംവിധാനം ചെയ്ത ചിന്താമണി കൊലക്കേസിൽ അഡ്വക്കേറ്റ് ലാൽ കൃഷ്ണൻ വിരാഡിയാർ എന്ന കഥാപാത്രമായി ഗംഭീര പ്രകടനമാണ് സുരേഷ് ഗോപി കാഴ്ച വെച്ചത്. അത് കൊണ്ട് തന്നെ അദ്ദേഹം വീണ്ടും വക്കീൽ വേഷത്തിൽ എത്തുന്നുവെന്നത് ആരാധർക്കിടയിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. ജിബു ജേക്കബ് സംവിധാനം ചെയ്ത മേം ഹൂം മൂസ എന്ന ചിത്രമായിരുന്നു സുരേഷ് ഗോപിയുടെ അവസാനമെത്തിയ ചിത്രം. അതിന് മുൻപ് ജോഷി ഒരുക്കിയ പാപ്പൻ എന്ന ചിത്രത്തിലൂടെ ഒരു സൂപ്പർ ഹിറ്റും സുരേഷ് ഗോപി സമ്മാനിച്ചിരുന്നു. ആ ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും ഒരു പ്രധാന വേഷം ചെയ്തിരുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close